DCBOOKS
Malayalam News Literature Website

‘മരണപര്യന്തം-റൂഹിന്റെ നാള്‍മൊഴികള്‍’; ഹൃദയത്തില്‍ തൊടുന്ന രചനാ സൗന്ദര്യം

ഉത്തരം കിട്ടാത്ത ഒട്ടനേകം ചോദ്യങ്ങള്‍ ബാക്കിയാക്കുന്ന പ്രഹേളികയാണു മരണം. മരണശേഷമുള്ള ആത്മാവിന്റെ ജീവിതം അതിലേറെ ചോദ്യങ്ങള്‍ ശേഷിപ്പിക്കുന്നു. മരിച്ചവര്‍ തിരിച്ചുവന്ന് കഥകള്‍ പറയാത്തിടത്തോളം കാലം മരണവും മരണാനന്തര ജീവിതവും മനുഷ്യനു മുന്‍പില്‍ അത്യത്ഭുതമായി നിലനില്‍ക്കുകതന്നെ ചെയ്യും.

മനുഷ്യന്‍ മരിക്കുമ്പോള്‍ അനുഭവിക്കുന്നതെന്ത്?, മരണശേഷമുള്ള ആത്മാവിന്റെ സഞ്ചാരവും വ്യവഹാരങ്ങളും എവിടെ? ഈ ലോകം ഒരിക്കല്‍ തകര്‍ന്ന് അവസാനിക്കുമോ? ലോകോവസാനത്തിനു ശേഷം പുതിയ ലോകം പുനര്‍ജനനിക്കുമോ? എന്തൊക്കെ അത്ഭുതങ്ങളാണ് പുതിയ ലോകത്ത് ആത്മമാവിനെ കാത്തിരിക്കുന്നത്?

മനുഷ്യന്റെ എണ്ണമറ്റ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ശംസുദ്ദീന്‍ മുബാറക്കിന്റെ ‘മരണപര്യന്തം-റൂഹിന്റെ നാള്‍മൊഴികള്‍’ എന്ന നോവല്‍. ലോകസാഹിത്യത്തില്‍തന്നെ അത്യപൂര്‍വമായി മാത്രം പ്രമേയമായ മരണവും മരണാന്തര ജീവിതവും വിഷയമായ നോവലിന് ഇസ്‌ലാമിക പ്രമാണങ്ങളാണ് എഴുത്തുകാരന്‍ പിന്‍ബലമാക്കുന്നത്. മലയാളത്തില്‍ മരണവും മരണാനന്തരജീവിതവും ഒരു നോവലിനു മുഴുവനായി പ്രമേയമാകുന്നതും ഇതാദ്യമാണ്. നോവല്‍ വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ രണ്ടു മാസത്തിനകംതന്നെ രണ്ടാം പതിപ്പ് പുറത്തിറങ്ങി.

ശംസുദ്ദീന്‍ മുബാറക്കുമായി കെ.പി.ഒ. റഹ്മത്തുല്ല നടത്തിയ അഭിമുഖ സംഭാഷണം

എഴുത്തുകാര്‍ അധികമാരും കടന്നുചെന്നിട്ടില്ലാത്ത പ്രമേയമാണ് മരണവും മരണാനന്തര ജീവിതവും. ‘മരണപര്യന്തം‘ എന്ന താങ്കളുടെ നോവലിന് എങ്ങനെയാണ് ഈ പ്രമേയം തിരഞ്ഞെടുക്കുന്നത്?

അധികമാരും സ്പര്‍ശിക്കാത്തതും വ്യത്യസ്തവുമായ പ്രമേയമാകണം നോവലിന് എന്ന് മനസ്സു പറഞ്ഞു. മനുഷ്യന്റെ പലവിധ ജീവിതാവസ്ഥകള്‍ നോവലുകള്‍ക്കു പ്രമേയമായിട്ടുണ്ട്. എന്നാല്‍, മരണശേഷമുള്ള ആത്മാവിന്റെ സഞ്ചാരങ്ങള്‍ വിരളവും അത്യപൂര്‍വവുമാണ്. മനുഷ്യന്‍ അറിയാന്‍ ആഗ്രഹിക്കുന്നതും മരണം അനുഭവിച്ച മനുഷ്യര്‍ അവരുടെ കഥകള്‍ പറയാത്തിടത്തോളം കാലം നോവല്‍ പുതുമ നിറഞ്ഞ അനുഭവമാകുമെന്ന വിചാരത്തില്‍നിന്നാണ് ‘മരണപര്യന്തം’ ജനിക്കുന്നത്.

മുന്‍മാതൃകകളില്ലാത്തതിനാലും മരണത്തിന്റെ അനുഭവങ്ങള്‍ ജീവിക്കുന്നവര്‍ക്ക് ലഭിക്കാത്തതിനാലും എങ്ങനെയാണ് കഥ വികസിപ്പിച്ചെടുത്തത്?

മരണത്തെക്കുറിച്ച് വിവധ മതങ്ങള്‍ എന്തു പറയുന്നു എന്ന് അന്വേഷണം തുടങ്ങി. അപ്പോഴാണ് ഇസ്‌ലാം മതത്തോളം മരണത്തെയും മരണാനന്തര ജീവിതത്തെയും കൃത്യമായി അടയാളപ്പെടുത്തിയ മതമില്ലെന്ന് അറിഞ്ഞത്. വിവധ ഭാഷകളിലുള്ള ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍, കൃത്യമായി പറഞ്ഞാല്‍ ഖുര്‍ആന്‍, പ്രവാചക വചനങ്ങള്‍, വ്യഖ്യാന ഗ്രന്ഥങ്ങള്‍ എന്നിവ പഠിച്ചാണ് നോവലിന് ആശയം കണ്ടെത്തിയത്.

