DCBOOKS
Malayalam News Literature Website

കെ.കെ.ജയകുമാറിന്റെ ‘മ്യൂച്വല്‍ ഫണ്ട്’ പ്രകാശനം ചെയ്തു

സാമ്പത്തിക പത്രപ്രവര്‍ത്തകനും പേഴ്‌സണല്‍ ഫിനാന്‍സ് വിദഗ്ധനുമായ കെ.കെ ജയകുമാര്‍ രചിച്ച ‘മ്യൂച്വല്‍ ഫണ്ട് : ആയിരങ്ങളെ കോടികളാക്കുന്ന അത്ഭുത വിദ്യ ‘ എന്ന പുസ്തകം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവും കൊട്ടക് മ്യൂച്വല്‍ ഫണ്ട് മാനേജിംഗ് ഡയറക്ടറുമായ നിലീഷ് ഷാ പ്രകാശനം ചെയ്തു. പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ വിജയകുമാര്‍ ആദ്യ കോപ്പി സ്വീകരിച്ചു. ജോയ് പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിഷേപ, ധനകാര്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ലഘുസമ്പാദ്യം ഉപയോഗിച്ച് ജീവിതലക്ഷ്യങ്ങള്‍ കൈവരിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴി കാട്ടിയാണ് ഈ പുസ്തകം എന്ന് നിലീഷ് ഷാ പറഞ്ഞു. മ്യൂച്വല്‍ ഫണ്ടില്‍ എങ്ങനെ നിക്ഷേപിക്കാം, പരമാവധി നേട്ടമുണ്ടാക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി ഈ നിക്ഷേപ മാര്‍ഗത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആര്‍ക്കും മനസ്സിലാക്കാവുന്ന രീതിയില്‍ സങ്കീര്‍ണതകളില്ലാതെ ലളിതമായ ആഖ്യാനം മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തിന്റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ആളുകളെ ബോധവല്‍ക്കരിക്കാനും അതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കാനും സഹായിക്കുമെന്ന് ഡോ.വി.കെ വിജയകുമാര്‍ പറഞ്ഞു.

ഡി സി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലും ഡി സി/കറന്റ് ബുക്‌സ് ശാഖകളിലും കോപ്പികള്‍ ലഭ്യമാണ്‌.

 

Comments are closed.