DCBOOKS
Malayalam News Literature Website

പുതിയ വിദ്യാഭ്യാസ നയം: സ്‌കൂൾ വിദ്യാഭ്യാസത്തിലെ മാറ്റങ്ങളും കേരളത്തിന്റെ അവസരങ്ങളും; മുരളി തുമ്മാരുകുടി എഴുതുന്നു

Muralee Thummarukudy

അറുപത് പേജുള്ള പുതിയ വിദ്യാഭ്യാസനയത്തിൽ ഇരുപത്തിയഞ്ച് പേജും സ്‌കൂൾ വിദ്യാഭ്യാസത്തെ പറ്റിയാണ്. നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസത്തെ അടിമുടി പൊളിച്ചെഴുതാൻ കഴിവുള്ള പല നിർദ്ദേശങ്ങളും ഇതിലുണ്ട്. എത്ര ചുരുക്കിയാലും നിർദ്ദേശങ്ങൾ തന്നെ പത്തു പേജിൽ കൂടുതലുള്ളതുകൊണ്ട് ചുരുക്കിയെഴുതാൻ ഉദ്ദേശിക്കുന്നില്ല. താല്പര്യമുളളവർ മുഴുവൻ പോളിസി വായിക്കുമല്ലോ. ഏതൊക്കെ നയങ്ങളാണ് കേരളത്തിന് ഏറ്റവും പ്രയോജനപ്രദമായിട്ടുള്ളത് എന്നും ഏതൊക്കെ അവസരങ്ങളാണ് നമുക്ക് തുറന്നു തരുന്നത് എന്നും പറയാനാണ് ഞാൻ ഉദ്ദേശിക്കുന്നത്.

അംഗൻവാടികൾ – മാറുന്ന മുഖച്ഛായ: കുട്ടികളെ സ്‌കൂൾ അന്തരീക്ഷവും ആദ്യാക്ഷരങ്ങളും പരിചയപ്പെടുത്താൻ ലക്ഷ്യമാക്കി സ്ഥാപിച്ചവയാണ് അംഗൻവാടികൾ. കേരളത്തിൽ നന്നായി നടക്കുന്ന പതിനായിരക്കണക്കിന് അംഗൻവാടികളുണ്ടെങ്കിലും അവയെ നമ്മുടെ സ്‌കൂൾ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടില്ല. ഈ അവസ്ഥ മാറുകയാണ്. അംഗൻവാടികളിലെ ജോലിക്കാർക്ക് അവരുടെ ഇപ്പോഴത്തെ വിദ്യാഭ്യാസ നിലവാരമനുസരിച്ച് ആറുമാസത്തെയോ ഒരു വർഷത്തെയോ പരിശീലനം നൽകും. പുതിയതായി ഈ ജോലികളിൽ നിയമിക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകിയും കൂടുതൽ ഭൗതിക സൗകര്യങ്ങൾ ഒരുക്കിയും അടുത്തുള്ള സ്കൂളുകളുമായി ബന്ധിപ്പിക്കും. 10+2 എന്ന പഴയ സംവിധാനത്തിൽ ഒന്നാം ക്ലാസിലാണ് ഔദ്യോഗിക സ്കൂൾ വിദ്യാഭ്യാസം തുടങ്ങുന്നതായി കരുതുന്നതെങ്കിൽ 5+3+3+4 എന്ന പുതിയ ഫോർമുലയിൽ അംഗൻവാടികളിലാണ് സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങുന്നത്. നിലവിൽ സാന്പത്തികമായി ഉയർന്നു നിൽക്കുന്ന കുടുബത്തിലെ കുട്ടികൾ അംഗൻവാടികളിൽ പോകണമെന്ന് നിർബന്ധമില്ല. എൽ കെ ജി യിലും യു കെ ജി യിലുമാണ് അവരുടെ വിദ്യാഭ്യാസം തുടങ്ങുന്നത്. ഇത് മാറി ഒരു പ്രദേശത്തെ എല്ലാ കുട്ടികളും മത സാന്പത്തിക വ്യത്യാസങ്ങളില്ലാതെ തൊട്ടടുത്തുള്ള അംഗൻവാടികളിൽ പോകുന്ന ഒരു കാലമുണ്ടായാൽ അത് സമൂഹത്തിന് നല്ലത് തന്നെയാണ്.

