DCBOOKS
Malayalam News Literature Website

മരങ്ങള്‍ ഓടുന്ന വഴിയേ- ഇന്ത്യയുടെ നാലതിരും തൊടുന്ന യാത്രാനുഭവം

‘രാമായണത്തിലെ ബാലിയെപ്പോലെയാവണം സിവില്‍ സര്‍വ്വീസ് ട്രെയിനിങ്ങില്‍ കഴിവുള്ളവര്‍ക്കിടയില്‍ സ്വന്തം കഴിവ് തെളിയിക്കാന്‍ നടക്കുന്ന ഏതൊരു ടീനേജറുമെന്ന് എനിക്കു തോന്നി. ഏതു യുദ്ധത്തിലും എന്റെ എതിരാളികളുടെ പകുതി ശക്തി ചോര്‍ന്നുകിട്ടും ബാലിക്ക്. അതേപോലെ എല്ലാവരില്‍നിന്നും അറിവുകള്‍ ശേഖരിക്കണം. അതുകൊണ്ടാണ് വില്ലാളിവീരനായിട്ടും ശ്രീരാമന്‍പോലും മരത്തിന് പിന്നില്‍ ഒളിഞ്ഞുനിന്ന് ബാലിയെ അമ്പെയ്തു വീഴ്ത്തിയത്. പക്ഷേ, വയറു നിറയെ കഴിച്ചിട്ട് കിടന്നുറങ്ങുകയും എന്നാല്‍ ആവശ്യം വരുമ്പോള്‍ ഒരു പ്രയോജനവുമില്ലാത്ത കുംഭകര്‍ണ്ണനാണ് മിക്കവരുടേയും റോള്‍ മോഡല്‍. പക്ഷേ, ചിലര്‍ കുംഭകര്‍ണ്ണനെപ്പോലെ കിടന്നുറങ്ങുമെങ്കിലും ആവശ്യസമയത്ത് ചാടി എഴുന്നേറ്റു പഠിച്ച് റാങ്ക് വാങ്ങും. അവരെ കണ്ട് നമ്മള്‍ ഉഴപ്പിയാല്‍ അതോടെ നമ്മുടെ കാര്യത്തില്‍ ഒരു തീര്‍പ്പാകും.

പണ്ട് ഞാന്‍ മാത്രമായിരുന്നു നാട്ടില്‍ ഇംഗ്ലീഷ് പത്രം വരുത്തിയിരുന്നത്. ഒരു കോപ്പി എനിക്കു മാത്രമായി ഏജന്റ് ഓര്‍ഡര്‍ ചെയ്യണം. ഞാന്‍ വീടിന്റെ വരാന്തയിലിരുന്ന് പത്രം ഉറക്കെ വായിച്ച് ഇംഗ്ലീഷ് ഉച്ചാരണം നന്നാക്കാന്‍ ശ്രമിക്കും. അപ്പോള്‍ നാട്ടുകാര്‍ പറയും: ‘ പിന്നേയ്, ഇംഗ്ലീഷ് പത്രം വായിച്ചിട്ട് അവനിപ്പോള്‍ കളക്ടര്‍ പരീക്ഷ എഴുതാന്‍ പോകുവല്ലിയോ. ഐ.എ.എസ് അവിടെ എടുത്തുവെച്ചിരിക്കുന്നതുപോലെയാ ഇംഗ്ലീഷില്‍ പത്രമൊക്കെ വായിക്കുന്നതു കണ്ടാല്‍. ‘ പിന്നീട് എനിക്ക് സിവില്‍ സര്‍വ്വീസ് കിട്ടിയ വിവരമറിഞ്ഞ് ന്യൂസ് ചാനലുകള്‍ വന്നപ്പോള്‍ നാട്ടില്‍ ഞാനില്ല. അപ്പോള്‍ നാട്ടുകാര്‍ സന്തോഷത്തോടെ ക്യാമറയ്ക്ക് മുന്‍പില്‍ പറയുന്നു: ‘ആ പയ്യന്‍ ഭയങ്കര കഠിനാധ്വാനിയായിരുന്നു. ചെറുപ്പത്തിലേ ഇംഗ്ലീഷ് പത്രമൊക്കെ ഉറക്കെ വായിക്കുമായിരുന്നു. അന്നേ ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു ഭാവിയില്‍ അവനു സിവില്‍ സര്‍വ്വീസ് കിട്ടുമെന്ന്. ചുറ്റിനുമുള്ളവര്‍ എന്തു പറയുന്നുവെന്ന്, എന്തു കരുതുന്നുവെന്ന് അധികം ഗൗനിക്കാതിരിക്കുക. ചെയ്യാനുള്ളത് ചെയ്യുകയെന്ന രീതിതന്നെയാണ് പിന്നീട് കുറവുകള്‍ക്കിടയിലും ഞാന്‍ അക്കാദമിയിലും പിന്തുടര്‍ന്നത്.

