പരിണാമം എന്തുകൊണ്ട് മനുഷ്യനില്‍ അവസാനിച്ചു?
‘നമ്മുടെ തലപ്പാവ്’ എന്ന ഏറ്റവും പുതിയ പുസ്തകത്തിന് ഉണ്ണി ബാലകൃഷ്ണന്‍ എഴുതിയ ആമുഖത്തില്‍ നിന്നും
‘പരിണാമം’ (Evolution) എന്തുകൊണ്ടാണ് മനുഷ്യനിൽ അവസാനിച്ചത്? മനുഷ്യൻ പരിണമിച്ച് എന്തുകൊണ്ട് മറ്റൊരു ജീവി ഉണ്ടായില്ല? പരിണാമസിദ്ധാന്തത്തെ പിന്തുണയ്ക്കുന്നവരും എതിർക്കുന്നവരും ഒരുപോലെ പങ്കുവെക്കുന്ന സംശയമാണിത്. 450 കോടി വർഷങ്ങൾക്കു മുമ്പ് ഭൂമിയിൽ ആദ്യത്തെ ഏകകോശജീവി ഉണ്ടായി. 150 കോടി വർഷങ്ങൾക്കുമുമ്പ് ബഹുകോശജീവികൾ പ്രത്യക്ഷമായി. പിന്നീട് ജലസസ്യങ്ങളും ജലജീവികളുമുണ്ടായി. ജലജീവികൾ സാവധാനത്തിൽ കരയിലേക്കു പ്രവേശിക്കുകയും അങ്ങനെ കഴിഞ്ഞ 100 കോടി വർഷങ്ങൾകൊണ്ട് ഭൂമി ആകെ ജൈവസമൃദ്ധമാവുകയും ചെയ്തു. ആദ്യത്തെ ഏകകോശജീവിയിൽനിന്നും പരിണമിച്ചാണ് ഈ ഭൂമിയിൽ സകല ജീവജാതികളും സംജാതമായത്. ഓരോ ജീവജാതിയിലും പ്രകൃതി ചെലുത്തുന്ന സമ്മർദ്ദങ്ങളുടെ ഫലമായി അതിജീവിക്കുന്നതിന് ആ ജീവജാതി സ്വയം പരിഷ്കരിക്കുന്നു. അങ്ങനെ ഘടനയിലും സ്വഭാവത്തിലും വ്യത്യാസപ്പെട്ട് അനേകകോടി ജീവജാതികൾ അനേകം സംവത്സരങ്ങളിലൂടെ ഭൂമിയിൽ പ്രത്യക്ഷമാകുന്നു. ഈ പ്രക്രിയയാകട്ടെ പ്രകൃതിയിൽ സ്വാഭാവികമായും സംഭവിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയുടെ ‘സ്വാഭാവിക തിരഞ്ഞെടുപ്പ്’ അഥവാ ‘പ്രകൃതിനിർധാരണം’ (Natural selection). ഏറ്റവും ചുരുക്കത്തിൽ ഇതാണ് പരിണാമസിദ്ധാന്തം. 1859-ൽ തന്റെ On The Origin of Species എന്ന ഗ്രന്ഥത്തിലൂടെ ചാൾസ് ഡാർവിനാണ് മഹത്തായ ഈ കണ്ടെത്തൽ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. എപ്രകാരമാണ് ഭൂമിയിൽ ഇത്ര സമ്പന്നമായ ജൈവവൈവിധ്യം സംജാതമായത് എന്ന ചോദ്യത്തിന് അതോടെ ഉത്തരമായി. ഈ പരിണാമശ്രേണിയിലെ അവസാനത്തെ സൃഷ്ടിയാണ് മനുഷ്യൻ.
