DCBOOKS
Malayalam News Literature Website

വർത്തമാനകാലത്തെക്കുറിച്ചുള്ള സന്ദേഹവും പ്രതീക്ഷകളും

അസീം താന്നിമൂടിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത് ‘ എന്ന കവിതാസമാഹരത്തിന്  ജോണി എം എൽ എഴുതിയ വായനാനുഭവം.
പ്രത്യക്ഷത്തിൽ ദൈനംദിനതയുടെ വിരസമായ ആവർത്തനങ്ങളെ ആകർഷകമാക്കാൻ പൊതുവെ കവികൾ നടത്തുന്ന ശ്രമങ്ങളിലൊന്നായി വായിച്ചു പോയേയ്ക്കാവുന്ന ഒരു കവിതയാണ് അസിം താന്നിമൂടിന്റെ ‘ച്യൂയിങ് ഗം’ എന്ന കവിത.’നുകർന്ന് ചതച്ചീമ്പി/ത്തുപ്പുവാനൊരു കൊതി/യെപ്പോഴുമുണർന്നിരി/പ്പുണ്ടേതു മനസ്സിലും’ എന്നൊരു പ്രസ്താവനയിലാണ് കവിത ആരംഭിക്കുന്നത്. അതിൽ ‘ഏതു മനസ്സിലും’ എന്നുള്ള വാക്കുകൾ കവി വളരെ ബോധപൂർവം പ്രയോഗിക്കുന്നതാണ്. കാരണം അത് വൈയക്തികാഭിലാഷത്തെയും/ ആസക്തിയെയും/അനുഭൂതിയെയും സാമൂഹ്യമായ ഒരു അനുഭവമായി പ്രക്ഷേപിക്കുകയാണ്. അസീം കവിതയെ പൊതു അനുഭവമാക്കുന്നത് അങ്ങനെയാണ്. സമകാലിക കവിതകളിൽ ഏറിയപങ്കും കവികളുടെ ആത്മോദീരണം എന്ന നിലയിലാണ് തുടങ്ങിയൊടുങ്ങുന്നത്. സമൂഹം അവയിൽ കടന്നു വരുന്നത് കവികളുടെ നിരീക്ഷണത്തിന്റെ ഫലം എന്ന നിലയിലാണ്. അസീം സമൂഹത്തെ കവിതയുടെ ഉള്ളിലേയ്ക്ക് വലിച്ചെടുത്തു കൊണ്ട് ‘ഏതു മനസ്സിലും’ ഒരു ച്യൂയിങ് ഗം കടിച്ചു ഈമ്പി വലിച്ചു രസിക്കാനുള്ള ത്വര അടങ്ങിയിരിപ്പുണ്ടെന്നു കാണിക്കുന്നു.
അസീമിന്റെ ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന സമാഹാരത്തിലെ ഓരോ കവിതയും സൂക്ഷ്മപ്രപഞ്ചത്തിന്റെ ആവിഷ്കരണങ്ങളും അവയുടെ ചാരുതയും കൊണ്ട് ശ്രദ്ധേയമാണ്‌. ഒരു വായനക്കാരൻ എന്ന നിലയിൽ എന്നെ ആദ്യം പിടിച്ചു നിർത്തിയത് ‘ച്യൂയിങ് ഗം’ എന്ന കവിതയാണ്. ആ കവിതയിലൂടെ, അസിം സൃഷ്ടിക്കുന്ന കാവ്യലോകത്തേയ്ക്ക് കടക്കുന്നത് എളുപ്പമായിരിക്കും.അസീമിന്റെ കവിതകൾ നിരുപദ്രവങ്ങളും ആറ്റിക്കുറുക്കിയ കാവ്യഭംഗിയുടെ പ്രത്യക്ഷങ്ങളുമാണെന്ന് കരുതപ്പെടുമ്പോഴും കവി കടന്നു പോകുന്ന കാലത്തിന്റെ തീവ്രമായ ഉപഭോഗ കാമനകളും അതുളവാക്കുന്ന അതൃപ്തിയും ഉത്കണ്ഠകളും ഒരു കാവ്യപ്രശ്നമായി കവിതയിൽ കൊണ്ടുവരാൻ ഈ കവിക്കു കഴിയുന്നു എന്നതാണ് സവിശേഷത.തികച്ചും അഹിംസാത്മകം എന്ന് തോന്നുന്ന ഈ കവിതയിൽ ഹിംസയുടെ ഒരു ലോകം ഒളിഞ്ഞിരിക്കുന്നു.ആ ഹിംസ കവിയും നമ്മളും ഒന്നാകെ കടന്നു പോകുന്ന ഈ കാലത്തിന്റേതാണ് എന്ന് തിരിച്ചറിയുമ്പോൾ ഈ സമാഹാരത്തിലെ കവിതകളിലെ ഒരു ഗുപ്ത ലോകം വെളിപ്പെടുകയാണ് ചെയ്യുന്നത്.
“മോദമോടാദ്യമിളം ഭാവത്തിലടുത്തു വന്നിണങ്ങും…” എന്നിങ്ങനെയാണ് ആ ഉപഭോഗാനുഭവം പടിപടിയായി മുന്നേറുന്നത്. മലയാളത്തിലെ ജനപ്രിയ കവിതകളിൽ പൊതുവെ കാണപ്പെടുന്ന പ്രണയഗമനത്തിന്റെ പടവുകളാണവ; ആദ്യം നോട്ടം, പിന്നെ പേര് ചോദിക്കൽ, പിന്നെ വിളി, തിരിഞ്ഞു നിൽക്കൽ, ആലിംഗനം, പിന്നെ സംയോഗം. ആ രീതീശാസ്ത്രത്തെ ഉപയോഗിച്ച് കൊണ്ടുതന്നെയാണ് അസീം താന്നിമൂട് ഈ കവിതയിൽ ഉപഭോഗരതിയെയും അതിൽ അടങ്ങിയിരിക്കുന്ന ഹിംസയെയും മെല്ലെ വെളിപ്പെടുത്തുന്നത്.പരസ്പരം കൊന്നുതിന്നുവാനുള്ള ആവേശമായി പ്രണയം വളരുന്നു എന്ന് കമിതാക്കൾ ചിന്തിക്കുന്നത് തന്നെ ഏറ്റവും പേലവമായ വികാരങ്ങളുടെ ഉത്തുംഗ പൂർത്തീകരണം വന്യവും നഗ്നവുമായ പ്രതീകാത്മക ഹിംസയിൽ ഒടുങ്ങുന്നു എന്നതിന് തെളിവാണ്.കവിതയുടെ സമാപ്തിയിലേയ്ക്ക് പോകുമ്പോൾ നാം Textകാണുന്നത് ‘ചതവേറുമ്പോൾ മുഖത്തൊട്ടിയാതലോസരപ്പെടുത്തും..” പിന്നെ ‘വലിച്ചു തുപ്പും മുന്നിലലസം വഴിവക്കിൽ’.കവിത വിശ്രാന്തിയെ പ്രാപിക്കുന്നത് തുടക്കത്തിൽ കണ്ട, ചവച്ചു ഈമ്പി വലിയ്ക്കാനുള്ള അഭിലാഷത്തെ ഒരിക്കൽക്കൂടി ആവർത്തിച്ചു കൊണ്ടാണ്.
