DCBOOKS
Malayalam News Literature Website

മുകിലന്‍: എഴുതപ്പെടാത്ത പടയോട്ട ചരിത്രവും ചില നിലവറ രഹസ്യങ്ങളും

ഡോ. ദീപു പി കുറുപ്പിന്റെ ‘മുകിലന്‍‘  എന്ന ഏറ്റവും പുതിയ നോവലിനെ കുറിച്ച്സുമ സത്യപാല്‍ എഴുതിയത്  

മേഘക്കീറുകള്‍ക്കപ്പുറത്ത് നിന്ന് മുകിലനും കേരളവര്‍മ്മയും ഖുറൈഷിയും ഒക്കെ പറന്നിറങ്ങി സിദ്ധാര്‍ത്ഥന്റെ അബോധമണ്ഡലങ്ങളില്‍ ജ്ഞാനത്തിന്റെ നുറുങ്ങുകള്‍ വാരി വിതറി മടങ്ങുമ്പോഴോ, ആറാട്ടമ്മയുടെ ഏലാപ്പുറങ്ങളില്‍ വിഹരിക്കുന്ന പേയും പിശാചും മറുതയും രാത്രിപോക്കുകള്‍ നടത്തുമ്പോഴോ ഫാന്റസിയുടെ അപരിചിതത്വമല്ല; വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും നൈരന്തര്യം തലമുറകളിലൂടെ പകരുന്ന ചില ധാര്‍മ്മികതകളെയെങ്കിലും അവശേഷിപ്പിക്കുകയാണ് ചെയ്യുന്നത്.

ഭൂതകാലത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും സംവാദഭൂമിയായി മാറുക എന്നത് ചരിത്രവസ്തുതകളുടെ സമകാലസവിശേഷതയാണ്. സാമൂഹിക സാംസ്കാരിക ഇടപെടലുകളുടെ ശക്തമായ മാധ്യമമായി ചരിത്രം മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സത്യസന്ധവും നീതിനിഷ്ഠവുമായി ചരിത്രം നിലനില്‍ക്കേണ്ടത് അത്യന്ത്യാപേക്ഷിതവുമാണ്. എന്നാല്‍ ചരിത്രം ആലേഖനം ചെയ്യപ്പെടുമ്പോള്‍ അതില്‍ സത്യം മാത്രമല്ല അസത്യങ്ങളും കടന്നുകൂടുന്നു. നൂറ്റാണ്ടുകള്‍ക്കിപ്പുറത്ത് ചരിത്രം ഒരു ജനതയുടെ സാംസ്കാരിക ഭാഗധേയം നിര്‍ണയിക്കുന്നതാകുമ്പോള്‍ ചരിത്രരചനകള്‍ സത്യത്തിന്റെ ചുരുളഴിക്കുന്നവ തന്നെയായിരുന്നേ മതിയാകൂ. ആരുവാമൊഴിപ്പാത കടന്നെത്തിയ മുകിലപ്പട വേണാടു പിടിച്ചടക്കിയ ചരിത്രം ഏറെയൊന്നും പറയപ്പെട്ടിട്ടില്ല. ഡല്‍ഹി മുതല്‍ കന്യാകുമാരി വരെ മുഗളന്മാര്‍ നടത്തിയ പടയോട്ടത്തിനൊടുവില്‍ കൈയടക്കിയതെല്ലാം വേണാട്ടില്‍ നിക്ഷേപിക്കേണ്ടി വന്ന സാഹചര്യം ഒരു ചരിത്രസത്യമായി അവശേഷിക്കുന്നു. ചരിത്രവും എഴുതപ്പെടാത്ത സത്യവും ഭാവനയും ഫാന്റസിയും ഒരുമിച്ചുചേര്‍ന്ന് ആ മുഗുളകഥ  വായനയുടെ വ്യത്യസ്തതകള്‍ പകരുകയാണ് ദീപു. പി. കുറുപ്പിന്റെ ‘മുകിലൻ’ എന്ന നോവലിലൂടെ. ഒരു ചരിത്രാന്വേഷിയുടെ കൗതുകവും സാഹിത്യകാരന്റെ ഭാവനയും ചേര്‍ന്ന് ചരിത്രത്തില്‍ ഉറങ്ങിക്കിടക്കുന്ന സത്യങ്ങളെ മറനീക്കി പുറത്തുകൊണ്ടുവരുമ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് കുഴിച്ചിട്ട ചരിത്രത്തിന്റെ തെളിവുകള്‍ ഒരിക്കലും ദ്രവിച്ചടിയാത്ത അസ്ഥിപഞ്ജരങ്ങള്‍ പോലെ അവശേഷിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി. നിലവറയിലെ നിധിയുടെ ചരിത്രം തേടുന്ന ‘മുകിലൻ’ അവശേഷിപ്പിക്കുന്നത് അത്തരം ചില ചരിത്രസത്യങ്ങളെയാണ്.

