DCBOOKS
Malayalam News Literature Website

ദിവ്യാനുരാഗിയുടെ ആത്മതാളങ്ങള്‍

കെ.ടി. സൂപ്പി

മനുഷ്യകാമനകള്‍ കണ്ണിചേരാന്‍ കൊതിക്കുന്ന സ്ഥലകാലങ്ങളുടെ അപ്പുറവും ഇപ്പുറവും ശൂന്യതകള്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. അത്തരം ശൂന്യതകളെ അഭിസംബോധന ചെയ്യുകയും അവയിലൂടെ എക്കാലങ്ങളിലും പ്രസക്തമായ മാനുഷിക വികാരങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന അതിസുന്ദരമായ സര്‍ഗ്ഗാത്മക പ്രകാശനങ്ങളാണ് മിസ്റ്റിക് കവിതകള്‍. വിശ്വസംസ്‌കൃതിയില്‍ ഭിന്നവഴികളിലൂടെ ഈ ധാര നിലനില്‍ക്കുന്നതായി കാണാം. ‘സ്‌നേഹമാണ് ദേശമെന്ന്’ പ്രഖ്യാപിക്കുന്ന മിസ്റ്റിക്കുകള്‍ ബാഹ്യഭാവങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരല്ല. മനുഷ്യനില്‍ നിലീനമായ ദിവ്യസ്ഥലികളെ തൊടുകയാണവര്‍ ചെയ്യുന്നത്. അതിലൂടെ ആത്മാവിഷ്‌കാരം സംഭവിക്കുമ്പോള്‍ മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെ ‘മസ്‌നവി’യും കബീര്‍ദാസിന്റെ ദോഹകളും മീരാഭായിയുടെ പ്രണയകവിതകളും സംഭവിക്കുന്നു.

രണ്ട് സ്‌നേഹസാഗരങ്ങളുടെ സംഗമം മാനവരാശിയെ ആത്മീയമായി സ്വാധീനിച്ച അത്ഭുതമാണ് റൂമിയുടെ ജീവിതത്തില്‍ നാം കാണുന്നത്. റൂമിയും ശംസ് തബ്‌രീസും കണ്ടുമുട്ടിയപ്പോള്‍ ദിവ്യപ്രപഞ്ചം അതുല്യമായ പ്രേമതലങ്ങളിലൂടെ അവരിലേക്കിറങ്ങി വന്നു. ‘ദീവാന്‍-ഇ- ശംസ് തബ്‌രീസ്’ എന്ന മഹാകാവ്യത്തില്‍ റൂമി കവിതയുടെ വഴിയിലൂടെ മനുഷ്യന്‍ അതുവരെ കാണാത്ത സ്‌നേഹാകാശങ്ങളെ വരച്ചിടുകയായിരുന്നു. പേര്‍ഷ്യന്‍ സാഹിത്യത്തില്‍ മുന്‍കാല മിസ്റ്റിക് കവികളായ ഹാഫിസും അത്താറും സനാഇയും വെട്ടിത്തുറന്ന ആദ്ധ്യാത്മിക പാരമ്പര്യത്തില്‍ പ്രവിശാലമായദിവ്യപ്രണയമായ് കവിത പിറന്നത് ശംസ് തബ്‌രീസ് എന്ന ദര്‍വീശ്, വാക്കുകള്‍ക്ക് അതീതമായ ലോകത്തിലേക്ക് റൂമിയെ ഉണര്‍ത്തിയപ്പോഴാണ്. ശംസിന്റെ മൊഴികളിലാസകലം ദുരൂഹതകളുടെ സൗന്ദര്യം ഒളിഞ്ഞിരിക്കുന്നതായി കാണാം.

”ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ദൈവത്തെ കണ്ടിരുന്നു.

മാലാഖമാരെ കണ്ടിരുന്നു.

