DCBOOKS
Malayalam News Literature Website

നവമലയാളി സാംസ്‌കാരിക പുരസ്‌കാരം കെ. സച്ചിദാനന്ദന്

ഈ വര്‍ഷത്തെ നവമലയാളി സാംസ്‌കാരിക പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ കെ. സച്ചിദാനന്ദന്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ലോകകവിതയിലേക്ക് മലയാളത്തെ നയിച്ചവരില്‍ പ്രമുഖനായ സച്ചിദാനന്ദന്‍ കവിതയുടെ ലോകത്ത് അന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. സാഹിത്യരംഗത്തെ പ്രതിരോധ സാന്നിദ്ധ്യമായി തുടരുന്ന അദ്ദേഹം കവിതയിലൂടെയും എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ഏറ്റവും ആവശ്യമായ കാലത്ത് സജീവവും കണിശവുമായ രാഷ്ട്രീയബോധ്യം പുലര്‍ത്തിവരുന്ന വ്യക്തിത്വമാണെന്ന് ജൂറി വിലയിരുത്തി.

2019 ജനുവരി 27-ന് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന നവമലയാളി സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമര്‍പ്പിക്കും. നവമലയാളി പ്രഭാഷണപരമ്പര ഉള്‍പ്പടെയുള്ള വിപുലമായ സാംസ്‌കാരിക പരിപാടികളും അതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ടെന്ന് സംഘാടകസമിതി അംഗങ്ങള്‍ അറിയിച്ചു.

Comments are closed.