DCBOOKS
Malayalam News Literature Website

ആയുസ്സിന്റെ പുസ്തകം നാലു പതിറ്റാണ്ടുകള്‍ക്കു ശേഷം വായിക്കുമ്പോള്‍: ഇ.വി.രാമകൃഷ്ണന്‍

ഇ.വി.രാമകൃഷ്ണന്‍

‘ആയുസ്സിന്റെ പുസ്തകം’ നാലു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ അതില്‍ ഇനിയും വായിച്ചുതീരാത്ത വരികളും മുഴുവനാക്കാത്ത കഥകളുമുണ്ടെന്ന് നാമറിയുന്നു. അപഗ്രഥനത്തെ ചെറുക്കുന്ന ഒരംശം ഈ കൃതിയുടെ ശില്പത്തിലുണ്ട്. മലയോരഗ്രാമത്തിലെ ക്രിസ്ത്യന്‍ ജീവിതവുമായി മാത്രം പരിമിതപ്പെടുന്ന ഒന്നല്ല ഇതിലെ ഇതിവൃത്തം. താന്‍ ചിത്രീകരിച്ച ജീവിതങ്ങളെ കവിഞ്ഞുനില്‍ക്കുന്ന ഒരു ദര്‍ശനത്തിന്റെ വെളിച്ചമാണ് ആഖ്യാനത്തിന്റെ, അതിന്റെ രൂപശില്പത്തിന്റെ അനന്യതയായി അനുഭവപ്പെടുന്നത്. കെട്ടുപിണഞ്ഞുകിടക്കുന്ന മനുഷ്യബന്ധങ്ങളോടൊപ്പം അവര്‍ ഇടപെടുന്ന ഭൂപ്രകൃതിയും അതിന്റെ തുടര്‍ച്ചയായ ചരിത്രവും ഈ രൂപശില്പത്തില്‍ ഭാഗഭാക്കാവുന്നുണ്ട്. ‘ഖസാക്കിന്റെ ഇതിഹാസ’ത്തില്‍ തുടങ്ങുന്ന ആധുനിക മലയാള നോവലില്‍നിന്നുള്ള വിച്ഛേദവും മുകളില്‍ പറഞ്ഞ സവിശേഷദര്‍ശനത്തിന്റെ ഭാഗമാണ്. തന്നില്‍നിന്ന് പുറത്തുകടക്കുമ്പോഴാണ് കലാകാരന്‍ താന്‍ ആവിഷ്‌കരിക്കുന്ന അനുഭവങ്ങളടങ്ങിയരൂപസാദ്ധ്യതകള്‍ സാക്ഷാത്കരിക്കുന്നത്. ഏറ്റവും പരിചിതമായതിനെ അപരിചിതവും അപൂര്‍വവും ആക്കിത്തീര്‍ക്കുക എളുപ്പമല്ല. ഭാഷയിലൂടെ ഏറെ ദൂരം ബാലകൃഷ്ണന്‍ സഞ്ചരിക്കുന്നു. സ്വകീയമായതിനെ അകല്‍ച്ചയോടെ കാണുകമാത്രമല്ല അതിനെ നിഷ്ഠുരമായി വിലയിരുത്തുകകൂടി ചെയ്യുന്നൊരു ഭാഷയാണ് അദ്ദേഹം കണ്ടെടുക്കുന്നത്.

നോവലിലെ ഭാഷയുടെ ധര്‍മ്മം സംഭവവിവരണമല്ല. ഭാഷയിലൂടെഒരു ലോകം ഉണ്ടായി വരുന്നതോടൊപ്പം അതിന്റെ മൂല്യങ്ങളെക്കുറിച്ചുള്ള ധാരണകളും രൂപപ്പെടുന്നു. ഇതിനര്‍ത്ഥം നോവലിസ്റ്റ് ഏതെങ്കിലും രീതിയില്‍ വിധിപ്രസ്താവനകള്‍ നടത്തുന്നുഎന്നല്ല. ‘ആയുസ്സിന്റെ പുസ്തക’ത്തിന്റെ ആകര്‍ഷണീയതയെ നിര്‍വചിച്ച പ്രധാന ഘടകം അതു ജീവിതങ്ങളെ പാപപുണ്യങ്ങളുടെയും ധര്‍മ്മാധര്‍മ്മങ്ങളുടെയും കണക്കുപുസ്തകങ്ങളില്‍നിന്ന് മോചിപ്പിച്ചു എന്നതാണ്. ആദ്ധ്യാത്മികതയിലേക്കുചായുന്ന അതിഭൗതികത ആധുനികതയുടെ ഭാഗമായി മലയാളത്തില്‍ വേരുറച്ചിരുന്ന കാലത്താണ് ബാലകൃഷ്ണന്‍, ഉടലിന്റെ തടവറകളില്‍നിന്ന് വിമോചനമില്ലാത്ത മനുഷ്യരെപ്പറ്റി എഴുതാന്‍ ഇന്ദ്രിയവേദ്യമായ ഒരു ഭാഷ രൂപപ്പെടുത്തിയത്. കഥനത്തിന്റെ ഭാഷ അനുഭവത്തെ വിലയിരുത്തുന്നത് അതിനു സ്വായത്തമായ ആശയലോകവുമായി ബന്ധപ്പെടുത്തിയാണ്. വ്യക്തികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ അവരുടെ ആശയലോകങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയിലാണു തേടേണ്ടത്.ഓരോസമൂഹവും എല്ലാവരെയും മെരുക്കാനുള്ള നിരവധി അധികാര സ്ഥാപനങ്ങളുടെ സഞ്ചയമാണ്.