എല്ലാ ബന്ധങ്ങൾക്കും,അതെത്രെയേറെ പ്രണയാർദ്രമാകട്ടെ,അർത്ഥവത്താകട്ടെ, ഒരു ഘട്ടം കഴിഞ്ഞാൽ അലോസരത്തിന്റേതായ ഒരു സമയമെത്തും.വ്യക്തിഗതമായി പറഞ്ഞാൽ ഏതൊരു പ്രണയവും കാലമേറെച്ചെല്ലുമ്പോൾ ഒരു ശീലവും ആവർത്തനവിരസവും ആകും. ഭൂതകാലത്തിന്റെ ഓർമ്മകളോ ഓർമ്മപ്പെടുത്തലുകളോ അലോസരപ്പെടുത്തും. അങ്ങനെയെങ്കിൽ വഴിവക്കിലേയ്ക്ക് അലസം തുപ്പിക്കൊണ്ട് മനുഷ്യൻ മുന്നേറും. സാമൂഹിക തലത്തിൽ ഈ അനുഭവത്തെ പ്രക്ഷേപിച്ചാൽ യൂസ് ആൻഡ് ത്രോ സംസ്കാരത്തിന്റെ വെളിപ്പെടുത്തൽ തന്നെയാണിത്. ഒരു നിർദ്ദിഷ്ട സമയത്തിനപ്പുറം ഒന്നിന്റേയും ആകർഷണീയത നിലനിൽക്കുന്നില്ല. അതിനെ ഉപേക്ഷിക്കേണ്ടതാണെന്നു വരുന്നു. മനുഷ്യബന്ധങ്ങൾ പോലും അത്തരത്തിൽ നിബന്ധനകൾക്കും സമയബന്ധതയ്ക്കും അനുസരിച്ചു പുതുക്കിപ്പണിയേണ്ടി വരുന്ന ഒരു കാലത്തിലാണ് നമ്മൾ ജീവിക്കേണ്ടത് എന്ന് കവി ഓർമ്മിപ്പിക്കുക മാത്രമല്ല,ആ ഉപേക്ഷിക്കലിന്റെ പിന്നിലെ ഹിംസയും സ്നേഹമില്ലായ്മയും ഒരുപോലെ വെളിപ്പെടുത്തുകയും ചെയ്യുന്നു.ഇത് ഒരു കാലത്തിന്റെ അനുഭവമായി വായിച്ചെടുക്കുന്നതോടെ കവി കവിതയിൽ എഴുതാത്ത ചില അനുഭവങ്ങൾ കൂടി കവിതയുടെ പാരായണശേഷവും നമ്മളെ പിന്തുടർന്നെത്തുന്നു.അഥവാ നമ്മൾ ആരെങ്കിലും തുപ്പിയ ച്യൂയിങ് ഗമ്മിൽ ചവുട്ടിയാൽ നമ്മളിൽ ഉണ്ടാകുന്ന ജുഗുപ്സയും ഹിംസയും അലോസരവും! ആരോ തുപ്പിയെറിഞ്ഞതിനെ താത്കാലികമെങ്കിലും സമൂഹത്തിന്റെ ബാധ്യതയാകുന്നതിലുള്ള അലോസരപ്പെടൽ. എന്നാൽ നമ്മളും തുപ്പിക്കൊണ്ടിരിക്കുകയാണെന്ന സത്യം ഈർഷ്യ പൂളുന്ന മനുഷ്യർ ആരും തന്നെ തിരിച്ചറിയുന്നതേയില്ല.
ഗൈ ദിബോർദ് എന്ന ഫ്രഞ്ച് തത്വ ചിന്തകൻ കഴിഞ്ഞ നൂറ്റാണ്ടിലെ ഏഴാം ദശകത്തിൽ മുന്നോട്ട് വെച്ച ഒരു ആശയമാണ് ‘കെട്ടുകാഴ്ച്ചാ സമൂഹം’ എന്നത്. കെട്ടുകാഴ്ച്ചാ സമൂഹത്തിൽ വസ്തുതകൾക്ക് അവയുടെ അർഥം നഷ്ടപ്പെടുകയും അവയ്ക്കു പകരം നിൽക്കുന്ന വസ്തുക്കളുടെ പ്രതീതിബോധത്തിലൂടെ യഥാർത്ഥമായ ഒന്നിന്റെ മായികവും സ്ഫുടം ചെയ്തെടുക്കപ്പെട്ടതുമായ അനുഭവം ലഭിക്കുകയും ചെയ്യുന്നു.ഇന്നു നാം സത്യാനന്തരകാലത്തെക്കുറിച്ചു പറയുന്നു.അവിടെയും ഏതാണ്ട് ഗൈ ദിബോർദ് സങ്കൽപ്പിച്ച തരത്തിലുള്ള സമൂഹം തന്നെയാണ് എന്നാൽ സത്യത്തെ പ്രതീതി സത്യങ്ങൾ കൊണ്ട് വിസ്ഥാപനം ചെയ്യാമെന്നും സ്ഥിതിയാഥാർഥ്യത്തെ യുക്തിരഹിതമായി മാറ്റിമറിക്കാനും കഴിയും എന്നതാണ് സത്യാനന്തര കാലത്തിന്റെ പ്രത്യേകത.കെട്ടുകാഴ്ചയിൽ വസ്തുസ്ഥിതി അനുഭവങ്ങളുടെ യാഥാർഥ്യത്തിലേക്ക് നമ്മൾ മറ്റൊന്നിലൂടെ എത്തിച്ചേരുന്നുണ്ട്; അതിൽ അന്യവൽക്കരണം നടക്കുന്നുണ്ടെങ്കിൽപ്പോലും. എന്നാൽ സത്യാനന്തരകാലത്തിൽ നമ്മൾ യാഥാർഥ്യത്തിലേക്ക് ഒരിക്കലും എത്തിച്ചേരുന്നില്ല.അങ്ങനെ യാഥാർഥ്യത്തിന്റെ രണ്ടു രൂപങ്ങളെ കെട്ടുകാഴ്ചകളായും സത്യത്തെക്കുറിച്ചുള്ള വ്യാജബോധങ്ങളായും അനുഭവവേദ്യമാക്കുന്ന സമൂഹത്തെക്കുറിച്ചുള്ള കവിയുടെ നിലപാടുകൾ അസീം തന്റെ ഈ സമാഹാരത്തിലെ പല കവിതകളിലും വെളിപ്പെടുത്തുന്നുണ്ട്.
