DCBOOKS
Malayalam News Literature Website

കോവിഡും സ്ത്രീകളും

തനിമ സുഭാഷ്
നിനച്ചിരിക്കാതെ പടർന്നു പിടിച്ച മഹാമാരി ലോകത്താകമാനം എല്ലാ മേഖലകളിലും വലിയ വ്യതിയാനങ്ങൾ വരുത്തിത്തീർത്തിരിക്കുന്നു. പിൽക്കാല ചരിത്രം ഒരു പക്ഷേ കോവിഡിനു മുൻപും ശേഷവും എന്ന് അടയാളപ്പെട്ടേക്കാം. ഇതിന്റെ സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ പ്രത്യാഘാതങ്ങൾ സ്ത്രീകളെ എങ്ങനെയാണ് ബാധിക്കുന്നത് എന്ന അന്വേഷണം പ്രസക്തമാണെന്നു തോന്നുന്നു.
ഒഴിവാക്കാനാവാത്ത പ്രകൃതി ദുരന്തങ്ങളും, യുദ്ധം, പട്ടിണി, രോഗം, മരണം മുതലായ വിപത്തുകളും സ്ത്രീ ജീവിതങ്ങളെയാണ് കൂടുതൽ ബാധിക്കുന്നത്. കുടുംബത്തിന്റെ സുരക്ഷ, ഗാർഹികമായ ഉത്തരവാദിത്തങ്ങൾ, വൃദ്ധജനങ്ങളുടെയും കുട്ടികളുടെയും പരിചരണം തുടങ്ങി അവൾ വഹിക്കുന്ന അധികച്ചുമതലകളാവാം ഇതിനു കാരണം. മാത്രവുമല്ല, എല്ലാത്തരത്തിലുമുള്ള ദാതാവാണ് താൻ എന്ന നിലയിലേക്ക് കാലാകാലങ്ങളായി അവളുടെ ഉപബോധം കണ്ടീഷൻ ചെയ്യപ്പെട്ടിരിക്കുന്നു.
പകർച്ചവ്യാധികളുടെ വ്യാപനം കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാവാൻ കാരണം, ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവരിൽ കൂടുതൽ പേരും സ്ത്രീകളാണ് എന്നതു തന്നെ. കേരളത്തിൽ നഴ്സിംഗ് മേഖലയിൽ കൂടുതൽ പേരും സ്ത്രീകളാണ്. മെയിൽ നഴ്സ് എന്ന സങ്കല്പനം തന്നെ ഏറെക്കുറെ പുതിയതാണ്. ഓരോ വീടുകൾ കയറിയിറങ്ങി അത്യാവശ്യ മരുന്നുകൾ വിതരണം ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്യുന്ന ആശാ വർക്കർമാരിലധികവും സ്ത്രീകളാണ്. ഇവർക്ക് രോഗബാധയ്ക്കുള്ള സാധ്യതയും ഏറുന്നു.
പല ഇടത്തരം, മധ്യവർഗ കുടുംബങ്ങളിലും സ്ത്രീകളും പുരുഷന്മാരും പുറത്തുപോയി ജോലി ചെയ്യുന്നവരാണ്. ലോക് ഡൗൺ കാലത്ത് ജോലിയുടെ കാര്യക്ഷമതയ്ക്കായി ഓൺലൈൻ സംവിധാനങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. Work from Home എന്ന ആശയം IT മേഖലയിൽ നേരത്തേ തന്നെയുണ്ടെങ്കിലും മറ്റ് പല മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്. പക്ഷേ ഈ ആശയത്തോട് പൂർണ്ണമായി സഹകരിക്കാൻ ഉദ്യോഗസ്ഥരായ എത്ര സ്ത്രീകൾക്ക് സാധിക്കും? ഒരു പക്ഷേ പെറ്റ വീട്ടിൽ സാധിക്കുമായിരിക്കും. പുകുന്ത വീട്ടിൽ എത്ര പേർക്ക് …!? മുഷിഞ്ഞ തുണികളായും എച്ചിൽപ്പാത്രങ്ങളായും ജനൽപ്പടികളിലെ മാറാലയായും വീട് നിരന്തരം പെണ്ണിന്റെ സാമീപ്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കും. ഗാർഹിക ജോലികളുടെ ഉത്തരവാദിത്തം കുടുംബം