DCBOOKS
Malayalam News Literature Website

പുരാരേഖകളും ചരിത്രവും

വിനില്‍ പോള്‍ / പ്രകാശ് മാരാഹി

അധിനിവേശകേരളത്തിന്റെ പാരിസ്ഥിതികചരിത്രത്തില്‍ സുപ്രധാനമായൊരു പങ്കാണ് നായാട്ടിനുള്ളത്. ബ്രിട്ടീഷുകാരുടെ അധികാരചിഹ്നംകൂടിയായി മൃഗയാവിനോദം മാറുന്നുണ്ട്. വനത്തെ ഉപജീവിച്ച് ഇവിടെ ജീവിച്ചിരുന്ന മനുഷ്യര്‍ കേവല നിലനില്പിനുവേണ്ടി പ്രകൃതിശക്തികളോടെന്നപോലെ മൃഗങ്ങളോടും എതിരിട്ടുവെങ്കില്‍ വിദേശികളുടെ വരവോടുകൂടി അത് എല്ലാം കീഴടക്കി ഭരിക്കുന്ന സാമ്രാജ്യത്വത്തിന്റെ അടയാളമായിമാറി. വനങ്ങളോ മൃഗങ്ങളോ അവരുടെ ഉപഭോഗവസ്തുവും. പ്രഭുക്കന്മാരും അവരുടെ അതിഥികളായ വെള്ളക്കാരും കേരളത്തിലെ കാടുകളില്‍ നടത്തിയ മൃഗയാവിനോദത്തിന്റെ ഭീതിദവും പാരിസ്ഥിതികാഘാതം വരുത്തുന്നതുമായ അധികമാരും അറിയാത്ത ചരിത്രമാണ് കീഴാള ചരിത്രഗവേഷണരംഗത്തു ശ്രദ്ധേയനായ യുവചരിത്രകാരന്‍ വിനില്‍ പോള്‍ തന്റെ ഏറ്റവും പുതിയ പുസ്തകമായ മൃഗയ: കേരളത്തിന്റെ നായാട്ടുചരിത്രത്തിലൂടെ നമുക്ക് പകര്‍ന്നുതരുന്നത്. വേട്ടയുടെ ആധികാരിക തെളിവുകളും നായാട്ടുചിത്രങ്ങളും ഈ കൃതിയെ മൗലികമായൊരു തലത്തിലേക്കുയര്‍ത്തുന്നു.

താങ്കളുടെ ചരിത്രഗവേഷണത്തിന്റെ നാള്‍വഴികള്‍ ഒന്ന് വിവരിക്കാമോ?

ഞാന്‍ ഒരു ചരിത്ര വിദ്യാര്‍ത്ഥിയാണ്. കോട്ടയം സി.എം.എസ് കോളേജില്‍ നിന്നും ചരിത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ ഞാന്‍ എം.എ, എം. ഫില്‍. എന്നീ കോഴ്‌സുകള്‍ പഠിച്ചത് മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ Textസ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്നായിരുന്നു. സോഷ്യല്‍ സയന്‍സസിലെ പഠന കാലയളവില്‍
പ്രൊഫ. സനല്‍ മോഹന്‍, പ്രൊഫ. എസ്. രാജു, പ്രൊഫ. കെ.ടി. റാം മോഹന്‍ തുടങ്ങിയ അധ്യാപകരുടെ ക്ലാസുകളും അവിടത്തെ ജീവിതവും ഗവേഷണത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിന് സഹായകമായി. മാത്രമല്ല ആ കാലയളവില്‍ പ്രൊഫ. സനല്‍ മോഹന്റെ രണ്ട് ഗവേഷണ പ്രോജക്ടുകളില്‍ ഗവേഷക സഹായിയായി ഞാന്‍ ജോലിയും ചെയ്തിരുന്നു. ഈ സമയത്താണ്, അതായത് 2012-ലാണ് ഞാന്‍ ആദ്യമായി ഒരു ലേഖനം എഴുതുന്നത്. അത് സമകാലിക മലയാളം വാരികയില്‍ അച്ചടിച്ച് വന്നിരുന്നു. അതിനുശേഷം കുറെയധികം ലേഖനങ്ങള്‍മുഖ്യധാരാ മാസികകളില്‍ എഴുതുകയുണ്ടായി. 2016-ല്‍ ഞാന്‍ ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ പി.എച്ച്.ഡിക്കായി പോവുകയും 2021-ല്‍ പി.എച്ച്.ഡി. അവാര്‍ഡ് ചെയ്യപ്പെടുകയുമുണ്ടായി. ജെ.എന്‍.യു. കാലത്താണ് ഗവേഷണത്തെ സംബന്ധിച്ച കൂടുതല്‍ ധാരണകള്‍ ഉണ്ടാകുന്നത്.

