DCBOOKS
Malayalam News Literature Website

മനുഷ്യവംശത്തിന്റെ ജനിതകവഴി- ഡേവിഡ് റെയ്ഷ്

മാനവകുലത്തിന്റെ ചരിത്രാതീതകാലത്തെ സംബന്ധിച്ച വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനം കുറിച്ച് ഡേവിഡ് റെയ്ഷ് രചിച്ച വിഖ്യാത കൃതിയാണ് Who We Are? How We Got Here?. ജനിതകവിപ്ലവവും പുരാതന ഡി.എന്‍.എ പഠനങ്ങളും ആധുനിക മനുഷ്യന്റെ വംശപരമ്പരയെക്കുള്ള നമ്മുടെ ധാരണകളെ എങ്ങനെയാണ് മാറ്റി മറിക്കുന്നതെന്ന് ഡേവിഡ് റെയ്ഷ് വളരെ ലളിതമായി ഈ കൃതിയില്‍ വിവരിക്കുന്നു. മനുഷ്യവംശത്തിന്റെ ജനിതകവഴി എന്ന പേരില്‍ ഡി സി ബുക്‌സ് ഈ കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഡോ.എസ്. ബാലരാമകൈമളാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ആദിമമാനവന്റെ യാത്രാവഴികളിലൂടെ സുശക്തമായ തെളിവുകളോടെ നടത്തുന്ന അനന്യമായ ഒരു യാത്രാനുഭവമാണ് ഈ കൃതി വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്.

പുസ്തകത്തിന്റെ ആമുഖത്തില്‍നിന്നും

മാനവചരിതം. അതെന്നും വിസ്മയമാണ്. ലോകത്തെ ഏതു ദാര്‍ശനികനോടും മതമേധാവിയോടും പണ്ഡിതനോടും ജിജ്ഞാസുക്കള്‍ നമ്മളാരാണെന്നും നമ്മളെങ്ങനെയുണ്ടായി എന്നും ചോദിച്ചിട്ടുണ്ടാകണം. ഉത്തരങ്ങള്‍ പലപ്പോഴും മതപാഠങ്ങളായി മാറി. മാനവചരിതം പലായനങ്ങളുടേതാണ്. അതേപ്പറ്റി കൃത്യമായും വ്യക്തമായും ജൈവമനുഷ്യന്‍ എന്ന തന്റെ കൃതിയിലൂടെ ആനന്ദ് വിശദീകരിക്കുന്നുണ്ട്.

പരിണാമം എന്നാല്‍ എന്തെന്നും അതെ ങ്ങനെ ജീവലോകത്തെ രൂപപ്പെടുത്തിയെന്നും ഇന്ന് സുവ്യക്തമാണ്. അങ്ങനെയിരിക്കുമ്പോഴും മനുഷ്യന് അവനെപ്പറ്റിയുള്ള സംശയങ്ങള്‍ തീര്‍ന്നിരുന്നില്ല. മനുഷ്യന്‍ ഒരൊറ്റ വര്‍ഗ്ഗമാണോ അല്ലയോ എന്നുള്ള നിരവധി സംശയങ്ങള്‍ പരിണാമസിദ്ധാന്തം ഉണ്ടായതിനുശേഷവും ചോദിക്കപ്പെട്ടിട്ടുണ്ട്. തൊലിയുടെ നിറവും ബാഹ്യരൂപപ്രകൃതിയും പല മനുഷ്യവിഭാഗങ്ങളിലും പലതാണെന്നതിനാലാണ് ആ ചോദ്യമുയര്‍ന്നത്. പ്രധാനമായും വിവിധ മനുഷ്യവിഭാഗങ്ങളുടെ ഉദ്ഭവം സംബന്ധിച്ച ചോദ്യങ്ങള്‍ പ്രാധാന്യം കൈവരിച്ചു. പരിണാമം ഉണ്ടായി എന്നത് ശരിതന്നെ. എന്നാല്‍ എല്ലാ മനുഷ്യരും ഒരേപോലെ പരിണമിച്ചവരാണോ? ആദിയില്‍ വാനരസമാനമായ പൂര്‍വ്വികജീവിയില്‍നിന്നും പരിണമിച്ച മനുഷ്യര്‍, പരിണാമത്തിലെ ഏറ്റക്കുറച്ചിലുകള്‍ കാരണമാണോ പല നിറങ്ങളില്‍ കാണപ്പെടുന്നത്? അതോ പലതരം വാനരസമാനജീവികളില്‍നിന്നും പരിണമിച്ചതിനാലോ? ഇതൊക്കെ പലരും പലപ്പോഴും പൊതുവായി ഉന്നയിച്ച ചോദ്യങ്ങളാണ്. ഇത്തരം ചോദ്യങ്ങള്‍ ശാസ്ത്രം പഠിക്കാത്ത ആളുകളില്‍നിന്നും ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ശാസ്ത്രകാരന്മാര്‍പോലും ഇത്തരം ചോദ്യങ്ങള്‍ പലപ്പോഴും ചോദിക്കുകയും പലതരം ഉല്‍പ്പത്തിസിദ്ധാന്തങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