ഉപരിലോകങ്ങളിലും ഭൗമവിതാനങ്ങളിലുമുള്ള രഹസ്യങ്ങളെ ഞാന്‍ വീക്ഷിച്ചിരുന്നു.

അപ്പോഴൊക്കെ എനിക്ക് തോന്നിയത് എല്ലാവരും അതൊക്കെ കാണുന്നുണ്ടായിരുന്നുവെന്നതാണ്.
പിന്നീടാണറിഞ്ഞത്;

അവരൊന്നും അങ്ങനെ കണ്ടിരുന്നില്ല എന്ന സത്യം.

ജീവിതത്തെ ബുദ്ധിപരമായി മാത്രം നിര്‍വ്വചിക്കുമ്പോള്‍ ശംസിന്റെ മൊഴികളെ തൃപ്തികരമായി വ്യാഖ്യാനിക്കാനാവില്ല. എന്നാല്‍ ശാസ്ത്രീയമായ വിശകലനങ്ങള്‍ കഴിഞ്ഞാലും പിന്നീടും കാണാം, അതിനപ്പുറം പൂത്തുനില്‍ക്കുന്ന മനുഷ്യബോധങ്ങളെ. ഭൗതികവ്യവഹാരങ്ങളും വൈകാരികതലങ്ങളും ആത്മീയ അനുഭവങ്ങളും സമന്വയിക്കപ്പെടുന്ന മനുഷ്യചേതനകളോടാണ് റൂമി സംസാരിച്ചുതുടങ്ങുന്നത്. റൂമിയുടെ പൂന്തോട്ടത്തില്‍ സപ്തവര്‍ണ്ണങ്ങള്‍ക്കപ്പുറം പൂത്തുനില്‍ക്കുന്ന പ്രണയ പുഷ്പങ്ങള്‍ ധാരാളമുണ്ട്. സപ്തസ്വരങ്ങളെ മൗനികളാക്കുന്ന രാഗങ്ങളും സുലഭം. സ്‌നേഹത്തിന്റെ വീഞ്ഞുപാത്രങ്ങള്‍ സ്വയം സംസാരിക്കുന്നത് കാണാം. നിഖിലമൊഴികളിലും സ്‌നേഹം മാത്രമേ ഉള്ളൂ. ചെങ്കിസ്ഖാന്റെ പടയോട്ടത്തില്‍ മധ്യേഷ്യയിലെ നാഗരികതയാകെ കത്തിച്ചാമ്പലായ കാലത്താണ്
Textഅനറ്റോലിയയിലെ കോന്യായിലിരുന്ന് മൗലാനാ ജലാലുദ്ദീന്‍ റൂമി നാശഹേതുക്കളായ യുദ്ധങ്ങളെ നാടകീയമായി പ്രതിരോധിച്ചത്. അത്ഭുതകരമായ ആ പ്രതിരോധത്തിന്റെ ആയുധങ്ങള്‍ ആത്മീയജ്ഞാനത്തില്‍നിന്നും ഉദ്ഭൂതമായ കവിതയും സംഗീതവുമാണ്. അപ്രതിരോധ്യമായ സ്‌നേഹത്തുരുത്തുകളെ തകര്‍ക്കാന്‍ യുദ്ധങ്ങള്‍ക്കാവില്ലെന്ന് വിശ്വമണ്ഡലങ്ങളിലാകെ ഇന്നും വായിക്കപ്പെടുകയും സംവദിക്കപ്പെടുകയും ചെയ്യുന്ന റൂമികവിതകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. ഏഴ് നൂറ്റാണ്ടുകളുടെ വിടവിനിടയിലും മനുഷ്യബോധത്തോട് വൈകാരികമായി വിനിമയം നടത്താന്‍ അവയ്ക്കാവുന്നത് ഹിംസയും വിദ്വേഷവും കത്തിക്കൊണ്ടിരിക്കെത്തന്നെ സ്‌നേഹത്തിന്റെ ഭൗമവിതാനത്തില്‍ അത്തരം നിഷേധലോകങ്ങളെ ഇല്ലാതാക്കാനുള്ള കുളിര്‍ജലം ഉള്ളതുകൊണ്ടാണ്. ഖുര്‍ആനിന്റെ ആഴങ്ങളെ ഏഴ് അറകള്‍ക്കും മീതെ മനനം ചെയ്താണ് ‘മസ്‌നവി’ മഹാകാവ്യം റൂമി രചിച്ചത്. ”അവര്‍ യുദ്ധത്തിനുള്ള അഗ്നി ഊതിക്കത്തിക്കുമ്പോഴെല്ലാം ദൈവം അത് കെടുത്തിക്കളയുന്നു” എന്ന് ഖുര്‍ആനില്‍ ഒരു വചനമുണ്ട്. മസ്‌നവിയിലെ കാവ്യശകലങ്ങള്‍, ആലോചനകള്‍, കഥകള്‍, ദാര്‍ശനികചര്‍ച്ചകള്‍ എല്ലാമെല്ലാം വിശുദ്ധവേദപ്പൊരുളിന്റെ വ്യാഖ്യാനങ്ങളാണെന്ന് തിരിച്ചറിയാനാകും. റൂമിക്ക് ശേഷം പേര്‍ഷ്യന്‍ സാഹിത്യത്തിലെ മറ്റൊരു മഹാപ്രതിഭയായ അബുദറഹ്മാന്‍ ജാമി മസ്‌നവിയെ ‘പേര്‍ഷ്യന്‍ ഭാഷയില്‍ അവതരിച്ച ഖുര്‍ആനെ’ ന്ന് വിളിച്ചത് മുകളില്‍ വിശകലനം ചെയ്ത പൊരുളിനെ അറിഞ്ഞുകൊണ്ടാണെന്നതില്‍ സംശയമില്ല.

