DCBOOKS
Malayalam News Literature Website

മുകിലൻ: കുറഞ്ഞൊരു ചരിത്രകാലത്തിൽ ഉണ്ടായ വലിയ സംഭവപരമ്പരകളുടെ ചുരുളഴിക്കുന്ന ചരിത്രനോവൽ!

ഡോ. ദീപു പി കുറുപ്പിന്റെ ‘മുകിലന്‍‘  എന്ന ഏറ്റവും പുതിയ നോവലിന് രമ്യ ആർ പിള്ള എഴുതിയ വായനാനുഭവം.

ജയിക്കുന്നവരുടെ മാത്രം ഇടമാണ് ചരിത്രം എന്ന പരമ്പരാഗതമായ ചൊല്ലിനുള്ള ശക്തമായ മറുപടിയാണ് ദീപു.പി യുടെ മുകിലൻ എന്ന നോവൽ. അല്ലെങ്കിൽ വേണാട് ആക്രമിച്ച ഒരു മുഗൾ യുദ്ധപ്രഭുവിനെ കേന്ദ്രകഥാപാത്രമാക്കി ഇങ്ങനെ ഒരു നോവൽ സൃഷ്ടിക്കപ്പെടുമായിരുന്നില്ല. മുകിലൻ്റ നിധി അന്വേഷിച്ചു പോകുന്ന നോവലിലെ ആഖ്യാതാവ് ആയ സിദ്ധാർത്ഥൻ അവസാനം എത്തുന്നത് ശ്രീപത്മനാഭൻ്റെ ബി-നിലവറയിലേക്കാണ്.

മുകിലൻമാരുടെ കയ്യിൽ നിന്നും ആക്രമണത്തിലൂടെ കേരളവർമ്മയും ഉമയമ്മറാണിയും ചേർന്ന് സ്വന്തമാക്കിയ സ്വത്താണോ ബി-നിലവറയിൽ ഉള്ളത് എന്നാണ് നോവലിസ്റ്റ് അന്വേഷിക്കുന്നത്. ചരിത്രത്തെ വളച്ചൊടിക്കാൻ നോവലിസ്റ്റ് ഒട്ടുംതന്നെ ശ്രമിക്കുന്നില്ല എന്നതിൻറെ തെളിവാണ് സിദ്ധാർത്ഥൻ്റെ ഭാവനാ കൽപനകൾ ആയി നോവലിനെ രൂപപ്പെടുത്തിയിരിക്കുന്നതിലൂടെ വ്യക്തമാകുന്നത്.

‘ആത്മജ്ഞാനത്തിൻ്റെ ബീജങ്ങൾ’ തൊട്ട് പരിസമാപ്തിയുടെ മനോസ്ഥലികൾ’ വരെ 23 അധ്യായങ്ങളിലൂടെ മുകിലൻ കടന്നുപോകുന്നു. പുളിയഴങ്ങത്തെ മുത്തശ്ശി, പൊന്നറ മുത്തി, ഏറത്തെ പൊന്നറത്ത തുടങ്ങിയവരുടെ കഥകൾ കേട്ട് വളർന്ന സിദ്ധാർത്ഥൻ തൻ്റെ Textഅന്വേഷണം ഗവേഷണ വിദ്യാർത്ഥിയായി കഴിഞ്ഞിട്ടും നിർത്തിയില്ല. ഈ അന്വേഷണങ്ങളുടെ ആകെത്തുകയാണ് മുകിലൻ എന്ന നോവൽ.

പണ്ട് കാലത്ത് ഭൂമി കുഴിക്കുമ്പോൾ അമൂല്യ നിധികൾ പലതും കണ്ടെടുത്തിട്ടുണ്ട്. പിന്നീടത് പുരാവസ്തു ഗവേഷകരുടെ മാത്രം ഇടമാകുന്നു. ‘Dont Cross-Prohibited area’ എന്ന ബോർഡിനാൽ പുറത്താക്കപ്പെടുന്ന സാധാരണക്കാരുടെ ജീവിതം പിന്നീട് ആരും അന്വേഷിക്കുന്നില്ല. ആകെയുള്ള മണ്ണിൽ വീടോ കിണറോ കുത്തുന്നതിലൂടെ നഷ്ടം നേരിടേണ്ടി വരുന്ന സാധാരണക്കാരുടെ മനസ്സ് ഈ നോവൽ വരച്ച് കാട്ടുന്നു. മതസൗഹാർദ്ദത്തിൻ്റെ ഒരു ചുവരെഴുത്തു കൂടിയായി മുകിലൻ മാറുന്നുണ്ട്.

