DCBOOKS
Malayalam News Literature Website

കൊവിഡ് കാലത്തെ കാൻസർ പരിരക്ഷ

The 13 Most Common Cancers with Statistics

ചൈനയിൽ കോവിഡ് മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഉടനെ തന്നെ കേട്ട ഒരു കാര്യമാണ് കാൻസർ രോഗികൾ വ്യാപകമായി കോവിഡ് ബാധിച്ചു മരിക്കുന്നു എന്ന്. പ്രതിരോധ ശേഷിക്കുറവ് ആണ് കാരണം എന്നും പറയപ്പെട്ടു. പിന്നീട്, ഇന്ത്യ അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാൻഡെമിക് പടർന്നപ്പോൾ, നമ്മുടെ നാട്ടിലെ ചില കാൻസർ രോഗികളിലും ഈ വാർത്ത എത്തി. പൊതുവെ, കാൻസർ രോഗ നിർണ്ണയം നടന്നു കഴിഞ്ഞാൽ പിന്നെ, രോഗിക്കും കുടുംബാംഗങ്ങൾക്കും കടുത്ത സംഘർഷങ്ങളുടെ ദിനങ്ങൾ ആണ്. ഇതിനിടയിൽ ആണ് കൊറോണയുമായി ബന്ധപ്പെട്ട വാർത്തകൾ കേൾക്കുന്നത്. ചികിത്സാവശ്യത്തിനു ആശുപത്രിയിൽ പോവുക എന്നത് ഒഴിവാക്കാൻ ആവുകയുമില്ല. ഈ സാഹചര്യം പലരിലും കടുത്ത പരിഭ്രാന്തി സൃഷ്ടിക്കുകയുണ്ടായി.

♦️ഈ വാർത്തയുടെ യാഥാർഥ്യം എന്താണ്?

ചൈനയിലെ 2020 ഫെബ്രുവരിയിൽ ലഭ്യമായ കണക്കുകൾ വെച്ച്, കാൻസർ രോഗികളിൽ കോവിഡ് മൂലമുള്ള Case Fatality Rate(CFR) 7.6 ശതമാനം ആണ്. സാധാരണ ജനങ്ങളിലെ CFR ആയ 3.8 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് കൂടുതൽ തന്നെ ആണ്. പക്ഷേ, അതി സാധാരണമായ മറ്റു ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർക്ക് കോവിഡ് വന്നാൽ ഉള്ള CFRഉമായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്. ഉദാഹരണത്തിന് ഹൃദയ സംബന്ധമായ അസുഖങ്ങൾ 13.2%, പ്രമേഹം 9.2%, രക്താതിസമ്മർദ്ദം (പ്രഷർ ) 8.4%, ശ്വാസ കോശ രോഗങ്ങൾ 8 % എന്നിങ്ങനെ.

👉ICU അഡ്മിഷന്റെ ആവശ്യകത
👉മരണം ഉൾപ്പെടെ രോഗതീവ്രതയുടെ തോത്
👉അണു ബാധാ നിരക്ക്
എന്നിവ കാൻസർ രോഗികളിൽ സാധാരണ ജനങ്ങളെക്കാൾ കൂടുതൽ ആണ്.
എന്നാൽ, ഏതെങ്കിലും പ്രത്യേക കാൻസറിന് അണുബാധാ നിരക്കോ, മരണ നിരക്കോ കൂടുതൽ ഉണ്ട് എന്നതിന് തെളിവില്ല.

⏩️കാൻസർ രോഗ പരിരക്ഷയിൽ ഏർപ്പെട്ടിരിക്കുന്നവർ നിർബന്ധമായും അതാത് സ്ഥലങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുടെ കോവിഡ് വിഷയത്തിൽ ഉള്ള പൊതു നിർദേശങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കണം.

⏩️പൊതു നിർദേശങ്ങൾക്ക് പുറമെ, കൃത്യമായി കൈ കഴുകേണ്ട രീതികൾ രോഗികളെ പരിശീലിപ്പിച്ചിരിക്കണം.