കഥ കേള്‍ക്കാനും കഥച്ചുരുളുകള്‍ അന്വേഷിച്ചു കണ്ടെത്താനും താല്‍പ്പര്യമുള്ള സിദ്ധാര്‍ത്ഥന്റെ ഗവേഷണ സപര്യയിലൂടെയാണ് ഈ ചരിത്രനോവല്‍ അധ്യായങ്ങള്‍ തുറക്കുന്നത്. തങ്ങളുപള്ളിയിലും ആറാട്ടമ്മയുടെ തട്ടകത്തിലും ഉറങ്ങിക്കിടക്കുന്ന ധാരാളം മുത്തശ്ശിക്കഥകള്‍ സിദ്ധാര്‍ത്ഥന്റെ കഥാകൗതകത്തെ ഉണര്‍ത്തി. മുത്തശ്ശിമാര്‍ പറഞ്ഞ മുകിലകഥകള്‍ സിദ്ധാര്‍ത്ഥന്റെ കുഞ്ഞുമനസില്‍ തന്നെ ഭാവനയുടെയും ഫാന്റസിയുടെയും ഒരായിരം ചായക്കൂട്ടുകള്‍ തീര്‍ത്തു. മുകിലന്റെ കോട്ട നിന്നിരുന്നു എന്നു പറയപ്പെടുന്ന കോട്ടപ്പുറവും മുകിലന്മാര്‍ പട്ടിണി കിടന്നു മരിച്ചു എന്നു പറയപ്പെടുന്ന പട്ടിണിക്കുന്നും മുകിലകഥകളില്‍ തെളിഞ്ഞുനിന്നു. മുകിലന്‍ നിരവധി  സ്റ്റേറ്റുകളെ കൊള്ളയടിച്ചു കൊണ്ടെത്തിയ വലിയ സമ്പത്ത് നിധിയായി അവിടെവിടെയോ ഉണ്ടെന്ന അറിവ് സിദ്ധാര്‍ത്ഥനെ അന്വേഷണകുതുകിയാക്കി.

