DCBOOKS
Malayalam News Literature Website

ഓര്‍മ്മകള്‍ അപഹരിക്കപ്പെടുമ്പോള്‍

യോകോ ഒഗാവയുടെ ‘മെമ്മറി പോലീസ് ‘ എന്ന നോവലിന് എസ്. ഗിരീഷ്‌കുമാര്‍ എഴുതിയ വായനാനുഭവം

മറവി അനുഗ്രഹമാണെന്നു പറയാറുണ്ട്. വേട്ടയാടുന്ന ഓര്‍മ്മകള്‍ അസ്തമിക്കുക തന്നെയാണ് നല്ലതെന്ന് പൊതുവെ ആളുകള്‍ സമ്മതിക്കും. എന്നാല്‍ ഓര്‍മ്മകള്‍ അപഹരിക്കപ്പെടുന്നതിനെക്കുറിച്ച് ആരും വേവലാതിപ്പെടാറില്ല. വേട്ടയാടപ്പെടുന്ന ഓര്‍മ്മകള്‍പ്പോലെ അപഹരിക്കപ്പെടുന്ന ഓര്‍മ്മകളും ഭീതിദമാണ്. രണ്ടിനും ഇടയിലുള്ള ജീവിതം സംഘര്‍ഷാത്മകവും. അത്തമൊരു സംഘര്‍ഷത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന നോവലാണ് ജാപ്പനീസ് എഴുത്തുകാരി യോകോ ഒഗാവയുടെ മെമ്മറി പോലീസ്. 2020-ല്‍ ബുക്കര്‍ പ്രൈസിനു പരിഗണിച്ചതുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ഈ നോവല്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ളത് എസ്. ജയേഷാണ്.
മെമ്മറി പോലീസിന്റെ നിയന്ത്രണത്തിലുള്ള ഒരു ദ്വീപിലെ നോവലിസ്റ്റിനെ പിന്തുടര്‍ന്നാണ് കഥയുടെ വികാസം. ‘പനോപ്റ്റിക്കണ്‍’ എന്നൊരു സങ്കല്പം ജര്‍മന്‍ തത്വചിന്തകന്‍ ജെറിമി ബന്‍ഥാം അവതരിപ്പിക്കുന്നുണ്ട്. ജയിലിലെ അദ്യശ്യമായ ഒരു കാവല്‍ നിലയത്തിലിരുന്ന് കാവല്‍ക്കാരന്‍ തങ്ങളെ നിരീക്ഷിക്കുന്നുണ്ടെന്ന് ജയില്‍പ്പുള്ളികള്‍ വിശ്വസിക്കുന്നു. സമാനമായി ദ്വീപിലെ കാവല്‍ നിലയത്തിലിരുന്ന് ഭരണകൂടം എല്ലാവരെയും നിരീക്ഷിക്കുകയാണ്. അവരുടെ നിരീക്ഷണവലയം ഭേദിക്കാന്‍ ദ്വീപു നിവാസികള്‍ക്കെന്നപോലെ നോവലിലെ ആഖ്യാതാവിനും കഴിയുന്നില്ല. മെമ്മറി പോലീസിന്റെ ലക്ഷ്യം ദ്വീപ് നിവാസികള്‍ തങ്ങളുടേതായി കരുതി സൂക്ഷിച്ചിരുന്ന ഓര്‍മ്മകളെ Textപടിപടിയായി മായ്ച്ചു കളയലാണ്. അങ്ങനെ ദ്വീപുമായുള്ള അവരുടെ ബന്ധത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുക. പ്രതിരോധിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും നിര്‍ദ്ദയം വേട്ടയാടുന്നതിനും അവര്‍ക്കു മടിയില്ല. മെമ്മറി പോലീസിനോടു പ്രതിരോധിക്കാന്‍ ശ്രമിച്ചു പരാജയപ്പെടുന്നവരുടെ കഥകളാണ് ഈ നോവല്‍.

ദ്വീപിലെ ആളുകളുടെ ഓര്‍മ്മകളെ നശിപ്പിക്കാന്‍ മെമ്മറി പോലീസിന് പല തന്ത്രങ്ങളാണുള്ളത്. തൊപ്പികള്‍, കുടകള്‍, പെര്‍ഫ്യൂം, പക്ഷികള്‍, ലൈബ്രറി പോലെയുള്ള സ്ഥാപനങ്ങള്‍, ആളുകള്‍, ബോട്ടുകള്‍, ടൈപ്പ് റൈറ്റര്‍ എന്നിങ്ങനെ മെമ്മറി പോലീസിനാല്‍ ഓരോന്നും തുടച്ചു മാറ്റപ്പെടുകയാണ്. സൗഹൃദത്തോടെയും അധികാരമുപയോഗിച്ചും മെമ്മറി പോലീസ് ദ്വീപു നിവാസികളെ സമീപിച്ചെന്നിരിക്കും. ചുറ്റുമുള്ളത് ഓരോന്നായി ഇല്ലാതാവുന്നതിലൂടെ തങ്ങള്‍ക്ക് എന്താണു സംഭവിക്കുന്നതെന്ന് അറിയുന്നവരും അറിയാത്തവരും ദ്വീപിലുണ്ട്. അറിഞ്ഞവര്‍ ചെറുത്തു നില്‍പ്പുകള്‍ നടത്തുന്നു. നോവലിലെ ആഖ്യാതാവിന്റെ അമ്മയും അച്ഛനുമൊക്കെ നിശബ്ദമായി അത്തരം ശ്രമങ്ങള്‍ നടത്തിയവരായിരുന്നു. മെമ്മറി പോലീസിനാല്‍ അറസ്റ്റു ചെയ്യപ്പെട്ട് അവരും ഇല്ലാതാവുകയാണ്. അത്തരമൊരു കണ്ടെത്തലിലാണ് ദ്വീപിലെ ഓര്‍മ്മകളുടെ സംരക്ഷണമെന്ന ദൗത്യം ആഖ്യാതാവ് ഏറ്റെടുക്കുന്നത്.