മാതൃഭാഷയിലുള്ള അടിസ്ഥാന വിദ്യാഭ്യാസം: പുതിയ നയത്തെപ്പറ്റിയുള്ള ചർച്ചകളിൽ ഏറെ പറഞ്ഞുകേട്ട ഒന്നാണ് കുട്ടികളുടെ അടിസ്ഥാന വിദ്യാഭ്യാസം മാതൃഭാഷയിലാക്കും എന്നത്. “സാധ്യമാകുന്പോൾ എല്ലാം അഞ്ചാം ക്ലാസ് വരെയെങ്കിലും പഠനഭാഷ വീട്ടിൽ ഉപയോഗിക്കുന്ന ഭാഷയോ മാതൃഭാഷയോ പ്രാദേശിക ഭാഷയോ ആയിരിക്കണം” എന്നാണ് പോളിസി പറയുന്നത്. (Wherever possible, the medium of instruction until at least Grade 5, but preferably till Grade 8 and beyond, will be the home language/mother tongue/local language/regional language.). ഈ പ്രയോഗത്തിന് ഒന്നിൽ കൂടുതൽ വായന സാധ്യമാണ്. ഇംഗ്ലീഷ് ഭാഷ കൃത്യമായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര ധാരണകളിൽ തീർച്ചയായും ചെയ്യേണ്ട കാര്യത്തിന് “shall” ആണ് ഉപയോഗിക്കുന്നത്. “will” എന്നുള്ളത് തീർച്ചയായും ചെയ്തിരിക്കണം എന്ന അർത്ഥത്തിൽ അല്ല ഉപയോഗിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിൽ ഭാഷയുടെ ഉപയോഗം പലയിടത്തും അത്ര കൃത്യമല്ലാത്തതിനാൽ എന്താണ് ഇത് എഴുതിയവരും അംഗീകരിച്ചവരും ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. ഒരു കാര്യം ഉറപ്പിക്കാം, തെക്കും വടക്കും എന്തിന് നമ്മുടെ നാട്ടിൽ പോലും സ്വന്തം ഭാഷയുടെ കാര്യത്തിൽ അമിത വികാരമുള്ളവരുടെ എണ്ണം കൂടിവരികയാണ്. സാധിക്കുമെങ്കിൽ ഓരോ സംസ്ഥാനത്തേയും പഠനം അവർ ആ സംസ്ഥാനത്തെ ഭാഷകളിൽ നിർബന്ധമാക്കുമെന്ന് തന്നെ കരുതാം. മറ്റു നാടുകളിലേക്ക് ജോലിക്ക് പോകുക എന്നത് സന്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനമാവുകയും മറ്റു സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് മലയാളികൾ ജീവിക്കുകയും ചെയ്യുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ പ്രായോഗികമായി, ഏറ്റവും ഫ്ലെക്സിബിൾ ആയി ഈ കാര്യത്തെ കാണുന്നതാണ് നല്ലത്. അതേ സമയം ദശലക്ഷക്കണക്കിന് മറുനാട്ടുകാർ തൊഴിൽ ചെയ്യുന്ന കേരളത്തിൽ ബംഗാളിയിലും ഹിന്ദിയിലും തമിഴിലും ഒക്കെ എങ്ങനെയാണ് മറുനാട്ടുകാരുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നത് എന്ന് ചിന്തിക്കുകയുംവേണം.

