DCBOOKS
Malayalam News Literature Website

പാറക്കടവ് കഥകള്‍ അധികാരത്തിനെതിരെയുള്ള സ്വാതന്ത്ര്യ പ്രഖ്യാപനം: കെ.ഇ.എന്‍ കുഞ്ഞഹമ്മദ്

കോഴിക്കോട്: ഓരോ മനുഷ്യനും സഞ്ചരിക്കുന്ന തടവറകളായിക്കൊണ്ടിരിക്കുന്ന കാലത്ത് അധികാരത്തിനെതിരെയുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ് പി.കെ.പാറക്കടവിന്റെ കഥകളെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. കാലിക്കറ്റ് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  പി.കെ. പാറക്കടവിന്റെ മിന്നല്‍ കഥകള്‍ എന്ന സമാഹാരത്തിന്റെ ചര്‍ച്ചയും പാറക്കടവ് കഥകളുടെ രാഷ്ട്രീയം എന്ന സാഹിത്യ സംവാദവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. പ്രത്യക്ഷത്തില്‍ സൗമ്യമെങ്കിലും സ്‌ഫോടനാത്മകമായ കഥകളാണവ.മുറിപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന അനുഭൂതികളാണ് പാറക്കടവ് കഥകള്‍.

ഡോ .പി കെ പോക്കര്‍ മിന്നല്‍ കഥകളെ കുറിച്ചു മുഖ്യ പ്രഭാഷണം നടത്തി. യു.കെ.കുമാരന്‍, ഐസക് ഈപ്പന്‍, ടി.പി മമ്മു മാസ്റ്റര്‍, ഡോ.എന്‍.എം.സണ്ണി, കെ.ജി.രഘുനാഥ്, ഡോ.അബൂബക്കര്‍ കാപ്പാട് എന്നിവര്‍ സംസാരിച്ചു.

മലയാളിയുടെ പൊതുജീവിതമണ്ഡലത്തില്‍ അടയാളപ്പെട്ടു കിടക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ ഭാവനയുടെ ചിമിഴിലൊതുക്കി കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്ന മിനിക്കഥകളാണ് പി.കെ.പാറക്കടവിന്റെ മിന്നല്‍ കഥകള്‍. സമകാലികമായ മനുഷ്യാവസ്ഥകള്‍ക്കു ഭാഷ്യം ചമയ്ക്കാനും മനുഷ്യരാഹിത്യത്തിന്റെ ശിരസ്സുനോക്കി മര്‍ദ്ദിക്കാനും മിനിക്കഥയെന്ന സര്‍ഗ്ഗാത്മകായുധത്തെ പി.കെ. പാറക്കടവ് ഉപയോഗിക്കുന്നു.
ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.