DCBOOKS
Malayalam News Literature Website

മിത്തും സയന്‍സും രാഷ്ട്രീയവും

സെപ്റ്റംബർ ലക്കം ‘പച്ചക്കുതിര’ യില്‍

ജീവന്‍ ജോബ് തോമസ്

സയന്‍സിന് വ്യക്തമായ ഒരു രാഷ്ട്രീയം ഇല്ല എന്നതാണ് വസ്തുത. അത് കാര്യങ്ങള്‍ സാധ്യമാക്കാനുള്ള മനുഷ്യന്റെ ഏറ്റവും കരുത്തുറ്റ രീതിശാസ്ത്രമാണ്. അതിനപ്പുറമുള്ള മൂല്യത്തെ നിര്‍ണ്ണയിക്കുന്നത് അതിനെ നിയന്ത്രിക്കുന്ന ശക്തികളാണ്. സയന്‍സിന്റെ രാഷ്ടീയം എന്നത് അതത് സമയത്തെ ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയമാണ്. കമ്മ്യൂണിസ്റ്റ് ആശയം ഭരിച്ചുകൊണ്ടിരിക്കുന്ന കാലങ്ങളില്‍ ആ രാജ്യങ്ങളില്‍നിന്നും പുറത്തേക്കുവന്ന സയന്‍സിന്റെ രാഷ്ട്രീയം കമ്മ്യൂണിസ്റ്റ് ആശയത്തെ മഹത്തരമാക്കി പറയുന്നതായിരുന്നു. ഹിറ്റ്‌ലറുടെ കാലത്ത് വംശീയതയെ അത് ന്യായീകരിച്ചുകൊണ്ടിരുന്നു. ലിബറല്‍ ജനാധിപത്യം ആഗോളതലത്തില്‍ പ്രാധാന്യം നേടുന്ന കാലത്ത് ലിബറല്‍ മൂല്യങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയമാണ് സയന്‍സിന്റെ രാഷ്ട്രീയമായി മുന്നില്‍ വരുക. മതഫാസിസ്റ്റ് സ്വഭാവം മേല്‍ക്കൈ നേടുന്ന കാലത്ത് സയന്‍സ് അതിന്റെ കോടാലിക്കൈയായി പ്രവര്‍ത്തിക്കുന്നത് കാണാം.: മിത്തിനെയും ശാസ്ത്രത്തെയും സംബന്ധിച്ച പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്നു.

അമാനുഷികമായ ജീവികളോ സംഭവങ്ങളോ ഉള്‍ക്കൊള്ളുന്ന, ഒരു ജനതയുടെ ആദിമചരിത്രത്തെയോ പ്രകൃതിദത്തമോ സാമൂഹികമോആയ ഒരു പ്രതിഭാസത്തെയോ സംബന്ധിക്കുന്ന പരമ്പരാഗത കഥ- ‘മിത്ത്’ എന്ന വാക്കിനെ ഓക്‌സ്ഫാഡ് ഡിക്ഷണറി വിശദീകരിക്കുന്നത് ഇങ്ങനെയാണ്. പരക്കെയുള്ളതും എന്നാല്‍ തെറ്റായതുമായ വിശ്വാസത്തെയും ആശയത്തെയും മിത്തെ ന്ന് വിളിക്കും.

അപ്പോള്‍ ദൈവം ഒരു മിത്താണെന്ന് പറഞ്ഞാലോ? ഏത് ദൈവവും ആയിക്കോട്ടെ. യഹോവയോഅള്ളാഹുവോ Pachakuthira Digital Editionശ്രീകൃഷ്ണനോ ഗണപതിയോ അയ്യപ്പനോ ശ്രീബുദ്ധനോ. ആ ദൈവം അയഥാര്‍ത്ഥമായ, തെറ്റായ, വിശ്വാസമാണെന്ന് പറഞ്ഞു എന്ന് വായിക്കേണ്ടിവരുന്നു. നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം മിത്താണ് എന്നു പറഞ്ഞാല്‍, നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം ഒരു കപടയാഥാര്‍ത്ഥ്യമാണെന്ന് പറഞ്ഞു എന്ന് വിശ്വാസിക്ക് തോന്നിപ്പോകുന്നു. സഹിഷ്ണുതയില്ലാത്ത വിശ്വാസി ബഹളമുണ്ടാക്കാനാരംഭിക്കുന്നു. മതമൗലികവാദികള്‍ പൊട്ടിത്തെറിക്കുന്നു. അങ്ങനെ പറഞ്ഞയാള്‍ ദൈവനിന്ദ നടത്തിയെന്ന് ആരോപിക്കുന്നു.

ദൈവങ്ങള്‍ ആധാരശിലകളായി നിലനില്‍ക്കുന്ന മതത്തിനെ മിത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും വ്യവച്ഛേദത്തിലൂടെ തിരിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍ എത്തിപ്പെടുന്നത് വലിയ സങ്കീര്‍ണ്ണതയിലാണ്. ലളിതയുക്തികള്‍കൊണ്ട് അളന്നുതീര്‍ത്ത പലതും ആ സങ്കീര്‍ണ്ണലോകത്ത് പുതിയ രൂപങ്ങളാര്‍ജിച്ച് അന്വേഷകനെത്തന്നെ വേട്ടയാടുന്നത് കാണാം.

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സ് 1914-ലാണ് ആരംഭിച്ചത്. സയന്‍സില്‍ പണിയെടുത്തുകൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് ശാസ്ത്രജ്ഞര്‍ അംഗങ്ങളായുള്ള, ഇന്ത്യന്‍ സയന്‍സിന്റെ മുഖമുദ്രയായ ‘ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സ് അസ്സോസിയേഷന്‍, നടത്തിവരുന്ന ആ സമ്മേളനത്തിന്റെ ചരിത്രത്തില്‍ വളരെ വ്യത്യസ്തമായ ഒരു കാലം ഉദയം ചെയ്തത് 2015-ലാണ്. 2015 ജനുവരിയില്‍ മുംബൈ സര്‍വ്വകലാശാലയില്‍ നടന്ന കോണ്‍ഗ്രസ്സില്‍ ആനന്ദ് ജെ. ബോദാസ്, അമേയാ ജാദവ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ഒരു പ്രബന്ധമാണ് ആ നാഴികക്കല്ലുണ്ടാക്കിയത്. ആധുനികകാലത്തുള്ള വിമാനങ്ങളേക്കാള്‍ പുരോഗമിച്ച വിമാനങ്ങള്‍ പുരാതന ഇന്ത്യയില്‍ നിലവിലി ലുണ്ടായിരുന്നു എന്ന് അവകാശപ്പെടുന്നതായിരുന്നു ആ പ്രബന്ധം. വസ്തുതാപരമായി യാതൊരുവിധ പിന്‍ബലവുമില്ലാതെ, 1904-നോടടുത്ത് മാത്രം എഴുതപ്പെട്ടതെന്ന് കരുതുന്ന ‘വൈമാനിക പ്രകരണം’ എന്ന പുസ്തകത്തിന്റെ താളുകളെയായിരുന്നു ആ പ്രബന്ധത്തില്‍ തെളിവുകളായി സമര്‍ത്ഥിച്ചിരുന്നത്.

പൂര്‍ണ്ണരൂപം 2023 സെപ്റ്റംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബർ ലക്കം ലഭ്യമാണ്‌

ജീവന്‍ ജോബ് തോമസിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

 

 

 

 

Comments are closed.