അധ്യാപകരുടെ പരിശീലനവും പുരോഗതിയും: ഈ വിദ്യാഭ്യാസ നയത്തിൽ സ്‌കൂൾ വിദ്യാഭ്യാസ രംഗത്ത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഒരേ യോഗ്യതയും (ബി എഡ്), ശന്പളവും ജോലിയിൽ മുന്നോട്ടു പോകാനുള്ള അവസരവും നിർദ്ദേശിച്ചിട്ടുണ്ട് എന്നതാണ്. ബി എഡ് പഠനം പ്രത്യേക സ്ഥാപനങ്ങളിൽ നിന്നും മാറ്റി യൂണിവേഴ്സിറ്റികളിൽ ആകുമെന്നും, പന്ത്രണ്ടാം ക്ലാസ് കഴിയുന്നവർക്ക് മറ്റു ഡിഗ്രി ക്ലാസ്സുകൾ പോലെ നാലു വർഷം നേരിട്ട് ബി എഡ് ചെയ്യാനുള്ള അവസരമുണ്ടാകുമെന്നും പോളിസിയിൽ പറയുന്നു (ഡിഗ്രി കഴിഞ്ഞവർക്ക് രണ്ടു വർഷത്തേയും, പി ജി കഴിഞ്ഞവർക്ക് ഒരു വർഷത്തെയും ബി എഡ് ഇതേ കോളേജുകളിൽ ഉണ്ടാകും). 2030 ആകുന്പോൾ ബി എഡ്, ടി ടി സി കോളേജുകളെല്ലാം അടച്ചു പൂട്ടണമെന്നാണ് പുതിയ നയം പറയുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവരും ബി എഡ്, ടി ടി സി കോളേജുകൾ നടത്തുന്നവരും ശ്രദ്ധിക്കുക. ഉന്നത വിദ്യാഭ്യാസത്തെ പറ്റി പറയുന്പോൾ ഈ വിഷയം കൂടുതൽ ചർച്ച ചെയ്യാം.

സ്‌കൂൾ കോംപ്ലക്സുകൾ: പുതിയ വിദ്യാഭ്യാസ നയത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വളരെ പ്രധാനമായ ഒന്ന് ഒരു പ്രദേശത്തെ വിവിധ സ്‌കൂളുകളെ യോജിപ്പിച്ച് സ്‌കൂൾ ക്ലസ്റ്ററുകൾ ഉണ്ടാക്കണമെന്ന നിർദ്ദേശമാണ്. ഈ ക്ലസ്റ്ററുകൾ തമ്മിൽ അധ്യാപകർ, വായനശാലകൾ, കളിസ്ഥലങ്ങൾ, ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് കൊടുക്കുന്ന പ്രത്യേക പരിശീലനം ഇക്കാര്യത്തിലൊക്കെ വിഭവങ്ങൾ പരസ്പരം പങ്കുവെക്കാം.

വളരെ നല്ല നിർദ്ദേശമാണ്, പക്ഷെ കേരളത്തിൽ ഇതിന് പല കടന്പകൾ ഉണ്ടാകും. കേരളത്തിൽ സർക്കാർ സ്‌കൂളുകൾ, എയ്ഡഡ് സ്‌കൂളുകൾ, അൺ എയ്ഡഡ് സ്‌കൂളുകൾ എന്നിങ്ങനെ പലതരം സ്‌കൂളുകളുണ്ട്. കൂടാതെ സ്റ്റേറ്റ് സിലബസ്, CBSE, ICSE എന്നിങ്ങനെ സിലബസുകൾ വേറെയും. ഇവയെ എങ്ങനെയാണ് കൂട്ടിയോജിപ്പിച്ച് ക്ലസ്റ്റർ ഉണ്ടാക്കാൻ പറ്റുന്നതെന്നോ അധ്യാപകർ ഉൾപ്പടെയുള്ള വിഭവങ്ങൾ പങ്കുവെക്കാൻ പറ്റുന്നതെന്നോ പോളിസി പറയുന്നില്ല.

