DCBOOKS
Malayalam News Literature Website

നിങ്ങളുടെ ഉപബോധമനസ്സിനെ വീണ്ടും…പ്രോഗ്രാം ചെയ്യുക

ഡോ. ജോസഫ് മര്‍ഫി

ജനിച്ചനാള്‍ മുതല്‍ക്കേ തങ്ങളുടെ മനസ്സില്‍ അശുഭചിന്താ മാതൃകകള്‍ കൊത്തിവച്ചിരിക്കുന്നതിന്റെ ഭവിഷ്യത്തുകള്‍ ഇന്ന് നിരവധി ആളുകള്‍ അനുഭവിക്കുന്നുണ്ട്. ഒരു പ്രത്യേക ലക്ഷ്യം  എത്തിപ്പിടിക്കാവുന്നതല്ലെന്നോ അല്ലെങ്കില്‍ ‘പണമാണ് എല്ലാ തിന്മകളുടെയും മൂലകാരണം’ എന്നോ ഒക്കെ ഒരുപക്ഷേ, അവരെ പഠിപ്പിച്ചിട്ടുണ്ടാകാം. ഈ വിശ്വാസങ്ങള്‍ ഉപബോധമനസ്സില്‍ ചെന്നെത്തുന്നു. പിന്നീട് അവ ആ വ്യക്തിയുടെ ജീവിതത്തില്‍ പ്രത്യക്ഷമാകുന്നു. നിങ്ങള്‍ അശുഭചിന്തയുടെ ഇരയാണെങ്കില്‍ നിങ്ങളുടെ ഉപബോധമനസ്സിനെ പുതിയ ശുഭചിന്തകളാല്‍ പ്രോഗ്രാം ചെയ്യേണ്ടതുണ്ട്‌.

നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിയാല്‍ എങ്ങനെ സമ്പത്ത് സൃഷ്ടിക്കാം എന്ന് മനസ്സിലാക്കാനായി ഈ പ്രതിഭാസം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുക.

ഹിപ്‌നോട്ടൈസ് ചെയ്യപ്പെട്ടതായി സങ്കല്പിക്കുക. ആ അവസ്ഥയില്‍ യുക്തിപൂര്‍വ്വം ചിന്തിക്കുന്ന നിങ്ങളുടെ ബോധമനസ്സ് പ്രവര്‍ത്തനരഹിതമാണ്. ഉപബോധമനസ്സാകട്ടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങുകയും ചെയ്യും.
നിങ്ങളുടെ രാഷ്ട്രത്തിന്റെ നേതാവാണ് നിങ്ങള്‍ എന്ന് ഹിപ്നോട്ടിസ്റ്റ് നിങ്ങളോട് പറയുന്നു എന്നിരിക്കട്ടെ.
ഈ പരാമര്‍ശം സത്യമാണെന്ന് നിങ്ങളുടെ ഉപബോധമനസ്സ് അംഗീകരിക്കും. ഉപബോധമനസ്സ് നിങ്ങളുടെ
Textബോധമനസ്സിനെപ്പോലെ യുക്തിപൂര്‍വ്വം ചിന്തിക്കുകയോ തിരഞ്ഞെടുക്കുകയോ വേര്‍തിരിക്കുകയോ
ചെയ്യുന്നില്ല.

ആ സ്ഥാനത്തിന് അനുയോജ്യമെന്ന് കരുതുന്ന എല്ലാ പ്രാധാന്യവും ആഢ്യത്വവും നിങ്ങള്‍ സ്വീകരിക്കും. ഒരു ഗ്ലാസ്സ് വെള്ളം കൈയില്‍ത്തന്ന് നിങ്ങള്‍ ഒരു കുടിയനാണെന്ന് പറഞ്ഞാല്‍ നിങ്ങളാല്‍ കഴിയുന്നത്ര നല്ല രീതിയില്‍ ആ കുടിയന്റെ വേഷം നിങ്ങളണിയും.

നിങ്ങള്‍ക്ക് പുല്ല് അലര്‍ജി ആണെന്ന് ഹിപ്പ്‌നോട്ടിസ്റ്റിനോട് നിങ്ങള്‍ പറയുന്നുവെന്നിരിക്കട്ടെ. തുടര്‍ന്ന് ഹിപ്‌നോട്ടിസ്റ്റ് നിങ്ങളുടെ മൂക്കിന് കീഴെ ഒരു കുപ്പി വെള്ളം വച്ചിട്ട് അത് പുല്ലാണെന്ന് പറഞ്ഞാല്‍ അലര്‍ജിയുടേതായ എല്ലാ ലക്ഷണവും നിങ്ങള്‍ക്കുണ്ടാകും. അത് യഥാര്‍ഥത്തില്‍ വെള്ളം അല്ല പുല്ലുതന്നെയാണ് എന്ന രീതിയിലാണ് നിങ്ങളുടെ ശരീരം പ്രവര്‍ത്തിക്കുക.