പിന്തിരിഞ്ഞുനോക്കുമ്പോഴാണ് നടന്നുകയറിയ വഴികള്‍ കാലുഷ്യത്തിന്റെയും ഹിംസയുടേതുമാണെന്നറിയുക. തന്റെ കാല്‍പിടിച്ച് കരയുന്നതെരേസയെ തോമ കാല്‍നീട്ടി തൊഴിക്കുന്നു. തോമ ജയിലില്‍ പോയപ്പോഴാണ് തെരേസ മരിക്കുന്നത്. ഇപ്പോള്‍ മദ്യലഹരിയില്‍ തന്റെ ഒറ്റപ്പെടലിന്റെ ഭാരം താങ്ങാനാവാതെ അയാള്‍ തന്നോടുതന്നെ കുമ്പസാരിക്കുന്നു. താനെന്താണു ചെയ്യുന്നതെന്ന് നേരത്തേയും ഇപ്പോഴും അയാള്‍ക്ക്
മനസ്സിലാവുന്നില്ല. സാറ തന്നെ തിരസ്കരിച്ചതായി അറിയുമ്പോള്‍ അയാള്‍ വേറൊരാളാണ്. ‘മരിക്കാന്‍
തുടങ്ങുന്നൊരാള്‍ അവസാനമായി ഭൂമിയെ നോക്കുന്നതുപോലെ’ യാണ് അയാള്‍ ഫിലിപ്പോസിനെ നോക്കുന്നത് (181). പ്രഹരമേറ്റതുപോലെ അയാള്‍ കരയുന്നു. സാറയെ തിരക്കിച്ചെല്ലുന്ന തോമ അവിടെ യോഹന്നാനും സാറയും തമ്മിലുള്ള സംസാരം കേള്‍ക്കുന്നു.

അയാള്‍ക്ക് പരിസരബോധം നഷ്ടപ്പെടുകയാണ്. അയാള്‍ നേരത്തേ തെരേസയെ കാണാത്തതുപോലെ ഇപ്പോള്‍ സാറയെയും കാണുന്നില്ല. ആണത്തത്തിന്റെ അക്രമാസക്തമായഅഹംബോധമായി അയാള്‍ ചുരുങ്ങുന്നു. തനിക്ക് കൈവശപ്പെടുത്താനും കീഴ്‌പ്പെടുത്താനുമുള്ള വസ്തുക്കളാണ് സ്ത്രീകള്‍. അധികാരത്തിന്റെ ഈ ലോകക്രമത്തെ ചെറുക്കുന്ന സ്‌ത്രൈണതയുടെ വാങ്മയം ഈ നോവലില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് പിന്നീട് വ്യക്തമാക്കാം. പൗലോയെ, തെരേസയെ, സാറയെ ശിക്ഷിക്കുന്ന തോമ ശരിതെറ്റുകളെപ്പറ്റി തനിക്കുള്ള ഉത്തമബോദ്ധ്യം വെച്ചാണ് ജീവിക്കുന്നത്. അതിലുള്ള ഹിംസാത്മകത വ്യവസ്ഥയുടേതാണ്. തന്നിലൂടെ
ഒരു വ്യവസ്ഥയുടെ ഹിംസാത്മകത പ്രകടമാവുന്നുണ്ടെന്ന് തിരിച്ചറിയാന്‍ ആത്മവിമര്‍ശനത്തി െന്റ ബദല്‍ ലോകമുണ്ടാവണം. അത്തരമൊരു സാദ്ധ്യത തോമയില്‍ ഇല്ലാതാക്കുന്നത് ആചാരബദ്ധമായ മതസമൂഹത്തിന്റെ
സാമ്പ്രദായിക ധാരണകളാണ്. ആനിയെഴുതിയ കത്തുമായി അയാള്‍ പോകുന്നത് അച്ചന്റെ അടുത്തേക്കാണ്. Textഅയാള്‍ക്കൊന്നും പറയാനായില്ല. മാത്യുവിന്റെ ചോദ്യങ്ങള്‍ക്കുമുന്നില്‍ ഫാദര്‍ മൗനം ദീക്ഷിക്കുന്നു. ഇരുണ്ടുവരുന്ന ലോകത്ത് ‘നമ്മുടെ ചെറിയ മെഴുകുതിരികളിലും സ്‌നേഹസന്ദേശങ്ങളിലും’ ഒതുങ്ങി ജീവിക്കാനാണ് അവര്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. സ്‌ത്രൈണതത്ത്വത്തെ അപരവല്‍ക്കരിക്കുന്ന വ്യവസ്ഥയ്ക്ക് സ്വായത്തമായ അക്രമവാസന ഒടുവില്‍ തിരിയുന്നത് ആ സമൂഹത്തിലെ ഏറ്റവും നിസ്സഹായരായ മനുഷ്യരിലേക്കാണ്.

