DCBOOKS
Malayalam News Literature Website

എം.പി. വീരേന്ദ്രകുമാര്‍ അന്തരിച്ചു

കോഴിക്കോട്; മുന്‍ കേന്ദ്രമന്ത്രിയും, എംപിയും, സാഹിത്യകാരനും, മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭൗതികശരീരം ഇന്ന് വയനാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം വൈകിട്ട്.

ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. കേരള നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ എഴുത്തുകാരന്‍ കൂടിയാണ് വീരേന്ദ്രകുമാര്‍. രാമന്റെ ദുഃഖം എന്ന അദ്ദേഹത്തിന്റെ കൃതി വളരെ ജനപ്രീതി നേടി. ഹൈമവതഭൂവില്‍ കേന്ദ്ര സാഹിത്യ അക്കാദമി, വയലാര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. മണ്‍വയലിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഗാട്ടും കാണാ ചരടുകളും, ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര, പ്രതിഭയുടെ വേരുകള്‍തേടി, ചങ്ങമ്പുഴ; വിധിയുടെ വേട്ടമൃഗം, തിരിഞ്ഞുനേക്കുമ്പോള്‍ തുടങ്ങിയവയൊക്കെ പ്രധാനകൃതികളാണ്.

എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് കല്പറ്റയില്‍ ജനനം. മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ. ബിരുദവും കരസ്ഥമാക്കി.

Comments are closed.