DCBOOKS
Malayalam News Literature Website

മൃഗയ: കേരളത്തിന്റെ നായാട്ടുചരിത്രം

വിനില്‍ പോള്‍

ഈ പുസ്തകം കേരളത്തിലെ നായാട്ടിന്റെ ചരിത്രം പറയാനുള്ള ശ്രമമാണ് നടത്തുന്നത്. ഒരു ചരിത്രവിദ്യാര്‍ത്ഥിയെന്ന നിലയിലുള്ള ഒരു സാഹസികതയാണ് ഈ പുസ്തകമെന്ന് ആദ്യമേതന്നെ പറയട്ടെ. മൃഗവേട്ടയുമായി ബന്ധപ്പെട്ട് സമ്പന്നമായ സാഹിത്യ-സാമൂഹിക രേഖകള്‍ സ്വന്തമായുള്ള ഒരു നാടാണ് കേരളം. മലയാള ഭാഷയില്‍തന്നെ നിരവധി തലങ്ങളിലും രൂപങ്ങളിലും എഴുതപ്പെട്ട ഒന്നാണ് നായാട്ടനുഭവങ്ങള്‍. ആചാര-അനുഷ്ഠാന വിവരണങ്ങള്‍, സാഹിത്യമെന്ന നിലയില്‍ കഥകളിലും നോവലുകളിലും വിവരിക്കപ്പെട്ടവ, ആത്മകഥാഖ്യാനങ്ങള്‍, പത്ര-ആനുകാലിക വാര്‍ത്തകള്‍ തുടങ്ങി ഗവേഷകരെ സംബന്ധിച്ചു വ്യത്യസ്ത വീക്ഷണങ്ങള്‍ക്ക് സാധ്യത നല്‍കുന്ന തദ്ദേശീയ ഉപാദാനങ്ങള്‍ ഒരു ഭാഗത്തുണ്ട്. മറുഭാഗത്താകട്ടെ കൊളോണിയല്‍ ഉദ്യോഗസ്ഥരുടെയും മിഷനറിപ്രവര്‍ത്തകരുടെയും എഴുത്തുകള്‍ ഏതൊരു ദേശത്തെയുംപോലെ കേരളത്തിലെ നായാട്ടിനെ കണ്ടെടുക്കുന്നതിനു സഹായകമായ മറ്റൊരു സ്രോതസ്സാണ്. കുടിയേറ്റ-തോട്ടം മേഖലകളാണ് നായാട്ടനുഭവങ്ങളുടെ ഫീല്‍ഡ്‌വര്‍ക്ക് സാധ്യമാക്കുന്ന മേഖല അല്ലെങ്കില്‍ വാമൊഴിശേഖരം എന്നും പറയാന്‍ സാധിക്കും. ഇങ്ങനെ വ്യത്യസ്ത ആഖ്യാനങ്ങള്‍ക്ക് സാധ്യതയുള്ള ഈ മേഖലയില്‍ മലയാളി ഗവേഷകര്‍ വലിയ നിശ്ശബ്ദതയാണ് നിലനിര്‍ത്തുന്നത്. നായാട്ടിന്റെ ചരിത്രരചനയ്ക്ക് വേണ്ടത്ര സോഴ്‌സുകള്‍ ഇല്ലെന്ന ആരോപണം ചരിത്രഗവേഷകര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും സാഹിത്യഗവേഷകരുടെ മൗനത്തിന് കാരണം വ്യക്തമല്ല. ഈ നിശ്ശബ്ദതയെ ഭേദിക്കാനുള്ള ചെറിയ ഒരു ശ്രമമാണ് ഈ പുസ്തകം. നായാട്ടുചരിത്രവുമായി ബന്ധപ്പട്ടു മലയാളത്തില്‍ ചുരുക്കം ചില ലേഖനങ്ങള്‍ മാത്രമാണ് കാണാന്‍ സാധിക്കുന്നത്. അതൊരുപക്ഷേ, എന്റെ ഗവേഷണ അന്വേഷണത്തിന്റെ പരിമിതിയാകാം. ചിലപ്പോള്‍ പൂര്‍ണ്ണമായും തെറ്റാകാം. എന്തായാലും ഇത്തരം ഒരു നിഗമനത്തിലാണ് ഒരു ചരിത്രവിദ്യാര്‍ഥിയെന്ന നിലയില്‍ ഇങ്ങനെ ഒരു പുസ്തകമെന്ന സാഹസികതയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നത്. കൃത്യമായ ഒരു ഗവേഷണചോദ്യത്തെ Textഉന്നയിച്ചുകൊണ്ടല്ല ഈ പുസ്തകം വികസിക്കുന്നത് എന്നുകൂടി ആമുഖമായി ഓര്‍മ്മിപ്പിക്കട്ടെ. അധിനിവേശകാല കാഴ്ചകള്‍ എന്നത് ഈ പുസ്തകത്തിന്റെ ഒരു ലക്ഷ്യമായി കണക്കാക്കാവുന്നതാണ്. വലിയ സൈദ്ധാന്തിക പിന്‍ബലവുംകടുത്ത വിശകലനങ്ങളുമില്ലാതെ ചില ഭൂതകാല സംഭവങ്ങളെ അവതരിപ്പിക്കുക എന്നതും ചരിത്രരചനയുടെ ഭാഗമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