ടിപ്പുസുല്‍ത്താന്‍ എത്തുന്നതിനും ഒരു നൂറ്റാണ്ടു മുമ്പ് എത്തിയ മുസ്ലിം ഭരണാധികാരി മൂന്നുവര്‍ഷം തിരുവിതാംകൂറു ഭരിച്ചിരുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ പെണ്ണരശ്ശിനെ നിഷ്കാസിതയാക്കി ഔരംഗസീബ് നിയോഗിച്ച ഒരു സൈനികക്കൂട്ടം തിരുവിതാംകൂര്‍ പിടിച്ചടക്കി. മുകിലപ്പട അഥവാ മുഗുളപ്പട എന്നറിയപ്പെട്ട അവരാണ് ആദ്യമായി തിരുവിതാംകൂറിന്റെ നികുതിഘടന പൊളിച്ചെഴുതി സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്. ടിപ്പുസുല്‍ത്താന്‍ മലബാറില്‍ വരുത്തിയ പരിഷ്കരണങ്ങളെക്കാള്‍ വിപുലവും ദീര്‍ഘദര്‍ശനസ്വഭാവമുള്ളതുമായ പരിഷ്കാരങ്ങളായിരുന്നു മുകിലന്‍ എന്ന മുഗുള്‍സാദത്ഖാന്‍ തിരുവിതാംകൂറില്‍ നടപ്പിലാക്കിയത്ڈ എന്നിങ്ങനെ ചരിത്രക്ലാസുകളില്‍ നിന്ന് ലഭിച്ച അറിവ് സിദ്ധാര്‍ത്ഥനെ മുകിലകഥകളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ശക്തമാക്കാന്‍ പ്രേരിപ്പിച്ചു. 1680 ല്‍ മുകിലന്‍ തിരുവിതാംകൂറിലെത്തുമ്പോള്‍ തിരുവിതാംകൂറിന്റെ സാമൂഹിക സാംസ്കാരികാവസ്ഥ വളരെ പരിതാപകരമായിരുന്നു. എട്ടധികാരം ബ്രാഹ്മണ കുടുംബങ്ങള്‍ക്കും അരയധികാരം മാത്രം രാജാവിനും ഉണ്ടായിരുന്ന എട്ടരയോഗം എന്ന ഭരണസമിതിയും മരുമക്കത്തായവും ചേര്‍ന്ന് ഭരണക്രമത്തിന്റെ അടിക്കല്ലിളകിക്കിടന്ന സമയം മുകിലന് ആക്രമണം നടത്തി ഭരണമുറപ്പിക്കാന്‍ ഏറെയൊന്നും ക്ലേശിക്കേണ്ടിവന്നില്ല. മുകിലന്റെ വരവറിഞ്ഞ് അനന്തപുരം ജഡിലം കൊണ്ടു. അഹങ്കാരികളായ പ്രഭുക്കന്മാര്‍ വിറളി പൂണ്ടോടി. ഉമയമ്മറാണി പത്മനാഭപ്പെരുമാളുടെ മുന്നിലെത്തി വിലാപം കൊണ്ടു. മുകിലപ്പട തിരുവിതാംകൂറില്‍ പടയോട്ടം നടത്തി. മുലക്കരം, മീശക്കരം, പടപ്പണം തുടങ്ങിയ നികുതികള്‍ ജനത്തെ രാജഭരണത്തിനെതിരാക്കിയിരുന്ന ആ കാലത്തെ മുകിലന്‍ മുതലെടുത്തു. മണക്കാട്ടു തങ്ങളുടെ ഇടപെടല്‍ മുകിലന്റെ മനസില്‍ ഉറങ്ങിക്കിടന്ന ആത്മീയതയെ ഉണര്‍ത്തി. അനന്യമായ ആത്മീയതയുടെ തീഷ്ണപ്രചോദനത്താല്‍ മുകിലന്‍ പത്മനാഭസ്വാമിക്ഷേത്രം ആക്രമിച്ചില്ല. തല്‍ക്കാലം പടയോട്ടമവസാനിപ്പിച്ച മുകിലനെ പരാജയപ്പെടുത്താന്‍ ഉമയമ്മ റാണി കരുക്കള്‍ നീക്കി. കേരളവര്‍മ്മ അതിനായി നിയോഗിക്കപ്പെട്ടു.