റൂമിയുടെ ജീവിതവും കവിതയും വായിക്കുമ്പോള്‍ പരസ്പരം ചേര്‍ന്നുകിടക്കുന്ന ആശയങ്ങളും സമകാലീന സാഹചര്യങ്ങളും പ്രധാനപ്പെട്ടതാണ്. ബാല്യകാലവും യൗവനവും ഏെറക്കുറെ യാത്രകളിലായിരുന്ന ഒരു വ്യക്തിയായിരുന്നു സ്മര്യപുരുഷന്‍. അത്തരം യാത്രകള്‍ അനിവാര്യമായ പ്രശ്‌നങ്ങളാല്‍ സംഭവിച്ചതുമായിരുന്നു. സാധാരണ രീതിയില്‍ ഒരു ചരിത്രപുരുഷനെ വിശകലനം ചെയ്യുന്ന ഒരാള്‍ക്ക് രാഷ്ട്രീയവും സാമൂഹ്യപരവുമായ വിശകലനങ്ങളിലൂടെ അതിനെ സമീപിക്കാവുന്നതാണ്. അതിലൂടെ ലഭ്യമാകുന്ന അറിവുകള്‍ക്ക് സാംസ്‌കാരികമായ മൂല്യം അവകാശപ്പെടാനുമാകും. എന്നാല്‍ റൂമി തന്റെ വിശ്രുതനായ പിതാവിനോടൊപ്പം അഫ്ഗാനിസ്ഥാനിലെ ബാല്‍ക്കില്‍നിന്നും നാഴികകളോളം സഞ്ചരിച്ച് ആധുനിക തുര്‍ക്കിയിലെ കോന്യായില്‍ എത്തിച്ചേരുന്ന മുഹൂര്‍ത്തങ്ങള്‍ ആദ്ധ്യാത്മികമായ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്താല്‍ ഭിന്നമായ മറ്റൊരു അനുഭവതലം തെളിഞ്ഞുകിട്ടും. ആ വെളിച്ചത്തിലൂടെ റൂമിയുടെ ജീവിതവും കവിതയും വായിക്കാനുള്ള ഒരു ശ്രമമായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടേണ്ടത്. റൂമിയെ അനുഭവിക്കാനും അറിയാനും ആഗ്രഹിക്കുന്ന വായനക്കാരിലേക്ക് ആഴവും പരപ്പുമുള്ള ആ ധന്യജീവിതത്തെ ആവുന്നത്ര സൂക്ഷ്മതയോടുകൂടി വിശദമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മപശ്ചാത്തലം, ആദ്ധ്യാത്മിക പാരമ്പര്യം, യാത്രകള്‍, വിദ്യാഭ്യാസം, ഗുരുക്കന്മാര്‍, കുടുംബം, തുടങ്ങി വ്യക്തിപരവും സാമൂഹ്യപരവുമായ വിനിമയങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ‘മൗലാനാ ജലാലുദ്ദീന്‍ റൂമി: ജീവിതവും കാലവും’ പുരോഗമിക്കുന്നത്. അദ്ദേഹത്തിന്റെ പ്രമുഖകൃതികളായ ‘ദീവാന്‍-ഇ-ശംസ് തബ്‌രീസ്’, ‘മസ്‌നവി’, ‘ഫീഹിമാഫീഹി’ മുതലായവയിലേക്ക് ഒരു ആത്മീയ തീര്‍ത്ഥാടനം സാധ്യമാകുന്ന രീതിയില്‍ നടത്തിയിട്ടുമുണ്ട്. കൂടാതെ പ്രസ്തുത കൃതികളിലെ ചില ഭാഗങ്ങള്‍ മലയാളഭാഷയുടെനവഭാവുകത്തെ അഭിസംബോധന ചെയ്യുന്ന രീതിയില്‍ പരിഭാഷപ്പെടുത്തിയിട്ടുമുണ്ട്.

