DCBOOKS
Malayalam News Literature Website

‘നേവ ഹോസ്പിറ്റൽ’ മികച്ച വായനാനുഭവം പകർന്നു നൽകുന്ന കൃതി

ഡോ. ഉമറുൽ ഫാറൂഖിന്റെ ‘നേവ ഹോസ്പിറ്റൽ’ എന്ന നോവലിന് രാമചന്ദ്രൻ കൊടുവള്ളി എഴുതിയ വായനാനുഭവം

യാദൃശ്ചികമായി എഴുത്തിന്റെ ലോകത്ത് എത്തിപ്പെട്ടതാണെന്ന് വിശ്വസിക്കുവാൻ കഴിയാത്ത വിധം മനുഷ്യബന്ധങ്ങളുടെയും മനോവ്യാപാരങ്ങളുടെയും ഭാവസാന്ദ്രമായ ലോകത്തിലേക്ക് വായനക്കാരനെ കൈപിടിച്ചുനടത്തിക്കുകയാണ് ഡി സി ബുക്സ് പ്രസീദ്ധീകരിച്ച “നേവഹോസ്പിറ്റൽ “എന്ന കന്നി നോവലിലൂടെ സുവർണ്ണ നഗരിയുടെ എഴുത്തുകാരൻ ഡോ. ഉമറൂൽ ഫാറൂഖ്.

പറമ്പരാഗത ആഖ്യാന ശൈലികളെ പൊളിച്ചടക്കി വേറിട്ട പാതയൊരുക്കിയ സുവർണ്ണ നഗരിയിലെ സാജുമാവറയുടെ, ആദ്യ നോവൽ “ഉബണ്ടു”വിനോട് ചേർത്ത് നിർത്താം,കോഡ് മിക്സിങ്ങ് എന്ന
എഴുത്ത് രീതികളിലൂടെ ഭിഷഗ്വരജീവിതത്തിലെ വെളിച്ചമെത്താതെ കിടന്ന ഉള്ളറകളുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന, ലോകസാഹിത്യത്തിലെ തന്നെ അമരക്കാരിൽ ഒരാളായ റഷ്യൻ നോവലിസ്റ്റ്
ഫയദോർ ദസ്തയേവ്സ്കിയും അദ്ദേഹത്തിന്റെ ജീവിതവും കഥാപാത്രങ്ങളും നിരന്തരം പ്രത്യക്ഷപ്പെടുന്ന ഡോ. ഉമറുൽ ഫാറൂഖിന്റെ “നേവ ഹോസ്പിറ്റൽ “.

സാധാരണക്കാരുടെ ഭാഷാ വ്യവഹാരത്തിൽ കടന്നുവരുന്ന ശൈലികളും ആധുനിക വൈദ്യചികിത്സാ രംഗത്ത് ദൈനദിനം വിനിമയം ചെയ്യപ്പെടുന്ന മെഡിക്കൽ ടെർമിനോളജിയും ചേരും പടി ചേർത്ത് മുന്നേറുന്ന നോവലിലെമുഖ്യപ്രമേയത്തിന്റെ ആശയവ്യക്തതയോടെയുള്ള പ്രതിപാദനത്തെ കോഡ് മിക്സിങ് ഒരു രീതിയിലും ബാധിക്കുന്നില്ല.

മലയാളം കേരളത്തിലെ മലയാളികളുടെത് മാത്രമല്ലെന്ന് ഓർമ്മപ്പെടുത്തികൊണ്ട് (” മലയാളിയായിരിക്കുന്ന അവസ്ഥ ” സക്കറിയ, മാതൃഭൂമി ആഴ്ചപ്പതിപ്പ് ഡിസംബർ 2022) മലയാളം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന
ലോകമലയാളികളുടെ, ഭാഷാ വ്യവഹാരങ്ങളിളിലൂടെ രൂപപ്പെടുന്ന,തികച്ചും നവീനങ്ങളായ പ്രയോഗങ്ങളെ
ഉൾചേർക്കാൻ നോവലിസ്റ്റ് കാണിച്ച ശ്രദ്ധയുംകരുതലും തികച്ചും ശ്ലാഘനീയം തന്നെ.

വായനയുടെ ലോകത്തിലൂടെ നോവലിസ്റ്റ് സഞ്ചരിച്ച, ലോകസാഹിത്യത്തിലെയും മലയാള ഭാഷയിലെയും മൗലീകങ്ങളായ ഓട്ടേറെ കൃതികളും അവയെ കുറിച്ചുള്ള സാന്ദർഭീക പരാമർശങ്ങളും നോവലിൽ കടന്നുവരുമ്പോഴും മുഖ്യ കഥയിൽ നിന്നും ഡൈഗ്രഷനില്ലാതെ, പോയിന്റ് ഓഫ് വ്യൂവിൽ തന്നെ വായനക്കാരെ പിടിച്ചു നിർത്താനും അവരോട് സംവദിക്കാനും നോവലിസ്റ്റ് ഡോ. ഉമറൂൽ ഫാറൂഖ് അതീവ ജാഗ്രത പുലർത്തിയിട്ടുണ്ട്.

