DCBOOKS
Malayalam News Literature Website

മൂടാടി സ്മാരക പുരസ്‌കാരം കെ എം പ്രമോദിന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 'കൊറിയ ഏസോ കടൂര്‍ കാചി' എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം

വടകര സാഹിത്യവേദി ഏര്‍പ്പെടുത്തിയ മൂടാടി സ്മാരക പുരസ്‌കാരം കെ എം പ്രമോദിന്. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘കൊറിയ ഏസോ കടൂര്‍ കാചി’ എന്ന കവിതാസമാഹാരത്തിനാണ് അംഗീകാരം. 20,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.  ഏപ്രില്‍ രണ്ടിന് വടകരയില്‍ നടത്തുന്ന മൂടാടി അനുസ്മരണ Textസമ്മേളനത്തിൽ പുരസ്കാരം നൽകുമെന്ന് സാഹിത്യവേദി പ്രസിഡന്റ് ഡോ. എ.കെ. രാജന്‍, സെക്രട്ടറി പുറന്തോടത്ത് ഗംഗാധരന്‍, അവാര്‍ഡ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ വീരാന്‍കുട്ടി എന്നിവര്‍ അറിയിച്ചു.

ഒരേ സമയം ചെറുതും വലുതുമാണ് കെ.എം. പ്രമോദിന്റെ പ്രമേയലോകം. ചെറിയ ലോകം വായനയുടെ ഏതു കോണിൽ നിന്നു നോക്കിയാലും കാണാം. അത്യുത്തര കേരളത്തിലൊരിടത്ത് ഇന്നിന്റെ ഓരങ്ങളിലും അരനൂറ്റാണ്ടോളം മുമ്പത്തെ ഓർമ്മകളിലും ‘അനങ്ങാതെ കിടക്കുന്ന’ ഒരു മലയോരഗ്രാമത്തിലെ ഏതാനും മനുഷ്യരും മരങ്ങളും സ്ഥാവരങ്ങളും മാത്രമുള്ള ലോകം. അതിന്റെ കേന്ദ്രത്തിൽ കവിയിലെ വക്താവും മറൂള പോലെ അയാളെയാകെ ചൂഴ്ന്ന് ഒരമ്മമ്മയും അമ്മമ്മയിലൂടെ വൈദ്യുതമാവുന്ന ചില ജൈവ സ്ഥലകാലങ്ങളും. പ്രമോദിന്റെ നോക്കുകോണിലുണ്ട് വൈരുദ്ധ്യങ്ങളുടെ അരേഖീയമായ ഒന്നിച്ചിരിപ്പ്. ലോകവീക്ഷണം, സാമൂഹിക-രാഷ്ട്രീയ നിലപാട് എന്നിത്യാദി പതിവുകൾ അടക്കമുള്ള കവിതയുടെ നിൽപ്പിനെയാണ് ഇവിടെ നോക്കു കോൺ എന്ന് വിശേഷിപ്പിക്കുന്നത്. വൈയക്തികമായ നോട്ടം സാമൂഹികമായ കാഴ്ചയായി പരിവർത്തിക്കപ്പെടുന്ന പരമ്പരാഗത രേഖീയത ആദ്യകാല രാഷ്ട്രീയപ്രമേയാഖ്യാനങ്ങളിൽ കാണാമെങ്കിലും, എഴുത്തിൽ ക്രമേണ തിടംവയ്ക്കുന്ന നിരവധി ആഖ്യാന അടരുകളും പ്രമേയവൈരുദ്ധ്യങ്ങളും ചേർന്ന് കാഴ്ചപ്പലമയുടെ തുറസ്സിലേക്കു വായനയെ സ്വതന്ത്രമാക്കുന്നവയാണ് പ്രമോദിന്റെ രചനകൾ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.