DCBOOKS
Malayalam News Literature Website

മുക്തിബാഹിനിയിലേക്കുള്ള വഴി: ജിസ ജോസ്‌ എഴുതുന്നു

ജിസ ജോസ്‌

ഇന്ദിരാഗാന്ധിയെ വളരെ അടുപ്പമുള്ള ഒരാളെപ്പോലെ, കുടുംബത്തിലെ ഒരംഗത്തെപ്പോലെ കണ്ടിരുന്നു, 1970-കളിലെ സ്ത്രീകളില്‍ കുറെപ്പേരെങ്കിലും. അവരെല്ലാം സാധാരണക്കാരികളാണ്, വലിയ വിദ്യാഭ്യാസമോ
ഉദ്യോഗമോ ഒന്നുമില്ലാത്ത വീട്ടമ്മമാര്‍. ഇന്ദിരാഗാന്ധിയുടെ സാരികളും ഹെയര്‍ സ്‌റ്റൈലും ആ നീളന്‍ മൂക്കുമൊക്കെ പോലെ ഇന്ദിരയുടെ മക്കളും അവര്‍ക്കു പ്രിയപ്പെട്ടതായി. അടിയന്തരാവസ്ഥയും അതിനു പിന്നിലെ
അധികാരമോഹങ്ങളും അവരെ ബാധിക്കുന്ന വിഷയമായിരുന്നില്ല. ഇന്ദിരയുടെ ഇലക്ഷന്‍ തോല്‍വി അവരെ സങ്കടപ്പെടുത്തി. ഇന്ദിരാഗാന്ധി നാട്ടിലെവിടെയെങ്കിലും വരുന്നുവെന്നറിഞ്ഞ് ദിവസങ്ങളോളം അതിനെപ്പറ്റി ചര്‍ച്ച ചെയ്യുകയും കല്യാണത്തിനോ മറ്റോ ഒരുങ്ങിയിറങ്ങുന്നതുപോലെ ഉള്ളതില്‍ നല്ല സാരികള്‍ ചുറ്റി നട്ടുച്ചവെയിലത്ത് മൈതാനത്തേക്കു പോയി, മണിക്കൂറുകള്‍ കാത്തു നിന്നു ദൂരെ ദൂരെ പൊട്ടുപോലെ ഒരു നോക്കു കാണുകയും പിന്നെയുള്ള ദിവസങ്ങളില്‍വാതോരാതെ അതിനെപ്പറ്റി മിണ്ടുകയും ചെയ്തു. സഞ്ജയ് ഗാന്ധിയുടെ അകാലമരണത്തില്‍ ആ സ്ത്രീകളും മനമുരുകിക്കരഞ്ഞു. ‘ആയമ്മയ്ക്കു സഹിക്കാനുള്ള കരുത്തു
കൊടുക്കണേ’ എന്ന മുക്തിബാഹിനിയിലെ അച്ഛമ്മയുടെ പ്രാര്‍ത്ഥന ആ സ്ത്രീകളെല്ലാവരുടേതുമായിരുന്നു.

ഇന്ദിരാഗാന്ധിയെ സ്വന്തമെന്നുകരുതിയിരുന്ന, ഇതുപോലൊരന്തരീക്ഷത്തിലായിരുന്നു കുട്ടിക്കാലം
ചെലവഴിച്ചത്. സഞ്ജയ് ഗാന്ധിയുടെ മരണവാര്‍ത്ത റേഡിയോവില്‍ കേട്ട് ഏങ്ങലടിച്ചു കരഞ്ഞ കുട്ടി ഞാന്‍  തന്നെയാവാം അല്ലെങ്കില്‍ തീര്‍ച്ചയായും ഞാനറിയുന്ന മറ്റൊരു കുട്ടി. അങ്ങനൊരുവളുണ്ടായിരുന്നു എന്നുറപ്പാണ്. അവളെക്കുറിച്ചാണ് എഴുതിത്തുടങ്ങിയത്. പക്ഷേ, എഴുതി വന്നപ്പോള്‍ ഇന്ദിരാഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള കാല്പനികവും വൈയക്തികവുമായ അനുഭവങ്ങളും ഓര്‍മ്മകളും സ്വന്തക്കാരിയെന്ന പരിചിതമായ  പെണ്‍തോന്നലുകളും മാറ്റി വെക്കേണ്ടിവന്നു. ചരിത്രത്തിന്റെ പാരായണ സാധ്യതകളിലെ വൈവിധ്യത്തെക്കുറിച്ച് എഴുത്തിനിടയില്‍ പലവുരുഓര്‍ക്കേണ്ടിയും വന്നു.

