DCBOOKS
Malayalam News Literature Website

മാര്‍ക്‌സും ലോഹ്യയും

അഡ്വ. വിനോദ് പയ്യട

അസമത്വങ്ങള്‍, സാമൂഹികവും സാമ്പത്തികവും ലിംഗപരവും ഭൂപ്രദേശ പരവുമായ ഒട്ടേറെ രൂപങ്ങളില്‍ പ്രദര്‍ശിതമാകുന്നുണ്ടെന്ന നിലയില്‍ കേവലമായ സാമ്പത്തിക സംവംര്‍ഗം എന്ന നിലയിലല്ല ലോഹ്യ വര്‍ഗത്തെ കണ്ടിട്ടുള്ളത്. വര്‍ഗം ജാതിയായി ഖനീഭവിക്കുന്നതിനും ജാതി വര്‍ഗമായി അയയുന്നതിനും ഇടയില്‍ നടക്കുന്ന ചലനങ്ങളെ മനുഷ്യസമൂഹത്തിന്റെ പുരോഗതിയുടെയും പിന്നോട്ടടിയുടെയും അടിത്തറയായി വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായങ്ങളുടെ ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണെന്ന മാര്‍ക്‌സിയന്‍ ചരിത്ര വികാസ സങ്കല്പത്തില്‍ നിന്ന് വ്യത്യസ്തമായ മൗലീകമായ സങ്കല്പം ലോഹ്യ മുന്നോട്ട് വെച്ചിരുന്നു.

ഇന്ത്യയില്‍ സാമൂഹ്യ വിശകലനത്തിന് ജാതിയെ അടിസ്ഥാനപ്പെടുത്തിയ മറ്റൊരു പ്രമുഖ രാഷ്ട്രീയ ചിന്തകന്‍ ഡോ.റാം മനോഹര്‍ ലോഹ്യയാണ്. ഡോ. അംബേദ്കര്‍ ജാതിയുടെ ഉത്ഭവത്തിലും പ്രവര്‍ത്തന രീതിയിലും ഊന്നുമ്പോള്‍ ലോഹ്യ ജാതിയെ രാഷ്ട്രീയപരമായും അത് ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടാക്കിയ തിരിച്ചടികളുടെ അടിസ്ഥാനത്തിലും വിശദീകരിക്കാനാണ് ശ്രമിച്ചത്. സവര്‍ണ ജാതി കേന്ദ്രീകൃതമായ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ഘടനയെ അഴിച്ചുപണിയുക എന്ന ഉദ്ദേശ്യത്തിലൂന്നിയാണ് അദ്ദേഹം ജീവിതകാലം മുഴുവന്‍ പോരാടിയത്. ‘ചലന രഹിതമായ വര്‍ഗമാണ് ജാതി, വര്‍ഗം ചലനാത്മകമായ ജാതിയും ‘ എന്ന പ്രശസ്തമായ പ്രസ്താവന ലോഹ്യ നടത്തിയത് ഇന്ത്യന്‍ സമൂഹത്തെ ക്കുറിച്ച് മാത്രമല്ല എല്ലാ സമൂഹങ്ങളെയും മുന്‍നിര്‍ത്തിയാണ്. മതമോ അസ്പൃശ്യതയോ ജാതിയുടെ സുപ്രധാന ഘടകമല്ലെന്നു നിരീക്ഷിക്കുക വഴി ലോഹ്യ ജാതിയെ മതചട്ടകൂടിനു പുറത്തുള്ള പാരമ്പര്യ സാമൂഹ്യ രൂപമായി കാണുകയാണ്. ഇന്ത്യയിലെ പോലെ മറ്റൊരിടത്തും ജാതി ഇത്രമാത്രം pachakuthiraഖനീഭവിച്ചിട്ടില്ലെങ്കിലും എല്ലാ സമൂഹങ്ങളും ജാതി ഉരുത്തിരിഞ്ഞു വരുന്ന ചരിത്രപരമായ സാഹചര്യങ്ങളെ നേരിടുന്നുണ്ട്. ലോഹ്യ വര്‍ഗം എന്ന പദം ഉപയോഗിക്കുന്നത് തീര്‍ത്തും സാമാന്യമായ അര്‍ത്ഥത്തിലല്ല. അസമത്വ ദൂരീകരണത്തിനു വേണ്ടിയുള്ള ആന്തരിക ചലനങ്ങള്‍ തുടരുന്നിടത്തോളം വര്‍ഗ ഘടനയും വര്‍ഗസമരങ്ങളും നിലനില്‍ക്കും എന്ന പ്രസ്താവനയിലൂടെ വര്‍ഗം എന്ന സംവംര്‍ഗത്തെ കുറെ കൂടി നിജപ്പെടുത്തുകയാണ്. അസമത്വങ്ങള്‍, സാമൂഹികവും സാമ്പത്തികവും ലിംഗപരവും ഭൂപ്രദേശ പരവുമായ ഒട്ടേറെ രൂപങ്ങളില്‍ പ്രദര്‍ശിതമാകുന്നുണ്ടെന്ന നിലയില്‍ കേവലമായ സാമ്പത്തിക സംവംര്‍ഗം എന്ന നിലയിലല്ല ലോഹ്യ വര്‍ഗത്തെ കണ്ടിട്ടുള്ളത്. വര്‍ഗം ജാതിയായി ഖനീഭവിക്കുന്നതിനും ജാതി വര്‍ഗമായി അയയുന്നതിനും ഇടയില്‍ നടക്കുന്ന ചലനങ്ങളെ മനുഷ്യസമൂഹത്തിന്റെ പുരോഗതിയുടെയും പിന്നോട്ടടിയുടെയും അടിത്തറയായി വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായങ്ങളുടെ ചരിത്രം വര്‍ഗസമരങ്ങളുടെ ചരിത്രമാണെന്ന മാര്‍ക്‌സിയന്‍ ചരിത്ര വികാസ സങ്കല്പത്തില്‍ നിന്ന് വ്യത്യസ്തമായ മൗലീകമായ സങ്കല്പം ലോഹ്യ മുന്നോട്ട് വെച്ചിരുന്നു.