കുടുംബവ്യവസ്ഥയ്ക്കകത്താണ് ഹിംസയുടെ വലിയ ഗര്‍ത്തങ്ങള്‍ രൂപമെടുക്കുന്നത്. ഏറ്റവും സുരക്ഷിതമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്താണ് റാഹേലിന്റെ രക്ഷിതാവാകേണ്ട പൗലോ അവളോടു വഴിവിട്ട് പെരുമാറുന്നത്. ഈ പീഡനത്തിന്റെ കറുത്തനിഴല്‍ യോഹന്നാന്റെ ജീവിതത്തിന്റെമേല്‍ വീഴുന്നുണ്ട്. തന്റെ ഒറ്റപ്പെടലിന്റെ ദുരന്തമുഹൂര്‍ത്തത്തില്‍ ‘തൂണിലെ പഴകിയ തുകല്‍ച്ചെരിപ്പുകള്‍ക്ക് കീഴെയായിരുന്ന് വല്യച്ചന്‍ വ്യസനത്തോടെ വിശുദ്ധഗ്രന്ഥം’ വായിക്കുന്നത് അവര്‍ കാണുന്നുണ്ട്. അവന്‍ റാഹേലിനെ ഒടുവില്‍ കാണുന്നത് ആടുകളുമായി അവള്‍ യോഹന്നാനെ അന്വേഷിച്ചുവരുമ്പോഴാണ്. അവള്‍ക്ക് ആനിയുടെ മേല്‍വിലാസം വേണം. റാഹേല്‍ യോഹന്നാന്റെ മൂടിക്കെട്ടിയ മനസ്സ് കണ്ടറിയുന്നു. ആനിയുടെ കത്തിലെ വാചകങ്ങള്‍ അവ െള സ ്പര്‍ശിച്ചിരിക്കുന്നു. ‘അവള്‍ അവന്റെ ചുമലില്‍ പിടിച്ച് അവനെ തന്റെ നേര്‍ക്കു തിരിച്ചപ്പോള്‍ അവന്‍ അവളുടെ കൈകളില്‍ വീണു കരഞ്ഞു'(117). അവര്‍ ഒപ്പം ശയിക്കുമ്പോള്‍, പൊടിയില്‍ വീണുകിടക്കുമ്പോള്‍ പരസ്പരം സാന്ത്വനപ്പെടുത്തുകയാണ്. അതൊരു വിടപറയലായിരുന്നു എന്ന് യോഹന്നാന്‍ അറിയുന്നത് പിന്നീടാണ്. റാഹേല്‍ മഠത്തില്‍ ചേരുമ്പോള്‍ വ്യവസ്ഥ സ്വയം നീതീകരിക്കുന്നു. പ്രാകൃതമായൊരു ബലിയാണവിടെ നടക്കുന്നതെന്ന് അറിയുന്നവന്‍ യോഹന്നാനാണ്. ‘വളരെ ഉച്ചത്തില്‍ നിലവിളിക്കാനുള്ള വെമ്പലോടെ അവന്‍ വീടിന് നേരേ നോക്കി. ഷൈനിയും സില്‍വിയും വിറങ്ങലിച്ച പോലെ നിന്ന് തന്നെ ഉറ്റുനോക്കുന്നു. അവര്‍ക്ക് പിന്നില്‍ റാഹേലിന്റെ അമ്മയുടെ ക്ഷീണിച്ച മുഖം. വീടിനകം നിറയെ ഇരുട്ട്. പള്ളിയില്‍നിന്നുള്ള പ്രാര്‍ത്ഥന നിലച്ചുകഴിഞ്ഞു’ (120).

