DCBOOKS
Malayalam News Literature Website

‘നിറഭേദങ്ങള്‍’; പാമുക്കിന്റെ ഓര്‍മ്മകളും ചിന്തകളും

ഓര്‍ഹന്‍ പാമുക്കിന്റെ നിറഭേദങ്ങള്‍ എന്ന കൃതിക്ക് മുജീബ് സുബൈര്‍ എഴുതിയ വായനാനുഭവം

ചില പുസ്തകങ്ങളുണ്ട്, വായിച്ചു തീരാതിരുന്നെങ്കില്‍ എന്നു നമ്മളാഗ്രഹിക്കുന്നവ. ഓരോ പേജും അറിഞ്ഞാസ്വദിച്ച്, ചിന്തിച്ച് മെല്ലെ മാത്രം വായിക്കുന്നവ. അത്തരമൊരു വായനാനുഭവമാണ് ഓര്‍ഹന്‍ പാമുക്കിന്റെ നിറഭേദങ്ങള്‍(Other Colours) സമ്മാനിച്ചത്. വിഖ്യാത ടര്‍ക്കിഷ് എഴുത്തുകാരനും നൊബേല്‍ സമ്മാനജേതാവുമായ പാമുക്കിന്റെ നോവലുകള്‍ ലോകമെമ്പാടും വായിക്കപ്പെടുന്നുണ്ട്.

പാമുക് തന്റെ ഓര്‍മ്മയുടേയും ചിന്തയുടേയും വാതിലുകള്‍ മലര്‍ക്കെ തുറന്നിടുകയാണ് നിറഭേദങ്ങള്‍ എന്ന ലേഖനസമാഹാരത്തില്‍. പാമുക്ക് തന്റെ ജീവിതം, കല, പുസ്തകങ്ങള്‍, നഗരങ്ങള്‍, വ്യക്തിബന്ധങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവയെല്ലാം വൈകാരികമായി വരച്ചിടുകയാണിതില്‍. ഒരു കഥയും നോബല്‍ പുരസ്‌കാരദാന വേദിയില്‍ ചെയ്ത പ്രഭാഷണവും കൂടി ഈ പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്താംബുള്‍ പാമുക്കിന്റെ പ്രിയ നഗരമാണ്, മിക്കവാറുമെല്ലാ കൃതികളിലും ആ നഗരത്തെക്കുറിച്ച് വാചാലനാകുന്ന പാമുക്ക് ഇവിടെയും അതാവര്‍ത്തിക്കുന്നുണ്ട്, പക്ഷേ അതൊരിക്കലും നമ്മെ മുഷിപ്പിക്കുന്നില്ല. നിരവധി നഗരങ്ങളുും അവയുമായുള്ള തന്റെ ബന്ധങ്ങളുമൊക്കെ വളരെ മനോഹരമായ ഗദ്യത്തിലൂടെ പാമുക്ക് അവതരിപ്പിക്കുന്നു.

ഒരേ സമയം ഏഷ്യയിലും യൂറോപ്പിലുമായി നിലകൊള്ളുന്ന തുര്‍ക്കി, പാശ്ചാത്യ പൗരസ്ത്യ സംസ്‌ക്കാരങ്ങളുടെ മിശ്രണമാണ്. അതു തന്നെയാണതിന്റെ ധര്‍മ്മസങ്കടവും. യൂറോപ്യന്‍ രീതികളെ പുണരാന്‍ കൊതിക്കുകയും അതേസമയം തന്നെ തനതു പാരമ്പര്യത്തെ ഉള്ളില്‍ പേറുകയും ചെയ്യുന്ന തുര്‍ക്കിക്കാരന്റെ ആത്മസംഘര്‍ഷങ്ങള്‍ താനും പേറുന്നെന്ന് പാമുക്ക് കുമ്പസാരിക്കുന്നു. സ്വന്തം നഗരങ്ങളെ അതിന്റെ സാംസ്‌കാരിക ആഴങ്ങളെ ഒക്കെ അവതരിപ്പിക്കുമ്പോഴും തങ്ങളെ യൂറോപ്പ് അവഗണിക്കുന്നതെന്തേ എന്ന് അയാള്‍ ആശങ്കപ്പെടുന്നു.

തന്റെ പുസ്തകങ്ങളെക്കുറിച്ച് അധികമൊന്നും പറയാന്‍ തയാറാകാത്ത പാമുക് തന്റെ പ്രിയ പുസ്തകങ്ങളെക്കുറിച്ച്, അവ സമ്മാനിച്ച അനുഭൂതികളെപ്പറ്റി, ആദരവ് തോന്നിയ എഴുത്തുകാരെപ്പറ്റിയൊക്കെ എത്ര ഒഴുക്കോടെ, ആവേശത്തോടെ സംസാരിക്കുന്നു.

