DCBOOKS
Malayalam News Literature Website

‘മുറിനാവ്’; അധികാരത്തിന്റെ വ്യത്യസ്തമായ തലങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാനുള്ള ശ്രമം

മനോജ് കുറൂരിന്റെ ‘മുറിനാവ്’ എന്ന നോവലിന് എസ് ഗിരീഷ് കുമാര്‍ എഴുതിയ വായനാനുഭവം

മനുഷ്യജീവിതത്തിലുടനീളം പക്ഷപാതപരമായി ഇടപെടുന്ന വിജ്ഞാനമാണ് ചരിത്രം. അതുകൊണ്ടാണ് ചരിത്രമല്ല, ചരിത്രങ്ങളാണ് നമുക്കുള്ളതെന്ന തിരിച്ചറിവ് ഇപ്പോഴുണ്ടായിട്ടുള്ളത്. ചരിത്രത്തിന്റെ ദയാദാക്ഷണ്യം ലഭിക്കാതെ സംസ്‌കൃതിയുടെ വലിയൊരു മേഖല ഇപ്പോഴും ശൂന്യമായി അവശേഷിക്കുന്നു. അവിടങ്ങളിലേക്കൊക്കെ കടന്നുകയറുകയെന്നത് ഇന്നുകളിലെ എഴുത്തുകാരന്റെ ദൗത്യമാണ്. അത്രയെളുപ്പം സാധ്യമാകുന്നതല്ല അത്. മുറിനാവ് എന്ന നോവലിലൂടെ മനോജ് കുറൂര്‍ നിര്‍വഹിക്കുന്നതും ഒട്ടും എളുപ്പമല്ലാത്തൊരു ദൗത്യമാണ്. 21-ാം നൂറ്റാണ്ടിലിരുന്ന് ദേശം, കാലം, ഭാഷ എന്നിവയെല്ലാം മറികടന്ന് 8-ാം നൂറ്റാണ്ടിലേക്കും 12-ാം നൂറ്റാണ്ടിലേക്കും പോവുക. ചരിത്രം നിശബ്ദമായ ഇടങ്ങളിലെ ചരിത്രങ്ങള്‍ വീണ്ടെടുത്ത് ഇങ്ങനെയൊക്കെയല്ലെ സംഗതികളെന്ന് ഒരന്വേഷകന്റെ മട്ടില്‍ മുറിനാവിനാല്‍ മുറിച്ചു മുറിച്ചു ചോദിക്കുക. മുറിഞ്ഞു പോയവയെ കൂട്ടിച്ചേര്‍ത്തിട്ടാണ് മുറിനാവിനാലുള്ള ഈ ചോദ്യം.

എട്ടാം നൂറ്റാണ്ടൊടുവില്‍ ജീവിച്ച കുമരനും പന്ത്രണ്ടാം നൂറ്റാണ്ടൊടുവില്‍ ജീവിച്ച അലങ്കാരനും സമാന്തരമായി നടത്തുന്ന അന്വേഷണ യാത്രയാണ് നോവലിന്റെ കഥാതന്തു. രണ്ടു കാലങ്ങളിലായി അവളൂര്‍ എന്ന ദേശം അവരെ ഒരുമിപ്പിക്കുകയും അന്വേഷണത്തിനു പൊരുളു Textനല്‍കുകയും ചെയ്യുന്നു. അവളൂരില്‍ അവരെ ഒരുമിപ്പിക്കുന്നതെന്താണ്? ഈ ചോദ്യത്തെ നാനൂറോളം പുറങ്ങളിലൂടെ അഭിമുഖീകരിക്കുകയാണ് മുറിനാവ്.

അധികാരത്തിന്റെ വ്യത്യസ്തമായ തലങ്ങള്‍ നിര്‍ദ്ധാരണം ചെയ്യാനുള്ള ശ്രമമാണ് മുറിനാവ്. വ്യത്യസ്തമായ തത്ത്വചിന്താ പാരമ്പര്യങ്ങള്‍ അധികാരവുമായി ചാര്‍ച്ചയിലും വിടര്‍ച്ചയിലും ഏര്‍പ്പെടുകയും മനുഷ്യര്‍ അതില്‍ കുരുങ്ങി കിടക്കുകയും ചെയ്യുന്നതെങ്ങനെയെന്ന അന്വേഷണത്തില്‍ നിന്നാണ് മുറിനാവിന്റെ കഥയും കഥാപാത്രങ്ങളും രൂപപ്പെടുന്നത്. ശൈവവും വൈഷ്ണവികവുമായ തത്ത്വചിന്ത നമുക്ക് ഏറെക്കുറെ പരിചയമുണ്ട്. മീമാംസകരുടേതായ ആ പാരമ്പര്യത്തിന് അപ്പുറമോ ഒപ്പമോ നിലനില്‍ക്കുകയും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ബുദ്ധ, ജൈന പാരമ്പര്യങ്ങള്‍ ഇവിടുണ്ട്. ആജീവകരും ശ്രമണരുമുണ്ട്. ഇവരെല്ലാം ചേര്‍ന്നു രൂപപ്പെടുത്തിയ ചിന്തകളുണ്ട്. ഭൂമിശാസ്ത്രവും അധികാര സംഘര്‍ഷങ്ങളുമുണ്ട്. ഇവയെല്ലാം ചേരുന്ന ലങ്കയും കേരളവും തമിഴ്‌നാടും കര്‍ണാടകവും ഉള്‍പ്പെടുന്ന വിശാലമായ ഒരു ഭൂപ്രദേശത്തെ നോവലില്‍ കേന്ദ്രീകരിച്ച് ചിതറിപ്പോയ പാരമ്പര്യങ്ങളെ വീണ്ടെടുക്കുകയാണ് മുറിനാവില്‍. കുമരനും അലങ്കാരനും യാത്ര ചെയ്ത് എത്തിച്ചേരുന്ന അവളൂര്‍ ചിതറിപ്പോവുകയോ ചിതറിച്ചു കളഞ്ഞതോ ആയ എല്ലാ ജനവിഭാഗത്തെയും അവരുടെ തത്ത്വചിന്തകളെയും ഏറ്റെടുക്കുന്ന ഇടമാണ്. വംശശുദ്ധിയിലല്ല, സാങ്കര്യത്തിലാണ് ലോകത്തിന്റെയും ചരിത്രങ്ങളുടെയും തുടര്‍ച്ചയെന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട് അവളൂര്‍. ബഹുസ്വരതയില്‍ നിന്നുണ്ടാവുന്ന സ്വരമാണ് അവളൂരിന്റെ ഭാഷ. നാവു മുറിക്കപ്പെട്ടവരുടെ ശബ്ദത്തിനും ആംഗ്യത്തിനും മുതല്‍ പക്ഷിമൃഗാദികളുടെയും ദേവതമാരുടെയുമൊക്കെ ഭാഷയ്ക്കുവരെ അവിടെ ഇടമുണ്ട്.

