DCBOOKS
Malayalam News Literature Website

നേവ ഹോസ്പിറ്റൽ

ഡോ. ഉമറുൽ ഫാറൂഖിന്റെ ‘നേവ ഹോസ്പിറ്റൽ’ എന്ന നോവലിന്  സതീശ് ഓവ്വാട്ട് എഴുതിയ വായനാനുഭവം

ഖസാക്കിലെ രവി ഒടുവിൽ ബസ് കയറി പത്മയോടൊപ്പം അമേരിക്കയിൽ പോയിരുന്നെങ്കിലോ? പ്രിസ്റ്റൺ യൂണിവേഴ്സിറ്റിയിൽ അയാൾ ഒരു പ്രൊഫസറായി മാറിയെങ്കിലോ? അയാളുടെ ക്ലാസ്സുകൾ എത്ര മനോഹരമായിരിക്കും! മാർക്കേസിനൊപ്പം മെക്സിക്കോസിറ്റിയിലോ കൊളംബിയായിലോ ഒരു കഫേയിലിരുന്ന് അദ്ദേഹത്തോടൊപ്പം സംസാരിക്കാൻ കൊതിക്കാത്ത വായനക്കാരുണ്ടാവാതിരിക്കുമോ?

എമിംഗ് വേയോട് എന്തിനാണ് അങ്ങ് ഡബിൾ ബാരൽ തോക്ക് തലയിലേക്ക് പിടിച്ച് ട്രിഗർ അമർത്തിയതെന്ന് ചോദിക്കാൻ ഓരോ വായനക്കാരനും ആഗ്രഹിക്കും..

റഷ്യയിലെ ആ റെയിൽവെ പ്ലാറ്റ്ഫോമിൽ ഒടുവിൽ എന്താണ് അങ്ങേക്ക് സംഭവിച്ചതെന്ന് ടോൾസ്റ്റോയിയോട് ചോദിക്കാൻ വായനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകും. എന്തിനാണ് മരണ വേഗത്തോടെ മൃതിയുടെ ആഴങ്ങളിലേക്ക് സ്വന്തം വാഹനം ആൽബേർ കമു ഓടിച്ചു പോയതെന്ന് അറിയാനുള്ള കൗതുകം ഓരോ വായനക്കാരിലുമുണ്ടാകും. സ്വന്തം അടുക്കളയിൽ ഗ്യാസ് അടുപ്പ് തുറന്നു വെച്ച് മരണത്തിന്റെ
രുചി പാകം ചെയ്യാൻ സിൽവ്വിയാ പ്ലാത്തിനെ പ്രേരിപ്പിച്ചതെന്ത് എന്നറിയാൻ അവരോട് ചോദിച്ചറിയാൻ ജിജ്ഞാസ ഓരോ വായനക്കാരനുമുണ്ടാകാം….

കാരാമസോവ് സഹോദരൻ എന്ന കൃതിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്ന Textദസ്തയേവ്സ്കിയൊപ്പം നേവ നദിക്കരയിൽ ഇരിക്കാൻ എന്തു രസകരമായിരിക്കും..!! ചിലിയിലെ സാന്തിയാഗോ നഗരത്തിലോ ജന്മദേശമായ ഇസ് ലനെഗ്രയിലോ വെച്ച് നെരൂദ ഇരുപത് പ്രണയഗീതങ്ങളും ഒരു നിരാശ ഗീതവും ആലപിക്കുന്നത് അടുത്തിരുന്ന് കേൾക്കാൻ എന്തു ഭംഗിയാവും!

ഉമറുൾ ഫാറൂഖിന്റെ “നേവ ഹോസ്പിറ്റൽ ” എന്ന നോവൽ വായിച്ചവസാനിച്ചപ്പോൾ എന്റെ മനസ്സിലൂടെ കടന്നുപോയ വിചാരങ്ങളാണ് ഞാൻ മുകളിൽ പങ്കുവെച്ചത്. ഇത് ദസ്തയേവ്സ്കി കഥാപാത്രമായ നോവലാണ്. ആ വലിയ എഴുത്തുകാരനോടുള്ള ആരാധനയാവും ഈ നോവലെഴുതാൻ നോവലിസ്റ്റിനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. 2021 ആ വലിയ എഴുത്തുകാരന്റെ ഇരുനൂറാം ജന്മ വാർഷികമായിരുന്നു. ദസ്തയേവ്സ്കി കഥാപാത്രമായ നിരവധി നോവലുകൾ ഞാൻ മുൻപ് വായിച്ചിരുന്നു. നമ്മുടെ പെരുമ്പടവം ശ്രീധരന്റെ
” ഒരു സങ്കീർത്തനം പോലെ “, വേണു വി.ദേശത്തിന്റെ ” റഷ്യൻ ക്രിസ്തു”, ലിയാനിഡ് ടിപ്സ്കിൻന്റെ “ബേദൻ ബേദനിലെ ഒരു വേനൽക്കാലത്ത് (The Summer in Bedan Bedan ) “, ജെ.എം.കുറ്റ്സിയുടെ സെന്റ് പീറ്റേഴ്സ് ബർഗിലെ മഹാഗുരു (The Master of St Petersberg) ” ഇവയിലൊക്കെ ദസ്തയേവ്സ്കി നായകനായി വായനക്കാരന്റെ മുന്നിലെത്തിയിരുന്നു. ദസ്തയേവ്സ്കിയുടെ പല മുഖങ്ങൾ അനാവരണം ചെയ്യുകയായിരുന്നു ആ എഴുത്തുകാർ.
ഉമറുൽ ഫാറൂഖ് ഇപ്പോൾ മറ്റൊരു ദസ്തയേവ്സ്കിയെ വായനക്കാരനു പരിചയപ്പെടുത്തുകയാണ് ഈ നോവലിലൂടെ. ദസ്തയേവ്സ്കിയുടെ നിരവധി കഥാപാത്രങ്ങൾ ഈ നോവലിൽ വന്നു പോകുന്നുണ്ട്. കുറ്റവും ശിക്ഷയിലെ റസ്കോൾനിക്കോവ്, മിഷ്കിൻ, അലോഷ്യാ, സോണിയ, ലൂസിൻ, സ്മെഡിർ യാക്കോവ്, ദിമിത്രി, ഐവാൻ, പാവേൽ തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങൾ ഈ നോവലിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പു വരുത്തുന്നുണ്ട്. ദസ്തയേവ്സ്കിയോടും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളോടും നോവലിലെ ആഖ്യാതാവ് നടത്തുന്ന ആത്മഭാഷണമാണീ നോവൽ എന്നു പറയാം. ആഖ്യാതാവിന്റെ ജീവിത സംഘർഷങ്ങളെ മറി കടക്കാനുള്ള ശ്രമം കൂടിയാണ് ഈ നോവലിന്റെ പ്രമേയം …