എഴുത്തിന്റെ വഴികളേയും അതിന്റെ ഹര്‍ഷത്തേയും പറ്റി തെളിമയോടെ, ചാരുതയോടെ പാമുക്ക് പറയുമ്പോള്‍ എഴുത്തുകാരോട് വല്ലാത്ത അസൂയ തോന്നും. എന്തിനെഴുതുന്നു എന്ന ചോദ്യത്തിനു പലയിടങ്ങളിലായി വ്യത്യസ്തമായ ഉത്തരങ്ങള്‍ അദ്ദേഹം നല്‍കുന്നു. അവയെല്ലാം തന്നെ ശരികളുമാണ്. തന്റെയുള്ളിലെ അപരനെ കണ്ടെത്താനും തന്നെ താനാക്കി വളര്‍ത്തിയ ലോകത്തെ കണ്ടെത്താനും സഹിഷ്ണുതയോടെ ദീര്‍ഘകാലം പരിശ്രമിക്കുന്നവനാണ് എഴുത്തുകാരന്‍ എന്നു പ്രസ്താവിക്കുന്ന പാമുക്ക് സൂചി ഉപയോഗിച്ച് കിണര്‍ കുഴിക്കുന്നവരായി അവരെ ഉപമിക്കുന്നു. ആ ഉപമയുടെ സൗന്ദര്യം..!

തന്റെ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഒരു സ്യൂട്ട്‌കേസിനെക്കുറിച്ചുമെഴുതുമ്പോള്‍ പാമുക്കിന്റെ ഭാഷ മറ്റൊരു തലത്തിലേക്കുയരുന്നു. ഇത്ര തീക്ഷ്ണവും വൈകാരികവുമായി ചിന്തകളേയും ഓര്‍മ്മകളേയും വാക്കുകളിലേക്കു പരുവപ്പെടുത്തണമെങ്കില്‍ അയാളെത്ര പ്രതിഭാശാലിയായിരിക്കും എന്ന് ഞാനോര്‍ത്തുകൊണ്ടേ ഇരുന്നു.

അച്ഛന്റെ മരണത്തെക്കുറിച്ചുള്ള ഒരു ലേഖനം പുസ്തകത്തിന്റെ ആദ്യഭാഗത്തിലുണ്ട്. ആ ലേഖനത്തിലെ അവസാന വരി കണ്ടാകൃഷ്ടനായാണ് ഞാനീ പുസ്തകം വായിച്ചു തുടങ്ങിയതു തന്നെ.’ഓരോ വ്യക്തിയുടേയും മരണം, അയാളുടെ പിതാവിന്റെ മരണത്തോടൊപ്പം ആരംഭിക്കുന്നു.’ഇത് സാഹിത്യമല്ല, ഭാവനയുടെ കെട്ടഴിച്ചുവിടലുമല്ല. എത്രയോ ദൂരമകലെ ഉള്ള അജ്ഞാതനായ ഒരാള്‍ അയാളുടെ അച്ഛന്റെ മരണത്തെക്കുറിച്ചു പറഞ്ഞു നിര്‍ത്തിയതാണ്. ആ വാചകങ്ങള്‍ക്ക് രാജ്യങ്ങളുടേയോ ഭാഷകളുടേയോ സംസ്‌കാരങ്ങളുടേയോ അതിര്‍വരമ്പുകള്‍ തടസമാകുന്നില്ല. ആ നിരീക്ഷണം കൃത്യമായി സംവേദനം ചെയ്യപ്പെടുന്നു..

എന്റെ പിതാവിന്റെ സ്യൂട്‌കേസ് എന്ന പ്രഭാഷണത്തില്‍ പാമുക്കിന്റേയും അച്ഛന്റേയും സാഹിത്യ സാഹിത്യേതര ജീവിതം അനാവരണം ചെയ്യപ്പെടുന്നു. ഈ പുസ്തകത്തിലെ ഏറ്റവും മികച്ച ലേഖനമാണതെന്ന് ഞാന്‍ കരുതുന്നു. ഉജ്ജ്വലമായ ഭാഷയില്‍ ചിന്തകളെ പാമുക്ക് വരച്ചിടുമ്പോള്‍ അസൂയയും ആദരവും ഒക്കെ തോന്നും. അദ്ദേഹത്തിന്റെ ഇനിയും വായിച്ചിട്ടില്ലാത്ത കൃതികളിലേക്ക് ഓടിച്ചെല്ലാന്‍ തോന്നുന്നു.

‘ഒരിക്കല്‍ സ്വയം അടച്ചിട്ടു കഴിയുമ്പോള്‍ നമ്മള്‍ കരുതുന്നതു പോലെ നമ്മള്‍ ഏകാകികളല്ല എന്നു നമ്മള്‍ മനസിലാക്കും. നമുക്കു മുന്‍പേ നടന്നവരുടെ പദങ്ങളുടേയും രചനകളുടേയും മധ്യത്തിലാണ് നമ്മള്‍’എഴുത്തിനേയും എഴുത്തുവഴികളേയും കുറിച്ച് വാതോരാതെ അയാള്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു. അതില്‍ ആകൃഷ്ടരായി നാം അയാളെ പിന്തുടരുന്നു. അയാളുടെ നഗരങ്ങള്‍, തുറമുഖങ്ങള്‍, റിസ്റ്റ് വാച്ച്, യാത്രകള്‍, വേദനകള്‍, ആശങ്കകള്‍ ഒക്കെ നമ്മളുടേതുമാകുന്നു. ഇതെന്റെ പ്രിയപ്പെട്ട, ഇനിയും മടങ്ങിച്ചെല്ലാന്‍ ഞാനാഗ്രഹിക്കുന്ന പുസ്തകമാകുന്നു.

ലോക്ക്ഡൗണിൽ നിങ്ങളുടെ വായന ലോക്കാകാതിരിക്കാൻ ഇന്ന് തന്നെ ഓർഡർ ചെയ്യൂ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.

 

Comments are closed.