പ്രാചീന മനുഷ്യരുടെ ഫോസിലുകള്‍ കിട്ടിയത്, മനുഷ്യന്‍ പരിണമിച്ചാണുണ്ടായതെന്നുള്ള സിദ്ധാന്തത്തിന് ശാസ്ത്രീയമായ അടിത്തറ നല്കി. ഫോസിലുകള്‍ കണ്ടത്തുക പുരാവസ്തു ഗവേഷകരായിരുന്നു. അവരതിനെ ബാഹ്യഘടനാ നിരീക്ഷണം നടത്തുകയും പ്രാചീനരും അല്ലാത്തവരുമായ മനുഷ്യകുലങ്ങളെ നിര്‍ണ്ണയിക്കുകയും ചെയ്തു. നമ്മള്‍ നമ്മളാണെന്ന്, അഥവാ ആധുനിക മനുഷ്യരാണെന്ന് പറയുന്നത് ഘടനാപരമായാണ്. മോഡേണ്‍ ഹ്യൂമന്‍ എന്നുള്ള പ്രയോഗം വാസ്തവത്തില്‍ അര്‍ത്ഥമാക്കുന്നത് അനാട്ടമിക്കലി മോഡേണ്‍ ഹ്യൂമന്‍ അഥവാ ശരീരഘടനാപരമായി ആധുനിക മനുഷ്യന്‍ എന്ന അര്‍ത്ഥത്തി ലാണ്. ശരീരഘടനാപരമായി ആധുനിക മനുഷ്യരായ നമ്മളെ ഹോമോ സാപ്പിയന്‍സ് എന്ന് വിളിക്കുന്നു. അതല്ലാത്തവര്‍ ആദിമമാനവരാണ്. നിയാണ്ടര്‍താല്‍ മാനവന്‍ അതിനുദാഹരണമാണ്.