എല്ലാ വിദ്യാഭ്യാസവും സൗജന്യമാകണമെന്നും, കുട്ടികൾ വീടിനടുത്തുള്ള സ്‌കൂളുകളിൽ പഠിക്കാൻ പോകണമെന്നും, എല്ലാ അധ്യാപകർക്കും ഒരേ സേവന വേതന വ്യവസ്ഥകൾ ആയിരിക്കണമെന്നും, സർക്കാർ – സ്വകാര്യ വേർതിരിവുകൾ ഇല്ലാതെ ഒരു പ്രദേശത്തുള്ള എല്ലാ സ്‌കൂളുകളും തമ്മിൽ പരസ്പരം സഹകരിക്കണമെന്നും ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതുകൊണ്ടു തന്നെ ഏറെ സാദ്ധ്യതകളുള്ള ഒന്നാണ് ഈ നിർദ്ദേശം. 1960 കളിൽ ഒരിക്കൽ നമ്മുടെ വിദ്യാഭ്യാസ നയത്തിൽ ഇത് ഉണ്ടായിരുന്നുവത്രേ. പക്ഷെ നടപ്പിലായില്ല. ഇത്തവണയെങ്കിലും ഇത് നടപ്പിലാകുമെന്ന് കരുതാം. ഓരോ പഞ്ചായത്തിലും ഡസനിലധികം സ്‌കൂളുകളുള്ള കേരളത്തിന് ഇക്കാര്യത്തിൽ മുൻകൈ എടുക്കുകയും ചെയ്യാം.

“light and tight” റെഗുലേഷൻ: പുതിയ പോളിസി നിർദ്ദേശങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് സ്‌കൂളുകളുടെ നടത്തിപ്പിൻ മേലുള്ള നിയന്ത്രണം “light and tight” ആക്കുമെന്നതും ഇക്കാര്യത്തിൽ സർക്കാർ സ്ഥാപനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും തമ്മിൽ വിവേചനം കാണിക്കില്ല എന്നതുമാണ്. സ്‌കൂളുകൾ നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളെ ശത്രുക്കളായി കാണാതെ നമ്മുടെ വിദ്യാഭ്യാസ രംഗത്തിന് പോസിറ്റീവായ സംഭാവനകൾ നല്കുന്നവരായി കാണണമെന്നും അവരിൽ നിന്നും പാഠങ്ങൾ പഠിക്കണമെന്നും ചിന്തിക്കുന്ന ഒരാളെന്ന നിലക്ക് വളരെ സ്വാഗതാർഹമായ ഒരു നിർദ്ദേശമാണ് ഇതും. കേരളത്തിന് ഇക്കാര്യത്തിൽ മുൻകൈ എടുക്കാവുന്നതേ ഉള്ളൂ. സ്‌കൂൾ തലത്തിൽ ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ വിദ്യാഭ്യാസമാണ് കേരളത്തിലുള്ളത്. സർക്കാർ രംഗത്തെ മികവും സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണവുമാണ് ഈ നേട്ടം സാധ്യമാക്കിയിരിക്കുന്നത്. എങ്ങനെയാണ് സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളെ ഒരേ ലക്ഷ്യത്തിലെ പങ്കാളികളായി കണ്ട് പരമാവധി കുറച്ചു നിയന്ത്രണങ്ങളോടെയും പരമാവധി കൂടുതൽ ഇൻസെന്റീവുകളോടെയും സ്‌കൂൾ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നത്?

ബാഗില്ലാത്ത ദിവസങ്ങളും കുത്തി നിറക്കുന്ന കരിക്കുലം ബാഗും: “ഇപ്പോഴത്തെ” കുട്ടികളുടെ സ്‌കൂൾ ബാഗിന്റെ ചുമട് ഭാരത്തെപ്പറ്റി ശ്രീ. കസ്തുരിരംഗൻ ഉൾപ്പെട്ട പഴയ തലമുറക്ക് സഹതാപമുണ്ട്. അതുകൊണ്ടു തന്നെ പഠനകാലത്ത് “സ്‌കൂൾ ബാഗില്ലാത്ത ദിവസങ്ങൾ” ഉണ്ടാകുമെന്ന് പോളിസി പറയുന്നു, നല്ല കാര്യമാണ്.