നോവലിലെ ആഖ്യാതാവിന് ഉണ്ടാകുന്ന അതേ തിരിച്ചറിവ് മറ്റു ചിലര്‍ക്കും ഉണ്ടാവുന്നു. അങ്ങനെയാണ് കപ്പല്‍ തുറയില്‍ ഉപയോഗശൂന്യമായി കെട്ടിയിട്ടിട്ടുള്ള ബോട്ടിലെ താമസക്കാരനായ കിഴവന്‍, പ്രൊഫസര്‍ ഇനൂയി എന്നിവരൊക്കെ ആഖ്യാതാവിനൊപ്പം കൂടുന്നത്. മെമ്മറി പോലീസിനാല്‍ ആരുമറിയാതെ മാഞ്ഞു പോയ ഓര്‍മ്മയായി പ്രൊഫ. ഇനൂയിയും കുടുംബവും മാറുന്നു. അതിനിടയില്‍ ആര്‍ എന്ന തന്റെ നോവലിന്റെ എഡിറ്ററും മെമ്മറി പോലീസിനാല്‍ വേട്ടയാടപ്പെടുകയാണെന്ന് ആഖ്യാതാവ് അറിയുന്നു. ബോട്ടിലെ താമസക്കാരനായ കിഴവന്റെ സഹായത്തോടെ ആറിനെ സ്വന്തം വീടിന്റെ നിലവറയില്‍ ഒളിപ്പിക്കുന്നു. മെമ്മറി പോലീസില്‍നിന്ന് ആറിനെയും തന്നെയും കിഴവനെയും ചുറ്റുമുള്ള പലരെയും പലതിനെയും സംരക്ഷിക്കുകയെന്ന സാഹസികദൗത്യമാണ് പിന്നീട് നോവലിനെ മുന്നോട്ടു കൊണ്ടുപോകുന്നത്. ഒടുവില്‍ ആഖ്യാതാവിനു തന്നെ സ്വന്തം കാലുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇല്ലാതാവുന്നു. കാലുകള്‍, കൈകള്‍ ഒക്കെയുള്ള സ്ത്രീയാണ് താനെന്ന തിരിച്ചറിവ് അവള്‍ക്കു നഷ്ടമാവുന്നു. അവളോടൊപ്പം കാലുകള്‍ നഷ്ടമായ പലരെയും തെരുവില്‍ കാണുന്നു. ഒടുവില്‍ ശരീരമെന്ന ഓര്‍മ്മ തന്നെ ഇല്ലാതാവുന്നു. ഓര്‍മ്മയെന്നാല്‍ ഭൂതകാലജീവിതം മാത്രമല്ല, വര്‍ത്തമാനത്തിലെ ശരീരബോധവുമാണെന്ന തിരിച്ചറിവിലേക്ക് വായനക്കാരന്‍ എത്തുന്നു.
പേരില്ലാത്ത ഒരു ദ്വീപും അവിടുത്തെ ജനതയെയും കേന്ദ്രീകരിച്ചാണ് മെമ്മറി പോലീസിലെ കഥ വികസിക്കുന്നത്. എന്നാല്‍ ആ ദ്വീപും ജനതയും ലോകത്തെവിടെയുമുള്ളതാവാം. അങ്ങനെയൊരു ആഗോളമാനമാണ് ഈ നോവലിനുള്ളത്. അതുപോലെ നോവലിലെ മെമ്മറി പോലീസിന് പല പ്രതിനിധാനങ്ങള്‍ കല്പിക്കാവുന്നതാണ്. ഭരണകൂടമോ ആഗോളവത്ക്കരണമോ മുതലാളിത്തമോ ഫാസിസമോ ഒക്കെയാവാം മെമ്മറി പോലീസ്. അങ്ങനെ നോക്കുമ്പോള്‍ മെമ്മറി പോലീസിനാല്‍ അപഹരിക്കപ്പെടുന്ന ഓര്‍മ്മകള്‍ വായനക്കാര്‍ ഓരോരുത്തരുടേതുമാണ്. നമുക്കു ചുറ്റിലും നിന്ന് നാമറിയാതെ അപഹരിക്കപ്പെട്ടുപോയ പല വസ്തുക്കളുടെയും ആളുകളുടെയും ഓര്‍മ്മകള്‍ വായനയില്‍ കടന്നുവരും എന്നതാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. അതായത് ഓര്‍മ്മകള്‍ ഇല്ലാതാകുന്നതിനെക്കുറിച്ചാണ് നോവല്‍. പക്ഷെ അതു പല ഓര്‍മ്മകളുടെയും തിരികെപ്പിടിക്കലിനെക്കുറിച്ചു വാചാലമാകുന്നു.
വിശ്വപ്രസിദ്ധമായ പല കൃതികളും മലയാളികള്‍ ഇതിനകം നെഞ്ചോടു ചേര്‍ത്തത് പരിഭാഷയിലൂടെയാണ്. അവയില്‍ നോവലിന് വലിയ സ്ഥാനമാണ് മലയാളത്തിലെ വായനക്കാര്‍ നല്‍കിയിട്ടുള്ളത്. അക്കൂട്ടത്തില്‍ യോകോ ഒഗാവയുടെ മെമ്മറി പോലീസ് എന്ന നോവലും വായനക്കാര്‍ നെഞ്ചേറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.