DCBOOKS
Malayalam News Literature Website
Rush Hour 2

‘നമ്മള്‍ ഉമ്മവച്ചതിന്റെ ചോര- #ഹാഷ്ടാഗ് കവിതകള്‍’; സാധാരണയുള്ള ഒരു കാഴ്ചയെ ഒരു ചാവികൊണ്ടു തിരിച്ചു മറ്റൊരു കാഴ്ചയാക്കുന്ന കവിതകൾ!

ടോണിയുടെ  ‘നമ്മള്‍ ഉമ്മവച്ചതിന്റെ ചോര #ഹാഷ്ടാഗ് കവിതകള്‍’ എന്ന പുസ്തകത്തെക്കുറിച്ച് മനോജ് കുറൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്
ടോണിയുടെ കവിതാപുസ്തകം കൈയിലെത്തി; “ഇതു വെറും ഒരു തമാശ! ഗൗരവമായി എടുക്കുകയേ അരുത്!” എന്ന കവിയുടെ കുറിപ്പോടെ. ആ കുറിപ്പിനെ ഒരു കാറ്റ് ഉമ്മവയ്ക്കുക മാത്രമല്ല, തട്ടിക്കൊണ്ടു പോവുകയും ചെയ്തു. അതോടെ ഞാൻ ഫ്രീ ആയി. ഇനി എനിക്കു തോന്നുന്നതു പറയാമല്ലോ!
സ്വയം തമാശയായി കാണുന്ന ഒരു പുസ്തകം പിന്നെ എനിക്ക് എന്തിനയച്ചു എന്നാണെങ്കിൽ, ഈ പുസ്തകം കിട്ടിയില്ലെങ്കിൽ എന്റെ സ്വഭാവം മാറും എന്നു കവിക്കറിയാം. അതിന്റെ കാരണം ആദ്യം പറയാം.
വളരെക്കാലം മുമ്പേതന്നെ ടോണി ജോസിനെ അറിയാം. എഴുത്തിൽ നേടിയ പോയിന്റുകളിലൂടെ സർവ്വകലാശാല കലാപ്രതിഭ ആയ മിടുക്കൻ ടോണിയായിരുന്നു അന്ന്. എന്നുവച്ച് നേരിട്ട് പരിചയമൊന്നും അന്നില്ല. പക്ഷേ ഈ ചെറുപ്പക്കാരൻ എഴുതുന്നതെന്ത് Textഎന്നൊരാകാംക്ഷയെ ആണ് ആദ്യം പരിചയപ്പെട്ടത്. അതിനുള്ള ഉത്തരമായിരുന്നു ‘ജഡം’ എന്ന കവിത. രാത്രി ജനൽപ്പാളിയിൽ വന്നു കൊട്ടി വിളിക്കുന്നതും പുറത്തു നിലവിളിക്കുന്നതും പിടയുന്നതും കരച്ചിൽ നേർത്തുപോകുന്നതുമൊക്കെ കേട്ടിട്ടും പുറത്തിറങ്ങി നോക്കിയില്ലെങ്കിലും പുലർച്ചെ ചെളിയിൽ പുതഞ്ഞ്, ചോര വാർന്ന്, മുറ്റത്തു കിടക്കുന്ന ജഡമായി പാവം മഴയെ കാണുന്ന കവിത! ഇപ്പോഴും ടോണി എന്നു പറയുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഈ കവിതയായതുകൊണ്ട് പുസ്തകം നോക്കി: ഉണ്ട്. നൂറ്റിപ്പതിനൊന്നാം പേജിലുണ്ടത്.
ഈ കവിത വായിച്ചപ്പോൾ മുതൽ ടോണിക്ക് എന്നെക്കൊണ്ടുള്ള ശല്യം ആരംഭിച്ചു. വേറേ എന്തെങ്കിലും കാര്യം സംസാരിച്ചാലും ഞാൻ ചോദിക്കും: ‘ഇപ്പോൾ കവിത എഴുതുന്നില്ലേ? എഴുതുന്നതു ചേർത്തു പുസ്തകമാക്കരുതോ?’
കവി എന്ന വിളിയെത്തന്നെ കളിമട്ടിൽ നോക്കി പുഞ്ചിരിച്ച് ടോണി മറുപടിയിൽനിന്ന് സ്കിപ്ചെയ്തു കളയും. എന്നിട്ടിപ്പോൾ ഈ പുസ്തകം വരുമ്പോൾ എനിക്ക് അയച്ചില്ലെങ്കിലോ? ഉം. അപ്പോൾ പേടിയുണ്ട്!
‘മൂന്നു താളിനപ്പുറം വായിക്കാനിരിക്കുന്നതിനെ കവിത എന്നു വിളിക്കുന്നത് അതിരു കടന്ന ധാർഷ്ട്യമായിരിക്കും’ എന്ന ആമുഖത്തിലെ മുന്നറിയിപ്പിനെ വകവയ്ക്കാതെ പുസ്തകം കിട്ടിയപ്പോഴേ മുഴുവൻ വായിച്ചു. ഓരോ താളിലും ചിത്രങ്ങളും കുറച്ചു വരികളും. പ്രണയവും കളിമട്ടും കലരുന്ന വരികളിൽ പോയറ്റിക് ആയ തെളിച്ചമുള്ള ഇമേജുകൾ. സാധാരണയുള്ള ഒരു കാഴ്ചയെ ഒരു ചാവികൊണ്ടു തിരിച്ചു മറ്റൊരു കാഴ്ചയാക്കുന്ന കവിതകൾ. കാഴ്ചകൾ മാത്രമല്ല, മറ്റ് ഇന്ദ്രിയാനുഭവങ്ങളും.
ഒന്നുരണ്ട് സാമ്പിളുകൾ മാത്രം സൂചിപ്പിക്കാം.
‘മരണാനന്തരം’ എന്ന കവിത ഇതാണ്:
ചുണ്ടുകൾ,
ചുംബനങ്ങളുടെ
ഫോസിൽ.
മറ്റൊന്ന് ‘വീട്’:
നീയില്ലാത്ത
നിന്റെ വീട്ടിൽ വരണം,
നിന്റേതായിരുന്ന
ഏകാന്തതയിൽ
തനിച്ചിരിക്കണം.
ടോണിയെ ഞാൻ ഇനിയും ശല്യപ്പെടുത്തും. ഈ പുസ്തകം വായിച്ചപ്പോഴും തോന്നി; ഇനിയും ഏറെ എഴുതാനുണ്ട് ഈ കവിക്ക്. അതുകൊണ്ട് ശല്യം ഇനിയും തുടരും എന്നർത്ഥം.

Comments are closed.