DCBOOKS
Malayalam News Literature Website

‘പി.കെ.നാണു’; എഴുപതുകളിൽ കഥകളിലൂടെ രാഷ്ടീയം പറഞ്ഞ ഗംഭീര കഥാകൃത്ത്

മനോഹരൻ വി.പേരകം

ഇന്നലെ വായനയിൽ കഥയുടെ ദിനമായിരുന്നു. പലതും പലരും അയച്ചു തന്നതാണ്. പ്രമേയത്തിലും ആഖ്യാനത്തിലും വ്യത്യസ്തമായ കഥകൾ! കഥകളിങ്ങനെ ഒരേറ്റിന് കയറിവരുമ്പോൾ അതിനായൊരു ദിനം മാറ്റിവെക്കും. തലമുറഭേദമില്ലാതെ കഥാകൃത്തുക്കൾ കഥകൾ പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഒപ്പം പുതിയ കഥാകൃത്തുക്കളും വരുന്നുണ്ട്. കഥയുടെ ലോകമങ്ങനെയാണ്. പ്രാണവായു പോലെ കഥ ശ്വസിക്കുന്നവർക്കുമുന്നിൽ കഥ മഴക്കാലമാകും.

Textഈയിടെ ജീവിക്കാനുള്ള ഒരു ബലത്തിനെന്നോണം സുഹൃത്തുക്കളായ ആരെയെങ്കിലുമൊക്കെ വിളിക്കാറുണ്ട്. ഇങ്ങോട്ട് വിളിക്കുന്നവർ ആ ഒരു ലവലിലാണോ വിളിക്കുന്നതെന്നറിയില്ല. അങ്ങനെ ബഷീര്‍ മേച്ചേരിയെ വിളിച്ചപ്പോഴാണ് വിണ്ടും വർത്താനത്തിൽ കഥ കടന്നുവന്നത്. പി.കെ.നാണുവിൻ്റെ കഥകൾ ഇപ്പോഴും വായിക്കാൻ എന്തു രസമാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾ അതെ, ശരിയാണെന്ന് പറയേണ്ടി വന്നു. എഴുപതുകളിൽ കഥകളിലൂടെ രാഷ്ടീയം പറഞ്ഞ ഗംഭീര കഥാകൃത്തായിരുന്നു, പി.കെ.നാണു.

ഏറെ സങ്കീർണ്ണവും അമ്പരപ്പിക്കുന്നതുമായ കഥാകാലത്തിലൂടെയെന്നവണ്ണമുള്ള ഒരോട്ടപ്പാച്ചിലിൽ ഞാൻ ചില കഥകളേയും കഥാകൃത്തുക്കളേയും കണ്ടുമുട്ടിയിരുന്നു. അതിലൊരാളായിരുന്നു നാണു. ആ ശ്രേണിയിൽ വൈചിത്ര്യങ്ങളുടെ കഥാനുഭവവുമായി യു.പി. ജയരാജ്, ജയനാരായണൻ, എം, സുകുമാരൻ, കെ.പി.നിർമ്മൽകുമാർ, വിക്ടർ ലീനസ്, സി.ആർ.പരമേശ്വരൻ, സക്കറിയ, വി.പി.ശിവകുമാർ… അങ്ങനെ ഒരു ഏതാനും എഴുത്തുകാരുടെ കഥകൾ കണ്ടുമുട്ടുകയുണ്ടായി.

ഇന്നലെ ബഷീർ മേച്ചേരി പി.കെ.നാണുവിൻ്റെ കഥകളെപ്പറ്റിപറഞ്ഞപ്പോൾ, വീണ്ടും ആ കഥാലോകത്ത് ചുറ്റിപ്പറ്റി. അദ്ദേഹത്തിൻ്റെ നൊസ്സ്, എന്ന നോവലൈറ്റ് വീണ്ടും വായിച്ചു. എത്ര രസമായാണ് ആ കഥ എഴുതിയിരിക്കുന്നത്. കാലത്തിൻ്റെ പഴക്കം തട്ടാത്ത കഥകൾ! തട്ടലും മുട്ടലുമില്ലാതെ നേരെ കഥ പറഞ്ഞു പോവുന്നരീതിയാണ് കഥക്ക് ചേരുകയെന്ന് തോന്നുന്നു.

പി.കെ.നാണുവിനെ നേരിൽ കണ്ടിട്ടില്ല. സാഹിത്യ സമ്മേളനങ്ങളിലോ ചർച്ചകളിലോ ആ പേര് കേൾക്കുന്നില്ല. രാത്രിയിൽ സിവിക്ക്ചന്ദ്രനെ വിളിച്ചു. അദ്ദേഹത്തിനെ കാണാറുണ്ടോ, കുഴപ്പമൊന്നുമില്ലല്ലോ എന്നന്വേഷിച്ചപ്പോൾ Civic Chandran Chinnangath അദ്ദേഹം പറഞ്ഞു. “ഏയ്, എഴുപതുകളിലും സുഖമായിരിക്കുന്നു.”

Comments are closed.