കേരളത്തില്‍ നിലവിലെ ദലിത് ചരിത്രരചനകള്‍ കൂടുതലും വാമൊഴികളെ ആശ്രയിച്ചുകൊണ്ടാണല്ലോ
വികസിക്കപ്പെടുന്നത്, എന്നാല്‍ താങ്കള്‍ വ്യാപകമായി പുരാരേഖകളാണ് ഉപയോഗിക്കുന്നത്. ഇത്
ഒരു ബോധപൂര്‍വമായ പ്രവര്‍ത്തനമാണോ?

തീര്‍ച്ചയായും, കേരളത്തില്‍ ജനപ്രിയ മേഖലയിലെ ചരിത്രരചന നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്ന്, പലപ്പോഴും അവരുടെ വാമൊഴികള്‍ എഴുതപ്പെട്ട രേഖകളുടെ വിപരീത ദിശയില്‍ സഞ്ചരിക്കുന്നു എന്നുള്ളതാണ്. അതായത് ഞാന്‍ പറയുന്നത്, എഴുതപ്പെട്ടരേഖകള്‍ പൂര്‍ണമായും ശരിയാണ് അതല്ലെങ്കില്‍ അത് മാത്രമാണ് ചരിത്രരചനയുടെ ഉപാദാനം എന്ന അര്‍ത്ഥത്തിലല്ല. മറിച്ച് ചരിത്രമെന്നത് വിജ്ഞാനശാഖയാണെന്ന തിരിച്ചറിവ് ഉണ്ടാകുകയും പരമാവധി പൊരുത്തക്കേടുകള്‍ ഒഴിവാക്കുകയുമാണ് നാം ചെയ്യേണ്ടത് എന്നാണ്. വാമൊഴികളുടെ അതിപ്രസരണം അതിവൈകാരികതയെ മാത്രമാണ് നിര്‍മ്മിക്കുന്നത്, കേരളത്തിലെ ഒരു വിഭാഗം ജനപ്രിയ എഴുത്തുകളുടെ പ്രശ്‌നമാണത്.

താങ്കളുടെ പുതിയ പുസ്തകമായ മൃഗയ: കേരളത്തിന്റെ നായാട്ടുചരിത്രം എഴുതുന്നതിനുള്ള സാഹചര്യം എന്തായിരുന്നു? എന്തായിരുന്നു അതിന്റെ തയ്യാറെടുപ്പുകള്‍?