സമാഹാരത്തിലെ ഒന്നാമത്തെ കവിതയായ ‘അധികപ്പേടി’യിൽ കെട്ടുകാഴ്ച്ചാ സമൂഹവും സത്യാനന്തര സമൂഹവും ഉളവാക്കുന്ന വ്യാജപ്രതീതികളെക്കുറിച്ചുള്ള ഉത്കണ്ഠ അസിം വെളിപ്പെടുത്തുന്നു. അധികപ്പേടി എന്നത് അധികമുള്ള ഒന്നോ രണ്ടോ പടികളെക്കുറിച്ചുള്ള ഭയമാണ്.ആ പടവുകൾ വ്യാജമാണ്; എന്ന് മാത്രമല്ല അവ കവിയുടെ തോന്നലുമാണ്.അത് കാഴ്ചയെ വിഭ്രമിപ്പിക്കുന്ന പ്രതീതിയാഥാർഥ്യം മാത്രമാണ്.അതൊരു ബോധമാണ് എന്ന് പറയുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.സമൂഹത്തെ ഒന്നാകെ ഗ്രസിച്ചിട്ടുള്ള പ്രതീതി യാഥാർഥ്യം ആണ് ഇവിടെ പരാമൃഷ്ടമാകുന്നത്. ഓരോരുത്തരും ഈ അധികപ്പേടിയെ അധികപ്പടിയായി തന്നെയാണ് തിരിച്ചറിയുന്നത്.പലരും അത് തങ്ങളുടെ കാഴ്ചയുടെ കുഴപ്പമായോ വാർദ്ധക്യത്തിന്റെ വരവയോ നോട്ടപ്പിഴവായോ ഒക്കെ തിരിച്ചറിയുന്നുണ്ടാകാം എന്ന് മാത്രമല്ല അങ്ങനെയൊരു ബോധം സൃഷ്ടിച്ചു ആശ്വാസിക്കുകയും ചെയ്യുന്നുണ്ടാകാം. ‘കയറുമ്പോഴും തിരിച്ചിറങ്ങുമ്പോഴും രണ്ടു സ്റ്റെപ്പുകൾ വഴുക്കലോടെപ്പോഴും കൂടെപ്പോരും’ എന്ന് അസീം കവിത അവസാനിപ്പിക്കുമ്പോൾ അതൊരു ആശയങ്കയായി തുടരുന്നു എന്നുള്ള സൂചന നൽകുന്നു. അധികാരത്തിന്റെ വ്യാജനിർമ്മിതികൾ സ്വന്തം കുറവുകളായി ഏറ്റെടുത്ത്, ആട്ടിത്തെളിക്കുന്നിടത്തേയ്ക്ക് നടക്കുന്ന മനുഷ്യസമൂഹം ചെന്ന് പെട്ടിരിക്കുന്ന ഭ്രമത്തെക്കുറിച്ചുള്ള കവിതയായി ഇതിനെ വായിക്കുവാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.
‘വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം’ എന്ന കവിവാക്യം അസ്തിത്വദുഃഖത്തിന്റെ അന്തർഗ്ഗത്തിന്റെ ആവിഷ്കാരമായിട്ടാണ് വന്നതെങ്കിൽ അസീം താന്നിമൂട് അക്കിത്തത്തെ വളരെയേറെ മുന്നോട്ട് നയിക്കുന്നു, ‘മണിച്ചീടെ വീട്ടിൽ വെളിച്ചമെത്തി’ എന്ന കവിതയിലൂടെ.വൈദ്യുതി ഇല്ലാത്ത ഒരു വീട്ടിലേയ്ക്ക് ഒടുവിൽ വൈദ്യുതി വന്നെത്തുകയാണ്. അതോടെ മണിച്ചിയുടെ ലോകവീക്ഷണം തന്നെ അപ്പാടെ മാറുകയാണ്.

സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യനെ, അവന്റെ വൈകാരിക-ബൗദ്ധിക ലോകങ്ങളെ എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നു എന്നുള്ള സൂചന നൽകുന്ന കവിത, ഇതേ ആശയം പുലർത്തുന്ന പല ഭൂതകാവിഷ്കാരങ്ങളുമായി ചേർന്ന് നിൽക്കുന്നുണ്ട്. എന്നാൽ സാങ്കേതിക വിദ്യ സാധ്യമാക്കിയ നവലോകം മനുഷ്യനെ മറ്റൊരു ‘ജീവിസ്വത്വം’ മാത്രമാക്കി ചുരുക്കിക്കളഞ്ഞു എന്ന വസ്തുത പലരും മറക്കുന്നു. ഒരു ഫോൺ നഷ്ടപ്പെടുമ്പോഴാണ് ഇപ്പോൾ മനുഷ്യർക്ക് അവരുടെ ലോകം ഒന്നാകെ ഇരുളടഞ്ഞതും മർദ്ദകവും ആയിത്തോന്നുന്നത്.അതായത് സ്വാതന്ത്ര്യം എന്നത് ലോകവുമായുള്ള ബന്ധം എന്ന നിലയിൽ പുനർനിർവചിക്കപ്പെട്ടിരിക്കുന്നു.
ഈ പശ്ചാത്തലത്തിൽ നോക്കിയാൽ മണിച്ചിയുടെ വീട്ടിൽ വന്ന വൈദ്യുതി എന്നത് ഒരിടത്ത് എന്ന സിനിമയിൽ വന്ന വൈദ്യുതി പോലെയല്ല. മണിച്ചിയുടെ വീട്ടിലേയ്ക്ക് വൈദ്യുതി വരുന്നതോടെ പുതിയ സാങ്കേതിക ലോകം കൂടി കടന്നു വരാനുള്ള സാദ്ധ്യതകൾ തുറന്നു വരുന്നു. കുടിച്ചു പാടി വന്നു തന്നെ തല്ലുന്ന ഭർത്താവിനെ കാത്ത് ഇരുട്ടത്ത് കത്തിച്ചു വെച്ച മണ്ണെണ്ണ വിളക്കുമായി വാതിൽപ്പടിയിൽ കാത്തു നിൽക്കാൻ പോലും അവൾ മറന്നു. അതിന്റെ അർഥം അവൾ പുതിയൊരു എക്കൊണോമിയിലേയ്ക്ക് പ്രവേശിക്കുന്നു എന്നതാണ്. അപ്പോഴാണ് ഒരു ദിവസം വൈദ്യുതി ബന്ധം പോകുന്നത്. അവളുടെ മുന്നിൽ അപ്പോൾ യാഥാർഥ്യം ഇരുട്ടായി പ്രവേശിക്കുകയാണ്.അതൊരു വെളിപാട് നിമിഷമാണ്. ഉടൻ വൈദ്യുതി വരികയും ചെയ്യുന്നുണ്ട്. എന്നാൽ അവൾ അതിനെ കെടുത്തിക്കൊണ്ട് പണ്ട് അനുഭവിച്ചിരുന്ന ഇരുട്ടിലേയ്ക്കും നിലാവിന്റെ കീറിലേയ്ക്കും ഉന്മുഖയാവുകയാണ്.

