DCBOOKS
Malayalam News Literature Website

തിബറ്റിലെ മഹായോഗി മിലരേപയുടെ ജീവിതകഥ

മനുഷ്യജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു മഹദ്ഗ്രന്ഥമാണ് തിബറ്റിലെ മഹായോഗിയായ മിലരേപയെക്കുറിച്ചുള്ള ഈ ജീവിതകഥ. പല തലത്തില്‍ നിന്നു വായിക്കാവുന്ന ഒരത്ഭുതകഥയാണിത്. സുപ്രയത്‌നത്തിന്റെ തീവ്രതകൊണ്ട് ബുദ്ധപദത്തിലെത്തുന്ന ഒരു ദുര്‍വൃത്തന്റെ മാനസാന്തരത്തിന്റെയും കഠിനതപസ്സിന്റെയും ഹൃദയസ്പര്‍ശിയായ ആഖ്യാനമാണ് ഈ കൃതി. വിനയചൈതന്യയാണ് ഈ മഹായോഗിയുടെ ജീവിതകഥ എഴുതിയിരിക്കുന്നത്.

അഹങ്കാരലേശമില്ലാതെ ജീവത്പ്രവാഹത്തിന്റെ ശക്തമായ ഒഴുക്കില്‍പ്പെട്ട് ഒരിക്കലും വഴിതെറ്റാതെ ആരെയും പഴിക്കാതെ കരുണയുടെ ധ്യാനനൗകയില്‍ മാത്രം യാത്ര ചെയ്ത് മനുഷ്യവര്‍ഗ്ഗത്തിന്റെ അത്ഭുതകരമായ വിജയവൈജയന്തി ഉയര്‍ത്തിപ്പിടിക്കുന്ന മിലരേപയുടെ ഈ മഹച്ചരിത്രം തത്വശാസ്ത്രങ്ങളുടെ തലനാരിഴകീറലുകളെ തീര്‍ത്തും ഒഴിവാക്കുന്നു. ഗുരുശിഷ്യ പാരസ്പര്യത്തിന്റെ ഒരു ഉദ്‌ഘോഷമെന്നതോടൊപ്പം നാടകീയത നിറഞ്ഞ ഒരു നാടോടിക്കഥയുമാണ് ഈ കൃതി.

വിനയചൈതന്യ: മൂവാറ്റുപുഴയില്‍ ജനനം.വിദ്യാര്‍ത്ഥിയായിരിക്കേ നടരാജഗുരുവിനെ കണ്ടുമുട്ടിയതു മുതല്‍ ഗുരുവിന്റെ അന്തേവാസിയായി കഴിയുന്നു. ഗുരുവില്‍ നിന്ന് ബ്രഹ്മചര്യ, ഗാര്‍ഹസ്ഥ്യ ദീക്ഷകളും ഗുരു നിത്യചൈതന്യയതിയില്‍ നിന്ന് വാനപ്രസ്ഥ സന്യാസ ദീക്ഷകളും കൈക്കൊണ്ടു. 1973 മുതല്‍2009 വരെ ബാംഗ്ലൂര്‍ നാരായണ ഗുരുകുലത്തിന്റെയും ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ബ്രഹ്മവിദ്യയുടെ സൗന്ദര്യശാസ്ത്ര പഠനവിഭാഗത്തിന്റെയും അദ്ധ്യക്ഷനായിരുന്നു. ഇപ്പോള്‍ അത്യാശ്രമിയും പരിവ്രാജകനുമാണ്. Songs For Siva-translations of Akka Mahadevi, A bouquet of Meditatiosn( ഇംഗ്ലീഷ്), ദൈവദശകം: നാരായണഗുരു- ലഘുജീവചരിത്രം( കന്നട), തോമസിന്റെ സുവിശേഷം( മലയാളം) എന്നിവയാണ് മറ്റു പ്രകാശിത കൃതികള്‍.

Comments are closed.