നോവലിൽ പരാമർശിക്കുന്ന രോഗിയായ ഡോക്ടർ,മെഡിക്കൽ പഠന കാലത്തും സേവനകാലത്തും അനുഭവിക്കുന്ന വേദനകൾ, സമ്പത്തിക പരാധീനതകൾ, ഏകാന്തത, മാനസീക സംഘർഷങ്ങൾ എന്നിവ
ഒറ്റപ്പെട്ട സംഭവങ്ങളല്ല.

അതീവ ദരിദ്ര, മധ്യവർഗ്ഗ കുടുംബങ്ങളിൽ നിന്നും മെഡിസിൻ രംഗത്തേക്ക്‌, നീറ്റ് പരീക്ഷ വഴി കടന്നുവരുന്ന സമർത്ഥരായ ഒട്ടുമിക്ക മെഡിക്കൽ വിദ്യാർത്ഥികളും ഇത്തരം Textഅവസ്ഥകളിലൂടെ കടന്നു പോവേണ്ടി വരുന്നുണ്ട്…
ഡോക്ടർ മാരെ സമൂഹം ഉയർന്ന പദവിയിൽ
പ്രതിഷ്ഠിക്കുന്നതിലൂടെ,മണ്ണിലൂടെ മനുഷ്യനായി നടന്ന് ജീവിതം ജീവിച്ചുതീർക്കാൻ സാധിക്കാതെ ഇരുപത്തിനാലു മണിക്കൂറും ജോലിയും തുച്ഛവേതനവും പിന്നെ പ്രൈവറ്റ് പ്രാക്ടിസുമായി എരിഞ്ഞടങ്ങലാണ് സാധാരണ ഭിഷഗ്വരുടെ നിയോഗം എന്ന് പറയാതെ പറഞ്ഞുവെക്കുന്നുണ്ട് നോവലിന്റെ താളുകളിൽ അവിടെവിടെ.

ആനുകാലിക ജീവിതത്തിലെ സമ്മർദ്ദങ്ങളും സ്വാർത്ഥതയും മുതിർന്ന പൗരന്മാരോടുള്ള അവഗണനയും ചർച്ചചെയ്യുന്നതിലൂടെ കാലത്തോട് കലഹിച്ചുകൊണ്ട്, എഴുത്തുകാരന്റെ പ്രതിബദ്ധത ഉൾകൊള്ളുന്നതിൽ നോവലിസ്റ്റ് ഡോ. ഉമറൂൽ ഫാറൂഖ് വിജയിച്ചതായികാണാം.
“ദൂരസ്ഥലങ്ങളിലേക്ക് കെട്ടിച്ചുവിട്ട പെൺമക്കളെല്ലാം അച്ഛനെ ശുശ്രൂഷിക്കാൻ എത്തിയിട്ടുണ്ട്. അവരാരും “മോളുടെ എൻട്രൻസ് ക്ലാസ് മുടക്കാൻ പറ്റില്ല”, “അനുവിന്റെ മോളുടെ എൽ. കെ.ജിയിലെ ഫസ്റ്റ് ടെസ്റ്റ് പേപ്പർ ആണ്”, “അങ്ങേർക്ക് ഓഫീസീന്നു ലീവ് കിട്ടില്ല”, “മൂപ്പർ അത്താഴത്തിനു ഞാൻ വെച്ച കഞ്ഞിയും ചെറുപയറും ഇല്ലെങ്കിൽ പട്ടിണിയാണ്, പോരാത്തതിന് ഇപ്പോൾ മൂക്കടപ്പിന്റെ അസ്കിതയും ഉണ്ട്” തുടങ്ങിയ ഒഴികഴിവുകൾ പറഞ്ഞില്ല. നായരുടെ മക്കൾ ആരും ലങ്കാഷെയറിലോ, ഫിലാഡൽഫിയയിലോ സെറ്റിൽ ചെയ്തിട്ടുള്ളവരും ആയിരുന്നില്ല”.