അവളൂരിലേക്കുള്ള യാത്രയില്‍ കുമരനും അലങ്കാരനുമൊപ്പം വായനക്കാരനും മാറിമാറി കൂടെച്ചേരാം. ആ യാത്ര രണ്ടു കാലങ്ങളിലൂടെയും വ്യത്യസ്ത ദേശങ്ങളിലൂടെയുമാണെന്ന് ഓര്‍ക്കണം. അതുകൊണ്ട് സാഹസികമാണ്. ഗൗരവം വിടാതെ കൂടണം. അങ്ങനെയായാല്‍ പലതരം മനുഷ്യരെ, സംസ്‌കാരവിശേഷത്തെ കണ്ടുമുട്ടാം. ബുദ്ധഭിക്ഷുക്കള്‍, ജൈന സന്യാസിമാര്‍, ബസവേശ്വരന്‍, പ്രഭുദേവന്‍, അക്കമഹാദേവി, ഗൊഗ്ഗവ്വ, കുവന്ന, കുവേന്തി, മസ്‌കരി, ആര്യദേവന്‍, ധര്‍മ്മശീലന്‍, ചിരുകണ്ടന്‍, ആദിനാഥന്‍ അങ്ങനെ ജീവിച്ചിരുന്നവരും ഭാവനാപരമായി സൃഷ്ടിച്ചെടുത്തവരുമായ ഒട്ടേറെ കഥാപാത്രങ്ങളെയും അവര്‍ കൊണ്ടുനടന്ന തത്ത്വചിന്തയെയും പരിചയപ്പെടാം. തത്ത്വചിന്ത നേരിട്ടു പറയുകയല്ല. ഓരോ കഥാപാത്രവും ജീവിതംകൊണ്ട് കാണിച്ചു തരികയാണ്.

എട്ടാം നൂറ്റാണ്ടില്‍ കുമരന്‍ സൃഷ്ടിച്ച നിഘണ്ടു പന്ത്രണ്ടാം നൂറ്റാണ്ടിലെ അലങ്കാരനു ലഭിക്കുന്നതും അതിലെ പൊരുളു തിരിക്കാന്‍ അലങ്കാരന്‍ യാത്ര തുടങ്ങുന്നതുമാണ് മുറിനാവിലെ ഇതിവൃത്തം രൂപപ്പെടുത്തുന്നത്. അവളൂരിലെ വചനകവി ഗൊഗ്ഗവ്വയാണ് പൊരുളു തിരിക്കാന്‍ സഹായമാകുന്നത്. ഗൊഗ്ഗവ്വയിലൂടെ അലങ്കാരന്‍ പ്രഭുദേവനിലേക്കും അക്കമഹാദേവിയിലേക്കും കല്യാണക്രാന്തിയിലേക്കും പോകുന്നു. കുമരന്റെ നിഘണ്ടുവിന് പൊരുളുണ്ടാവുന്നത് പ്രഭുദേവനിലൂടെയാണ്. ദക്ഷിണേന്ത്യന്‍ തത്ത്വചിന്താ പാരമ്പര്യത്തിലെ ശ്രമണപാരമ്പര്യത്തിന് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട് നോവലില്‍. ഗൊഗ്ഗവ്വ കേരളീയബന്ധമുള്ള വചനകവിയായി കരുതപ്പെടുന്നു. ഒരുപക്ഷെ ശ്രമണപാരമ്പര്യം ഉള്‍പ്പെടെ പാര്‍ശ്വവത്കരിക്കപ്പെട്ട ഒട്ടേറെ പാരമ്പര്യങ്ങള്‍ പുന:പരിശോധിക്കാനും സംവാദകേന്ദ്രത്തില്‍ എത്തിക്കാനും പ്രേരണ നല്‍കുന്നുണ്ട് മുറിനാവ്.

‘മുറിനാവ്’ എന്ന നോവല്‍ വാങ്ങാന്‍ സന്ദര്‍ശിക്കുക

Comments are closed.