എന്റ മുഖ്യ ഗവേഷണം കേരളത്തിലെ അടിമത്തത്തിനെക്കുറിച്ചായിരുന്നു. ആ ഗവേഷണ കാലയളവില്‍ ഹൈറേഞ്ച് മേഖലയില്‍ യൂറോപ്യന്‍മാര്‍ ആരംഭിച്ച തോട്ടങ്ങളുടെ ചരിത്രവും മുണ്ടക്കയം എന്ന പ്രദേശത്തിന്റെ
ചരിത്രവും അതിന്റെ പരിധിയില്‍ വന്നിരുന്നു. ആ അന്വേഷണത്തില്‍ വെള്ളക്കാര്‍ കിഴക്കന്‍ മേഖലയില്‍
നടത്തിയ ചില നായാട്ടുകള്‍ എന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. എന്നാല്‍ ബ്രിട്ടീഷ് അധിനിവേശവുമായി ബന്ധപ്പെട്ട് കേരളത്തിലെ നായാട്ട് അനുഭവങ്ങളെ സൂക്ഷ്മതലത്തില്‍ വിശദമാക്കാന്‍ ശ്രമിച്ചവരുടെ എണ്ണം വളരെ
കുറവാണെന്നു വേഗത്തില്‍തന്നെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു. എന്തുകൊണ്ടാകും ഈ മേഖലയില്‍ കാര്യമായ അന്വേഷണങ്ങള്‍ നടക്കാഞ്ഞത്? ഇനി ഇതുമായി ബന്ധപ്പെട്ടസോഴ്‌സുകള്‍ കുറവായിട്ടാണോ
ആരും ഈ മേഖലയില്‍ ഗൗരവമായ പഠനം നടത്താത്തത് തുടങ്ങിയ സംശയങ്ങള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പിന്നീട് ഈ മേഖലയില്‍ കാര്യമായ രീതിയില്‍ ഞാന്‍ അന്വേഷണം തുടങ്ങിയപ്പോള്‍
എനിക്ക് കുറെയധികം തെളിവുകള്‍ ലഭിക്കുകയുണ്ടായി. അങ്ങനെ ഒരു ചരിത്രവിദ്യാര്‍ത്ഥിയെന്ന നിലയില്‍
പ്രാഥമിക വിവരങ്ങള്‍ നല്‍കുന്ന രീതിയിലെങ്കിലും കേരളത്തിന്റെ നായാട്ടുചരിത്രം അടയാളപ്പെടുത്തേണ്ടതാണ് എന്ന് തീരുമാനിച്ചു. അങ്ങനെഒരു ഗവേഷകന്റെ കടമയെന്ന നിലയില്‍ ഈ ചരിത്രം ഞാന്‍ ചെയ്തുതീര്‍ത്തു.

അപ്പോള്‍ കേരളത്തിന്റെ സാഹചര്യത്തില്‍ നായാട്ടിനെ മുന്‍നിര്‍ത്തി അന്വേഷണങ്ങള്‍ ഒന്നുംതന്നെ ഇതേ വരെ ഉണ്ടായിട്ടില്ലേ?

പഠനങ്ങള്‍ ഒന്നുംതന്നെ നടന്നിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ല. അമൃത് എം, മീര അന്നാ ഉമ്മന്‍ തുടങ്ങിയവര്‍
ഈ മേഖലയില്‍ ചില സംഭാവനകള്‍ നല്‍കിയവരാണ്. മലയാള സാഹിത്യത്തില്‍ നായാട്ടുകഥകളും ആത്മകഥകളുമെല്ലാം ലഭ്യമാണെങ്കിലും സാമൂഹിക ചരിത്രമേഖലയില്‍ പഠനങ്ങള്‍ ഒന്നുംതന്നെ കാണുന്നില്ല. അതായത് സാഹിത്യ നിരൂപണ മേഖലയിലും സാമൂഹിക ചരിത്രമേഖലയിലും പഠനങ്ങളുടെ അഭാവം വളരെ വ്യക്തമാണ് കേരളത്തില്‍. കൊളോണിയല്‍ ഇന്ത്യയുടെ സാമൂഹിക ചരിത്ര രചനകളില്‍ മഹേഷ് രംഗരാജന്‍, വിജയ് രാംദാസ് മണ്ടാല തുടങ്ങിയ പണ്ഡിതരുടെ അതിശയിപ്പിക്കുന്ന പഠനങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍അവരുടെ പഠനങ്ങളിലും കേരളം കടന്നുവന്നിരുന്നില്ല.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Comments are closed.