നോവല്‍ പുറത്തിറങ്ങി രണ്ടു മാസത്തിനകംതന്നെ രണ്ടാം എഡിഷന്‍ പുറത്തിറങ്ങി. താങ്കളുടെ ആദ്യപുസ്തകം എന്ന നിലയ്ക്ക് എങ്ങനെയാണ് ഈ അനുഭവത്തെ കാണുന്നത്?

തികച്ചും സന്തോഷകരമായ കാര്യമാണ്. ആദ്യ നോവല്‍തന്നെ വായനക്കാര്‍ സ്വീകരിച്ചു എന്നറിയുന്നതില്‍ വലിയ സന്തോഷമുണ്ട്. ഡി.സി ബുക്‌സിന്റെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് നോവല്‍ ലോഞ്ച് ചെയ്യുന്നത്. രണ്ടു മാസത്തിനുള്ളില്‍തന്നെ തുടക്കക്കാരിന്റെ നോവല്‍ രണ്ടാം എഡിഷന്‍ പുറത്തിറങ്ങുക എന്നത് സന്തോഷകരമായ കാര്യമാണ്.

നോവലിനെക്കുറിച്ചുള്ള ചര്‍ച്ചകളും വായനാനുഭവങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് നോവലിന് ലഭിക്കുന്നത് .

അതെ, വായിച്ചവര്‍ വായനാനുഭവങ്ങള്‍ പങ്കുവച്ച് അറിയാത്തവരെക്കൂടി നോവലിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. വായനക്കാരില്‍നിന്ന് എനിക്കു ലഭിച്ച പ്രതികരണങ്ങളെല്ലാം വളരെ പോസിറ്റീവാണ്. ഇതുവരെ വായിക്കാത്ത പ്രമേയം എന്ന രീതിയിലാണ് വായനക്കാര്‍ നോവലിനെ കാണുന്നത്.

നോവലിന്റെ അവതരണരീതിയിലും വ്യത്യസ്തയുണ്ടെന്നു തോന്നി. സാധാരണ നോവലെഴുത്തിന്റെ മാതൃകയില്‍നിന്ന് വേറിട്ട രചനാരീതിയാണല്ലോ സ്വീകരിച്ചത്?

ശരിയാണ്. നോവലിന്റെ വാര്‍പ്പുമാതൃകയായി പരിഗണിക്കപ്പെടുന്ന ഖണ്ഡശ്ശ രൂപത്തിലല്ല എഴുതിയത്. മരിച്ച മനുഷ്യന്റെ ആത്മാവിന്റെ സഞ്ചാരം, വിചാരങ്ങള്‍, വികാരങ്ങള്‍, വ്യവഹാരങ്ങള്‍, അനുഭവങ്ങള്‍ എന്നിവ ഡയറിക്കുറിപ്പായി എഴുതുന്ന രീതിയാണ് നോവലിന്റെ രചനയെ ആവിഷ്‌ക്കരിച്ചത്.

നോവലിലെ കഥാപാത്രങ്ങള്‍ ഭാവനാസൃഷ്ടികള്‍ മാത്രമാണോ അതോ ജീവിതത്തില്‍ കണ്ടുമുട്ടിയ വ്യക്തികളാണോ?

തയ്യിലപ്പറമ്പില്‍ ബഷീര്‍ എന്ന കേന്ദ്രകഥാപാത്രവും മറ്റു കഥാപാത്രങ്ങളും ഒരര്‍ഥത്തില്‍ ഭാവനാസൃഷ്ടികളാണ്. പക്ഷേ, ജീവിതത്തില്‍ പലപ്പോഴായി കണ്ടുമുട്ടിയ, നാം ജീവിതത്തില്‍ കാണുന്ന ഒട്ടേറെ ജീവിതങ്ങളുടെ മിക്‌സ് ആണ് ഇതിലെ ഓരോ കഥാപാത്രങ്ങളും.

പത്രപ്രവര്‍ത്തന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക് നോവലെഴുത്ത് ശ്രമകരമായ ദൗത്യമായിരുന്നോ?

തീര്‍ച്ചയായും നോവലെഴുത്ത് ശ്രമകരമായ ദൗത്യമാണെനിക്ക്. കാരണം പത്രഭാഷയില്‍നിന്ന് എത്രയോ ദൂരെയാണ് സര്‍ഗാത്മക രചനകള്‍. പത്രത്തിലേക്ക് നാം ചുരുക്കി ഒരു വാചകത്തില്‍തന്നെ കൊള്ളാവുന്നയത്രയും ഉത്തരങ്ങള്‍ തിരുകിക്കയറ്റിയാണ് വാര്‍ത്ത തയാറാക്കുന്നത്. നോവല്‍ കാല്‍പനികവും ഭാവനാപൂര്‍ണവുമായ എഴുത്താണ്. കുറേകാലം പത്രഭാഷയിലായിരുന്നു എഴുത്ത് എന്നതിനാല്‍ത്തന്നെ സര്‍ഗാത്മക എഴുത്തിലേക്ക് മാറ്റിയെടുക്കാന്‍ ഏറെ പണിപ്പെട്ടു.

Comments are closed.