ഒരുമിച്ച് ഏറ്റെടുക്കാത്തിടത്തോളം ഇത് സ്ത്രീകളിൽ അമിതമായ മാനസിക സമ്മർദ്ദത്തിനാവും വഴി വയ്ക്കുക. തന്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾ വേണ്ട വിധത്തിൽ ചെയ്തു തീർക്കാനാവാത്തതിന്റെ മാനസികപിരിമുറുക്കവും ജോലിയും വരുമാനവും നഷ്ടമായേക്കുമോ എന്ന ആശങ്കയും ചേർന്ന് ഈയൊരു പുരോഗമനപരമായ ആശയം സ്ത്രീകൾക്ക് ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കുക. മാനസിക പ്രശ്നങ്ങൾ ശാരീരിക ബുദ്ധിമുട്ടുകളിലേക്കും നയിക്കും എന്ന കാര്യത്തിൽ സംശയമില്ല. കുടുംബത്തിലെ ‘ഇമ്പം നഷ്ടപ്പെടുക എന്നതായിരിക്കും ആത്യന്തികഫലം.
താഴ്ന്ന വരുമാനം മാത്രമുണ്ടായിരുന്നവരും ദിവസ വേതനക്കാരും ഇപ്പോൾത്തന്നെ തൊഴിൽ നഷ്ടത്തിന്റെയും വരുമാനനഷ്ടത്തിന്റെയും പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇത് ചിലപ്പോഴെങ്കിലും ഗാർഹികപീഡനങ്ങളിലേക്ക് നയിച്ചേക്കാം. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നതാണല്ലോ ശരാശരി പുരുഷന്റെ പൊതുബോധം!!
ബാഹ്യമായി സ്വസ്ഥരായിരിക്കുമ്പോഴും നിരവധി ആന്തരിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് സ്ത്രീകൾ. ഹോർമോൺ വ്യതിയാനങ്ങൾ മൂലമുള്ള ബുദ്ധിമുട്ടുകൾ പുരുഷന്മാരെക്കാൾ കൂടുതലായി അവർ അനുഭവിക്കുന്നു. ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും ഇത്തരം ബുദ്ധിമുട്ടുകളുണ്ട്. ആർത്തവ പൂർവ പിരിമുറുക്കങ്ങൾ കൗമാരപ്രായം മുതൽ മധ്യവയസ് വരെയുള്ള എല്ലാ സ്ത്രീകൾക്കും ബാധകമാണ്. ഗർഭിണികൾക്ക് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ആർത്തവവിരാമത്തിന്റെ പൂർവഘട്ടത്തിലും വിരാമ ഘട്ടത്തിലുമുള്ള സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ.. ഇതവരെ വിഷാദാവസ്ഥയിലേക്കു പോലും നയിക്കാം. എന്നാൽ ഇത്തരം അവസ്ഥകളെക്കുറിച്ച് അഭ്യസ്തവിദ്യരായ പുരുഷന്മാർ പോലും ബോധവാന്മാരല്ല എന്നതാണ് യാഥാർത്ഥ്യം. ശരീരത്തെ സംബന്ധിച്ച തുറന്ന ചർച്ചകളൊന്നും പാടില്ല എന്ന കപട സദാചാര ബോധത്തിന്റെ തടവിലാണ് ബഹുഭൂരിപക്ഷം സ്ത്രീകളും. നിശബ്ദയാക്കൽ തലമുറകളിലേക്ക് പകർന്നുകൊണ്ടേയിരിക്കുന്നു. ഇതിനെല്ലാം പുറമെയാണ് രോഗവ്യാപനവും സാമ്പത്തിക നഷ്ടവും അധിക ജോലി ഭാരവും ചേർന്ന് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ. അതുകൊണ്ടു തന്നെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയില്ലാതെ ഒരു സ്ത്രീയും അതിജീവിക്കില്ല. അവളുടെ അതിജീവനം മനുഷ്യരാശിയുടെ അതിജീവനമാണ്.

Comments are closed.