അസീം പുരോഗമനത്തിനെതിരെ നിൽക്കുന്ന, ഭൂതകാലത്തിൽ അഭിരമിക്കുന്ന ഒരു കവിയാണ് എന്ന് അർഥം കാണേണ്ട ആവശ്യമില്ല. ആരെങ്കിലും അതിനു മുതിരുകയാണെങ്കിൽ അത് പക്വത ഇല്ലാത്തതും സമയം തെറ്റിയതുമായ ഒരു വിലയിരുത്തലായിപ്പോകും. ഇവിടെ മണിച്ചിയ്ക്ക് ലഭിക്കുന്നത് ഒരു വെളിപാടാണ്. വെളിപ്പെടണമെങ്കിൽ വെളിച്ചം വേണം. എന്നാൽ ഇവിടെ യുക്തികളെ തലതിരിച്ചിട്ടു കൊണ്ട് മണിച്ചിയ്ക്ക് വെളിപാട് ലഭിക്കുന്നത് ഇരുട്ടിലാണ്. ആ ഇരുട്ടിലേക്ക് അവൾ പോകാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ഇത് ഭൂതകാലരതി അല്ല. മറിച്ച് സാങ്കേതികലോകം സാധ്യമാക്കിയ വ്യാജങ്ങളിൽ നിന്ന് ഉണ്മയിലേയ്ക്ക് ഉള്ള തിരിച്ചു പോക്കാണ്.കെട്ടുകാഴ്ച്ചാ സമൂഹത്തിൽ നിന്ന് യാഥാർഥ്യത്തിലേക്കുള്ള തിരിച്ചു നടത്തമാണ്; സത്യാനന്തര കാലത്തിൽ നിന്ന് സത്യത്തിലേക്കുള്ള ചുവടു വെയ്‌പിനുള്ള ആഹ്വാനമാണ്.എന്നാൽ, അതെ സമയം ഇതിനെ ഒരു വൈമർശിക സ്ഥാനമായി അടയാളപ്പെടുത്തുകയും ചെയ്യാം. കാരണം വെളിച്ചത്തിലേക്ക് പോകാനുള്ള അവസരം ലഭിക്കുന്ന യുവതി അതിനെ അണച്ച് വെച്ചിട്ട് തന്റെ പഴയ ഇരുണ്ട മൂല്യങ്ങളുടെ കംഫോര്ട്ട് സോണിലേയ്ക്ക് പോവുകയാണെന്ന വിമർശനം കവി ഉയർത്തുന്നതായി വേണമെങ്കിൽ ഇതിനെ വായിച്ചെടുക്കാം. അത് വായനക്കാരുടെ സന്ദർഭയുക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഭൂതകാലം മനുഷ്യനെ പുതുക്കി നിർമ്മിക്കുന്നതിനെയാണ് ഭാവി എന്ന് പറയുന്നതെന്ന് കൃത്യമായും വിശ്വസിക്കുന്നുണ്ട് അസീം തന്റെ കവിതകളിൽ. ‘കേട്ട് പതിഞ്ഞ ശബ്ദത്തിൽ’ എന്ന കവിത ഭാവിയെ രൂപപ്പെടുത്തുന്ന ഭൂതകാലത്തെക്കുറിച്ചുള്ളതാണ്. ഉമ്മ മരിച്ചതിനു ശേഷം തറവാട്ട് വീട്ടിലേയ്ക്ക് ഇടയ്ക്കിടെ പോകുന്ന മകന്റെ വാക്കുകളാണ് ‘ഞാൻ’ എന്ന പൊതുഭാവനയിലൂടെ അസിം കൊണ്ട് വരുന്നത്. അവിടെ ഉമ്മയുടെ അഭാവം മറ്റൊരു ഭാവത്തെ സൃഷ്ടിച്ചിട്ടുണ്ട്. ആ അഭാവം സൃഷ്ടിച്ച ഭാവമാണ് `ഭ്ശൂ…” എന്ന ശബ്ദത്തിൽ വെളിപ്പെടുന്ന വാപ്പ. സത്യത്തിൽ അസീം എഴുതിയ വരികൾ വായിക്കുമ്പോൾ ഉമ്മയെക്കാൾ ആത്മരൂപം പ്രാപിച്ച ഒരാളായിട്ടാണ് ശബ്ദത്തിലൂടെ മാത്രം തിരിച്ചറിയപ്പെടുന്ന വാപ്പയെ വായനക്കാർ മനസ്സിലാക്കുന്നത്. ഭ്ശൂ എന്ന ശബ്ദം ഓർമ്മിപ്പിക്കുന്നത് ഒരു കാർഷിക പ്രവർത്തിയെ ആണ്. അയാൾ എന്തോ കിളച്ചു മറിക്കുകയാണ്. അതൊരു അന്വേഷണവും കണ്ടെത്തലും ആണ്, ഒപ്പം വളർച്ചയെ കരുപ്പിടിപ്പിക്കലും. അതിനേക്കാളേറെ അസീം കവിതയിൽ കൊണ്ടുവരുന്നത് ആ ശബ്ദത്തിലൂടെ നടത്തപ്പെടുന്ന അന്വേഷണമാണ്.വാപ്പ കിളച്ചു കൊണ്ടന്വേഷിക്കുന്നത് മണ്ണിനോട് ചേർന്ന ഉമ്മയെ ആണോ.പഴയ സംസ്കാരങ്ങളിലെ ഭാവന പോലെ കുഴിച്ചിടപ്പെട്ട മനുഷ്യൻ പുതിയതൊന്നായി ഉയിർത്തെഴുന്നേൽക്കുമോ എന്ന അന്വേഷണമാണ് അദ്ദേഹം നടത്തുന്നത്. ഒടുവിൽ ആ ശബ്ദം കവിതയിലെ ഞാനുമായി താദാത്മ്യം പ്രാപിക്കുകയാണ്. കവി പറയുന്നത് നോക്കൂ: താളക്രമം പഴയപടി ചിട്ടപ്പെടുത്താനുള്ള തത്രപ്പാടിനിടയിലാകണം ആ ഒച്ച എന്നെ നിങ്ങൾ കേട്ടപ്രകാരമങ്ങനെ ഉച്ചത്തിൽ ആവിഷ്കരിച്ചത്.’ ഇവിടെ `ഭ്ശൂ….’ എന്ന ശബ്ദം കവിതയിലെ ‘ഞാൻ’ എന്ന സ്വത്വത്തെ രൂപപ്പെടുത്തുന്നു; ഒരു ശബ്ദത്തിന്റെ ജനിതകത്തുടർച്ചയായി കവി മാറുന്നു.ആശയക്കുഴപ്പവും തീർച്ചയില്ലായ്മയും അനുഭവിക്കുന്ന മനുഷ്യരുടെ പ്രതിനിധിയെ പലപ്പോഴും അസീം സ്വയം അവതരിപ്പിക്കാറുണ്ട്; ഈ സമാഹാരത്തിലെ കൺഫ്യൂഷൻ, പക്ഷിയെ വരയ്ക്കൽ,… തുടങ്ങിയ കവിതകളിൽ ആ പ്രതിനിധാനം വ്യക്തതയാർന്നു വരുന്നുണ്ട്. സർപ്പത്തിന് മുന്നിൽ അകപ്പെടുന്ന മനുഷ്യൻ, അല്ലെങ്കിൽ മനുഷ്യനു മുന്നിൽ അകപ്പെടുന്ന സർപ്പം. ഇവരുടെ ചിന്തകൾ എന്തായിരിക്കാം, എങ്ങനെയാണ് അവരുടെ അതിജീവനോർജ്ജം വിനിയോഗിക്കപ്പെടുക, ഇനി അഥവാ പരസ്പരം ആക്രമിക്കുന്നില്ലെങ്കിൽ ഒരു സമവായം സാധ്യമാണോ? ഇനി ആക്രമിച്ചാൽ എന്താകും സംഭവിക്കുക? ഇങ്ങനെ ഒരു പിടി ചോദ്യങ്ങളും അവയുടെ സാധ്യതകളും അവതരിപ്പിച്ച ശേഷം കവി പറയുന്നു അഥവാ അവർ പരസ്പരം ആക്രമിക്കാൻ തന്നെ തീരുമാനിക്കുകയാണെങ്കിൽ പാമ്പ് തല ചതഞ്ഞു പൊന്തക്കാട്ടിലേയ്ക്ക് വലിച്ചെറിയപ്പെടും, മനുഷ്യനോ ചുടലപ്പറമ്പിലേയ്ക്കും: കൊത്തിയ പാമ്പിന്റെ തലയും തല്ലിയ ആ ആളിന്റെ തലയും അന്നേരം വല്ലാതെ നീലിച്ചിരിക്കും എന്ന് പറഞ്ഞാണ് കവി കവിത അവസാനിപ്പിക്കുന്നത്. എന്നാൽ ഇതിനെ കേവലം പാമ്പും മനുഷ്യനും ആയുള്ള ഒരു മുഖാമുഖം ആയിട്ടല്ല കാണേണ്ടത്.