പീയുഷ് സാക്സേനയുടെ “പ്രമേഹചികിത്സയിലെ പുതിയ ചലനങ്ങൾ” എന്ന ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കുന്നതിന് തയ്യാറെ- ടുക്കുന്നതിനിടയിൽ നാം പരിചയപ്പെടുന്ന രോഗിയായ ഡോക്ടർ അഭിമുഖീകരിക്കുന്ന പ്രശനങ്ങളോരോന്നും കടും നീലയുടെ ചിതറുന്ന വെളിച്ചത്തിൽ വെറും ഭ്രമമെന്ന്  തോന്നുമെങ്കിലും യഥാർഥ്യവും ഭ്രമതയും തീർക്കുന്ന നോവലിലെ വർണ്ണനയുടെ ലോകം അത്രമേൽ കെട്ടുപിണഞ്ഞാണ് വായനക്കാരന് അനുഭവപ്പെടുന്നത്. ഒടുവിൽ കാവ്യ നീതി പുലരുന്ന ലോകത്തിൽ കഥാപത്രങ്ങളോരോന്നും സംതൃപ്തി കണ്ടെത്തുമ്പോൾ വായനക്കാരും ആശ്വാസത്തിന്റെ, പ്രതീക്ഷയുടെ നനുത്ത കുളിർക്കാറ്റേറ്റ് സയൂജ്യമടയുന്നു.
“ചുറ്റിലും എന്തോ ഒരു മാറ്റം ദൃശ്യമായി. അതെ. പിയൂഷ് സക് സേനയുടെ ഓൺലൈൻ ക്ലാസ് നടന്ന അന്ന് മുതൽ എന്റെ ചുറ്റിലും എപ്പോഴും വ്യാപിച്ചു നിന്നിരുന്ന ആ നീല നിറം മെല്ലെ മെല്ലെ മാഞ്ഞ് ഇല്ലാതായി.”

ആരോഗ്യമേഖലയിലെ ചികിത്സയുടെയും സാന്ത്വനങ്ങളുടെയും തിരക്കിൽകുടുങ്ങി
ഞെരിപിരികൊള്ളുമ്പോഴും എഴുത്തിന്റെയും വായനയുടെയും ലോകത്തെ നവീന അനുഭവങ്ങളുമായി വായനക്കാരോട് സംവദിക്കുന്ന സുവർണ്ണ നഗരിയിലെ ജനങ്ങളുടെ പ്രിയങ്കരനായ ഡോക്ടർ ഉമറൂൽ ഫാറൂഖ്
കൊടുവള്ളി ഹൈസ്കൂൾ, കോഴിക്കോട് മെഡിക്കൽ കോളേജ് പഠന കാലങ്ങളിൽ സാഹിത്യ രചനയിൽ മികവാർന്ന നേട്ടം കൈവരിച്ചിട്ടുണ്ട്. ഭിഷഗ്വര ജീവിതത്തിലുംഎഴുത്തും വായനയും തന്നെയാണ് തന്റെ കൂട്ടെന്ന് നോവലിസ്റ്റ് പുസ്തകത്തിന്റെ ആദ്യഭാഗത്തു തന്നെ, തന്റെ മുഖ്യ കഥാപാത്രത്തിലൂടെ പറഞ്ഞു വെക്കുന്നുമുണ്ട്.

“വ്യക്തിപരമായ ഏകാന്തതകളിൽ എനിക്ക് കൂട്ട് എന്റെ പുസ്തകങ്ങൾ മാത്രം. കഥകളും കഥാകാരന്മാരും കഥാപാത്രങ്ങളും. ക്വാർട്ടേഴ്സിലെ മുറിയിലെ ഏകാന്തതയിൽ, വിരസതയുടെയും വിഷാദത്തിന്റെയും അവസാനിക്കാത്ത മണിക്കൂറുകളിൽ, ചൂടുകാലവും മഴക്കാലവും മഞ്ഞുകാലവും ഒരേപോലെ മനസ്സിന്റെ പീഡകരാവുമ്പോൾ, വാട്സ്ആപ്പിലെയും ഫേസ്ബുക്കിലെയും ഉപരിപ്ലവതകളും അർത്ഥമില്ലായ്മകളും വായിച്ചും കണ്ടും കേട്ടും ഫോൺ വലിച്ചെറിഞ്ഞാലോ എന്ന് തോന്നുമ്പോൾ.”

പ്രഥമ കൃതിയിലൂടെ സാഹിത്യലോകത്ത് അടയാളപ്പെടുത്തിയ ഡോക്ടർ ഉമറൂൽ ഫാറൂഖിന്റെ, നൂറ്റി എൺപത്തിരണ്ട് പേജുകളിൽ,കമനീയമായ പുറം ചട്ടയോടെ പ്രമുഖ പ്രസാധകരായ ഡി സി ബുക്സ് പുറത്തിറക്കിയ പുസ്തകം മികച്ച വയാനാനുഭവം പകർന്നു നൽകുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.