⏩️ആൾക്കൂട്ടങ്ങളെ ഒഴിവാക്കേണ്ട ആവശ്യകത, രോഗങ്ങൾ ഉള്ളവരുമായി സമ്പർക്കം വരാനുള്ള സാഹചര്യങ്ങൾ തടയേണ്ട ആവശ്യകത എന്നിവ രോഗികളെ പറഞ്ഞു മനസ്സിലാക്കണം.

⏩️പൊതു ജനങ്ങളുമായി സമ്പർക്കം വരാൻ സാധ്യത ഉണ്ടെങ്കിൽ മാസ്ക് ധരിക്കാൻ ആവശ്യപ്പെടണം.

കേരളത്തിൽ ഇന്ന് കോവിഡ് സാമൂഹ്യ വ്യാപനം ഇല്ല. ലോക്ക് ഡൌൺ കഴിഞ്ഞാലോ, കാലാവസ്ഥയിൽ മാറ്റം വന്നാലോ, മറ്റു സാഹചര്യങ്ങൾ മൂലമോ സാമൂഹ്യ വ്യാപനം വന്നാൽ, കാൻസർ ചികിത്സയിൽ ഇത് എങ്ങനെ പ്രതിഫലിക്കും എന്നതുമായി ബന്ധപ്പെട്ട് സാധാരണ ചോദ്യം ഉയരുന്ന ചില മേഖലകൾ സ്പർശിക്കട്ടെ.

🔷കോവിഡ് ടെസ്റ്റിംഗ്

കാൻസർ രോഗികളിൽ എപ്പോൾ കോവിഡ് ടെസ്റ്റ്‌ ചെയ്യണം എന്നതിനെ കുറിച്ച് ഇപ്പോൾ കൃത്യമായ മാർഗനിർദേശങ്ങൾ ഇല്ല. സാമൂഹ്യ വ്യാപനം ഉണ്ടാവുകയും കോവിഡ് ടെസ്റ്റ്‌ വ്യാപകമായി ലഭ്യം ആവുകയും ചെയ്യുന്ന ഒരു സാഹചര്യത്തിൽ, കീമോ തെറാപ്പി ചെയ്യാനുള്ള എല്ലാ രോഗികളും രോഗപ്രതിരോധശക്തി കുറവുള്ള രോഗികൾ എന്ന നിലക്ക് ലക്ഷണങ്ങൾ ഇല്ലെങ്കിലും ടെസ്റ്റിന് വിധേയമാവുന്നത് നന്നായിരിക്കും. (ഇത് ഒരു അഭിപ്രായം മാത്രം ആണ്. ഇന്ത്യയിലെ കാൻസർ രോഗികൾക്ക് ഉള്ള കോവിഡ് മാർഗനിർദേശങ്ങൾ പരിണമിച്ചു വരേണ്ടതുണ്ട്)

🔷കോവിഡ് ബാധിച്ചവരിലെ കാൻസർ ചികിത്സ

രോഗം ബാധിച്ചാൽ, പൂർണ്ണമായും കോവിഡിൽ നിന്ന് വിമുക്തമാവുന്നതു വരെ കാൻസർ ചികിത്സ തുടരുന്നതല്ല.

🔷സർജറി

സാമൂഹ്യ വ്യാപനം വന്നാൽ ഇലെക്റ്റിവ് വിഭാഗത്തിൽ പെടുന്ന സർജറികൾ താൽക്കാലികമായി നിർത്തി വെക്കും. കാൻസർ രോഗികളിൽ ഇലെക്റ്റിവ് /എമർജൻസി എന്നിങ്ങനെ സർജറികളെ തരം തിരിക്കൽ എളുപ്പം അല്ല. സർജറി നീട്ടി വെക്കുന്ന സാഹചര്യത്തിൽ കാൻസർ വളരാതിരിക്കാൻ കീമോ തെറാപ്പി പരിഗണിക്കേണ്ടി വരും, അനുബന്ധമായുള്ള റിസ്കുകൾ കൂടി പരിഗണിച്ച ശേഷം.