1980, ജൂണ്‍ 23-ലെ തോരാമഴയത്ത് നിര്‍ത്താതെ കരഞ്ഞ താരയെ മാത്രമായിരുന്നു എഴുതുമ്പോള്‍ പരിചയം.
Textപിന്നെ മുക്തിബാഹിനിയെന്ന പേരും. രണ്ടു യുദ്ധങ്ങളില്‍ പങ്കെടുത്ത ഒരു പട്ടാളക്കാരന്റെ മകളായതു കൊണ്ടും അദ്ദേഹം വളരെ സംസാരപ്രിയനായതുകൊണ്ടും മുക്തിബാഹിനിയെക്കുറിച്ചും യുദ്ധകാല അനുഭവങ്ങളെപ്പറ്റിയും പണ്ടേ കേട്ടിട്ടുണ്ടാവും. പക്ഷേ, ശ്രദ്ധിച്ചിട്ടുണ്ടാവില്ല. യാദൃച്ഛികമായി അതിനെക്കുറിച്ചു വായിച്ചു -ഒരു സമാന്തര സൈനിക വിഭാഗം. 70000-ല്‍പരം അംഗങ്ങള്‍. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ സൈനികര്‍ക്ക് യുദ്ധം തൊഴിലിന്റെ ഭാഗമാണ്. പക്ഷേ, വിമോചനം അനിവാര്യമായ, ജീവശ്വാസമായ മനുഷ്യരായിരുന്നു മുക്തിബാഹിനിയിലെഅംഗങ്ങള്‍. അവര്‍ക്ക് പാകിസ്താനില്‍നിന്നു സ്വതന്ത്രരായേ മതിയാവൂ. എത്ര തീവ്രമായ അഭിവാഞ്ഛ! അതിനെക്കുറിച്ചാലോചിച്ചപ്പോള്‍ അതുപോലെ തീവ്രമായ വിമോചനകാംക്ഷകളുള്ള മനുഷ്യരെക്കുറിച്ച്, മനുഷ്യബന്ധങ്ങളെക്കുറിച്ച് എഴുതാതെ വയ്യെന്നായി. 1947-ലെ വിഭജനവും 71-ലെ ബംഗ്ലാദേശ് യുദ്ധവും സൃഷ്ടിച്ച അഭയാര്‍ത്ഥികള്‍ നോവലിന്റെ ഭാഗമായി. രണ്ടു തരം അഭയാര്‍ത്ഥികള്‍. ഒരു വിഭാഗം ഇരുന്നിടത്തിരിക്കുമ്പോള്‍ വേറൊരു രാജ്യത്തെ പൗരന്മാരാകുന്നു. ശാരീരികമായി അവര്‍ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു പോയിട്ടില്ല, പക്ഷേ, സാംസ്‌കാരികമായും ഭൂമി ശാസ്ത്രപരമായ അതിര്‍ത്തിക്കണക്കുകളനുസരിച്ചും അവര്‍ മറ്റൊരു രാജ്യത്തെ പ്രജകളാവുന്നു. ഭാഷയും സംസ്‌കാരവുമൊക്കെ വേറൊന്നായ ആ പുതിയ രാജ്യത്ത് അവര്‍ ഉറച്ചുനില്‍ക്കാനാവാതെ ആടിയുലയുന്നു, അതവര്‍ ജനിച്ചു വളര്‍ന്ന ഇടമായിരുന്നിട്ടും. രണ്ടാമത്തേത് ശാരീരികമായ പലായനമാണ്. യുദ്ധം ചിലരെ സ്വന്തം ഇടം വിട്ട്, അതിന്റെ സ്വസ്ഥതയും സമൃദ്ധിയും വിട്ട് അപരിചിതമായ ദേശങ്ങളിലേക്കു പോകാന്‍ നിര്‍ബന്ധിതരാക്കുന്നു. രണ്ടു പലായനങ്ങളുടെയും കയ്പുനുകര്‍ന്ന കുറച്ചുപേരെങ്കിലും കിഴക്കന്‍ പാകിസ്താനില്‍, ഇപ്പോഴത്തെ ബംഗ്ലാദേശില്‍
ഉണ്ടാകാമെന്നു തോന്നി.

അങ്ങനെയാണ് രാജ് ഷാഹിയിലെ മധുപര്‍ണയുടെ പൂര്‍വ്വികരുടെ വിചിത്രവും വേദനാജനകവുമായ ജീവിതത്തെക്കുറിച്ചെഴുതാനായത്.