പക്ഷേ മുകിലനും മുകിലപ്പടയും ഒതുങ്ങിയത് തിരുവട്ടാര്‍ദേവന്റെ കടന്നലുകള്‍ ആക്രമിച്ചാണത്രേ. തിരുവിതാംകൂര്‍ചരിത്രകാരന്മാര്‍, തിരുവട്ടാറിലെ കഥപറച്ചിലുകാര്‍, തെക്കന്‍ തിരുവിതാംകൂറില്‍ പ്രചരിച്ച തമ്പുരാന്‍ പാട്ടുകള്‍, തേനിയിലെ കേരളവര്‍മ്മപ്പാട്ടുകള്‍ തുടങ്ങി ധാരാളം തെളിവുകളാണ് ഈ കഥക്കു ബലം നല്‍കുന്നത്. ഇവിടെ മുകിലകഥ അവസാനിക്കുന്നില്ല. മുകിലന്റെ അന്ത്യത്തോടെ തിരുവിതാംകൂറില്‍  വീണ്ടും അന്ത:ച്ഛിദ്രം തുടങ്ങുകയായിരുന്നു. ബ്രിട്ടീഷുകാരന്റെ ഭിന്നിപ്പിക്കല്‍നയം ഉമയമ്മറാണിയെയും കേരളവര്‍മ്മയെയും തമ്മില്‍ അകറ്റി. റാണിയുടെ ഗൂഢതന്ത്രം കേരളവര്‍മ്മയുടെ ജീവനെടുത്തു. പിന്നീടങ്ങോട്ട് മുകിലന്‍ മറച്ചുവച്ച നിധിയന്വേഷണത്തിലാണ് നോവല്‍ പുരോഗമിക്കുന്നത്. തിരുമൂലപുരം ഓലച്ചുരുണല്‍, നാഗര്‍കോവില്‍ ശ്രീ പെരുമാള്‍ ക്ഷേത്രം കല്‍വെട്ട് തുടങ്ങിയ രേഖകളുടെ പകര്‍പ്പെഴുത്തും തെളിവുകളുമായി ഒരു ചരിത്രാന്വേഷണം തന്നെ നോവലില്‍ നടക്കുന്നുണ്ട്. തിരുവിതാംകൂറിന്റെ പൂഴ്ത്തിവയ്ക്കല്‍ സ്വഭാവത്തെക്കുറിച്ചും പരാമര്‍ശിക്കുന്ന സന്ദര്‍ഭങ്ങള്‍ നര്‍മ്മരസപ്രധാനമാണ്. തിരുവിതാംകൂര്‍ കൊട്ടാരത്തിലെത്തിയ ബ്രിട്ടീഷ് റസിഡന്‍റ് ഇരട്ടമുണ്ടും ഉത്തരീയവും മാത്രം ധരിച്ച് പൂമുഖത്തിരുന്ന രാജാവിനോട് ഭൃത്യനാണെന്നു തെറ്റിദ്ധരിച്ച് അകത്തുചെന്ന് പൊന്നുതമ്പുരാനെ വിളിച്ചുകൊണ്ടുവരാന്‍ പറഞ്ഞ കഥ തിരുവിതാംകൂറുകാരുടെ, പൂഴ്ത്തിവച്ചിട്ട് ദാരിദ്ര്യത്തില്‍ ജീവിക്കുന്നതിനെ പരിഹസിക്കുകയാണോ അതോ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ലാളിത്യം നിറഞ്ഞ ജീവിതത്തെ അഭിനന്ദിക്കുകയാണോ വേണ്ടതെന്ന സന്ദേഹമുണ്ടാക്കും. സിദ്ധാര്‍ഥന്റെ നിധിയന്വേഷണം മുന്നോട്ടു പോകുന്നത് രാത്രികാലങ്ങളില്‍ ഉറക്കത്തില്‍ അയാളോട് സംവദിക്കുന്ന നിരവധി ആത്മാക്കളുടെ വാക്കുകളിലൂടെയാണ്. മുകിലനും ഖുറൈഷിയും കേരളവര്‍മ്മയും വീരമാര്‍ത്താണ്ഡവര്‍മ്മയും ഒക്കെ അത്തരം സംവാദങ്ങള്‍ നടത്താന്‍ സിദ്ധാര്‍ത്ഥന്റെ മനസിന്റെ അബോധാവസ്ഥകളില്‍ എത്താറുണ്ട്. അങ്ങനെയുള്ള സംസാരങ്ങളിലൂടെയും ചരിത്രത്തിലെ ഒളിഞ്ഞിരിക്കുന്ന തെളിവുകളിലൂടെയും സിദ്ധാര്‍ത്ഥന്‍ പലപ്പോഴും ചരിത്രത്തിലേക്ക് ബൂമറാങ്ങ് പോലെ എടുത്തെറിയപ്പെടുകയും തിരിച്ചു സമകാലത്തിലേക്കു പറന്നിറങ്ങുകയും ചെയ്തു. പലപ്പോഴും ബോധമനസിന്റെ സീമകള്‍ നഷ്ടം വന്ന സിദ്ധാര്‍ത്ഥനെ മനോരോഗ വിദഗ്ധന്‍ വേണുഗോപാല്‍ ചികില്‍സിക്കുന്നുണ്ട്. പുലിച്ചിറവീരമാര്‍ത്താണ്ഡന്‍ കാവല്‍നിന്ന അയാളുടെ മനസ് ബലം പ്രയോഗിച്ചുതന്നെ കുത്തിത്തുറന്ന വേണുഗോപാലിന് പിന്നീടത് വേണ്ടെന്ന് തോന്നി. നിദ്രയുടെ പലയാമങ്ങളില്‍ നിന്ന് സ്വരൂപിച്ചെടുത്ത തെളിവുകള്‍ സിദ്ധാര്‍ത്ഥനെ കൊണ്ടെത്തിക്കുന്നത് മുകിലനിധി തന്നെയാണ് ബി. നിലവറയില്‍ സൂക്ഷിച്ചിരിക്കുന്നത് എന്നാണ്. ‘കലാപത്തിന്റെ ഗൂഢസ്ഥലികൾ’  എന്ന അധ്യായത്തില്‍ മുകില സേവകനായിരുന്ന അസദലിയുമായി സംവദിക്കുന്ന സിദ്ധാര്‍ത്ഥന്‍ മനസിലാക്കുന്ന സത്യങ്ങള്‍ അയാളുടെ എല്ലാ സംശയങ്ങള്‍ക്കും ഉള്ള ഉത്തരമായിരുന്നു. തിരുവട്ടാര്‍ യുദ്ധത്തില്‍ കടന്നലുകളുടെ കുത്തേറ്റ് അപകടത്തില്‍പ്പെട്ട അസദലിയെ കേരളവര്‍മ്മ ബന്ധിയാക്കി. കേരളവര്‍മ്മയെ കൊന്ന് പതിനഞ്ചാം ദിവസം ഉമയമ്മറാണി അസദലിയുടെ അടുത്തേക്കെത്തി നിധിയെക്കുറിച്ചന്വേഷിച്ചു. അതിനെക്കുറിച്ച് ഒരക്ഷരം ഉരിയാടാതിരുന്ന അസദലിയെ ചിത്രവധത്തിനു വിധിച്ചു. ‘ഏഴുദിവസം കൊണ്ടേ മരിക്കൂ……’ മഴയുള്ള മാസങ്ങളിലാണ് ചിത്രവധം നടത്താറുള്ളത്. മഴവെള്ളം മുറിവുകളിലും ഉരുക്കൂദണ്ഡില്‍ കൂടിയും അരിച്ചിറങ്ങി അടുത്തദിവസം മുതല്‍ പുഴുവരിക്കാനാരംഭിക്കും. പുഴുത്ത് പുഴുത്ത് കൊടിയ വേദന തിന്നേ മരിക്കൂ….. എന്നിങ്ങനെ   അസദലിയുടെ ചിത്രവധത്തിന്റെ അനുഭവസാക്ഷ്യം സിദ്ധാര്‍ത്ഥനെയും വായനക്കാരനെയും Textഭയത്തിനതീതമായ ഒരു വികാരത്തില്‍ കൊണ്ടെത്തിക്കുന്നു. അസദലിയില്‍ നിന്ന് നിധിയുടെ ഉറവിടം മനസിലാക്കിയ ഉമയമ്മറാണി അത് കൈക്കലാക്കി.. അതാണത്രേ പിന്നീട് ആറ്റിങ്ങല്‍ കലാപത്തിന് വഴിവെച്ചത്.

