DCBOOKS
Malayalam News Literature Website

സ്ത്രീയുടെ അര്‍ത്ഥശാസ്ത്രം

ഗോപകുമാര്‍

കൗടില്യന്റെ സ്ത്രീ അധികാരത്തെ സ്വാധീനിക്കാന്‍ കഴിയുന്ന, അധികാരത്തെ സൃഷ്ടിക്കാന്‍ കഴിയുന്ന സമൂഹങ്ങളുടെ ചിന്തകളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും അസ്വസ്ഥപ്പെടുത്തുന്നില്ല. അവിടെ അധികാരത്തിന്റെ ഭാഗത്തുനിന്നുള്ള സമരസപ്പെടലിലാണ് സ്ത്രീ രൂപപ്പെടുന്നത്. സ്ത്രീയില്‍ സംഭവിക്കുന്ന യാന്ത്രികതയും സ്ത്രീയുടെ മേലുള്ള ചൂഷണവും സ്ത്രീയിലെ സാമ്പത്തികസ്രോതസ്സും ഇത്തരത്തിലുള്ള അധികാരത്തിന്റെ ബോധപൂര്‍വ്വമായ ചിന്തയില്‍ രൂപപ്പെടുന്നു. അധികാരം എവിടെയൊക്കെ സ്പര്‍ശിക്കുന്നുവോ അവിടെയൊക്കെ അധികാരത്തിന്റേതായ ഉപകരണത്തിന്റെ ശബ്ദമാണ് പിന്നീട് കേള്‍ക്കുക. അര്‍ത്ഥശാസ്ത്രത്തിലെ സ്ത്രീയുടെ ശബ്ദത്തിലും അതാണ് കേള്‍ക്കുന്നത്.

ലോകത്തിനു മുമ്പാകെ ഭാരതം സമര്‍പ്പിച്ച ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളിലൊന്നായി കൗടില്യന്‍ എഴുതിയ ‘അര്‍ത്ഥശാസ്ത്രം’ അറിയപ്പെടുന്നു. എന്നും എവിടെയും ഏതു സമൂഹവും അധികാരത്തിന്റെയും അധികാരം സൃഷ്ടിച്ച നിയമാവലിയുടെയും ചട്ടക്കൂടിനുള്ളില്‍ സഞ്ചരിക്കുന്നുയെന്ന യാഥാര്‍ത്ഥ്യം, മനുഷ്യവതിയായ ഭൂമിയുടെ ലബ്ധിക്കും പാലനത്തിനും ഉപായമായിട്ടുള്ള ശാസ്ത്രമായ അര്‍ത്ഥശാസ്ത്രത്തെ എന്തിനും മേലെ പ്രതിഷ്ഠിക്കുന്നു. അര്‍ത്ഥശാസ്ത്രം ഒരു പുരാതന ഗ്രന്ഥമാണ്. പുരാതനസമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ ഗ്രന്ഥം. അത് മനുഷ്യവര്‍ഗ്ഗത്തിന്റെ അധികാരശബ്ദവും അവയുടെ പ്രയോഗവുമാണ്. അതുകൊണ്ടുതന്നെ, അത് എഴുതിയ കാലത്തിന്റെ പ്രതിഫലനമാവുമ്പോഴും, മനുഷ്യസമൂഹത്തിന്റെ കാലാതീതമായ ആവശ്യങ്ങളുടെയും അവയുടെ പ്രയോഗസാധ്യതകളുടെയും കൃത്യമായ വിലയിരുത്തലും അതില്‍ കാണാന്‍ കഴിയും. ആ അര്‍ത്ഥത്തില്‍ അര്‍ത്ഥശാസ്ത്രത്തിന് കാലാതീതമായ പ്രസക്തിയുണ്ട്.

ഇന്ത്യയില്‍ ആദ്യമായി സാമ്രാജ്യത്വഭരണത്തെ സ്ഥാപിച്ച മൗര്യസാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയെന്ന സ്ഥാനത്തു മാത്രമൊതുങ്ങി നില്‍ക്കുന്ന വ്യക്തിയല്ല Pachakuthira July 2021കൗടില്യന്‍. മൗര്യസാമ്രാജ്യസ്ഥാപനത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായ കൗടില്യന്‍ സാമ്രാജ്യത്വത്തിന്റെനിലനില്പും വളര്‍ച്ചയും ലക്ഷ്യമാക്കുന്ന ഉത്തരവാദിത്വവും നിര്‍വഹിച്ച വ്യക്തിയാണ്. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അര്‍ത്ഥശാസ്ത്രം എഴുതുന്നത്. അര്‍ത്ഥശാസ്ത്രം സാമ്രാജ്യത്വത്തിന്റെ ഭരണഘടനയാണ്. സാമ്രാജ്യത്വത്തിന്റെ നിലനില്പിനും വളര്‍ച്ചയ്ക്കും ആധാരമായ യാന്ത്രികമായ അധികാരകേന്ദ്രീകരണം, സമ്പത്ത്, ചൂഷണാധിഷ്ഠിത ബലപ്രയോഗം എന്നീ ഘടകങ്ങളും അവയുടെ പ്രവര്‍ത്തന സാധ്യതയ്ക്കുവേണ്ടിയുള്ള സാമൂഹിക സംരക്ഷണവും അടിസ്ഥാന ശിലകളാക്കി നിര്‍മ്മിക്കപ്പെട്ടതാണ്. സമൂഹത്തിലെ ഏതൊരു വിഷയത്തെയും ആ വീക്ഷണത്തിലൂടെയാണ് അര്‍ത്ഥശാസ്ത്രം സമീപിക്കുന്നത്.
സ്ത്രീയെന്ന വിഷയത്തിലും അതാണ് സംഭവിച്ചത്.