പരിണാമസിദ്ധാന്തത്തെച്ചൊല്ലി വലിയ തർക്കങ്ങൾ ശാസ്ത്രലോകത്തും മറ്റെല്ലാ മേഖലകളിലും ഉണ്ടായിട്ടുണ്ടെങ്കിലും ഇന്ന് ലോകം ഏറക്കുറെ ഈ സിദ്ധാന്തം അംഗീകരിച്ചിട്ടുണ്ട്. കടുത്ത ദൈവവിശ്വാസികൾപോലും പരിണാമസിദ്ധാന്തത്തെ ഇപ്പോൾ തള്ളിപ്പറയുന്നില്ല. മതങ്ങൾ പരസ്യമായിത്തന്നെ ഈ സിദ്ധാന്തം അംഗീകരിച്ചിരിക്കുന്നു-ഒരു ചെറിയ വിയോജനക്കുറിപ്പോടെ. ഈ പരിണാമങ്ങൾക്കെല്ലാം പിന്നിൽ ബുദ്ധിപരമായ ഒരു പദ്ധതിയുണ്ട്. Intelligent designt ബ്രിട്ടീഷ് വൈദികനും തത്ത്വചിന്തകനുമായ വില്യം പാലെ (William Paley-1743/1805) അദ്ദേഹത്തിന്റെ Natural Theology എന്ന പുസ്‌തകത്തിൽ രസകരമായ ഒരുദാഹരണം മുന്നോട്ടുവെക്കുന്നുണ്ട്. താങ്കൾ ഇപ്പോൾ ഒരു മരുഭൂമിയിലൂടെ നടക്കുകയാണ് എന്നു കരുതുക. പെട്ടെന്ന് താങ്കളുടെ കാല്പാദം ഒരു കല്ലിൽ തട്ടുന്നു. ഈ കല്ല് ഇവിടെ എങ്ങനെ വന്നു എന്ന് താങ്കൾ ആകുലപ്പെടുകയും അത് കാലങ്ങളായി അവിടെത്തന്നെ ഉണ്ടായിരുന്നു എന്ന് സമാധാനിക്കുകയും ചെയ്യുന്നു. എന്നാൽ താങ്കളുടെ കാല്പാദം ഒരു വാച്ചിലാണ് (watch) തട്ടുന്നത് എന്നു കരുതുക. അത് കാലങ്ങളായി അവിടെ ഉണ്ടായിരുന്നു എന്ന് താങ്കൾ സമാധാനിക്കുമോ? പ്രകൃതിയിൽ സംഭവിച്ച സ്വാഭാവിക തിരഞ്ഞെടുപ്പിലൂടെ സംജാതമായ ഒന്നാണ് അത് എന്ന് താങ്കൾ അതിനെ വിശദീകരിക്കുമോ? ഇല്ലതന്നെ. കാരണം വാച്ച് ബുദ്ധിപരവും സാങ്കേതികവുമായ ഒരു നിർമ്മിതിയാണ്. അത് അങ്ങേയറ്റം സങ്കീർണമാണ്. വാച്ച് ഉണ്ടാകണമെങ്കിൽ അതിനു പിന്നിൽ ഒരാളോ ഒന്നിലധികം പേരോ പ്രവർത്തിച്ചിരിക്കണം. അത് പ്രകൃതിയിൽ നടന്ന സ്വാഭാവിക തിരഞ്ഞെടുപ്പിലൂടെ രൂപപ്പെട്ട ഒന്നാണ് എന്നു കരുതുന്നത് അങ്ങേയറ്റം വിഡ്ഢിത്തമായിരിക്കും. സമാനമായി അതിസങ്കീർണങ്ങളായ ജീവജാതികളുടെ ഉദ്ഭവത്തിനു പിന്നിലും ബുദ്ധിപരമായ ഒരു നിർമ്മാണപദ്ധതി ഉണ്ടായിരിക്കണം എന്നാണ് പാലെ ഭാവന ചെയ്യുന്നത്. ‘watch and watchmaker എന്നാണ് ഈ സാധർമ്യം (Analogy) അറിയപ്പെടുന്നത്. അങ്ങനെയാണ് സൃഷ്ടിവാദം (Creationism) ‘യുക്തിപരമായി’ ഉന്നയിക്കപ്പെട്ടത്: “God had carefully designed even the most humble and insignificant organisms” എന്ന് പാലെ പ്രഖ്യാപിച്ചു. ഒരു പകുതി പ്രജ്ഞകൊണ്ട് പരിണാമസിദ്ധാന്തം അംഗീകരിക്കുമ്പോഴും മറുപകുതി പ്രജ്ഞയാൽ ഈ സൃഷ്ടിവാദത്തെ രഹസ്യമായും പരസ്യമായും ആലിംഗനം ചെയ്യുന്നവരാണ് ലോകത്ത് അധികവും!