ഇങ്ങനെ ഒന്നില്‍ നിന്ന് ഒന്നിലേക്ക് നീളുന്ന സംഭവങ്ങളൂടെ നീണ്ട ചരിത്രത്തിന്റെ നേര്‍ചിത്രം തെളിച്ചെടുക്കുമ്പോള്‍ സിദ്ധാര്‍ത്ഥന്‍ എന്ന ഗവേഷകന്‍ മനസിന്റെ അബോധങ്ങളില്‍ മാത്രം ജീവിക്കുന്ന വ്യക്തിയായി പരിണമിച്ചിരുന്നു. മാനസികസമ്മര്‍ദ്ദം അയാളുടെ തലച്ചോറിനെ വല്ലാതെ ഞെരിച്ചുകളഞ്ഞിരുന്നു. ആ അബോധാവസ്ഥയിലും അയാള്‍ ഒടുവിലായി മാര്‍ത്താണ്ഡവര്‍മ്മയോടു സംവദിക്കുകയായിരുന്നു. തൃപ്പടിദാനത്തിനു പിന്നിലെ തന്റെ ബുദ്ധിവൈഭവത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥന്റെ സംശയം ‘ആ സമ്പത്തു വിനിയോഗിച്ച് രാജ്യപുരോഗതിക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ അങ്ങേക്കും കുടുംബത്തിനും ചെയ്യാമായിരുന്നില്ലേ’ എന്നായിരുന്നു. മുഗുളന്മാരുടെ ആക്രമണ വിവരങ്ങളും അവര്‍ കൊണ്ടുവന്ന കണ്ണീരിന്റെ നനവുള്ള സമ്പത്തും ചേര്‍ന്ന പാപപങ്കിലമായ ആ നിധിയില്‍ തൊട്ടാല്‍ കൊടിയ പാപം രാജകുടുംബത്തെ ബാധിക്കുമെന്ന് ഇളംതലമുറയെ ഓര്‍മ്മിപ്പിച്ച മാര്‍ത്താണ്ഡവര്‍മ്മ കുറ്റക്കാരനല്ല എന്ന് സിദ്ധാര്‍ത്ഥന് ബോധ്യപ്പെടുന്നു. ഇങ്ങനെ കാര്യങ്ങള്‍ തെളിമയില്‍ കണ്ടു ബോധ്യപ്പെട്ട സിദ്ധാര്‍ത്ഥന്റെ ചരിത്രജ്ഞാനത്തിന്റെ വിടവുകള്‍ എല്ലാം നികത്തപ്പെട്ടു. പക്ഷേ എല്ലാം തിരിച്ചറിഞ്ഞപ്പോഴേക്കും താങ്ങാനാകാത്ത സമ്മര്‍ദ്ദങ്ങളാല്‍ സിദ്ധാര്‍ത്ഥന്റെ ഹൃദയം നിലച്ചുപോയിരുന്നു.