സമൂഹത്തിലെ വര്‍ഗങ്ങള്‍ മേലോട്ട് ഉയരുവാനുള്ള ചലനാത്മകത പ്രദര്‍ശിപ്പിക്കുകയും എന്നാല്‍ പുരോഗതി പ്രാപിക്കുവാനുള്ള സമരം വര്‍ഗങ്ങള്‍ക്കിടയില്‍ താങ്ങാനാവാത്ത വിധം ഉയരുകയും സമാനമായി ബാഹ്യസമൂഹങ്ങളില്‍ നടക്കുന്ന ചലനങ്ങളുടെ സമ്മര്‍ദ്ദം ഏറുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍, കൈവരിച്ച അഭിവൃദ്ധി നിലനിര്‍ത്തുന്നതിനുള്ള അഭിവാഞ്ച സമൂഹത്തില്‍ ശക്തമാകും. ഒരു തന്ത്രമെന്ന നിലയില്‍ അതാത് കാലത്തിനും സമൂഹത്തിനും ഇണങ്ങുന്നതെന്ന് കരുതപ്പെടുന്ന സുസ്ഥിരവും ബുദ്ധിപൂര്‍വ്വകവുമായ ഒരു വ്യവസ്ഥക്കു വേണ്ടിയുള്ള ത്വര ശക്തമാകുമ്പോള്‍ വര്‍ഗ നിര്‍മ്മൂലനത്തിനു വേണ്ടിയുള്ള ചലനത്തിനിടയില്‍ വര്‍ഗം നിശ്ചലമാകാന്‍ തുടങ്ങുകയും ജാതിയായി ഖനീഭവിക്കുന്നതിനുള്ള പ്രവണത കാണിക്കുകയും ചെയ്യുമെന്ന് ലോഹ്യ നിരീക്ഷിക്കുന്നു. ഈ ഘട്ടത്തില്‍ വിവിധ ദിശകളില്‍ കാര്യക്ഷമത നേടുന്നതിനുള്ള സമൂഹത്തിന്റെ ശ്രമങ്ങള്‍ അസ്തമിക്കുന്നു. വര്‍ഗങ്ങള്‍ ജാതിയായി ഒരുതരം സുഷുപ്താവസ്ഥയിലേക്ക് സ്വയം ഉള്‍വലിയുന്നു. ഇത് ക്രമേണ ഖനീഭവിച്ച് ഉറഞ്ഞു പോകുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. അയഞ്ഞ സാമൂഹ്യക്രമത്തില്‍ നിന്ന് ചലനങ്ങള്‍ നിലച്ച സാമൂഹ്യക്രമത്തിലേക്ക് സമൂഹം സ്വയം ക്രമീകരിക്കുന്ന പ്രതിഭാസമായി ജാതി ഉരുത്തിരിയുന്നതിനെ വിശദീകരിക്കാം എന്ന് ലോഹ്യ നിരീക്ഷിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ പരിമിതമായ ദിശയില്‍ കാര്യക്ഷമത തേടുന്നതിനുള്ള പരിശ്രമത്തില്‍ സമൂഹം ഏര്‍പ്പെടുന്നു. പരിമിതമായ ദിശയില്‍ മാത്രം കാര്യക്ഷമത തേടുന്ന വ്യവസ്ഥയാണ് ജാതിയെന്ന ലോഹ്യയുടെ നിരീക്ഷണം ശ്രദ്ധേയമായ ഒന്നാണ്. മേല്‍ വിവരിച്ച നിശ്ചലാവസ്ഥ അസഹനീയവും അന്ത: ഛിദ്രത്തിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ തിരിച്ചുള്ള ചലനങ്ങള്‍ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നു. ഈ ചലനങ്ങളെ തടയാനുള്ള ശ്രമങ്ങളും സമൂഹത്തില്‍ ഉണ്ടാകും. അവയെ അതിജീവിച്ച് ചലനങ്ങള്‍ തുടരാനുള്ള ശേഷി സമൂഹം ആര്‍ജിക്കുമ്പോള്‍ ജാതിയുടെ സ്ഥാനത്ത് അയഞ്ഞ വര്‍ഗങ്ങള്‍ ഉടലെടുക്കും. പിന്നീട് ഉരുത്തിരിഞ്ഞു വരുന്ന വര്‍ഗങ്ങളും ജാതികളും രൂപത്തിലും സ്വഭാവത്തിലും മുന്‍ ഘട്ടങ്ങളിലുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമാകാമെന്നും ലോഹ്യ നിരീക്ഷിക്കുന്നു.