മൗലാനാ ജലാലുദ്ദീന്‍ റൂമി എന്നിലെത്തുന്നത് ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ്. അറബിഭാഷാപണ്ഡിതനും പ്രമുഖചിന്തകനുമായിരുന്ന ഇ.വി. അബ്ദുവില്‍
നിന്നും റൂമിയെക്കുറിച്ച് പ്രാഥമികമായി കേള്‍ക്കുകയും അദ്ദേഹവുമായുള്ള സര്‍ഗ്ഗാത്മക സംവാദങ്ങളിലൂടെ ആ ജ്ഞാനമേഖല വികസ്വരമാവുകയും ചെയ്തു. പിന്നീട് ഗുരു നിത്യചൈതന്യയതിയുമായുള്ള ജ്ഞാനസമ്പര്‍ക്കത്തിലൂടെ മൗലാനാ റൂമിയുടെ വിശാലമായ പ്രണയപ്രപഞ്ചം ഹൃദയത്തിലേക്കൊഴുകി. ഊട്ടിയിലെ ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ പ്രമുഖ ആംഗലേയ വിവര്‍ത്തകന്‍ എ.ആര്‍. നിക്കള്‍സന്റെ ‘മസ്‌നവി’യുടെ ഏഴ് വിവര്‍ത്തന വാള്യങ്ങള്‍ ലഭ്യമായിരുന്നു. കൂടാതെ പ്രശസ്തമായ ‘റൂമി: മിസ്റ്റിക്കും കവിയും’എന്ന ഗ്രന്ഥവും അവിടെവെച്ചു
തന്നെ വായനയില്‍ നിറഞ്ഞു. ഗുരു നിത്യ റൂമിയെ ഏറെ ഇഷ്ടപ്പെടുകയും ‘മസ്‌നവി’യിലെ പല ഭാഗങ്ങളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തിരുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരി അഷിതയോടൊപ്പം ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത ‘റൂമി പറഞ്ഞ കഥകള്‍’ ഏറെ പ്രശസ്തമാണല്ലോ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.