സ്‌കൂളുകളിൽ കരിക്കുലർ, എക്ട്രാ കരിക്കുലർ എന്നുള്ള വ്യത്യാസങ്ങളും ആർട്സ് സയൻസ് കൊമേഴ്‌സ് എന്നീ മാറ്റങ്ങളും ഇല്ലാതാക്കുമെന്നും പുതിയതായി വൊക്കേഷണൽ ട്രെയിനിങ്ങ്, നാടൻ – വിദേശ ഭാഷകൾ പഠിപ്പിക്കുമെന്നും, ഇന്ത്യയിലെ ഭാഷകൾ, ഇന്ത്യയിലെ വിജ്ഞാനം, കോഡിങ്ങ്, ഭരണഘടനാ മൂല്യങ്ങൾ എന്നിങ്ങനെ ലോകത്ത് ചിന്തിക്കാവുന്ന എന്തും പഠിപ്പിക്കുമെന്നും പോളിസി പറയുന്നു. പക്ഷെ ഇപ്പോൾ തന്നെ കുത്തി നിറച്ചിരിക്കുന്ന പാഠ്യപദ്ധതിയിൽ നിന്നും എന്താണ് പുറത്തു പോകുന്നതെന്ന് അഥവാ കളയേണ്ടതെന്ന് പറയുന്നുമില്ല. കണ്ടിടത്തോളം സ്‌കൂൾ ബാഗ് ഇല്ലെങ്കിലും കുട്ടികളുടെ “നടു ഓടിയാൻ” തന്നെയാണ് സാധ്യത.

പരീക്ഷകളുടെ കാലം കഴിയുമോ?: പരീക്ഷകളുടെ എണ്ണവും പ്രയാസവും കുറച്ചു കൊണ്ടുവരുമെന്ന് പോളിസിയിൽ പറയുന്നുണ്ട്. പത്തിലും പന്ത്രണ്ടിലും ബോർഡ് എക്സാം ഉണ്ടെങ്കിലും ഓരോ പരീക്ഷയും ഒരു വർഷത്തിൽത്തന്നെ രണ്ടു പ്രാവശ്യം എഴുതാനും അതിൽ കൂടുതൽ മാർക്ക് കിട്ടിയത് പരിഗണിക്കുവാനുമുള്ള നിർദ്ദേശമുണ്ട്. ക്ലാസ്സിലെ പരീക്ഷകൾ മാത്രമല്ല കുട്ടിയുടെയും ക്ലാസ്സിലുള്ള മറ്റു കൂട്ടുകാരുടെയും അധ്യാപകരുടെയുമെല്ലാം അഭിപ്രായം രേഖപ്പെടുത്തുന്ന 360 ഡിഗ്രി അസ്സെസ്സ്മെന്റ് നടത്തണമെന്ന് പോളിസിയിൽ പറയുന്നു. കാണാതെ പഠിച്ച് അറിയുന്ന അറിവല്ല, അടിസ്ഥാന കാര്യങ്ങൾ അറിഞ്ഞുള്ള അറിവാണ് പരീക്ഷിക്കപ്പെടേണ്ടതെന്നും പോളിസിയിലുണ്ട്. ഇതൊന്നും ആർക്കും എതിർക്കാൻ കഴിയുന്നതല്ല എന്ന് മാത്രമല്ല പൂർണ്ണമായും അനുകൂലിക്കാൻ കഴിയുന്നതുമാണ്. എങ്ങനെയാണ് ഇത് പ്രാബല്യത്തിൽ വരുത്തുന്നതെന്നാണ് നമ്മൾ ശ്രദ്ധിക്കേണ്ടത്.

ഇപ്പോൾ കേരളത്തിൽ മിക്കവാറും വിജയ ശതമാനം നൂറു ശതമാനമാണ്. ചെറിയ ക്ലാസ്സുകളിൽ പരീക്ഷ ഉണ്ടെങ്കിലും പരാജയം ഇല്ല. ലോകത്തെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ അസ്സെസ്സ്മെന്റ് നടത്തുന്നതിന്റെ നല്ല മാതൃകകൾ നമുക്ക് അന്വേഷിച്ച് സ്വീകരിക്കാവുന്നതേ ഉള്ളൂ. കേന്ദ്രം പുതിയ അസ്സെസ്സ്മെന്റ് രീതികളുമായി വരുന്പോഴേക്കും നമുക്ക് തയ്യാറെടുക്കാം.

