DCBOOKS
Malayalam News Literature Website

ഫോബ്‌സ് പട്ടികയില്‍ ഇടംനേടി മമ്മൂട്ടിയും നയന്‍താരയും

ഇന്ത്യന്‍ താരങ്ങളുടെ വിനോദരംഗത്തുനിന്നുള്ള വരുമാനത്തെ അടിസ്ഥാനമാക്കി ഫോബ്‌സ് ഇന്ത്യ പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയില്‍ ഇത്തവണ മലയാളി താരങ്ങളായ മമ്മൂട്ടിയും നയന്‍താരയും ഇടംപിടിച്ചു. 18 കോടി രൂപയുടെ സമ്പാദ്യവുമായി 49-ാം സ്ഥാനത്താണ് മമ്മൂട്ടി. ആദ്യമായാണ് മലയാളത്തിലെ വിനോദ മേഖലയില്‍നിന്ന് ഒരാള്‍ ഫോബ്‌സ് പട്ടികയില്‍ ഇടംനേടുന്നത്. 15.17 രൂപയുടെ സമ്പാദ്യവുമായി 69-ാം സ്ഥാനത്താണ് ഇത്തവണ നയന്‍താരക്ക്. തെന്നിന്ത്യയില്‍നിന്ന് പട്ടികയില്‍ ഇടംപിടിച്ച ഏക വനിതയും നയന്‍താര തന്നെയാണ്.

2017 ഒക്ടോബര്‍ മുതല്‍ 2018 സെപ്റ്റംബര്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 100 പേരുടെ പട്ടികയില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനാണ് ഒന്നാം സ്ഥാനത്ത്. 253.25 കോടി രൂപയാണ് സല്‍മാന്റെ സമ്പാദ്യം. തുടര്‍ച്ചയായ മൂന്നാം തവണയാണ് സല്‍മാന്‍ ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമനാകുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്. 228.09 കോടി രൂപയാണ് സമ്പാദ്യം. 185 കോടി രൂപയുടെ സമ്പാദ്യവുമായി ബോളിവുഡ് നടന്‍ അക്ഷയ് കുമാറാണ് മൂന്നാം സ്ഥാനത്ത്. 112.8 കോടി രൂപസമ്പാദ്യവുമായി നടി ദീപിക പദുക്കോണാണ് നാലാം സ്ഥാനത്ത്. പുതിയ ബ്രാന്‍ഡുകളുമായുള്ള സഹകരണവും പത്മാവത് സിനിമയുടെ വിജയവുമാണ് ദീപികയുടെ താരമൂല്യം വര്‍ദ്ധിപ്പിച്ചത്. ആദ്യമായാണ് ഒരു വനിതാ താരം പട്ടികയുടെ ആദ്യ അഞ്ചില്‍ ഇടംപിടിയ്ക്കുന്നത്. ദീപികയുടെ ഭര്‍ത്താവ് രണ്‍വീര്‍ സിങ് പട്ടികയില്‍ എട്ടാം സ്ഥാനത്തുണ്ട്.

കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഷാരൂഖ് ഖാന്‍ ഇത്തവണ ആദ്യ പത്തില്‍ ഇടംനേടിയില്ല. 56 കോടി രൂപയുടെ സമ്പാദ്യവുമായി 13-ാം സ്ഥാനത്താണ് ഇത്തവണ ഷാരൂഖ്. സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനാണ് തെന്നിന്ത്യയില്‍ ഒന്നാമന്‍. 66.75 കോടി രൂപയുമായി പതിനൊന്നാം സ്ഥാനത്താണ്. 50 കോടി രൂപയുമായി രജനീകാന്ത് 14-ാം സ്ഥാനത്തുണ്ട്.

Comments are closed.