മനുഷ്യപരിണാമം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഏറെക്കാലം ഉത്തരം നല്കിക്കൊണ്ടിരുന്നത് പുരാവസ്തുഗവേഷകരായിരുന്നു. അവരുടെ കയ്യിലാണ് പലപ്പോഴും അസ്ഥികളും ഫോസിലുകളും ലഭിച്ചിരുന്നത്. എന്നാല്‍, ജനിതകശാസ്ത്രം വളര്‍ന്നതോടെ, പുരാവസ്തുഗവേഷണവും ചരിത്രവും മറ്റൊരു ദിശയിലൂടെ ചരിക്കാന്‍ തുടങ്ങി. കാരണം, ഒരാള്‍ എന്തെന്ന് കൃത്യമായി നിര്‍ണ്ണയിക്കുന്നത് ജനിതകഘടനയാണ്. വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ അവശിഷ്ടങ്ങളില്‍ നിന്നും ഡിഎന്‍എ പരിശോധിച്ചുകൊണ്ട് മരണപ്പെട്ടയാളെ തിരിച്ചറിയാനാകുമെങ്കില്‍, പിതൃത്വപരിശോധനവഴി ഒരു വ്യക്തിയുടെ അച്ഛനാരെന്നോ അമ്മയാരെന്നോ തിരിച്ചറിയാനാകുമെങ്കില്‍, ഓരോ വ്യക്തിയെയും അനിതരസാധാരണനാക്കുന്ന അടയാളമിരിക്കുന്നത് വേറേയെവിടെയുമല്ല, ജനിതകത്തിലാണ്. നമ്മളെ വ്യത്യസ്തനാക്കുന്ന ജനിതകത്തില്‍, അച്ഛന്റെയുംഅമ്മയുടെയും ജനിതകങ്ങള്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കില്‍, അവര്‍ക്കു പിന്നിലുള്ള തലമുറകളുടെ ജനിതകവും നിങ്ങളോടു ബന്ധമുള്ളതുതന്നെയാകുന്നു. അങ്ങനെ ജനിതകമുപയോഗിച്ച് പരമ്പരയിലൂടെ പുറകോട്ടു നടക്കാനാകുമെ ങ്കില്‍ നിങ്ങള്‍ വേറിട്ടൊരു രീതിയില്‍ ചരിത്രത്തെ സമീപിക്കുകയാണ്. അതാണ് ജനിതക ശാസ്ത്രജ്ഞനായ ഡേവിഡ് റെയ്ഷ് ചെയ്തഗവേഷണ
സപര്യ. അദ്ദേഹത്തിന്റെ നെടുനാളത്തെ ഗവേഷണനിരീക്ഷണങ്ങളുടെ ആകെത്തുകയാണ് ഈ ഗ്രന്ഥം. അദ്ദേഹം ചെയ്‌തെടുത്ത ഗവേഷണവും ഈ ഗ്രന്ഥവും അദ്ദേഹത്തെ പ്രതിഷ്ഠിക്കുന്നത് ഡാര്‍വിന്റെയും റോബര്‍ട്ട് ഹുക്കിന്റെയും ഒക്കെ തലങ്ങളിലേക്കുതന്നെയാണ്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രാചീന ജനിതകഗവേഷണമേഖലയില്‍ ഡേവിഡ് റെയ്ഷ് പ്രസിദ്ധീകരിക്കുന്ന പേപ്പറുകള്‍ ഞാന്‍ നോക്കുന്നുണ്ടായിരുന്നു. ഞാനും ഒരു ഗവേഷകനാണ്. ആ നിലയ്ക്ക് ഇത്തരം പഠനങ്ങള്‍ ശ്രദ്ധിക്കുന്നത് സ്വാഭാവികം. പക്ഷേ, അക്കൂട്ടത്തില്‍ ഇതിനോടുള്ള താത്പര്യം വര്‍ദ്ധിക്കാന്‍ രണ്ടു കാരണങ്ങള്‍ വേറേയുമുണ്ടായിരുന്നു. എന്റെ കോളജ് പഠനകാലം തൊട്ടേ ആര്യദ്രാവിഡവിഭാഗങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ എനിക്ക് താത്പര്യമുണ്ടായിരുന്നു. മറ്റൊരു കാരണം സിന്ധുനദീതടസംസ്‌കാരമാണ്. ആര്യന്മാര്‍ എന്നൊരു സമൂഹം ഭാരതത്തിനു വെളിയില്‍നിന്നും ഇന്നാട്ടില്‍ പ്രവേശിക്കുകയും അവരുടെ മേല്‍ക്കോയ്മ സ്ഥാപിക്കുകയും ചെയ്തിരുന്നോ എന്നത് എക്കാലവും തര്‍ക്കവിഷയമായിരുന്നു. അതില്‍ വംശീയതയുടെയും രാഷ്ട്രീയത്തിന്റെയും താത്പര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഒരു ദേശീയവാദി എന്നനിലയില്‍ ഞാന്‍ ആര്യാഗമനത്തെ അംഗീകരിച്ചിരുന്നില്ല. ദ്രാവിഡര്‍ ഭാഷാസംജ്ഞതന്നെ എന്നും കരുതിപ്പോന്നു.

സൈന്ധവസംസ്‌കാരമാകട്ടെ എന്നും ഒരദ്ഭുതമായിരുന്നു. രണ്ടും മൂന്നും നിലകളുള്ള ഭവനങ്ങള്‍ പണിത, വൃത്തിയും അഴകുമുള്ള നഗരങ്ങള്‍ നിര്‍മ്മിച്ച ഒരു സമൂഹം മോഹന്‍ജെദാരോയിലും ഹാരപ്പായിലും അതേപോലെ ആ പ്രദേശത്ത് മൊത്തം നാലായിരത്തോളം ഇടങ്ങളിലുമായി ജീവിച്ചിരുന്നു. അതിശയകരമായ ഒരു സമൂഹം. അവര്‍ക്കവരുടേതായ എഴുത്തുവിദ്യകളുമുണ്ടായിരുന്നു. ആരായിരുന്നു ഹാരപ്പന്‍ സമൂഹം? ആര്യന്മാരോ? അതോ ദ്രാവിഡരോ? അത് അതുരണ്ടുമായിരുന്ന ഒരു സമൂഹമോ? ഇത്തരം ചോദ്യങ്ങളും കലാലയ പഠന കാലത്തുതന്നെ നടന്ന ചര്‍ച്ചകളുടെ ഭാഗമായിരുന്നു. സ്‌കൂളില്‍ ആര്യദ്രാവിഡ സംഘര്‍ഷങ്ങളെപ്പറ്റി പഠിക്കുമ്പോള്‍, ശാന്തരായ ദ്രാവിഡജനതയെ പടിഞ്ഞാറുനിന്നുംവന്ന ആര്യസമൂഹം കീഴ്‌പ്പെടുത്തിയെന്ന ആശയമാണ് ലഭിച്ചത്.

Comments are closed.