കോച്ചിങ്ങ് സംസ്കാരം ഇല്ലതാക്കുന്പോൾ: എന്റെ തലമുറയുടെ മറ്റൊരു പരാതിയാണ് എൻട്രൻസ് പരീക്ഷയുടെയും കോച്ചിങ്ങ് സെന്ററുകളുടേയും ആധിക്യം. ഇക്കാര്യം പോളിസിയിൽ പ്രത്യേകം പറയുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് ഓരോ സംസ്ഥാനവും യൂണിവേഴ്സിറ്റികളും പ്രത്യേക ടെസ്റ്റുകൾ നടത്തുന്നതിന് പകരം ഒരു ദേശീയ ഏജൻസി(National Testing Agency) സ്ഥാപിക്കുമെന്നും അവർ നടത്തുന്ന ടെസ്റ്റ് എല്ലാ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കുമെന്നുമാണ് പോളിസി പറയുന്നത്. അമേരിക്കയിലെ “Scholastic Aptitude Test (SAT) ആണ് ഇവർ മാതൃകയായി കാണുന്നത് എന്ന് തോന്നുന്നു. നല്ല കാര്യമാണ്.

നമ്മൾ അടിസ്ഥാനമായി മനസ്സിലാക്കേണ്ടത് ഉന്നത വിദ്യഭ്യാസം നേടുന്ന കുട്ടികളുടെ ആധിക്യവും അവസരങ്ങളുടെ കുറവുമാണ് ആത്യന്തികമായി ഈ കോച്ചിങ്ങ് കൾച്ചർ ഉണ്ടാക്കുന്നത് എന്നാണ്. ഒരു തരം എൻട്രൻസിൽ നിന്നും മറ്റൊരു തരം എൻട്രൻസ് പരീക്ഷയിലേക്ക് മാറിയത് കൊണ്ട് ഈ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല, കോച്ചിങ്ങ് സെന്ററുകൾ അവരുടെ പഠനവിഷയം മാറ്റുമെന്ന് മാത്രം. ഇതൊക്കെ ഐ ഐ ടി എൻട്രൻസ് കോച്ചിങ്ങിൽ എത്രയോ പ്രാവശ്യം പരീക്ഷിക്കപ്പെട്ട കാര്യമാണ്.

വൊക്കേഷണൽ ജോലികൾക്ക് സമൂഹത്തിൽ വേണ്ടത്ര മാന്യത ലഭിക്കാതിരിക്കുകയും സർക്കാർ ജോലികൾക്ക് അമിതമായി സേവന വേതന സാദ്ധ്യതകൾ നിലനിൽക്കുകയും ചെയ്യുന്നിടത്തോളം കാലം ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് അനാവശ്യമായ തള്ളിക്കയറ്റം ഉണ്ടാകും. ആറടി ഉയരം ഉളളവർക്ക് മാത്രമേ ഐ ഐ ടി യിൽ അഡ്മിഷൻ കിട്ടൂ എന്നൊരു നിബന്ധന വച്ചാൽ ആളുകളുടെ നീളം കൂട്ടുന്ന സ്ഥാപനങ്ങൾ ഇന്ത്യയിലെവിടെയും ഉണ്ടാകും. തെങ്ങു കയറാൻ അറിയുന്നവർക്കേ കേരളത്തിൽ സർക്കാർ ജോലി കിട്ടൂ എന്ന് പറഞ്ഞാൽ തെങ്ങു കയറ്റം പഠിപ്പിക്കുന്ന കോച്ചിങ് സെന്ററുകൾ കേരളത്തിൽ പൊട്ടിമുളക്കും. അതുകൊണ്ട് ചികിത്സ വേണ്ടത് കോച്ചിങ്ങ് സെന്ററുകൾക്കല്ല.

