DCBOOKS
Malayalam News Literature Website

ഒരു ഗേയുടെ കണ്ണിലൂടെയുള്ള മലയാള സിനിമ

 

കിഷോര്‍ കുമാര്‍

കോവിഡ് ലോക്ഡൗണ്‍കാലത്ത് 2020 ജൂലൈയിലാണ് മഴവില്‍ കണ്ണിലൂടെ മലയാളസിനിമ എന്ന ഈ പുസ്തകത്തിനായുള്ള പ്രയത്‌നം ആരംഭിക്കുന്നത്. ഒരു ഗേ പുരുഷന്റെ കണ്ണിലൂടെ, ജെന്‍ഡര്‍ സെക ്ഷ്വാലിറ്റിയില്‍ ഊന്നിക്കൊണ്ടുള്ള മലയാള സിനിമാ പഠനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. അമേരിക്കന്‍ പ്രവാസം അവസാനിപ്പിച്ച് കേരളത്തില്‍ ജീവിക്കുന്ന എല്‍.ജി.ബി.ടി. ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ ഞാന്‍ എന്നും അവരുടെ സോഷ്യല്‍ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണ്. ഇത്തരം നിരീക്ഷണത്തിനും Textവ്യക്തികളെ പരോക്ഷമായി സ്വാധീനിക്കുന്നതിനുമായി അമേരിക്കന്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയയും മറ്റ് ആപ്പുകളും ഉപയോഗിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അനിയന്ത്രിതമായ ഇംഗ്ലിഷ്വല്‍ക്കരണം മൂലം മലയാളഭാഷ പതുക്കെ ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് 2021 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച എന്റെ പഠനലേഖനം വലിയ പ്രശ്‌നങ്ങളാണ് എനിക്ക് ഉണ്ടാക്കിയത്. എന്റെ എഴുത്തുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് എനിക്ക് ‘അഡ്ജസ്റ്റ്‌മെന്റ് പ്രോബ്ലം’ ഉണ്ടെന്ന് ആരോപിക്കപ്പെടുകയായിരുന്നു. എന്റെ താമസസ്ഥലത്തുപോലും വലിയ ദ്രോഹങ്ങളാണ് അതിന്റെ പേരില്‍ നേരിടേണ്ടി വന്നത്. അതോടെ ഈ പുസ്തകത്തിനായുള്ള എഴുത്ത് നിലച്ചുപോയി. എഴുത്ത് എന്നെന്നേക്കുമായി നിറുത്തിയാലോ എന്നു പോലും ഒരുവേള ആലോചിച്ചിരുന്നു. പിന്നീട് 2022 ജൂണ്‍ മാസത്തിലാണ്
ഈ പുസ്തകത്തിനായുള്ള എഴുത്തുകള്‍ പുനരാരംഭിച്ചത്. മലയാളസിനിമയും ഗാനങ്ങളും എന്നും എന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗമായിരുന്നു. എന്റെ ആദ്യമായി അച്ചടിച്ചുവന്ന എഴുത്ത് സിനിമയെക്കുറിച്ചായിരുന്നു. ഗേ എന്നതിനുപുറമെ ലെസ്ബിയന്‍, ട്രാന്‍സ് ജെന്‍ഡര്‍, ബൈസെക്ഷ്വല്‍ എന്നീ ഐഡന്റിറ്റികളെയും ഇതിലെ ലേഖനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ നേരിട്ട എല്ലാ പ്രതിസന്ധികളിലും പിന്തുണയായി നിന്ന എന്റെ ജീവിതപങ്കാളി കപിലിനെ ഈ അവസരത്തില്‍ സ്‌നേഹപൂര്‍വ്വം ഓര്‍ക്കുന്നു. കോവിഡ് ലോക്ഡൗണ്‍ കാലത്തെ ഞാന്‍ നേരിട്ടത് സംഗീത സിനിമാ ഡേറ്റാബേസായ m3db.com-ലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിക്കൊണ്ടായിരുന്നു. വിഷമസന്ധികളില്‍ കൂടെനിന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കുന്നു. എന്റെ ആദ്യ പുസ്തകമായ രണ്ട് പുരുഷന്മാര്‍ ചുംബിക്കുമ്പോള്‍: മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും 2017-ല്‍ ആയിരുന്നു ഡി സി ബുക്സ് പ്രസിദ്ധീകരിച്ചത്. അന്ന് സ്വവര്‍ഗലൈംഗികത ഇന്ത്യന്‍ നിയമപ്രകാരം ക്രിമിനല്‍ കുറ്റവും ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ കണ്ണില്‍ മാനസികരോഗവും ആയിരുന്നു. ഈ രണ്ടു കാരണങ്ങള്‍തന്നെയായിരുന്നു ആ പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചത്. 2018-ലാണ് ഇന്ത്യയില്‍ സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യവും മനോരോഗവും അല്ല എന്ന് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. ശക്തമായ പ്രതിബന്ധങ്ങള്‍ ഉള്ളപ്പോഴാണ് ശക്തമായ എഴുത്തുകള്‍ ഉണ്ടാവുന്നത്. എഴുത്ത് നിര്‍ത്താം എന്ന മനോനിലയില്‍നിന്ന് ഏറെ പ്രതിബന്ധങ്ങള്‍തരണം ചെയ്തതിനു ശേഷമാണ് ഈ പുസ്തകം നിങ്ങളുടെ മുന്നില്‍
എത്തുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.