🔷റേഡിയേഷൻ

ലക്ഷണങ്ങൾ കുറയ്ക്കാൻ വേണ്ടി മാത്രമുള്ള പാലിയേറ്റീവ് റേഡിയേഷൻ സാമൂഹ്യ വ്യാപനം വന്നാൽ നീട്ടി വെക്കേണ്ടി വരും. നിർബന്ധമുള്ള റേഡിയേഷൻ പോലും, ഫ്രാക്ഷൻ കുറച്ച് ചെറിയ തരം ഷെഡ്യൂളുകളിലേക്കു മാറ്റേണ്ടി വരും. ആശുപതി സന്ദർശനം പരമാവധി കുറയ്ക്കാൻ ശ്രമിക്കും.

🔷കീമോതെറാപ്പി

ഇതു രോഗിയുടെ പ്രതിരോധശേഷി കുറക്കുന്ന ചികിത്സ ആണെങ്കിലും, സാമൂഹ്യ വ്യാപന സാഹചര്യത്തിൽ പോലും നിർത്തി വെക്കാൻ പറ്റില്ല. Maintanance കീമോ പറ്റുമെങ്കിൽ കുറച്ച് നീട്ടി വെക്കാം.ഇന്ജെക്ഷന് പകരം ഗുളിക രൂപത്തിലുള്ള കീമോയിലേക്ക് മാറ്റാൻ പറ്റുമെങ്കിൽ ഇന്ജെക്ഷന് വേണ്ടി ക്ലിനിക് സന്ദർശിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാം, നമ്മുടെ സെന്ററിൽ കോവിഡ് സാമൂഹ്യ വ്യാപനത്തിന്റെ കേന്ദ്രം ആണെങ്കിൽ രണ്ട് ആഴ്ചത്തേക്ക് നീട്ടി വെക്കുകയോ, സാറ്റ്ലൈറ്റ് സെന്ററുകളിലേക്ക്‌ കീമോ മാറ്റുകയോ മറ്റൊരു പ്രദേശത്തെ കാൻസർ സെന്ററിലേക്ക് ചികിത്സ താൽക്കാലികമായി മാറ്റുകയോ ആവാം. വീട്ടിൽ വെച്ച് ഇൻഫ്യൂഷൻ സാധ്യമാവുന്ന കേസുകളിൽ അങ്ങനെ ആവാം, കൗണ്ട് കൂടാൻ ഉള്ള ഇന്ജെക്ഷനും ആന്റിബയോട്ടിക്കുകളും prophylatic ആയും empirical ആയും കൊടുക്കാം (നമ്മൾ ഒരു അസാധാരണ സാഹചര്യത്തെ ആണ് നേരിടുന്നത്, അസാധാരണ രീതിയിൽ കാര്യങ്ങൾ ചെയ്യേണ്ടി വന്നേക്കാം ), കീമോ ഒഴിവാക്കി ഹോർമോൺ തെറാപ്പി പറ്റുന്ന കേസുകളിൽ അങ്ങനെ ആവാം.

🔷മജ്ജ മാറ്റി വെക്കൽ

അടിയന്തിരം അല്ലെങ്കിൽ നീട്ടി വെക്കും. ചെയ്യുകയാണെങ്കിൽ ദാതാവിനെ കോവിഡ് ടെസ്റ്റ്‌ന് വിധേയമാക്കും, സന്ദർശകർക്ക് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവും.

🔷Immunotherapy

ഹോസ്പിറ്റൽ സന്ദർശനം കുറയ്ക്കുന്ന രൂപത്തിൽ ചെയ്യാം. (മാർഗനിർദേശങ്ങൾ പരിണമിച്ചു വരുന്നേ ഉള്ളൂ ).

🔷കാൻസർ രോഗികൾക്ക് കോവിഡിനുള്ള പ്രതിരോധ ആന്റി വൈറൽ മരുന്നുകൾ കൊടുക്കാമോ?

നിലവിൽ കാൻസർ രോഗികൾക്ക് കൊടുക്കുന്നതിനു തെളിവില്ല.