അധ്യാപകരും മാതാപിതാക്കളും കോച്ചിങ്ങ് സെന്ററുകളുമെല്ലാം SAT ടെസ്റ്റിനെ പറ്റി ഇപ്പോൾ തന്നെ മനസ്സിലാക്കുന്നത് നന്നായിരിക്കും. ആ വഴിക്കാണ് കാര്യങ്ങളുടെ പോക്ക്.

ഭിന്ന ശേഷിയുള്ളവർ, പെൺകുട്ടികൾ, സാന്പത്തികവും സാമൂഹ്യവുമായി പിന്നോക്കം നിൽക്കുന്നവർ, അത്തരം പ്രദേശങ്ങളിൽ നിന്നുള്ളവർ, സാധാരണയിൽ കവിഞ്ഞ മിടുക്കുള്ള കുട്ടികൾ ഇവരുടെയെല്ലാം വിദ്യാഭ്യാസത്തിനുള്ള അനവധി നിർദ്ദേശങ്ങൾ പോളിസിയിലുണ്ട്. നല്ല കാര്യമാണ്. അത് പ്രത്യേകം എഴുതാം. വൊക്കേഷണൽ പഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്നുള്ള നിർദ്ദേശം നല്ലതാണ്, മറ്റു ഏറെ വിദേശ രാജ്യങ്ങളിൽ പിന്തുടരുന്നതുമാണ്. പക്ഷെ സസ്‌കൂളിൽ പോകുന്നവരെ എല്ലാവരെയും എന്തെങ്കിലും സ്കില്ലുകൾ പഠിപ്പിക്കുക എന്നതിന് ഉപരി തൊഴിൽ അധിഷ്ഠിതമായ വിദ്യാഭ്യാസം നൽകി ആളുകളെ എങ്ങനെയാണ് ആ വഴിക്ക് തിരിച്ചു വിടുക എന്നത് പോളിസിയിൽ വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ പ്രൊഫഷണൽ/വൊക്കേഷണൽ വിഷയത്തെ പറ്റിയുള്ള ലേഖനത്തിൽ എഴുതാം.

ഈ നയം ഇന്ത്യക്ക് മൊത്തമായി തയ്യാറാക്കിയതാണ്. ഇന്ത്യയിലെ ഏറെ സംസ്ഥാനങ്ങളിൽ സ്‌കൂളിൽ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് വലിയ പ്രശ്നമാണ്. ഏക അധ്യാപകൻ മാത്രമുള്ള ഒരു ലക്ഷത്തിലധികം സ്‌കൂളുകൾ ഇപ്പോഴും ഇന്ത്യയിൽ ഉണ്ട്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാത്തത്, പണമില്ലത്തതിനാൽ പഠിക്കാൻ പറ്റാത്തത്, കിലോമീറ്ററുകളോളം നടന്നാൽ മാത്രം സ്‌കൂളിൽ എത്തുന്നത് എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഏറെ ഇടയിൽ ഇപ്പോഴുമുണ്ട്. ഈ യാഥാർഥ്യങ്ങളെ ആണ് ദേശീയ നയം കൈകാര്യം ചെയ്യാൻ നോക്കുന്നത്. കേരളത്തിന്റെ പ്രശ്നങ്ങൾ ഇതല്ല. നമ്മുടെ പ്രശ്നങ്ങൾ വ്യത്യസ്തമാണ്, അതുകൊണ്ട് തന്നെ ഈ നയങ്ങൾ നടപ്പിലാക്കുമ്പോൾ, അതിന് വേണ്ടി കേന്ദ്ര സർക്കാർ പണം മുടക്കുമ്പോൾ എങ്ങനെയാണ് കേരളത്തിലെ സാഹചര്യത്തിനനുസരിച്ച് ഈ പദ്ധതികൾ നടപ്പിലാക്കാൻ പറ്റുന്നത് എന്നാണ് നാം ചിന്തിക്കേണ്ടത്.

മുരളി തുമ്മാരുകുടി Neeraja Janaki

Comments are closed.