DCBOOKS
Malayalam News Literature Website

നിപ്പയും പ്രളയവും: ഭീതിയെ അതിജീവിച്ച് കേരളം

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസും പ്രളയവും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ വേദി അക്ഷരത്തില്‍ ചര്‍ച്ചാ വിഷയമായി. ഫിഷറീസ് പരമ്പരാഗത വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയും ആരോഗ്യവകുപ്പ് മന്തി കെ. കെ. ഷൈലജയും പത്രപ്രവര്‍ത്തകയായ മനില സി മോഹന്റെ നേതൃത്വത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കേരളം ഒരു സുരക്ഷിത സംസ്ഥാനമാണ് എന്ന ധാരണയെ തെറ്റിച്ചുകൊണ്ട് കടന്നുവന്ന ദുരന്തമാണ് ഓഖിയും പ്രളയവും. 2017 നവംബറില്‍ കേരളത്തീരത്തിലൂടെ ആഞ്ഞടിച്ച രൗദ്രകാറ്റ് നിരവധി പേരുടെ മരണത്തിനു കാരണമായി. രാജ്യത്ത് ഇന്നേവരെ നടപ്പിലാക്കാന്‍ കഴിയാത്ത രീതിയിലുളള രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് കേരളത്തിന് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞത്. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ട പരിഹാരവും കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ട സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാറിനു കഴിഞ്ഞതായി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

അവിചാരിതമായി കടന്നുവന്ന മറ്റൊരു ദുരന്തമായിരുന്നു നിപ്പ. നിപ്പ കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോഴിക്കോട് ജില്ലയിലാണ്. സംസ്ഥാനത്ത് 18 പേരില്‍ വൈറസ് ബാധ കണ്ടെത്തി. അതില്‍ 16 പേര്‍ മരണപ്പെടുകയും ചെയ്തു. രോഗം വളരെ നേരത്തെ തന്നെ കണ്ടെത്തിയതുകൊണ്ട് പെട്ടെന്ന് തന്നെ അതിനെ പ്രതിരോധിക്കാനുളള നടപടികള്‍ സ്വീകരിക്കാനായി എന്നതാണ് സംസ്ഥാനത്തെ വേറിട്ടതാക്കുന്നതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ഷൈലജ വ്യക്തമാക്കി. സമകാലിക രാഷ്ട്രീയ കാര്യങ്ങളും ശബരിമല വിഷയവും വേദിയില്‍ ചര്‍ച്ചചെയ്യപ്പെട്ടു.

Comments are closed.