മത്തിയാസിന്റെ കീറ്റുശാലയിൽ കീറിമുറിക്കപ്പെടുന്നത് ശവങ്ങളായിരുന്നില്ല…!
മുറിവിൽ നിന്നും മുളച്ച സ്വപ്നങ്ങളുടെ പട്ടികയുമായി കീറ്റുവൈദ്യനാകാനുറച്ച് നാടുവിടുന്ന മത്തിയാസ്. ചരിത്രത്തെ കീറിമുറിച്ച് സാമൂഹിക അസമത്വങ്ങളുടെ വേരറുക്കാൻ ശ്രമിക്കുന്ന കാൾ. തന്റെ വിരലുകൾ സമൂഹത്തിന്റെ മുറിവുകളെ എഴുതാൻ തുടിച്ചു നിൽക്കുന്നുവെന്ന് തിരിച്ചറിയുന്ന പോപ്പോ. ഒരു കീറ്റുകത്തിക്കും ചെന്നെത്താനാകാത്ത വിധം ആഴവും നിഗൂഢവുമാണ് പെണ്ണിന്റെ ഉള്ളെന്ന് കാട്ടിത്തരുന്ന മരിയ. കാലദേശ ഭേദമില്ലാതെ തിമിരം ബാധിച്ച് അന്ധമായ അധികാര ദുര. അസമത്വവും അതിനെതിരെയുള്ള ചെറുത്തുനിൽപ്പും ചരിത്രവും രാഷ്ട്രീയവും ഭാവനയും ഇടകലർത്തി ആവിഷ്കരിച്ചിരിക്കുന്ന നോവൽ.
മത്തിയാസിന്റെ കീറ്റുശാലയിൽ കീറിമുറിക്കപ്പെടുന്നത് ശവങ്ങളായിരുന്നില്ല. മറിച്ച്, ‘രാജഭക്തിയെ’ ഭയന്ന് ജഡമായി മാറിയ നാമോരോരുത്തരുമായിരുന്നു. കാലങ്ങളായി നമ്മുടെയൊക്കെ ഉള്ളിലുണ്ടായ സാമൂഹികവും വംശീയവും രാഷ്ട്രീയവുമായ ഇനിയും തുന്നപ്പെടാത്ത മുറിവുകൾ, വായനയുടെ ഓരോ താളിലും ചലവും ചോരയുമൊലിപ്പിച്ച്, ഒരു കീറ്റുകത്തിയുടെ ഔദാര്യവും പ്രതീക്ഷിച്ച് നോവുന്നുണ്ട്.
മലയാള സാഹിത്യത്തിന്റെ ആകാശഗരിമയിലേക്ക് പ്രമേയം കൊണ്ടും ഭാഷ കൊണ്ടും തലയെടുപ്പോടെ നടന്നു കയറുന്നു ഈ നോവൽ. വായനയുടെ വരും കാലത്തിനു വഴികാട്ടിയാവുന്ന അടയാളക്കല്ലുകൾ പതിച്ച അസ്ഥിക്കഷ്ണമായി “മത്തിയാസ്” അവിടെ നിലനിൽക്കട്ടെ !
Comments are closed.