DCBOOKS
Malayalam News Literature Website

ഗുരുദേവ ജീവിതചിത്രം

ഭാരതത്തിൽ നവോത്ഥാനനേട്ടങ്ങൾ ആദ്യം കരസ്ഥമാക്കിയ ഒരു സംസ്ഥാനമാണ് കേരളം. അവയിൽപ്പലതും കൈമോശം സംഭവിക്കാതെ ഇന്നും അഭിമാനപൂർവ്വം കൊണ്ടുനടക്കാൻ സാധിക്കുന്നത് സാമൂഹിക, സാംസ്‌കാരിക, രംഗങ്ങളിൽ കാലാകാലങ്ങളിൽ ഉണ്ടായിട്ടുള്ള വിപ്ലവകരമായ മാറ്റങ്ങളിലൂടെയും ഒട്ടനവധി നവോത്ഥാന നായകൻമാരുടെ സമർപ്പിത ജീവിതങ്ങളിലൂടെയുമാണ്. കേരളത്തിന്റെ ആദ്ധ്യാത്മിക സംസ്‌കാരത്തെയും സാംസ്‌കാരികചരിത്രത്തെയും രൂപപ്പെടുത്തിയ മഹാപുരഷന്മാരിൽ അഗ്രഗണ്യനായിരുന്നു ശ്രീനാരായണഗുരു. ഗുരുദേവന്റെ ജീവിതവും ദർശനവും തത്ത്വചിന്തയും കൃതികളും എക്കാലവും മലയാളികൾക്ക് നിരന്തര പ്രചോദനങ്ങളും വഴികാട്ടിയും ആയിരുന്നിട്ടുണ്ട് എന്ന് നിസ്സംശയം പറയാം.

ആ മഹാമനീഷിയെ അടുത്തു പരിചയപ്പെടാൻ സഹായിക്കുന്ന കൃതിയാണ് പി. കെ ബാലകൃഷ്ണൻ തയ്യാറാക്കിയ നാരായണഗുരു എന്ന സമാഹൃതഗ്രന്ഥം.  ഈ കൃതി അദ്ദേഹത്തിന്റെ ഒപ്പം പ്രവർത്തിച്ചിരുന്നവരുടെയും സമകാലികരായിരുന്നവരുടെയും അദ്ദേഹത്തിന്റെ ജീവിതത്തെ ആഴത്തിൽ പഠിച്ചവരുടെയും ലേഖനങ്ങളുടെയും അനുഭവങ്ങളുടെയും സംഭാഷണങ്ങളുടെയും അസാധാരണമായൊരു സമാഹാരമാണ്. ഡോ. ഇ. തേഴ്‌സറ്റൺ, ടി. കെ. മാധവൻ, സദസ്യതിലകൻ ടി. കെ. വേലുപ്പിള്ള, ഡോ. പി. പല്പൂ, സി. വി. കുഞ്ഞുരാമൻ, മുത്തിരിങ്ങോട്ട് ഭവത്രാതൻ നമ്പൂതിരിപ്പാട്, സി. കൃഷ്ണൻ, കുമാരനാശാൻ തുടങ്ങിയവരുടെ Textപ്രൗഢഗംഭീരമായ രചനകൾ ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. കൂടാതെ ഗുരുദേവന്റെതന്നെ നിരവധി രചനകൾ, കത്തുകൾ, സംഭാഷണങ്ങൾ, ചില ഗവൺമെന്റ് കല്പനകൾ, പത്രങ്ങളുടെ മുഖപ്രസംഗം സന്ദർഭോചിതമായി പി കെ ബാലകൃഷ്ണൻ എടുത്തു ചേർത്തിട്ടുമുണ്ട്.