ഭാരതത്തിന്റെ ചിന്താപദ്ധതികളിൽ കാലത്തെ സർപ്പമായി കണക്കാക്കുന്നു. മനുഷ്യൻ ആ സർപ്പത്തിന്റെ വായ്ക്കുള്ളിൽ ആണ്.അവിടെയിരുന്നു കൊണ്ട് മനുഷ്യൻ അതിജീവനം എന്ന മായാപ്രവർത്തിയിൽ ഏർപ്പെടുകയാണ്. ഇവിടെ അസീം മുന്നോട്ട് വെയ്ക്കുന്നത് കാലവുമായി മനുഷ്യനുള്ള മുഖാമുഖമാണ്.കാലം എന്നത് സന്ദര്ഭം കൂടിയാണ്. അപ്പോൾ ഏറ്റുമുട്ടാം, സമാവായത്തിലേർപ്പെടാം, പിരിഞ്ഞു പോകാം. എന്നാൽ പരസ്പരാക്രമണത്തിന്റെ വഴിയാണ് എടുക്കുന്നതെങ്കിൽ ആ സന്ദർഭവും അതിനോട് ഏറ്റുമുട്ടുന്നവനും ഒരുപോലെ ഇല്ലാതാകും.ഒരുതരം മദ്ധ്യേമാർഗ്ഗമാണ് അസീം ഈ കവിതയിലൂടെ നൽകുന്ന സന്ദേശം.നമ്മുടെ കാലത്തിലെ ഏറ്റുമുട്ടലുകളെത്തന്നെയാണ് കവി എടുത്തുകാട്ടുന്നത്.സമവായത്തിന്റെ വഴികൾ എത്ര സുരക്ഷിതമായി മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുന്നു എന്ന് പറയുമ്പോഴും ഏറ്റുമുട്ടലിന്റെ സാധ്യതകളുടെ ഭീതിദമായ അന്ത്യത്തെക്കുറിച്ചൊരു മുന്നറിയിപ്പ് തരാൻ കവി മറക്കുന്നില്ല. ആശയക്കുഴപ്പം എന്ന് കവിതയ്ക്ക് തലവാചകം നൽകുമ്പോഴും കവി ആശയവ്യക്തതയിൽ ആണ് കവിത അവസാനിപ്പിക്കുന്നത്.എന്നാൽ പക്ഷിയെ വരയ്ക്കുമ്പോൾ എന്ന കവിതയിൽ ആ വരയ്ക്കുന്ന സന്ദർഭത്തിൽ ഉണ്ടാകുന്ന ആശയക്കുഴപ്പങ്ങൾ കവി പറയുന്നു. വരയ്ക്കാൻ ഇരിക്കുമ്പോൾ ഓരോ അംഗോപാംഗവും ഉപകരണവും ക്ഷമത നശിച്ചും രൂപഭദ്രമാകാതെയും വരികയും ആ ദിനം അങ്ങനെ കടന്നു പോകുകയും ചെയ്യുന്നതിൽ കവി ഖിന്നനാകുന്നു.

ഇത്തരം കവിതകളിൽ അസ്തിത്വപ്രശ്നത്തിന്റെതായ സ്വരം കവി പുറപ്പെടുവിക്കുന്നുണ്ട്. വരും വരും എന്ന പ്രതീക്ഷമാത്രമാണ് ആശ്രയം എന്ന് പറഞ്ഞ ബെക്കറ്റിയൻ കഥാപാത്രങ്ങളെപ്പോലെ അസീമും പ്രതീക്ഷ വെച്ച് പുലർത്തുന്നുണ്ട്; എപ്പോഴെങ്കിലും പക്ഷിയെ നന്നായി വരയ്ക്കാൻ കഴിയുമെന്ന്.പക്ഷെ,ഓരോ ദിവസവും അവസാനിക്കുന്നത് ഒരു പ്രതീക്ഷാ നഷ്ടത്തിലാണ്. ‘ചേക്കേറുവാൻ ഇടമില്ലാത്ത പകൽ’ കൊഴിഞ്ഞു പോകുന്നതിനെ കവി ഭീതിയോടെ നോക്കുന്നു.ഈ കവിതയിൽ ഉടനീളം, കരുതുവതിഹ ചെയ്യവയ്യ ചെയ്യാൻ വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം, ആയുസ്‌ഥിരതയുമില്ല അതി നിന്ദ്യമീ നരത്വം’ എന്ന് കുമാരനാശാൻ പറഞ്ഞതിന്റെ അനുരണനങ്ങൾ കേൾക്കാം.ഈ ആശയം,അതായത് കർമ്മത്തെക്കുറിച്ചുള്ള സന്ദേഹങ്ങൾ ശക്തമാകുന്ന ആശയം അസീം മറ്റു പല കവിതകളിലും ആവർത്തിക്കുന്നുണ്ട്. ‘അത് മാത്രം മതി’ എന്ന കവിതയിൽ പ്രത്യക്ഷത്തിൽ യാത്രയെക്കുറിച്ചുള്ള വിചാരങ്ങളും ലക്ഷ്യത്തെക്കുറിച്ചുള്ള വിചാരമില്ലായ്മയും ഉണ്ടെങ്കിലും യാത്ര എന്ന കർമ്മത്തെക്കുറിച്ചുള്ള സമഗ്രസന്ദേഹങ്ങൾ ബാക്കി നിൽക്കുന്നുണ്ട്. ‘ആഴം എന്നെ നോക്കി വാ പിളർക്കും എന്നും അകലം എന്റെ നിശ്ചലതയെ ചൂണ്ടി പരിഹസിക്കും’ എന്നും പറയുന്ന അസീം പ്രപഞ്ചത്തോട് ആവശ്യപ്പെടുന്നത് ‘കിളിർക്കാനുള്ള നിന്റെ മിടിപ്പ്, കുതിയ്ക്കാനുള്ള വീർപ്പ്, അതുവേണം, അത് മാത്രം മതി’ എന്നാണ്. അസ്തിത്വദുഃഖത്തിന്റെ ഉച്ചകോടിയിൽ നിൽക്കുമ്പോഴും സ്വയം ഭേദിച്ച് കിളിർക്കാനുള്ള വിത്തിന്റെ സൗമ്യതയിൽ അടങ്ങിയിരിക്കുന്ന സർഗ്ഗോർജ്ജം മതിയെന്ന് കവി പ്രാർത്ഥിക്കുന്നു.