ബി നിലവറയിലെ നിധിയുടെ ഉറവിടം തേടിയിറങ്ങിയ സിദ്ധാര്‍ത്ഥന്‍ സഞ്ചരിക്കുന്ന വഴികളൊക്കെയും ചരിത്രവും സത്യവും ഫാന്റസിയും കൂടിക്കലര്‍ന്നതാണ്. തങ്ങള്‍ പള്ളിയുടെ മീനാരങ്ങളില്‍ നിന്നുയരുന്ന ബാങ്കൊലികളുടെയും ആറാട്ടമ്മയുടെ തട്ടകത്തിന്റെ ഏലാപ്പുറങ്ങളില്‍ വീണുമയങ്ങുന്ന നൂറുകണക്കിന് കേട്ടുകേഴ്വികളുടെയും ലോകത്തുനിന്ന്  ചില ചരിത്രസത്യങ്ങള്‍ മറനീക്കിക്കൊണ്ടു വരാന്‍ സിദ്ധാര്‍ത്ഥന് കഴിഞ്ഞു. നോവലിന്റെ ഓരോ ഘട്ടത്തിലും നിധിയുടെ രഹസ്യവും ഉറവിടവും അറിയാന്‍ ജിജ്ഞാസുവാണ് സിദ്ധാര്‍ത്ഥനെപ്പോലെ വായനക്കാരനും. മുകിലന്‍ എന്ന മുഗുള യേദ്ധാവ് തിരുവിതാംകൂറിലെ ആക്രമണത്തിനു വിധേയമാക്കിയെങ്കിലും നരകത്തില്‍ പോലും നിലനില്‍ക്കാത്ത തരത്തിലുള്ള തിരുവിതാംകൂറിലെ ദുഷിച്ച ആചാരങ്ങള്‍ നിര്‍ത്തലാക്കുകയും സ്ത്രീകള്‍ക്ക് വസ്ത്രം ധരിക്കാനുള്ള അവകാശം നല്‍കുകയും മുലക്കരവും മറ്റും നിര്‍ത്തലാക്കുകയും ചെയ്തതുകൊണ്ട് തന്നെ വായനയുടെ പലതലങ്ങളിലും മുകിലന്‍ നായകപരിവേഷം നേടുന്നു.