പുസ്തകത്തിന്റെ ആമുഖത്തില്‍ ലിപിന്‍ രാജ് എം.പി.എഴുതുന്നു

നാളെയുടെ ഇന്ത്യയെ വാര്‍ത്തെടുക്കാന്‍ അഞ്ചു ലക്ഷം പേരില്‍ നിന്നും പ്രിലിമിനറി, മെയിന്‍, ഇന്റര്‍വ്യൂ എന്നൂ മൂന്നു കടമ്പകള്‍ കടന്നു അവസാനഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ആയിരം പേരുകാര്‍ക്കിടയിലെ ഒരു സിവില്‍ സര്‍വ്വീസ് പ്രൊബേഷണറായിരുന്ന ഞാന്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ, ഗലികളിലൂടെ, നഗരപ്രാന്തങ്ങളിലൂടെ രണ്ടു വര്‍ഷക്കാലം നടത്തിയ യാത്രാനുഭവങ്ങളുടെ ആകെത്തുകയാണ് ഈ പുസ്തകം. ഇതില്‍ ഏറിയ പങ്കും ഇന്ത്യയുടെ നാലതിരും തൊടുന്ന ട്രെയിന്‍ യാത്രകളാണ്; നഗരങ്ങളെയുരുമ്മി കിടക്കുന്ന റണ്‍വേ യാത്രകളുണ്ടിതില്‍, ധര്‍മ്മശാലപോലെയുള്ളയിടങ്ങളിലേക്കുള്ള ബസ് യാത്രകളുണ്ട്, അരക്കുവിലേക്കുള്ള ബൈക്ക് യാത്രകളുണ്ട്. ദേശദേശാന്തരങ്ങളെക്കുറിച്ചുള്ള യാത്രാവിവരണം മാത്രമല്ല ഈ പുസ്തകം, എങ്ങനെയാണ് ഏതൊരു സിവില്‍ സര്‍വ്വീസ് ട്രെയിനിയും രണ്ട് വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന ട്രെയിനിങ്ങളിലൂടെ അറിയാം. അതില്‍ ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.ആര്‍.എസ്, ഐ.പി.എസ് എന്ന വേര്‍തിരിവില്ല.

നിരീക്ഷണങ്ങളിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയും യാത്രകളിലൂടെയും അനുഭവങ്ങളിലൂടെയും ഭരണചക്രത്തിനുതകുംവിധം ഒരു സിവില്‍ സര്‍വ്വന്റ് എങ്ങനെയാണ് പടിപടിയായി രൂപപ്പെടുന്നതെന്ന് ഇതില്‍നിന്നു മനസ്സിലാക്കാം. ഇതിനെ അനുഭവക്കുറിപ്പുകളായോ യാത്രാവിവരണമായോ ഇന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചുള്ള പഠനമായോ ആധുനിക ഇന്ത്യയുടെ ഉണര്‍ത്തുപാട്ടായോ കണക്കാക്കാം. പക്ഷേ, ഇതിലെ ജീവിതങ്ങള്‍ സത്യമാണ്; തുടിപ്പുള്ളവയാണ്. എങ്ങനെയാണ് സിവില്‍ സര്‍വ്വീസില്‍ നയരൂപീകരണം നടത്തേണ്ടതെന്നു ഞാന്‍ സിവില്‍ സര്‍വ്വീസ് അക്കാദമികളിലെയും മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടുകളിലേയും ക്ലാസ് മുറികളില്‍ നിന്നല്ല പഠിച്ചത്; ജീവസ്സുറ്റ ജന്മങ്ങളില്‍നിന്നാണ്.

പണ്ട് ബാലപംക്തികളില്‍ രചനകള്‍ അച്ചടിച്ച് കാണാന്‍ കൊതിച്ച് കഥകള്‍ അയച്ചിരുന്ന എനിക്കു കിട്ടിയത് നിരസിച്ച മറുപടിയോ അല്ലെങ്കില്‍ വീണ്ടും എഴുതൂ എന്ന ഉപദേശങ്ങളോ ആയിരുന്നു. പിന്നീട് യുവജനോത്സവങ്ങളില്‍ സ്ഥിരം കഥാമത്സരവിജയിയായിട്ടും തുടര്‍ച്ചയായി രചനകള്‍ നിരസിക്കപ്പെട്ടു. കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മൂന്നു തവണ തുടര്‍ച്ചയായി മികച്ച കഥാകാരനായ എന്റെ റെക്കോര്‍ഡ് ഇനിയും ആരും തിരുത്തിയിട്ടില്ല.

പണ്ട് ഇത്തരം അവഗണനകള്‍ നേരിടുമ്പോള്‍ ഞാന്‍ പഠിച്ച മാര്‍ ഇവാനിയോസ് കോളജിലെ സമാനചിന്താഗതിക്കാരും ഞാനും ഉറക്കെ ആത്മവിശ്വാസത്തോടെ പറയാറുണ്ടായിരുന്നു. സൂര്യനെ ആയിരം മേഘങ്ങള്‍ മറച്ചാലും സൂര്യന്‍ പത്തിരട്ടി പ്രഭയോടെ ഉദിച്ചുയരും. കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍കൊണ്ട് ഇതു പറഞ്ഞു കേട്ടെഴുതിയ ഒട്ടേറെപ്പേരുണ്ട്; അവരാണ് ഈ പുസ്തകം പുറത്തിറങ്ങാന്‍തന്നെ കാരണം. എന്നെ എക്കാലവും നയിച്ച, ഇപ്പോഴും നയിക്കുന്ന ഈശ്വരതേജസ്സുള്ള, ഊര്‍ജ്ജമിറ്റുന്ന സൂര്യന്മാരെ ഉള്ളില്‍ സൂക്ഷിക്കുന്ന ഓരോരുത്തര്‍ക്കുമായി ഈ പുസ്തകം സമര്‍പ്പിക്കുന്നു.

Comments are closed.