വാക്കുകൾ നിഷ്പ്രഭമായിപ്പോകുന്ന, പ്രവർത്തികൾക്ക് അർത്ഥമില്ലാതാകുന്ന ഒരു അവസ്ഥയാണ് പ്രണയത്തിന്റെ മുന്നിൽ, പ്രപഞ്ച നാഥന്/നാഥയ്ക്ക് മുന്നിൽ പ്രണയിക്ക്/ഭക്തന് ഉണ്ടാകുന്നത്.വിത്തിലേയ്ക്ക് മടങ്ങിപ്പോകാൻ കഴിയാത്ത മരം പോലെ, ഉറവിടത്തിലേയ്ക്ക് തിരികെ പോകാൻ കഴിയാത്ത പുഴയുടെ വരളുന്ന ഭ്രമം പോലെ അസംബന്ധവും അസാധ്യവുമായ ഒരു അനുഭവമാണത്. അസീമിന്റെ പുസ്തകത്തിന്റെ പേരുകൂടിയാകുന്ന കവിതയാണ് ‘മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’. ഈ കവിതയിലുടനീളം വെളിപ്പെടുന്നത് പ്രണയം, വളർച്ച, യാത്ര എന്നിവയാണ്. ‘ഏറെ വീര്പ്പോടെ വിരിഞ്ഞിറങ്ങിയ ഒന്നിനെയും മടങ്ങിപ്പോകാൻ നിർബന്ധിക്കരുത്’ എന്നാണ് കവി പറയുന്നത്. തുടർന്ന് അഥവാ നിര്ബന്ധിച്ചാലും നടക്കാത്ത കാര്യമാണ് വിത്തിലേക്കുള്ള മരത്തിന്റെ മടക്കയാത്ര എന്ന് പറയുന്നു. പ്രണയിനിയ്ക്ക് മുന്നിൽ, പ്രപഞ്ച നാഥയ്ക്ക് മുന്നിൽ പെടുമ്പോൾ ‘ജീവനുത്ഭവിച്ച ആദ്യത്തെയാ അവസ്ഥയിലേയ്ക്ക് ഭൂമി തിരികെ പോകും പോലെ അസഹ്യമായ’, ആ നിമിഷത്തിൽ സർവ ജീവജാലങ്ങളും അനുഭവിക്കുന്ന അങ്കലാപ്പ് കവി അനുഭവിക്കുന്നു.

പല തലങ്ങളിൽ ഒരു മിസ്റ്റിക് കവിത എന്ന് പറയാമെങ്കിലും ‘മരത്തിന്റെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന കവിതയിലൂടെ അസീം അഭിസംബോധന ചെയ്യുന്നത് ചരിത്രത്തെ തന്നെയാണ്.ചരിത്രത്തിന്റെ ഗതിയെ തളയ്ക്കാൻ ശ്രമിക്കുന്ന എന്തിനും ഏതിനും അക്രമത്തെയും ഹിംസയെയും ആശങ്കയെയും മാത്രമേ കൊണ്ട് വരാൻ കഴിയൂ എന്ന് കവി സൂചിപ്പിക്കുന്നു. ചരിത്രത്തിനെ അതിന്റെ ഉദ്‌ഭവങ്ങളിലേയ്ക്ക് കൊണ്ട് പോവുക എന്നതിനർത്ഥം പരിണാമത്തിന്റെ സ്വാഭാവിക ഗതിയെ തടസ്സപ്പെടുത്തുക എന്നതാണ്. അസാധ്യമായ ഒന്നിനെ സാധ്യമാക്കാനുള്ള മനുഷ്യന്റെ ശ്രമങ്ങൾ ആത്യന്തികമായ വിനാശത്തിൽ കൊണ്ട് ചെന്നെത്തിയ്ക്കും. അവിടെ മനുഷ്യന് പ്രപഞ്ചനാഥന്റെ മുന്നിൽ ചെന്ന് പെട്ടത് പോലെ വാക്കുകളും കർമ്മവും മറന്ന് സ്തബ്ധരായി നിൽക്കേണ്ടി വരും എന്ന് കവി പറയുന്നു എന്ന് വ്യാഖ്യാനിക്കാവുന്നതാണ്.ചരിത്രത്തിന്റെ തന്നെ വർത്തമാനകാലത്തെ അല്പം നർമ്മത്തോടെ നോക്കിക്കാണുവാണ് ഇടയ്ക്കിടെ ശ്രമിക്കുന്നു കവി. ‘കാടു വരയ്ക്കൽ’ എന്ന കവിത ആന്തരാർത്ഥങ്ങൾ ഇല്ലാതെ തെളിഞ്ഞ ഒരു കവിതയാണ്. കാട് വരയ്ക്കാൻ എളുപ്പമാണ്. കുറെ മരങ്ങളെ ചേർത്ത് ചേർത്ത് വരച്ചാൽ മതി. പിന്നെ കാട്ടിൽ വേണ്ടതെന്തൊക്കെയോ അതൊക്കെയും വരയ്ക്കുക.എന്നാൽ ജനക്കൂട്ടത്തെ വരയ്ക്കാനും ഇന്നെളുപ്പമാണ് എന്ന് കവി പറയുന്നത് മുതൽ കവിതയുടെ ലാളിത്യത്തിലും തെളിമയ്ക്കും മറ്റുകൂടുന്നു.മറ്റു പല വിതാനങ്ങളിലേയ്ക്കതു പടരുന്നു.’ഈ കൊടും കാടിനെയൊരു കാറ്റുലയ്ക്കും വിധം മാറ്റിയൊന്നു വരച്ചെടുത്താൽ മതി. ഇലകളൊക്കെ കൊഴിഞ്ഞു പോയാലത് നീ വിളിച്ചു ചേർത്ത മഹാ സമ്മേളനവുമായി’.

