DCBOOKS
Malayalam News Literature Website

ദേവതമാര്‍ ഈ കവിയില്‍ കളം കൊള്ളാനിറങ്ങി

പി.രാമന്‍ എഴുതിയ അവതാരികയിൽ നിന്നും

ഒരു മരത്തെ സംബന്ധിച്ചിടത്തോളം അത് നില്‍ക്കുന്ന ഇടമാണ് പച്ച. ടി.പി. രാജീവനെ സംബന്ധിച്ചിടത്തോളം താന്‍ നില്‍ക്കുന്ന ഇടമാണ് കവിത. അഥവാ, സാന്നിദ്ധ്യപ്പെടലാണ് കവിത. സാന്നിദ്ധ്യപ്പെടുക എന്നത് വര്‍ത്തമാനകാല അനുഭവമാണ്. ഭൂതഭാവികള്‍ മുഴുവന്‍ വര്‍ത്തമാനത്തിലേക്ക് ഇരച്ചെത്തുന്ന ഇടമാണ് ഈ കവിക്ക് താന്‍ നില്‍ക്കുന്ന ഇടം. കുഴിച്ച മണ്ണില്‍ വെള്ളത്തിന്റെ നനവുപോലെ, സാന്നിദ്ധ്യത്തിന്റെ ഇടം.

പി. കുഞ്ഞിരാമന്‍ നായര്‍ എന്നും തൊട്ടുമുന്നില്‍ നീങ്ങുന്ന ഒരു ദേവതയുടെ പിറകേ അലഞ്ഞു. സൗന്ദര്യദേവത എന്നോ രമ്യശാരദകന്യക എന്നോ കാവ്യദേവത എന്നുതന്നെയോ അവളെ വിളിക്കാം. രാജീവനാകട്ടെ, ഒരു
ദേവതയുടെയും ഒരു ദുര്‍മൂര്‍ത്തിയുടെയും ഒരു കാമുകിയുടെയും പിറകേ പോകുന്നില്ല. മറിച്ച് എല്ലാവരും രാജീവനില്‍ പ്രത്യക്ഷീഭവിക്കുകയാണ്, സാന്നിദ്ധ്യപ്പെടുകയാണ്. തന്റെ ഇടം എന്നാല്‍ താന്‍ സാന്നിദ്ധ്യം കൊള്ളുന്ന ഇടം. താനാകട്ടെ, തന്നില്‍ സന്നിഹിതമാകുന്ന സകലതിന്റെയും ആകെത്തുകയും. അപ്പോള്‍ സാന്നിദ്ധ്യങ്ങളുടെയും പ്രത്യക്ഷങ്ങളുടെയും ആദ്യന്തമില്ലാത്ത തുടര്‍ച്ചയുടെ ഇടമാകുന്നു കവിത.

ആദ്യകാല കവിതകളില്‍ ഈ കവി മൂര്‍ത്തികളെത്തേടി ചരിത്രത്തിലേക്കും പിന്നിരുട്ടിലേക്കും പോയി. സ്വന്തം ഭൂതകാലത്തിലേക്കു തിരിച്ചുപോയ, ഇനിയും തിരിച്ചറിയപ്പെടാത്ത മനുഷ്യപ്രതിമകളിലൊന്ന്-അങ്ങനെ Textപോയവന്‍-ആണയാള്‍. ആ യാത്രയിലയാള്‍ മേല്‍മലനായാട്ടിനു പോയ മുത്തച്ഛനെയും സാക്ഷാല്‍ തുഞ്ചത്തെഴുത്തച്ഛനെയും വരെ കണ്ടുമുട്ടുന്നുണ്ട്.

എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞതോടെ ആദ്യം കവിയുടെതന്നെ അപരത്വമായ നീ നിരന്തരമായി വെളിച്ചപ്പെടാന്‍ തുടങ്ങി. വേട്ട എന്ന ആദ്യകാല കവിത തൊട്ട് ഈ അപരത്വത്തിന്റെ പ്രകാശനം കാണാം. ഓരോ നിഴലിലും ഓരോ വളവിലും കണ്ണടയ്ക്കുമ്പോള്‍ എന്റെയുള്ളില്‍ എന്നെത്തന്നെ നോക്കിനില്‍ക്കുന്ന, എന്റെ കാമുകിയുമായി സല്ലപിക്കുന്ന, മക്കളോടൊത്തു കളിക്കുന്ന വര്‍ത്തമാനകാലമൂര്‍ത്തിയാണാ നീ. ആധുനികമായ പൂര്‍വാഖ്യാനങ്ങളിലേക്കുകൂടി പടര്‍ച്ചയുള്ളതാണ് ആ വര്‍ത്തമാനകാലമൂര്‍ത്തിയുടെ സ്ഥൂലസാന്നിദ്ധ്യം. ഞാനും നീയും എന്ന പിളര്‍പ്പ് ആറ്റൂരിന്റെ പല കവിതകളിലുമുള്ളത് ഓര്‍മ്മിക്കാം. അര്‍ക്കം എന്ന കവിത ഒരുദാഹരണം. തമിഴില്‍, ഏതാണ്ട് രാജീവന്റെ സമകാലീനനെന്നു പറയാവുന്ന ആത്മാനാമിന്റെ (ജനനം 1951) കവിതയില്‍ ഞാന്‍, നീ എന്ന ഈ പിരിവിന്റെ ഒരടരു കാണാം. ആത്മാനാം കവിതയെ മുന്‍നിര്‍ത്തിയുള്ള ഒരു സംഭാഷണത്തില്‍ തമിഴ് കവികളായ യുവന്‍ ചന്ദ്രശേഖരനും സുകുമാരനും ആത്മാനാം കവിതയിലെ ഞാന്‍ കവിത അവസാനിക്കുന്നിടത്ത് നീയായി മാറുന്നതിനെക്കുറിച്ചു നിരീക്ഷിക്കുന്നുണ്ട്. (ആത്മാനാം-തേര്‍ന്തെടുത്ത കവിതൈകള്‍) ഭിക്ഷ എന്നൊരു ചെറു കവിത ഉദാഹരിച്ചാണതു വിശദീകരിക്കുന്നത്.

നീയൊരു പിച്ചക്കാരനായിപ്പോ.
ഭിക്ഷ ഭിക്ഷ എന്നലറ്.
നിന്റെ വിളി
തെരുവിനറ്റം വരെയല്ല
അതിരില്ലാത്ത വെളിമ്പരപ്പു കടക്കണം.
നിന്റെ വിശപ്പിനുള്ള അന്നം
കുറച്ചരിമണികളിലില്ല.
നിന്റെ കയ്യിലൊന്നുമില്ല
ചില ചെങ്കല്‍ക്കട്ടകളല്ലാതെ.
നിനക്കു ഭിക്ഷ തരാനും ഒരാളുമില്ല,
നീയല്ലാതെ.
ഇതു പറയുന്നത്
ഞാനല്ല നീതന്നെ.

കവിയും കവിതയിലെ ആഖ്യാതാവും (കവിജ്ഞനും കവിതൈച്ചൊല്ലിയും എന്നു തമിഴില്‍) ചിലപ്പോള്‍ രണ്ടായി നില്‍ക്കുകയും ചിലെടത്ത് ഒന്നായിത്തീരുകയും ചെയ്യുന്നതിനാലാണ് ഈ ഞാന്‍-നീ മാറാട്ടം എന്നാണവരുടെ
വിശദീകരണം. എന്നാല്‍ രാജീവ കവിതയിലെ ഞാന്‍-നീ പിളര്‍പ്പ് അത്തരത്തിലല്ല. കവിവേറെ, ആഖ്യാതാവ് വേറെ എന്ന അനുഭവം രാജീവന്റെ കവിതകളില്‍ പൊതുവേ ഇല്ലെന്നു പറയാം. എന്റെ ഫലപ്രാപ്തിയാണ്, എന്നിലെ വിജയിയാണ് നീ എന്ന് ‘മരം’ എന്ന ഒരാദ്യകാല കവിതയില്‍ രാജീവനെഴുതുന്നു. പിന്നീട് സമീപകാല കവിതകള്‍ വരെ പലസന്ദര്‍ഭങ്ങളിലും നീ എന്ന ഈ കാലമൂര്‍ത്തി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. നീലക്കൊടുവേലിയിലെ പുതിയ കവിതകളിലുമുണ്ട് ഞാന്‍ പിളര്‍ന്നുണ്ടായ ‘നീ, ജിഗ്‌സോ’ എന്ന
കവിത നോക്കൂ. എന്നെ കൂടുതല്‍ കൃത്യമായി മനസ്സിലാക്കാന്‍ വേണ്ടിക്കൂടിയുള്ള അടര്‍ത്തിമാറ്റലാണ് രാജീവ കവിതയിലെ നീ. സ്വന്തം ഉടലില്‍നിന്ന് ഉയിര്‍പ്പിച്ചെടുത്ത നീ, എന്റെ കണ്ണാടിയും കുരിശുമാകുന്നു. എന്നെ
കാലത്തിലും സ്ഥലത്തിലും നിര്‍ത്തിക്കാണിക്കാന്‍ നീ എന്ന വര്‍ത്തമാനകാലമൂര്‍ത്തിക്കേ കഴിയൂ. വര്‍ത്തമാനകാലമൂര്‍ത്തിയായ നീ വന്നിറങ്ങിയതു മുതലാണ് രാജീവന്റെ കവിതക്കളത്തിലേക്ക് വരവുകള്‍ തുടങ്ങുന്നത്  എന്നതിനാലാണ് നിന്നെ സ്ഥിരീകരിച്ച് മുന്നോട്ടു പോകുന്നത്‌.