(2008 ജൂൺ 11-ന് അമേരിക്കയിലെ ലുസിയാനാ സ്റ്റേറ്റ് ഒരു നിയമം പാസ്സാക്കി. ‘Science Education Act’ എന്നാണ് ഈ നിയമം അറിയപ്പെടുന്നത്. വിദ്യാലയങ്ങളിൽ ശാസ്ത്രത്തോടൊപ്പം ശാസ്ത്രസിദ്ധാന്തങ്ങളോടുള്ള വിമർശനങ്ങളും പഠിപ്പിക്കണം എന്നതായിരുന്നു നിയമം. പ്രധാനമായും പരിണാമസിദ്ധാന്തത്തെ ലക്ഷ്യംവെച്ചുള്ള നീക്കമായിരുന്നു ഇത്. പരിണാമസിദ്ധാന്തത്തോടൊപ്പം സൃഷ്ടിയെക്കുറിച്ചുള്ള ബൈബിളിലെ വിശ്വാസംകൂടി കുട്ടികളിലേക്ക് എത്തിക്കുക എന്നതായിരുന്നു നിയമത്തിന്റെ ഗൂഢോദ്ദേശ്യം. അമേരിക്കൻ ഫെഡറൽ നിയമമനുസരിച്ച് പൊതുവിദ്യാലയങ്ങളിൽ മതശാസനങ്ങൾ പഠിപ്പിക്കാൻ പാടില്ല. ഇതിനെ മറികടക്കാൻ പിൻവാതിലിലൂടെ നടത്തിയ ശ്രമമായിരുന്നു പുതിയ നിയമം. അതായത് ശാസ്ത്രസിദ്ധാന്തത്തോ ടുള്ള വിമർശനം എന്ന നിലയ്ക്ക് സൃഷ്ടിവാദംകൂടി പഠിപ്പിക്കാൻ അദ്ധ്യാപകർക്ക് അവസരം ഒരുക്കുന്നതായി പുതിയ നിയമം. Science എന്ന മാസികയുടെ പ്രസാധകനായ അലൻ ലഷ്‌നർ (Alan Leshner) ഈ നീക്കത്തെക്കുറിച്ചു പറഞ്ഞത്: “latest effort to insert religious, unscientific views into science classrooms” എന്നാണ്. ഇന്ത്യൻ വംശജനായ ബോബി ജിൻഡാൾ എന്ന ഗവർണറായിരുന്നു നിയമത്തിൽ ഒപ്പുവെച്ചത്! നിയമം വലിയ വിവാദങ്ങൾക്കു വഴിവെച്ചെങ്കിലും റദ്ദാക്കാനുള്ള നീക്കങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല.)
നമുക്ക് നമ്മുടെ ചോദ്യത്തിലേക്കുതന്നെ മടങ്ങിവരാം. പരിണാമം എന്തുകൊണ്ട് മനുഷ്യനിൽ അവസാനിച്ചു? ഇപ്പോൾ പ്രകൃതിയിൽ സ്വാഭാവിക തിരഞ്ഞെടുപ്പും പ്രകൃതിനിർധാരണവും സംഭവിക്കുന്നില്ലേ? അങ്ങനെയെങ്കിൽ ഈ പ്രക്രിയകൾ എങ്ങനെ നിലച്ചുപോയി? പരിണാമമാണ് ഈ ജീവലോകത്തെ ആകെയും സൃഷ്ടിച്ചത് എന്ന് നിങ്ങൾ സമ്മതിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നു എങ്കിൽ ഈ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിങ്ങൾക്കു ബാധ്യതയുണ്ട്. ഈ ചോദ്യങ്ങൾക്കുള്ള മറുപടി ഒരേസമയം ശാസ്ത്രീയവും ചരിത്ര പരവുമാണ്. ആ മറുപടി കേവലം രണ്ടു വാക്കുകൾമാത്രമാകുന്നു- ‘Artificial Selection’ അഥവാ ‘കൃത്രിമമായ തിരഞ്ഞെടുപ്പ്.’ ഈ ഭൂമിയിൽ അനേകകോടി വ്യത്യസ്‌തങ്ങളായ ജീവജാതികളെ സംവിധാനം ചെയ്തത് ‘Natural Selection’ ആണെങ്കിൽ പരിണാമം അവ സാനിച്ചത് ‘Artificial Selection’ ആരംഭിക്കുന്നതോടെയാണ്. കൃത്രിമമായ ആ തിരഞ്ഞെടുപ്പുപ്രക്രിയയുടെ ഉപജ്ഞാതാവ് മനുഷ്യനാകുന്നു. മനുഷ്യന് അതെങ്ങനെ സാധ്യമായി എന്നതിന്റെ ചരിത്രപരമായ വിശദീകരണമാണ് ഈ ആമുഖം. മനുഷ്യന് ജൈവഘടനാപരമായി അതെങ്ങനെ സാധ്യമായി എന്നതിന്റെ ശാസ്ത്രീയമായ വിശദീകരണ മാണ് ഈ പുസ്‌തകം.
Comments are closed.