DCBOOKS
Malayalam News Literature Website

ഏകാന്തം വിഷം അമൃതാക്കി: എം എന്‍ കാരശ്ശേരി എഴുതുന്നു

പ്രസംഗങ്ങള്‍, പൗരാവകാശസമരങ്ങള്‍, ചാനല്‍ ചര്‍ച്ചകള്‍ മുതലായ ബദ്ധപ്പാടുകള്‍ക്കിടയില്‍ വീണുകിട്ടിയതാണ് കൊറോണക്കാലം. എല്ലാ നിലയ്ക്കും അവധി. എങ്ങോട്ടും പേകേണ്ട.ആരും ഇങ്ങോട്ടും വരില്ല. കഴിഞ്ഞ ഒന്നരമാസമായി ഞാന്‍ ഗേറ്റിനു പുറത്തിറങ്ങിയിട്ടില്ല.ശരിക്കും വീട്ടുതടങ്കലില്‍ തന്നെ.

ഞാന്‍ ഇത് ശരിക്കും ആസ്വദിക്കുകയാണ്. ധാരാളം ഉറങ്ങുന്നു. യൂട്യൂബില്‍ പഴയ പാട്ടുകളും കവിതകളും കേള്‍ക്കുന്നു. സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും മറ്റും വിശാലമായി ഫോണില്‍ സംസാരിക്കുന്നു.

അപരിചിതരുടെ വിളികളും ധാരാളം. ‘നിങ്ങളെ ഇപ്പോള്‍ ഫോണില്‍ കിട്ടുമല്ലോ’ എന്നാണ് മിക്കവരും സംസാരം തുടങ്ങുന്നത്. വിളിയാളുകളില്‍ ചിലത് എന്നെ അനുമോദിക്കാനാണ്; ചിലത് വിശദീകരണം ചോദിക്കാനാണ്; ചിലത് സംശയം ചോദിക്കാനാണ്; ചിലത് തെറി വിളിക്കാനാണ്. ഇതൊക്കെ എത്രയോ കാലമായി ശീലമായതിനാല്‍ പ്രത്യേകിച്ചൊന്നും തോന്നാറില്ല.

അപൂര്‍വ്വം ചില തെറിവിളികളോട് ‘ഫോണ്‍ വെച്ചിട്ട് പോണെ സാറേ’ എന്നു കടുപ്പിച്ച് പറയേണ്ടിവരും. അവര്‍ മതത്തിനോ, ജാതിക്കോ, പാര്‍ട്ടിക്കോ വേണ്ടി പോരാടുകയാണ്.-ആ പുണ്യപ്രവര്‍ത്തിക്ക് അവര്‍ക്ക് ഇഹലോകത്തോ പരലോകത്തോ ന്യായമായ ‘കൂലി’ കിട്ടും!

ഇതിനിടയില്‍ ഞാന്‍ ചെയ്യുന്ന പ്രധാനപ്പെട്ട പണി ഫെയ്സ് ബുക്ക്, വാട്സാപ്പ്, സ്കൈപ്പ്, സൂം മുതലായ നവമാധ്യമവേദികള്‍ വഴിയുള്ള പ്രസംഗങ്ങളാണ്. ചിലതില്‍ ചോദ്യോത്തരങ്ങളുണ്ടാകും. വീട്ടിലിരിപ്പാണ് എങ്കിലും തിരക്കിന് ഒരു കുറവുമില്ല എന്നു ചുരുക്കം.

ഈ ബഹളങ്ങള്‍ക്കിടയില്‍ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു- ഏതെങ്കിലും പ്രധാനപ്പെട്ട ഒരു കൃതി ഈ അവധിക്കാലത്ത് വായിച്ചുതീര്‍ക്കണം. ഓട്ടത്തിലായതിനാല്‍ വീട്ടില്‍ വാങ്ങിവെച്ച പല വലിയ പുസ്തകങ്ങളും ‘ പിന്നെയാവട്ടെ’ എന്ന അവഗണനയില്‍ പെട്ടു കിടക്കുകയാണ്- പല സുഹൃത്തുക്കളുടേയും വീട്ടില്‍ നടക്കുന്നതുപോലെത്തന്നെ.

അങ്ങനെ ഞാന്‍ ഒരു പുസ്തകം തെരഞ്ഞെടുത്തു-വാല്മീകി രാമായണം. ഡോ. എം. ലീലാവതിയുടെ പരിഭാഷയും വ്യാഖ്യാനവും.(ഡി സി ബുക്സിന്‍റെ മികച്ച പ്രസാധനം. മൂന്നു വാല്യം. ആകെ 3431 പേജ്. നല്ല കടലാസ്, നല്ല അച്ചടി. വില 2500രൂപ)

ദിവസം ചുരുങ്ങിയത് 3-4 മണിക്കൂര്‍ വായിക്കും. അത്യാവശ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ കുറിച്ചുവെയ്ക്കും. എന്തെങ്കിലും എഴുതാനല്ല-മനസ്സിലാക്കാന്‍; ഓര്‍ത്തിരിക്കാന്‍.

വേദങ്ങളിലും ഉപനിഷത്തുക്കളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള സ്ത്രീകഥാപാത്രങ്ങളെ പൂര്‍ണ്ണമായി പരിചയപ്പെടുത്തുന്ന ഭാരതസ്ത്രീ എന്ന ഗംഭീരരചനക്കുശേഷം ലീലാവതി ടീച്ചറില്‍ നിന്ന് മലയാളിക്കുലഭിച്ച പ്രകൃഷ്ടകൃതിയാണ് ഈ രാമായണപരിഭാഷ-നമ്മുടെ സംസ്ക്കാരത്തിന് എണ്ണം പറഞ്ഞ സംഭാവന തന്നെ.

ഞാന്‍ ഈ അവധിക്കാലം മുഴുവന്‍ വാല്മീകി രാമായണത്തിലാണ്; ലീലാവതി ടീച്ചറിനൊപ്പമാണ്.

‘കാവ്യകല’ ഏകാന്തതയാകുന്ന വിഷത്തെ അമൃതാക്കുന്നു എന്നും അത് പാഴാകാശങ്ങളില്‍ അലര്‍വാടി ആരചിക്കുന്നു എന്നും കുമാരനാശാന്‍ പാടുകയുണ്ടായി. അത്തരം ഒരനുഭൂതിയുടെ വേദിയായി ഞാന്‍ ഈ വീട്ടുതടങ്കല്‍ മാറ്റിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ്.

Comments are closed.