ചരിത്രത്തിലേക്കും പിന്നിരുട്ടിലേക്കുമിറങ്ങിച്ചെന്ന് ശക്തിയാര്‍ജ്ജിക്കുന്ന കവിതകളെക്കാള്‍ സാന്നിദ്ധ്യങ്ങള്‍ ഇങ്ങോട്ടിറങ്ങിവരുന്ന കവിതകള്‍ എഴുത്തിന്റെ രണ്ടാം ഘട്ടത്തില്‍ (വാതില്‍ എന്ന സമാഹാരത്തിനു ശേഷമുള്ള
കവിതകളില്‍) ശക്തമാകാന്‍ തുടങ്ങി. അമീബ, നിലവിളി എന്നീ ആദ്യകാല കവിതകളില്‍ത്തന്നെ ഈ സാന്നിദ്ധ്യപ്പെടലിന്റെ രീതി വെളിവായിത്തുടങ്ങുന്നുണ്ട്. തിരിച്ചറിയാത്ത ഒന്നിന്റെ സാന്നിദ്ധ്യം വിരസതയുടെയും ഏകാന്തതയുടെയും ആദിമജലത്തില്‍ വ്യഥയായി പിളര്‍ന്നു പിളര്‍ന്ന്, വ്യാധിയായി പടര്‍ന്നു പടര്‍ന്ന് ആരും തിരിച്ചറിയാതെ, കാണാതെ സാന്നിദ്ധ്യപ്പെടുന്നു. വര്‍ത്തമാനകാലത്തിന്റെ ഫയലുകള്‍ക്കിടയില്‍
നിന്നാണ് എല്ലാത്തിന്റെയും തുടക്കമെന്ന് ‘നിലവിളി’യില്‍ കവി പറയുന്നു. പൊടിപിടിച്ച ഫയലുകള്‍ തുടച്ചുമിനുക്കിയെടുക്കുമ്പോള്‍ കിട്ടിയ ആകാശക്കീറില്‍നിന്ന് ആദ്യം അവതരിക്കുന്നത് ഇടിമിന്നലുകളാണ്. തുടര്‍ന്ന് ഇളകിമറിയുന്നൊരു കടലും അതില്‍ ക്രിസ്തുവിനു മുമ്പേതോ കാലത്തുനിന്ന് പുറപ്പെട്ടു വരുന്ന ഒരു കപ്പലും പ്രത്യക്ഷപ്പെടുന്നു. ആ കപ്പലില്‍ നിന്നിറങ്ങി വരുന്ന നിലവിളി ഇരുണ്ട വന്‍കരയിലെന്നപോലെ രാജീവന്റെ കവിതയിലാകെ പടര്‍ന്നു കയറുന്നു. ഒരു നിലവിളിയോടെയാണ് ചരിത്രം രാജീവന്റെ
കവിതയിലേക്ക് ആദ്യം കടന്നുവരുന്നത്.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.