അതായത് ഇത്തരത്തിലുള്ള ഓരോ ആന്ദോളനത്തിനു ശേഷവും ജാതിയുടെയും വര്‍ഗത്തിന്റെയും സവിശേഷതകള്‍ വ്യത്യാസപ്പെടാം. ജാതിക്കും വര്‍ഗത്തിനും ഇടയിലുള്ള ഈ ആന്ദോളനമാണ് ഇത:പര്യന്തമുള്ള സമൂഹത്തിന്റെ ചരിത്രമെന്ന ലോഹ്യയുടെ പരികല്പന മൗലികമായ ഒന്നാണ്. ഇവിടെ ഈ ചലനങ്ങള്‍ സ്വാഭാവികമായി നടക്കുന്നതാണെന്ന് വിവക്ഷിക്കപ്പെട്ടിട്ടില്ല. ചില വര്‍ഗങ്ങള്‍ അതിനുള്ള ചാലകശക്തി രൂപപ്പെടുത്തുന്നുണ്ട്. ഒരു പക്ഷേ ഈ സമീപനം അവതരിപ്പിച്ച ഏക തത്ത്വചിന്തകന്‍ ലോഹ്യ ആയിരിക്കാം. ബുദ്ധന്റെ നേതൃത്വത്തില്‍ നടന്ന ജാതിക്കെതിരെയുള്ള മുന്നേറ്റത്തെ ലോഹ്യ ഉദാഹരിക്കുന്നുണ്ട്. സമൂഹത്തില്‍ ചലനാത്മകത കൈവരികയും ഇന്ത്യ സമ്പത്തിന്റെയും വിജ്ഞാനത്തിന്റെയും കലയുടെയും വ്യാപാരത്തിന്റെയും മേഖലകളില്‍ ലോകത്തിന്റെ ഉത്തുംഗശൃംഗത്തില്‍ വിരാജിച്ചതും ബുദ്ധന്റെ വിപ്ലവഫലമായിട്ടാണ്. ഇക്കാലത്ത് ജാതി ദുര്‍ബ്ബലപ്പെടുകയും പിന്നാക്ക ജാതി വിഭാഗങ്ങള്‍ രാജാധികാരത്തില്‍ എത്തിയതും ചരിത്രത്തിന്റെ ഭാഗമാണല്ലോ. ബുദ്ധന്റെ സ്വാധീനം നിലനിന്നിരുന്ന ഏതാനും നൂറ്റാണ്ടുകള്‍ക്കു ശേഷം അയഞ്ഞ സാമൂഹ്യഘടനയില്‍ നിന്നും ദൃഢവും നിശ്ചലവുമായ സാമൂഹ്യാവസ്ഥയിലേക്കുള്ള എതിര്‍ചലനങ്ങള്‍ രൂപപ്പെടുത്തുകയുണ്ടായി. ശങ്കരാചാര്യരുടെ നേതൃത്വത്തില്‍ ആരംഭിച്ച എതിര്‍ചലന പ്രക്രീയ ജാതി വീണ്ടും ഖനീഭവിക്കുന്നതിലേക്കാണ് നയിച്ചത്. ബ്രാഹ്മണിസം ശക്തമായ സ്വാധീനം സമൂഹത്തില്‍ ചെലുത്തി. ഇന്ത്യ തുടരെയുള്ള വിദേശാക്രമണങ്ങള്‍ക്ക് വിധേയമായി. അശോകന്റെ കാലത്തുണ്ടായിരുന്ന വിസ്തൃതമായ ഇന്ത്യയുടെ അതിരുകള്‍ ചുരുങ്ങുകയും ചെയ്തു.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ഒക്ടോബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ഒക്ടോബര്‍  ലക്കം ലഭ്യമാണ്‌

 

Comments are closed.