നിങ്ങള്‍ ഭവനരഹിതനാണെന്ന് പറഞ്ഞാല്‍ നിങ്ങളുടെ പെരുമാറ്റം അപ്പോള്‍ത്തന്നെ മാറും. നിങ്ങളുടെ മനോഭാവം വഴിയാത്രക്കാരോട് പണത്തിന് കേഴുന്ന ഒരു ഭിക്ഷക്കാരന്റേതായി മാറും.

ചുരുക്കിപ്പറഞ്ഞാല്‍ പ്രതിമ, നായ, പട്ടാളക്കാരന്‍, നീന്തല്‍ക്കാരന്‍ തുടങ്ങി എന്തുമാണ് നിങ്ങളെന്ന് നിങ്ങളെ വിശ്വസിപ്പിക്കാം. അപ്പോള്‍ ആ വേഷത്തെക്കുറിച്ച് നിങ്ങള്‍ക്കുള്ള അറിവത്രയും ഉപയോഗിച്ച് വളരെ ആത്മാര്‍ഥമായി നിങ്ങള്‍ ആ വേഷം അവതരിപ്പിക്കും.

രണ്ട് ആശയങ്ങളില്‍ പ്രബലമായത് ഏതോ അതാണ് നിങ്ങളുടെ ഉപബോധമനസ്സ് എപ്പോഴും അംഗീകരിക്കുക എന്നുകൂടി ഓര്‍ക്കുക. അതായത് നിങ്ങളുടെ വിശ്വാസം സത്യമോ വ്യാജമോ ആകട്ടെ, ചോദ്യമേതുമില്ലാതെ നിങ്ങളുടെ ഉപബോധമനസ്സ് ആ വിശ്വാസത്തെ അംഗീകരിക്കും. നമ്മുടെ ഉപബോധമനസ്സില്‍ അനന്തബോധം വസിക്കുന്നു. നാം അതിനെ പല പേരുകള്‍ വിളിക്കുന്നു: ദൈവം, സ്വന്തം മനസ്സ്, ജീവചൈതന്യം, പ്രപഞ്ചശക്തി, അള്ളാഹു, ബ്രഹ്മാവ്, യഹോവ, മഹദ്‌ചൈതന്യം അല്ലെങ്കില്‍ ഞാന്‍. കാര്യം ഇതാണ്: അത് നിന്റെ
ഉള്ളിലുണ്ട്. അനന്തതയുടെ എല്ലാ ശക്തിയും നിന്നിലുണ്ട്.

ജീവചൈതന്യത്തിന് മുഖമോ രൂപമോ ദേഹമോ ഇല്ല. അതിന് കാലമില്ല, സ്ഥലമില്ല, അത് ശാശ്വതമാണ്. ഈ ചൈതന്യംതന്നെയാണ് നമ്മിലെല്ലാം കുടികൊള്ളുന്നത്. നിങ്ങള്‍ക്കുള്ളിലാണ് ദൈവികരാജ്യം. അതായത്,
അത് നിങ്ങളുടെ ചിന്തകളിലാണ്, നിങ്ങളുടെ വികാരങ്ങളിലാണ്, നിങ്ങളുടെ ഭാവനയിലാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നിങ്ങളിലെ അദൃശ്യമായ ഭാഗമാണ് നിങ്ങളുടെ ജീവചൈതന്യം. നിങ്ങളിലെ ജീവപ്രമാണം, അനന്തമായ സ്‌നേഹം, പൂര്‍ണ്ണസമന്വയം, അനന്തബോധം.

ഈ അനന്തശക്തിയുമായി നിങ്ങളുടെ ചിന്തയില്‍ക്കൂടി ബന്ധപ്പെടാന്‍ സാധിക്കുമെന്ന തിരിച്ചറിവ് വഴി പ്രാര്‍ഥന എന്ന പ്രവൃത്തിയെ അതിന്റെ രഹസ്യസ്വഭാവത്തില്‍നിന്നും അന്ധവിശ്വാസത്തില്‍നിന്നും സംശയത്തില്‍നിന്നും അദ്ഭുതത്തില്‍നിന്നും മോചിപ്പിക്കാന്‍ സാധിക്കുന്നു. പ്രകടമായ ദൈവികചിന്തയാണ് കാണുന്നതും കാണാത്തതുമായ എല്ലാംതന്നെ ആയി മാറിയത്. സ്രഷ്ടാവാണ് എല്ലാ സ്വത്വത്തിനും ജന്മമേകിയത്. എല്ലാ ചിന്തയും സര്‍ഗ്ഗാത്മകമാണ്. അവ നിങ്ങളുടെ ചിന്തയുടെ രീതിയനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ പ്രകടമാകുന്നു. അപ്പോള്‍നിങ്ങളുടെയുള്ളിലെ സര്‍ഗ്ഗശക്തി നിങ്ങള്‍ കണ്ടെത്തുമ്പോള്‍ നിങ്ങളുടെയുള്ളിലെ സര്‍വ്വശക്തനെയും നിങ്ങള്‍ കണ്ടെത്തുന്നു എന്നത് ന്യായംതന്നെ. നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തിയാല്‍ നിങ്ങള്‍ ഈ സര്‍ഗ്ഗശക്തിയും കരസ്ഥമാക്കുന്നു.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.