പ്രത്യക്ഷത്തിൽ നിർദ്ദോഷമായ നർമ്മമെന്നു തോന്നുന്ന ഈ വരികളിൽ കവി വർത്തമാനകാലത്തിന്റെ ചരിത്രവും രാഷ്ട്രീയ നൃശംസതയെയും ഒന്നാകെ സംക്ഷേപിച്ചിരിക്കുന്നു. കൊടും കാടിനെ കാറ്റുലയ്ക്കും വിധം വരച്ചാൽ ആൾക്കൂട്ടം ആയെന്ന് പറയുമ്പോൾ ആൾക്കൂട്ടത്തിന്റെ മനസ്സ് എങ്ങനെ രൂപപ്പെടുന്നു എന്ന് കൂടി നാം കാണുന്നു. ഓരോ മനസ്സുള്ള വൃക്ഷങ്ങൾ കൊടുങ്കാറ്റു വരുമ്പോൾ ഒറ്റമനസ്സെന്ന പോലെ ആടിയുലയുന്നു.മനുഷ്യരുടെ കൂട്ടങ്ങൾ സ്വന്തം മനസ്സിന്റെ യുക്തികൾ വെടിഞ്ഞു കൊള്ളിവെപ്പിനും കൊലയ്ക്കും ഇറങ്ങിത്തിരിക്കുന്നത് പ്രത്യയശാസ്ത്ര പ്രേരണ എന്ന കൊടുങ്കാറ്റ് കൊണ്ടാണ്. അത്തരമൊരു രാഷ്ട്രീയ വിവക്ഷയെ സാധൂകരിക്കുന്നതാണ് അടുത്ത വരികൾ. ഇലകളൊക്ക കൊഴിഞ്ഞു പോയാൽ അത് നീ വിളിച്ചു ചേർക്കുന്ന മഹാസമ്മേളനവുമായി എന്ന് അസീം പറയുന്നു. മരത്തിന്റെ അസ്തിത്വം വേരുകൾ മാത്രമല്ല ഇലകൾ കൂടിയാണ്. അതൊക്കെ പോയിക്കഴിഞ്ഞാൽ പിന്നെ മരവും മനുഷ്യനും കേവലം ഉപകരണങ്ങൾ മാത്രം ആയി മാറുന്നു. ഡെമഗോഗുകൾ മനുഷ്യനെ മനുഷ്യനെതിരെ തിരിക്കുന്നതിന്റെ തന്ത്രമാണ് കവി ഈ കവിതയിൽ വെളിപ്പെടുത്തുന്നത്.

അസീമിന്റെ കവിതകൾ മന്ദ്രസ്ഥായിയിൽ തുടങ്ങി അതെ സ്ഥായി തന്നെ പിന്തുടരുകയും വിശ്രാന്തിയിലേയ്ക്ക് കവിത ചെന്നെത്തുമ്പോൾപ്പോലും ആ സ്ഥായിയിൽ നിന്ന് മാറാതിരിക്കാൻ നോക്കുകയും ചെയ്യുന്നുണ്ട്. ഒരിക്കലും മുദ്രാവാക്യം വിളിയിലേയ്ക്ക് പോകാതിരിക്കുന്ന ഈ കവിതകളിൽ എല്ലാം തന്നെ സമൂഹവും മനുഷ്യനും രാഷ്ട്രീയവും ഇവ തമ്മിലുള്ള ബന്ധവുമൊക്കെ കടന്നു വരുന്നുണ്ട്. ഏകാന്തനായി ഇരിക്കുമ്പോൾ ആവിഷ്കരിക്കപ്പെടുന്ന വികാരങ്ങളാണ് കവിതകൾ എന്ന് പറയുമെങ്കിലും ഒരിക്കലും വിക്ഷോഭത്തിന് അടിപ്പെടാത്തതു കൊണ്ട് അസീമിന്റെ കവിതകൾ കാല്പനികതയുടെ ചുറ്റും തിരിഞ്ഞു കളിക്കുകയാണെന്ന ആരോപണം ഉണ്ടാകേണ്ട കാര്യമില്ല, കാരണം വിക്ഷോഭത്തിന്റെ കാലത്തിനു ശേഷം സമയത്തെ, സന്ദർഭത്തെ, പരിസരത്തെ, രാഷ്ട്രീയത്തെ ഒക്കെ സമാധാനത്തോടെ കാണാൻ കഴിയുന്ന കണ്ണുകളും സ്വരവും തന്റെ കവിതകളിൽ അസീമിന് വികസിപ്പിച്ചെടുക്കാനായിട്ടുണ്ട് എന്നത് വ്യക്തമാണ്. അത് കുറുങ്കവിതകളിൽ ആയിരുന്നാലും നെടുങ്കവിതകളിൽ ആയിരുന്നാലും ആ സമാധാനം വായനക്കാരിൽ പകർന്നു കിട്ടുന്നുണ്ട്. ചെറു പ്രസിദ്ധീകരണങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ഒക്കെ എഴുതുമ്പോൾ ഒറ്റനോട്ടത്തിനു മുന്നിൽ വ്രീളയാകുന്ന പ്രണയഭാജനത്തെപ്പോലെ കവിത സ്വയം വെളിപ്പെടുത്താൻ തയാറാകുന്നുണ്ട്. `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്’ എന്ന ഈ സമാഹാരത്തിന്റെ രണ്ടാം ഭാഗത്തിൽ കാണപ്പെടുന്ന കുറുങ്കവിതകളിൽ എല്ലാം തന്നെ ഈ ഒരു നേർമ്മ വായനക്കാർക്ക് ദർശിക്കാൻ കഴിയും. ഉദാഹരണത്തിന് ‘കൊല്ലൻ’ എന്ന കവിത നോക്കുക: മൂർച്ചയേറിയൊരായുധമാഗ്രഹിച്ചെത്തുമാളുടെ/കണ്ണിലതിദ്രുതമൊറ്റ നോട്ടമേ കൊല്ലനുഴിഞ്ഞിടൂ… മറുചോദ്യങ്ങൾക്കൊക്കെയുംഉത്തരം/ചുട്ടുപൊള്ളുമാ തീയുല കൺകളിൽ ഉറ്റുനോക്കിയുമൂതിപ്പെരുക്കിയും.’