🔷കാൻസർ രോഗികൾക്ക് കോവിഡ് വരാതിരിക്കാൻ പ്രതിരോധ ശേഷി വർദ്ദിപ്പിക്കാനുള്ള മരുന്നുകൾ കൊടുക്കാമോ?

മരുന്നോ മറ്റെന്തെങ്കിലുമോ അങ്ങനെ പ്രതിരോധ ശേഷി വർധിപ്പിക്കും എന്നതിന് തെളിവില്ല, കാൻസർ രോഗിക്ക് കൊടുത്താൽ പ്രയോജനം ഉണ്ടെന്നുള്ളതിനു തെളിവ് ഇല്ല.

🔷കീമോ മൂലം കൗണ്ട് കുറയുന്നവർക്ക് പനി ഉണ്ടായാൽ

കൾച്ചർ ചെയ്യാതെ തന്നെ empirical ആയി ആന്റി ബയോട്ടിക്കുകൾ കൊടുക്കാം. Stable അവസ്ഥയിൽ ആണെങ്കിൽ അഡ്മിറ്റ്‌ ആകുന്നത് ഒഴിവാക്കാം. കൗണ്ട് കുറവ് മൂലമുള്ള പനി വന്നാൽ ജനറൽ ഓ.പീ , കാഷ്വലിറ്റി എന്നിവ വഴി ആശുപത്രിയിൽ വരരുത്. ഫോൺ ചെയ്യുക. കൗണ്ട് കുറയാതിരിക്കാൻ മുൻ‌കൂർ ആയി Filgrastim തുടങ്ങിയ ഇൻജെക്ഷനുകൾ കൊടുക്കാം.

🔷കാൻസർ അനുബന്ധ അനീമിയ /വിളർച്ച യിൽ

കോവിഡ് സാമൂഹ്യ വ്യാപന സമയത്ത് അടിയന്തിരം ആണെങ്കിൽ മാത്രം രക്തം കയറ്റാം . അല്ലെങ്കിൽ Erythropoetin പോലുള്ള ഇൻജെക്ഷൻ കൊടുക്കാം.

🔷കീമോ പോർട്ട് വൃത്തിയാക്കൽ

ഈ സമയത്ത് മൂന്ന് മാസത്തിൽ ഒരിക്കൽ ചെയ്‌താൽ മതിയാവുന്നതാണ്.

🔷മരണമടുത്ത രോഗികളോടും അവരുടെ ബന്ധുക്കളോടും

കൊവിഡ് സാമൂഹ്യ വ്യാപന സമയത്ത് ഉണ്ടാകാവുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ, terminal care എങ്ങനെ വേണമെന്ന് നേരത്തെ ചർച്ച ചെയ്യാം.

🔷കോളോനോസ്കോപി , മാമ്മോഗ്രാം തുടങ്ങിയ സ്ക്രീനിങ് ടെസ്റ്റുകൾ

സാമൂഹ്യ വ്യാപന സമയത്ത് ചെയ്യാതെ നീട്ടി വെക്കാം.
രോഗ നിര്ണയത്തിനും സ്റ്റേജിങ്ങിനും ഉള്ള ടെസ്റ്റുകൾ അടിയന്തിരം ആണോ എന്ന് വിവിധ വിഭാഗം ഡോക്റ്റർമാർ കൂടി ആലോചിച്ച ശേഷം പറ്റുമെങ്കിൽ നീട്ടി വെക്കാം, രോഗിയെ കൗൺസൽ ചെയ്യാം. സ്കാനിങ്, ബയോപ്സി ഒക്കെ വ്യക്തിയുടെ അവസ്ഥ നോക്കി പറ്റുമെങ്കിൽ നീട്ടി വെക്കാം.

🔷രോഗ വിമുക്തരായവരുടെ തുടർ പരിശോധനകൾ

ടെലി മെഡിസിൻ വഴി ആക്കുകയോ നീട്ടി വെക്കുകയോ ചെയ്യാം.

എഴുതിയത് : ഡോ. ഉമറുൽ ഫറൂഖ് Umarul Farooq
അതിഥി ലേഖകൻ
ഇൻഫോ ക്ലിനിക്

Comments are closed.