സ്ത്രീയെ, അവളുടെ ജീവിതത്തെ, വിലയിരുത്തുന്നത്-അവളെ നിലനിര്‍ത്തുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന്-തികച്ചും യാന്ത്രികവും സാമ്പത്തികവും ചൂഷണപരവുമായ ശാസ്ത്രാധിഷ്ഠിത ചട്ടക്കൂടിനുള്ളിലൂടെ കൗടില്യന്‍ കാണുമ്പോള്‍ അതില്‍ അല്പവും കാല്പനികത സംഭവിക്കുന്നില്ല. അതുമാത്രമല്ല, അധികാരത്തിന്റെ പരുക്കന്‍ സ്പര്‍ശനം അവയിലുടനീളം പ്രതിഫലിക്കുകയും ചെയ്യുന്നു. അധികാരത്തിന്റെ യാന്ത്രികത എങ്ങനെയാണ് സ്ത്രീയെ സമീപിക്കുന്നതെന്ന് കൗടില്യന്‍ കാണിച്ചുതരുന്നു. സാമ്രാജ്യത്വത്തെ സ്വാഭാവികനിര്‍മ്മിതിയായി തുറന്നു വെക്കുകയല്ല ചെയ്തത്. കൃത്യതയാര്‍ന്ന ചിന്തയുടെ ബലപ്രയോഗവും ആ ബലപ്രയോഗത്തില്‍ രൂപപ്പെടുന്ന കൃത്യതയാര്‍ന്നപ്രവൃത്തിയും ചേര്‍ന്നുള്ള ബോധപൂര്‍വ്വമായ നിര്‍മ്മിതി. അത് ധാരാളം അടഞ്ഞ വാതിലുകള്‍ക്കുള്ളിലാണ് നിര്‍മ്മിക്കപ്പെട്ടത്. അവിടെ രാജാവും പ്രജയും സ്ത്രീയും പുരുഷനും വസ്തുവും വസ്തുതകളും വ്യക്തതയുള്ള വൃത്തത്തിനുള്ളിലെ യാന്ത്രികരൂപങ്ങളായിട്ടാണ് നിലനില്‍ക്കുന്നത്.

രാജാവ് സര്‍വ്വാധികാരിയാവുമ്പോഴും സര്‍വ്വസ്വാതന്ത്ര്യവും ഉപയോഗിക്കാന്‍ കഴിയാത്ത വ്യക്തിയായി പരിമിതപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. അത് രാജാവെന്ന വ്യക്തിത്വത്തിന്റെ ഉത്തരവാദിത്വങ്ങളെ നിര്‍മ്മിക്കുന്ന നിയന്ത്രിതാവസ്ഥയാണ്. കാമം, ക്രോധം, ലോഭം, മാനം, മദം, ഹര്‍ഷം എന്നിവയുടെ ത്യാഗത്തിലൂടെ ഇന്ദ്രിയജയം നേടിയവനാണ് രാജാവ്. പരസ്ത്രീയെയും പരദ്രവ്യത്തെയും പരഹിംസയെയും പരിത്യജിച്ചവന്‍. രാജപുത്രനായിട്ടിരിക്കുമ്പോള്‍തന്നെ അതിനുള്ള പരിശീലനം ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് അശുചികളും ആര്യവ്യഞ്ജനകളുമായ സ്ത്രീകളെക്കൊണ്ട് രാജപുത്രന്മാരെ രാത്രികാലത്ത് ശൂന്യഗൃഹത്തില്‍വെച്ച് ഭയപ്പെടുത്തി പരസ്ത്രീ താത്പര്യത്തില്‍നിന്ന് മോചിതരാക്കണമെന്ന് പറഞ്ഞുവെച്ചത്. രാജാവിന്റെ ബന്ധങ്ങള്‍ക്കോ താത്പര്യങ്ങള്‍ക്കോ അപ്പുറത്ത് അപകടരഹിതമായ അവസ്ഥയില്‍ രാജാവിനെ നിലനിര്‍ത്തുന്നതിലാണ് അര്‍ത്ഥശാസ്ത്രം പ്രാമുഖ്യം കൊടുക്കുന്നത്. അതുകൊണ്ടുതന്നെ രാജാവിന്റെ പരിസരപ്രദേശങ്ങളില്‍ സ്ത്രീ എപ്പോഴും സംശയിക്കപ്പെടുന്നു. അത് രാജാവിന്റെ ഭാര്യയാണെങ്കില്‍ക്കൂടി. ഒരു ദേവിയെയും രാജാവ് അങ്ങോട്ട് ചെന്നു കാണരുതെന്നും അന്തര്‍ഗൃഹത്തില്‍ വെച്ച് വൃദ്ധപരിചാരിക ദേവിയെ പരിശോധിച്ചതിനു ശേഷമേ രാജാവ് ദേവിയെ കാണാവുയെന്നും പറയുന്നത് അതാണ് കാണിക്കുന്നത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജൂലൈ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ  ലക്കം ലഭ്യമാണ്‌

Comments are closed.