തിരുവിതാംകൂറില്‍ നിലനിന്നിരുന്ന അനാചാരങ്ങളും നാടുവാഴികള്‍ തമ്മിലുള്ള അന്ത:ച്ഛിദ്രങ്ങളും ചതിയിലും വഞ്ചനയിലും പരസ്പരം കൊന്നുതള്ളുന്ന രാജരക്തത്തിന്റെ കൂസലില്ലായ്മയും ഭൂതകാലത്തിന്റെ സാംസ്കാരികപ്പെരുമകളെ തച്ചുടക്കാന്‍ പോന്നവയാണ്.

നോവലിന്റെ ആഖ്യാന സീമകള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കേണ്ടവയല്ല സിദ്ധാര്‍ത്ഥന്‍ കണ്ടെത്തുന്ന ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ എന്നു പലതവണ ബോധ്യപ്പെടലുകള്‍ ഉണ്ടാകുമ്പോള്‍ കഥയും ചരിത്രയും സത്യവും മാറി മാറി ആശയസംവേദനത്തിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിക്കുന്നു. മുകിലന്റെ പടയോട്ട ചരിത്രങ്ങളും സംഭവ പരമ്പരകളും കണ്‍മുന്നില്‍ എന്ന പോലെ അരങ്ങേറുമ്പോള്‍ നോവലിന്റെ ആഖ്യാനമികവും അവതരണശൈലിയും അഭിനന്ദിക്കപ്പെടേണ്ടതു തന്നെയാകുന്നു.

മേഘക്കീറുകള്‍ക്കപ്പുറത്ത് നിന്ന് മുകിലനും കേരളവര്‍മ്മയും ഖുറൈഷിയും ഒക്കെ പറന്നിറങ്ങി സിദ്ധാര്‍ത്ഥന്റെ അബോധമണ്ഡലങ്ങളില്‍ ജ്ഞാനത്തിന്റെ നുറുങ്ങുകള്‍ വാരി വിതറി മടങ്ങുമ്പോഴോ, ആറാട്ടമ്മയുടെ ഏലാപ്പുറങ്ങളില്‍ വിഹരിക്കുന്ന പേയും പിശാചും മറുതയും രാത്രിപോക്കുകള്‍ നടത്തുമ്പോഴോ ഫാന്റസിയുടെ അപരിചിതത്വമല്ല; വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും നൈരന്തര്യം തലമുറകളിലൂടെ പകരുന്ന ചില ധാര്‍മ്മികതകളെയെങ്കിലും അവശേഷിപ്പിക്കുകയാണ് ചെയ്യുന്നത്. മുകിലന്റെ നിധി പേടകം മാത്രമല്ല സിദ്ധാര്‍ത്ഥന്‍ കണ്ടെടുക്കുന്നത്; പ്രാദേശിക ചരിത്രത്തിന്റെ, തിരുവിതാംകൂര്‍ ചരിത്രത്തിന്റെ, വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ, മതമൈത്രിയുടെ നിധി ശേഖരങ്ങള്‍കൂടി അന്വേഷിച്ചു കണ്ടെത്തുന്നുണ്ട്. മുകിലന്‍ എന്ന നോവലിനെ കുറിച്ച് വളരെ ചെറിയ ഒരു പരിചയപ്പെടുത്തല്‍ മാത്രമേ ആകുന്നുള്ളൂ ഇത്. ചരിത്രവും കഥയും ഇഴചേര്‍ന്ന ഈ ആഖ്യാനരൂപത്തില്‍ പഠനസാധ്യതകളും ചര്‍ച്ചാ വിഷയങ്ങളും വരാനിരിക്കുന്നേയുള്ളൂ എന്നത് സുനിശ്ചിതമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

കടപ്പാട്- wtplive

Comments are closed.