കാരമസോവ് സഹോദരന്മാരുടെ രണ്ടാംഭാഗത്തിന്റെ കൈയെഴുത്തുപ്രതി കണ്ടെടുക്കാൻ നോവലിലെ ആഖ്യാതാവിനെ ഒപ്പം കൂട്ടുന്നുണ്ട് ദസ്തയേവ്സ്കി… The Life of a Great Sinner എന്നാണ് ആ രണ്ടാംഭാഗത്തിന്റെ
പേരെന്നും നാമറിയുന്നു. ദസ്തയേവ്സ്കിയുടെ ഏറ്റവും മികച്ച വിവർത്തകൻ കോൺസ്റ്റൻസ് ഗാർനെറ്റിനോടുള്ള ആദരവും നോവലിസ്റ്റ് ഒരിടത്ത് പ്രകടിപ്പിക്കുന്നുണ്ട്… നോവലിലെ നരേറ്റർ ഡോ: അലിയും ദസ്തയേവ്സ്കിയും തങ്ങളുടെ ആത്മസംഘർഷങ്ങളും ആകുലതകളും പരസ്പരം പങ്കുവെക്കുകയാണീ നോവലിൽ.. ചിലപ്പോഴൊക്കെ കഥാപാത്രങ്ങൾ ദസ്തയേവ്സ്കിയോടും സംസാരിക്കുന്നു. മറ്റ് ചിലപ്പോൾ ആ കഥാപാത്രങ്ങൾ നോവലിലെ നരേറ്റരോട് തങ്ങളുടെ സങ്കടങ്ങളും ആവലാതികളും പങ്കുവെക്കുന്നുണ്ട്.

യഥാർത്ഥത്തിൽ ഫയദോറിന്റെ തന്നെ വെളുത്ത രാതികൾ എന്ന കൃതിയിലെ പ്രധാന കഥാപാത്രം, സംസാരിക്കാൻ ആരും ഇല്ലാത്തതു കൊണ്ട്, തെരുവിലെ കെട്ടിടങ്ങളെ കൂട്ടുകാരാക്കുകയും അവയോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. അതുപോലെ ഈ നോവലിൽ നരേറ്റർ ദസ്തയേവ്സ്കിയെ കണ്ടെത്തുകയാണ്. അല്ലെങ്കിൽ ദസ്തയേവ്സ്കി നോവലിലെ നരേറ്ററെ കണ്ടെത്തിയതാണോ? ജൂതർക്കെതിരെയുള്ള നിലപാട്, നിരീശ്വരത്വം എന്നീ വിഷയങ്ങളിൽ തനിക്കെതിരെ ഉയർന്നു വന്ന വിമർശനങ്ങൾക്ക് തന്റെ
നിലപാട് വിശദീകരിക്കുന്നുണ്ട് ദസ്തയേവ്സ്കി ഈ നോവലിൽ.

വേണ്ടത്ര ഗവേഷണത്തിന്റെ പിൻബലമുണ്ട് ഈ നോവലിന് എന്ന് വായനക്കാരന് ബോധ്യപ്പെടും. ഒരു ദസ്തയേവ്സ്കിയൻ ആരാധകനെ തീർച്ചയായും നോവലിസ്റ്റിൽ നമ്മുക്ക് കണ്ടെത്താം. വാസ്തവത്തിൽ ദസ്തയേവ്സ്കിയുടെ കടുത്ത ഒരു ആരാധകനുമാത്രമെ ഇങ്ങനെ ഒരു നോവൽ എഴുതി പൂർത്തിയാക്കാനാവു എന്നതാണ് സത്യം. ആ അർത്ഥത്തിൽ നോവലിസ്റ്റ് വിജയിച്ചു എന്നാണെന്റെ തോന്നൽ. ഉമറുൽ ഫാറൂഖിന്റെ
ഉദ്യമം അതുകൊണ്ടുതന്നെ പാഴായി പോകുന്നില്ല എന്നും ഞാൻ വിചാരിക്കുന്നു. ദസ്തയേവ്സ്കിയൻ ആരാധകർക്ക് തീർച്ചയായും ഈ നോവൽ ഇഷ്ടപ്പെടുക തന്നെ ചെയ്യും.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.