എഴുതപ്പെട്ട ചരിത്രം കള്ളമോ ഭാഗിക സത്യമോ ആകുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ചും നോവലിലെ കഥകളും കഥാപാത്രങ്ങളും രൂപപ്പെട്ടുവരുന്നതിനിടെ ആലോചിക്കേണ്ടി വന്നു. സ്ഥാപിതചരിത്രങ്ങള്‍ക്കു വെളിയിലുള്ള മനുഷ്യര്‍. എല്ലാ മനുഷ്യരെയും ദൃശ്യരാക്കുന്ന ഒരു ചരിത്രവും ഉണ്ടാവില്ലെന്നും ഒരാള്‍ നേതാവായി തിളങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്ന ഒരു പാടുപേര്‍ ചരിത്രത്തിനു പുറത്താവുകയാണെന്നുമുള്ള തിരിച്ചറിവ്. സത്യാനന്ദനെപ്പോലുള്ള മനുഷ്യര്‍ അങ്ങനെ ഇരുളില്‍ മറഞ്ഞവരാണ്. അവര്‍ ചെയ്തതും അനുഭവിച്ചതും ആരുമോര്‍ക്കുന്നില്ല. സ്വയം കാലഹരണപ്പെട്ടവരെന്ന അവരുടെ തിരിച്ചറിവിനോളം ക്രൂരമായ മറ്റൊന്നുമില്ല.

നേരിട്ട് വിപ്ലവങ്ങളുടെ, അടിയന്തിരാവസ്ഥയുടെ, യുദ്ധങ്ങളുടെ, വംശീയലഹളകളുടെ ഇരകളാവുന്ന മനുഷ്യരുടെ ഇരട്ടിയാവണം, നേരിട്ടല്ലാതെ, പക്ഷേ, അതിനെക്കാളാഴത്തില്‍ മുറിവേറ്റവരുടെ എണ്ണം. അവര്‍ പക്ഷേ, കണക്കുകള്‍ക്കു പുറത്താണ്. ആരും അവരുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. അങ്ങനെ ചരിത്രത്തിനും കണക്കുകള്‍ക്കും പുറത്തുള്ള, അതുകൊണ്ടുതന്നെ ആരുമറിയാതെ പോകുന്ന ഇരകളുടെ ജീവിതമാണ് മുക്തിബാഹിനിയില്‍ പറയാന്‍ ശ്രമിച്ചത്. സ്വാഭാവികമായും അതു സുഖകരമായ എഴുത്തായിരുന്നില്ല. ഇടയ്ക്കിടെ
തടഞ്ഞും മുറിഞ്ഞും വേദനിച്ചുമാണ് എഴുതിത്തീര്‍ക്കാനായത്. കാണാതാകുന്നവര്‍, ഒരിക്കലും തിരിച്ചേ വരാത്തവര്‍, ആകെ തകര്‍ന്നുടഞ്ഞവരായി തിരിച്ചെത്തുന്നവര്‍. നോവലിലെ കഥാപാത്രങ്ങള്‍ പലരും അങ്ങനെയാണ്. ഓരോ അദൃശ്യമാകലും സൃഷ്ടിക്കുന്ന പൊള്ളലുകള്‍ ശേഷിക്കുന്നവരെ നീറ്റിക്കൊണ്ടേയിരിക്കും.
മരണത്തെക്കാള്‍ തണുത്തുറഞ്ഞ കാണാതാവലുകള്‍!

എല്ലാ മനുഷ്യരുടെയുള്ളിലും മുക്തിബാഹിനിയുണ്ട്, വിമോചനത്തിനായി അവര്‍ ജീവന്‍ കൊടുത്തും  പോരാടിക്കൊണ്ടിരിക്കുന്നു! പ്രാണനുരുക്കുന്ന പ്രണയങ്ങളില്‍നിന്ന്, മുറിപ്പെടുത്തുന്ന ബന്ധങ്ങളില്‍നിന്ന്,
കലാപങ്ങളില്‍നിന്ന്, മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും സങ്കുചിതമായ ഇടങ്ങളില്‍നിന്ന് അവര്‍ മോചനം
കൊതിക്കുന്നു. മിക്കപ്പോഴും പരാജയപ്പെടുന്നു, എന്നിട്ടും പ്രത്യാശ വിടാതെ പോരാടിക്കൊണ്ടിരിക്കുന്നു.

ആ നിസ്സഹായമായ പോരാട്ടത്തിന്റെ കഥകളായിരുന്നു ‘മുക്തിബാഹിനി’ യിലൂടെ പറയാനാഗ്രഹിച്ചത്.

ജിസ ജോസിന്റെ ‘മുക്തിബാഹിനി’ എന്ന നോവൽ വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.