റാഹേലും യോഹന്നാനും തമ്മിലുള്ള കാഴ്ചയുടെ സന്ദര്‍ഭത്തില്‍ ആടുകള്‍ തങ്ങളുടെ സാന്നിദ്ധ്യമറിയിക്കുന്നു. ‘ഒരാട്ടിന്‍കുട്ടി അവന്റെ കാലിന്മേല്‍ ഉരുമ്മി അത് എന്തോ പറയാന്‍ ഒരുമ്പെട്ടു. പക്ഷേ, വ്യാകുലതയെ കരഞ്ഞുനിറുത്തി'(115). റാഹേലിനെപ്പോലെ യോഹന്നാനും ബലിമൃഗമാണ്. പാവനവും പവിത്രവുമെന്ന് വിശ്വസിക്കപ്പെടുന്ന വിശ്വാസസംഹിതകളില്‍ നിന്നാണ് വെറുപ്പിന്റെ അപരനിഗ്രഹത്തിന്റെ ആക്രോശങ്ങള്‍ ഉത്ഭവിക്കുന്നതെന്ന ചരിത്രബോധം 1980-കളില്‍ തീക്ഷ്ണമാവുന്നുണ്ട്. ഈ നോവലില്‍ സമഗ്രമായ ദര്‍ശനമായി ആഖ്യാനശില്പത്തെ മെനയുന്ന ഭാഷയില്‍ ഈ ബോധം സ്പന്ദിക്കുന്നു. ബൈബിളിന്റെ മലയാളപരിഭാഷയെ അനുധാവനം ചെയ്യുന്ന ഭാഷണവ്യവസ്ഥ ഏതു തരത്തിലാണ് സാര്‍വലൗകികവും പ്രാദേശികവുമായതിനെ ഒരേ
സമയം ഉള്‍ക്കൊള്ളുന്ന സവിശേഷമായ വിമര്‍ശനസ്വരം ഉത്പാദിപ്പിക്കുന്നതെന്നു വിശദമായി പരിശോധിക്കേണ്ടതുണ്ട്. (2013, 11, 15) പത്തൊമ്പതാം നൂറ്റാണ്ടില്‍ കീഴാളവിഭാഗങ്ങളുടെ ഉണരുന്ന കര്‍തൃത്വത്തിന് ചലനവേഗം പകര്‍ന്നത് ബൈബിള്‍ വചനങ്ങളാണ്. ഈയൊരു ചരിത്രത്തെ ആവാഹിക്കുന്ന ഭാഷണവ്യവസ്ഥ ‘ആയുസ്സിന്റെ പുസ്തക’ത്തില്‍ പ്രവര്‍ത്തനക്ഷമമാവുന്നത് ദ്വിവിധമായ സ്വരങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ടാണ്. പ്രൊട്ടസ്റ്റന്റ് മാനവീയതയുടെ വ്യവഹാരങ്ങള്‍ മഹത്ത്വവല്‍ക്കരിച്ച പാരമ്പര്യധ്വംസനത്തിന്റെയും അതിെന്റ വിേമാചന സാദ്ധ്യതകള്‍ സാക്ഷാത്കരിച്ചുണ്ടായ കുടുംബവ്യവസ്ഥ എത്തിപ്പെട്ട ആത്മഘാതകമായ അന്യവല്‍ക്കരണത്തിന്റെയും ചിഹ്നവ്യവസ്ഥകള്‍ വിരുദ്ധ ദിശകളില്‍ നോക്കുന്നവയെങ്കിലും ഈ നോവലിന്റെ ആഖ്യാനഘടനയില്‍ ഉള്‍ച്ചേരുന്നു. അതു സാദ്ധ്യമാക്കുന്നത് നോവലിസ്റ്റ് ഉപയോഗിച്ച ബൈബിള്‍ പരിഭാഷ വ്യവഹാരങ്ങളാണ്.അന്തര്‍ പാഠങ്ങളുടെ ആത്മപ്രതിഫലനാത്മകതയെ ദര്‍ശനത്തിന്റെ തലത്തിലേക്ക് ഉയര്‍ത്തുന്ന ഇതുപോലുള്ള നോവലുകള്‍ മലയാളത്തില്‍ വിരളമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.