കേരളത്തില്‍ സംഘം ചേര്‍ന്നു കാടിനുള്ളില്‍ നടത്തുന്ന വേട്ടകളിലെ അംഗങ്ങള്‍ക്ക് നായാട്ടുപണ്ടങ്ങളുടെ ഓരോ ഭാഗങ്ങളുടെ വിഹിതം-ദൈവങ്ങള്‍ ഉള്‍പ്പെടെ-ആര്‍ക്കെല്ലാമാണെന്നതിനെ സംബന്ധിച്ചു വ്യവസ്ഥയുണ്ട്. അത് അവര്‍ കൃത്യമായി പാലിച്ചിരുന്നു. എന്തായാലും എന്റെ നായാട്ടിന് സഹായങ്ങള്‍ ചെയ്തുതന്നവരുടെ പങ്ക് കൃത്യമായിത്തന്നെ വീതം വയ്ക്കുകയാണ്. അതിന് മുന്‍പ് ഞാന്‍ നടത്തിയ നായാട്ടിന്റെ സാഹചര്യംകൂടി ഒന്ന് പറയട്ടെ. എന്റെ പിഎച്ച്.ഡി. ഗവേഷണത്തില്‍ കോട്ടയം ജില്ലയിലെ മുണ്ടക്കയം മേഖലയെ ഞാന്‍ അന്വേഷിച്ചിരുന്നു. ഒളിച്ചോടിയെത്തിയ പുലയ അടിമകള്‍ ധാരാളമുള്ള സ്ഥലമായിരുന്നു മുണ്ടക്കയം. മാത്രമല്ല സി.എം.എസ് മിഷനറിമാര്‍ സജീവമായി അവിടെ പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. എന്തായാലും മുണ്ടക്കയവുമായുള്ള അന്വേഷണത്തിലാണ് അവിടെ നടന്ന ചില നായാട്ടനുഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 1949 മാര്‍ച്ച് 20 മുതല്‍ 1950 ജനുവരി 15 വരെ വിവിധ ലക്കങ്ങളിലായി പൂര്‍ത്തിയാക്കിയ ശിവദാസമേനോന്റ നായാട്ടുചരിത്രവും കാണാന്‍ ഇടയായി. സുഹൃത്ത് സൈദലവി പി.സി. മാതൃഭൂമിയിലെ പരമ്പരയെക്കുറിച്ച് മുന്‍പ് സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. എന്തായാലും നായാട്ടിന്റെ ചരിത്രം അന്വേഷിക്കാന്‍ തുടങ്ങുകയും മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 2021 ജനുവരിയില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയും ചെയ്തു. ലേഖനം വികസിപ്പിച്ചുകൊണ്ട് നായാട്ടിന്റെ ചരിത്രപുസ്തകം എന്ന ആലോചനയിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നതിനു പിന്നില്‍ മാതൃഭൂമി അഴ്ചപ്പതിപ്പിലെ പി.കെ. ശ്രീകുമാറിനു കാര്യമായ പങ്കുണ്ട്. അതോടൊപ്പം നിരവധി ആളുകളുടെ സഹായവും എനിക്ക് ലഭിച്ചിട്ടുണ്ട്. ജി. ഉഷാകുമാരി, കെ.ടി. റാം മോഹന്‍, ജെയിംസ് സഖറിയാസ്, ഇ.കെ. പ്രേംകുമാര്‍, അമൃത് എം., സുരേഷ് പി.എസ്., റീജാ വിദ്യാധരന്‍, ജിബിന്‍ കുര്യന്‍, മാത്യു ആന്റണി തുടങ്ങിയവരും പ്രിയപ്പെട്ട സുഹൃത്തുക്കളായ നിധീഷ് സുന്ദറും അഭിജിത് എ.യുമെല്ലാം എന്റെ ഈ വേട്ടയില്‍ നിരവധി സഹായങ്ങള്‍ ചെയ്തുതന്നവരാണ്. ഇങ്ങനെ ഒരു പുസ്തകം സാധ്യമാകുന്നതിന് പിന്നില്‍ ഏറ്റവും വലിയ പിന്തുണയും സ്‌നേഹവും നല്‍കിയ വ്യക്തി അല്ലെങ്കില്‍ ഈ നായാട്ടിലെ പ്രധാനപങ്കാളിയായിരുന്നത് പ്രിയപ്പെട്ട സുനില്‍ സെബാസ്റ്റ്യന്‍ സാറാണ്. രശ്മിയുടെ സഹായങ്ങളും വിലയേറിയതായിരുന്നു. അതോടൊപ്പം ഈ പുസ്തകം പ്രസിദ്ധീകരിക്കുന്ന ഡി സി ബുക്‌സിനോടുള്ള നന്ദിയും സ്‌നേഹവും അറിയിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.