കൂടുതലൊന്നും ചോദിക്കാനില്ല കൊല്ലന്. അനുഭവം കൊണ്ടും കൈത്തഴക്കം കൊണ്ടും അതിനേക്കാളേറെ ഉപഭോക്താവിന്റെ മനോഗതം അറിയാനുള്ള അതീന്ദ്രിയശേഷി കൊണ്ടും അയാൾക്ക് കത്തിയുടെ ഉപയോഗം എന്തെന്ന് അറിയുന്നത് പോലെ, കവിക്ക് അധികം ചോദ്യങ്ങളോ അധികം ഉത്തരങ്ങളോ ഈ കവിതകളിൽ ഉന്നയിക്കേണ്ടി വരുന്നില്ല. വായനക്കാരനെ ഈ കൊല്ലന്റെ അവസ്ഥയിലേയ്ക്ക് ഉയർത്താൻ അസീമിന് കഴിയുന്നു.ഒറ്റനോട്ടത്തിൽ കവിതയുടെ അന്തരാർത്ഥത്തിലേയ്ക്ക് കടക്കാനുള്ള വഴികൾ കവിതയിൽത്തന്നെ കവി തുറന്നിടുന്നു. ജനിമൃതികളുടെ ചാക്രികത ഒരു ശാസ്ത്രീയ സത്യമാണെങ്കിലും പുരാണങ്ങളുടെ ഭാഷയിൽ പറയുമ്പോൾ അതിൽ അന്ധവിശ്വാസങ്ങളെന്ന് ആരോപണം വരുമെങ്കിലും കവിതയിലത് പറഞ്ഞാൽ വായനക്കാർക്ക് മനസ്സിലാകുമെന്ന്, അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുമെന്ന് കവിക്കറിയാം. ‘ഏറെ’ എന്ന നാലുവരിക്കവിതയിൽ അതുണ്ട്: `ഏറെ നോവോടെ ആ പൂവ് കൊഴിഞ്ഞു പോയി. അതിലേറെ ആഹ്‌ളാദത്തോടെ വേരതെടുത്തോണ്ടു പോയി.’ ഒരു തരം കാനിബാളിസം ആണോ എന്ന് തോന്നിപ്പിക്കാമെങ്കിലും സ്വയം വളമാകുന്ന മനുഷ്യജീവിതത്തെക്കുറിച്ചൊരു ദാർശിനിക നോട്ടമാണവിടെ അസീം അവതരിപ്പിക്കുന്നത്. കുമാരനാശാൻ, വീണപൂവിൽ ‘കണ്ണേ മടങ്ങുക കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലര് വിസ്മൃതമാകുമിപ്പോൾ..എണ്ണീടുകാർക്കുമിതുതാൻ ഗതി,സാധ്യമെന്തു/ കണ്ണീരിനാൽ? അവനിവാഴ്വു കിനാവു, കഷ്ടം’ എന്ന് പറയുമ്പോൾ ഉണ്ടാകുന്ന ദാർശിനികതയ്ക്ക് സമമായ ഒന്ന് ഇവിടെ കാണാം. എന്നാൽ കുമാരനാശാനിലെ നഷ്ടബോധവും വിഷാദവും അസീമിൽ ഇല്ല. വേര് വീണപൂവിനെ ആഹ്ളാദത്തോടെ സ്വീകരിക്കുകയാണ്; ‘അമ്മ മകളെയെന്ന പോലെ.

വർത്തമാനകാല രാഷ്ട്രീയവ്യഥകളെ അസീം അത്രയ്ക്കൊന്നും നേരിട്ട് പരാമർശിക്കാറില്ല കവിതകളിലെങ്കിലും ഈ സമാഹാരത്തിലെ ‘അശാന്തമായ സാന്നിധ്യം’ എന്ന കവിതയിൽ പുലിയിറങ്ങിയ ഒരു ഗ്രാമത്തിനു വന്നു ഭാവിക്കുന്ന മാറ്റങ്ങളെക്കുറിച്ചു പറയുമ്പോൾ കവി ഉദ്ദേശിക്കുന്നതെന്തെന്നു ഒന്നാം വായനയിൽ കിട്ടിയില്ലെങ്കിൽ രണ്ടാം വായനയിലെങ്കിലും അനുവാചകന് കിട്ടിയേയ്ക്കും.പുലിയിറങ്ങിയ ഗ്രാമത്തിലെ പൊന്തക്കാടുകൾ പോലും പുലിയുണ്ടെന്ന വ്യാജ അഭിമാനം പുലർത്തും.’ഇലയനക്കങ്ങൾ പുലിച്ചുവടുകളുടെ താളം അനുകരിക്കും’ ‘എല്ലാക്കണ്ണുകളിലും കോമ്പല്ലു നീർത്തിയ ഒരു പുലി പരതി നടക്കും’ ‘പുലിയിറങ്ങി പരാക്രമം കഴിഞ്ഞു മടങ്ങിയ ഗ്രാമം അശാന്തമായ ഏതോ രാത്രികളെ എപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും.’ ഈ കവിതയിൽ ഉടനീളം ഇല്ലാത്തൊരു പുലിയെക്കുറിച്ചാണ് പറയുന്നത്.പക്ഷെ, ഇല്ല എന്നത് ഒരു വിശ്വാസമാണ്; പുലി അവിടെ ഇറങ്ങി എന്നതാണ് സത്യം. അതവിടെ ഉണ്ടാകാം, ഇല്ലാതിരിക്കാം. പക്ഷെ, ഏറെപ്പേരും ഭയക്കുമ്പോൾ ചിലർ അതിന്റെ പേരിൽ മുതലെടുക്കാൻ ഇറങ്ങുന്നു. വർത്തമാന കാല രാഷ്ട്രീയ പശ്ചാത്തലത്തിൽ വായിക്കപ്പെടേണ്ട ശക്തമായ കവിത തന്നെയാണിത്.

അസീം താന്നിമൂടിന്റെ കവിതകൾ വർത്തമാനകാലത്തെക്കുറിച്ചു സന്ദേഹവും പ്രതീക്ഷകളും ഒരുപോലെ വെച്ച് പുലർത്തുന്ന അനേകം കവികളുടെ സൃഷ്ടികൾക്കൊപ്പം സഞ്ചരിക്കാനുള്ള കെല്പുണ്ട്. അതേസമയം ആൾക്കൂട്ടത്തിൽ ഒറ്റപ്പെടാനും വളരെ ദൂരം സമാന്തരമായി അവർക്കൊപ്പം തന്റേതായ വഴിയിലൂടെ നീങ്ങാനുള്ള പ്രവണതയും ഉണ്ട്. കവിതയുടെ മേൽ നടത്തുന്ന പുനരാലോചനകൾ കവിയെ അമിതമായ കാവ്യോദീരണങ്ങളിൽ  നിന്ന് പിന്തിരിപ്പിക്കുന്നു. എഴുതുന്നതെന്തും കവിതയെന്ന രീതിയിൽ പ്രത്യക്ഷപ്പെടുത്താമെന്ന സ്വാതന്ത്ര്യത്തിന്റെ കാലത്തിൽ കവിതകൾ ഒളിച്ചിരിക്കുന്നിടം തേടി നടക്കുന്ന ഒരു കവിയാണ് അസീം താന്നിമൂട്.അടഞ്ഞു കിടക്കുന്ന വാതിലുകളുള്ള എല്ലാ വീടുകളിലും ആ കവിത ഭിക്ഷാംദേഹിയായി പോകുന്നു. കവിതയുടെ സ്പർശമേറ്റ് വാതിലുകളെല്ലാം തുറക്കുമെന്ന് കവി പ്രതീക്ഷിക്കുന്നു; ആ പ്രതീക്ഷ അസീമിന്റെ കവിതകൾക്ക് പ്രത്യാശയുടെയും ശാന്തിയുടെയും സ്വരം നൽകുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.