എട്ടു ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്ന ഈ കൃതിയുടെ ഒരു ഭാഗം ഗുരുദേവനുമായി അടുത്ത സമ്പർക്കത്തിൽ കഴിഞ്ഞിരുന്നവരുടെ അനുസ്മരണാപരമായ ലേഖനങ്ങൾക്കു മാറ്റിവച്ചിട്ടുണ്ട്. മറ്റൊരു ഭാഗം അദ്ദേഹത്തിന്റെ സർഗസൃഷ്ടികളെയും കവിത്വത്തെയും ചുരുക്കി അവതരിപ്പിക്കാനും ഉപയോഗിച്ചിരിക്കുന്നു. സുകുമാർ അഴീക്കോട്, ശിരോമണി എം കെ ഗോവിന്ദൻ എന്നിവരുടെ ആഴത്തിലുള്ള പഠനലേഖനങ്ങളും ആത്മോപദേശശതകത്തിന് മഹാകവി കുമാരനാശാന്റെ വ്യാഖ്യാനത്തിന്റെ മുഖവുരയും സ്‌തോത്രഭാഗങ്ങളും അടങ്ങുന്നതാണ് ഈ ഖണ്ഡം. ഇന്നത്തെ നാരായണഗുരു എന്ന തലക്കെട്ടുള്ള ആറാം ഭാഗത്തിൽ കെ. അയ്യപ്പൻ, ഇ. എം. എസ്. നമ്പൂതിരിപ്പാട്, കെ. ദാമോദരൻ, പി. കേശവദേവ്, മത്തായി മാഞ്ഞൂരാൻ തുടങ്ങിയവർ നാരായാണഗുരുവിനെപ്പറ്റിയുള്ള ചിന്തകൾ അവതരിപ്പിക്കുന്നതും കാലാതീതമായ പ്രസക്തിയുള്ളതാണ്. നാരായണഗുരുദേവന്റെ മത, സാമൂഹ്യപരിഷ്‌കാരങ്ങളെ പ്രത്യേകം രണ്ട് ഭാഗങ്ങളായും വിലയിരുത്തുന്നു. ഗുരുദേവന്റെയൊപ്പം പ്രവർത്തിച്ചിരുന്ന ഡോ. പല്പു, സ്വാമി സത്യവ്രതൻ, സി വി കുഞ്ഞുരാമൻ, കെ. അയ്യപ്പൻ തുടങ്ങിയ മഹാരഥൻമാരെ പരിചയപ്പെടുത്തിക്കൊണ്ട് പി. കെ ബാലകൃഷ്ണൻ തന്നെ തയ്യാറാക്കിയ ജീവചരിത്രലേഖനങ്ങളടങ്ങിയ ഭാഗവും വളരെ വിജഞാനപ്രദമാണ്. ആ ഒരു കാലഘട്ടത്തെയും സഹചര്യങ്ങളെയും ശരിയായി മനസ്സിലാക്കാനും ഈ പുസ്തകത്തിലെ പല ലേഖനങ്ങളുടെയും പശ്ചാത്തലം മനസ്സിലാക്കാനും ഈ ഭാഗം നന്നേ പ്രയോജനപ്രദമാണ്.

ഒരു കാലഘട്ടത്തെയും ഒരു യുഗപുരുഷനെയും മിഴിവാർന്നരീതിയിൽ അവതരിപ്പിക്കുന്നതാണ് ഈ ഗ്രന്ഥം എന്നു പറയാം. കേവലം നാരായണഗുരുദേവനെ അറിയാൻ വായിക്കുന്നവർക്കും ചരിത്ര സംസ്‌കാര പഠിതാക്കളായിട്ടുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ കൃതി ശ്രീനാരായണ ഗുരുദേവന്റെ സമഗ്രവും സമ്പൂർണ്ണവുമായൊരു ചിത്രം രൂപപ്പെടുത്തി എടുക്കുന്നതാണ്. നോവലിസ്റ്റും ചരിത്രഗവേഷകനും പത്രപ്രവർത്തകനുമൊക്കെയായിരുന്ന പി കെ ബാലകൃഷ്ണൻ തനിക്ക് ‘സ്വന്തത്തിൽ സ്വന്തമായകൃതി’ എന്നു വിശേഷിപ്പിക്കുന്ന നാരായണഗുരു ഗുരുദേവനെപ്പറ്റിയുള്ള ഏതൊരു ജീവചരിത്രകൃതിക്കും പകരം വയ്ക്കാവുന്ന പുസ്തകമാണ്.

കടപ്പാട് ;മനോരമ ഓണ്‍ലൈന്‍

Comments are closed.