തങ്ങളുപള്ളിയും തിരുവാറാട്ടമ്മയും സഹോദരങ്ങളായിരുന്ന നാടായിരുന്നു സിദ്ധാർത്ഥൻ്റേത്. ‘സൂഫിസത്തിൻ്റെ ഹൃദയ വിശാലതയും അദ്വൈതത്തിൻ്റെ ഏകതാനതയും ഒരു പോലെ ഇവിടുത്തെ ഹിന്ദുമുസ്ലീങ്ങൾ വച്ചുപുലർത്തി. എല്ലാ മലയാളമാസം ഒന്നാം തീയതിയും ഇവിടുത്തെ ഹിന്ദുക്കൾ ക്ഷേത്രത്തിൽ പോയതിനു ശേഷം അതേ പവിത്രതയോടെയും ഭക്തിയോടെയും തങ്ങളു പള്ളിയുടെ മക്ബറയിലും’ ചെന്ന് വണങ്ങാൻ അവിടുത്തുകാർക്ക് സാധിച്ചത് മതസൗഹാർദ്ദത്തിൻ്റെ തെളിവാണ്. മിത്തിൻ്റെ പരിവേഷവും മുകിലനിൽ കാണാൻ കഴിയും. ‘കൊയ്തൊഴിഞ്ഞ പാടത്ത് ദേവീ സാന്നിധ്യമില്ലാതാകുമ്പോൾ മാത്രമാണ് അറവലക്ക് തേർവാഴ്ച്ച നടത്താൻ പറ്റുക. നെല്ലു വിളഞ്ഞു കിടക്കുമ്പോൾ അതുവഴിയെങ്ങാനും ഓടിയാൽ ചൂരലുമായി നിൽക്കുന്ന തമ്പുരാട്ടി പന്തം വലിച്ചു പിടിച്ചെറിഞ്ഞ് അറവലയുടെ ചെവിക്കു പിടിച്ചുയർത്തി ചന്തിയടിച്ചു പൊട്ടിക്കും’ എന്നായിരുന്നു അവിടുത്തുകാരുടെ വിശ്വാസം.

നാട്ടുകാരെ ഭയപ്പെടുത്താൻ വേണ്ടി സ്വയം അറവലയായി മാറിയ ഉമ്മറു കാക്കയുടെ കഥയിലൂടെ മിത്ത് എന്നതിനെ വിശ്വാസത്തിൻ്റെ ഊട്ടുറപ്പിക്കലായി മാറ്റുന്നു. ചില അന്ധവിശ്വാസങ്ങൾ മനുഷ്യൻ്റെ നന്മക്കായി സൃഷ്ടിക്കപ്പെട്ടവയാണല്ലൊ. ഇത്തരം പേടികൾ തന്നെയാണ് പലരെയും തെറ്റിൽനിന്ന് പുറകോട്ട് നയിക്കുന്നത്. ചോറ് തന്ന നാടിനെ തള്ളിപ്പറയുന്ന ചില പ്രവാസികളുടെ വികലമായ സ്വഭാവത്തെ ശശാങ്കൻ പിള്ള എന്ന കഥാപാത്രത്തിലൂടെ നോവലിസ്റ്റ് വിമർശിക്കുന്നുണ്ട്.

നാട് വിട്ടാൽ ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനികളെന്നോ വിവേചനമില്ലാതെ ഒത്തൊരുമയോടെ സ്നേഹിക്കുന്ന, പരസ്പരം പ്രയാസങ്ങൾ കണ്ടറിഞ്ഞ് സഹായിക്കുന്ന കേരള ജനതയെ ഈ നോവലിൽ കാണാൻ കഴിയുന്നു. കൂടെയുണ്ടാകും എന്ന് നാം വിചാരിക്കുന്ന ആരുമാകില്ല ഒരു പ്രശ്നമുണ്ടാകുമ്പോൾ നമ്മുടെ കൂടെയുണ്ടാകുന്നത് എന്ന് ശശാങ്കൻ പിള്ള, അബ്ദുള്ള, ശ്രീകണ്ഠൻ നായർ, സുഗുണൻ തുടങ്ങിയ കഥാപാത്രത്തിലൂടെ നമുക്ക് വായിക്കാൻ കഴിയും.

തേങ്ങയും കപ്പയും മോഷ്ടിച്ചവരിൽ പോലും ചിത്രവധം എന്ന ക്രൂരമായ പീഡനമുറ അവലമ്പിച്ചിരുന്നു എന്നത് കഴിഞ്ഞുപോയ നമ്മുടെ ഭരണവ്യവസ്ഥ എത്ര ഭീകരമായിരുന്നു എന്ന വസ്തുതയെ ഓർമ്മപ്പെടുത്തുന്നു. അതിനെ ഇന്നത്തെ സാമൂഹികാവസ്‌ഥയുമായി താരതമ്യം ചെയ്തുള്ള നിരീക്ഷണം വായനയെ മറ്റൊരു ചിന്തയിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇങ്ങനെ മുകിലൻ്റെ നിധി തേടിയുള്ള വായന നമ്മെ ചരിത്രത്തിൻ്റെ വിവിധ തലങ്ങളിലേക്ക് ബോധപൂർവ്വമായ ഒരു യാത്രയ്ക്ക് പ്രേരിപ്പിക്കുന്നു. മൊത്തത്തിൽ മികച്ച വായനാനുഭവം തന്നെയാണ് മുകിലൻ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.