DCBOOKS
Malayalam News Literature Website

നന്മയും തിന്മയും തമ്മിലുള്ള സംഘർഷങ്ങളുടെ കഥ

മനുഷ്യ ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച പകരുന്നവയാണ് പ്രശസ്ത ഇന്തോ-ആഗ്ലിയൻ എഴുത്തുകാരൻ ആർ.െക. നാരായണിന്റെ കൃതികൾ. ലളിത സുന്ദരമായ അവതരണം അവയുടെ മുഖമുദ്രയും. മിക്ക കൃതികളിലും മാൽഗുഡി എന്ന സാങ്കൽപിക നഗരം ജീവസ്സുറ്റ കഥാപാത്രമായി തല ഉയർത്തി നിൽക്കുന്നു.
മാൽഗുഡിയിലെ നരഭോജി എന്ന നോവൽ ഒരു അന്യോപദേശക കഥയാണ്. ശാന്തസുന്ദരമായ ഇന്ത്യൻ ജീവിതത്തിലേക്ക് അധിനിവേശ ശക്തികൾ നിർദ്ദാക്ഷിണ്യം കടന്നു കയറിയത് സൂചിപ്പിക്കുകയാണ് ഈ നോവൽ. നന്മയും തിന്മയും തമ്മിലുള്ള സംഘർഷവും ഒടുവിൽ നന്മയുടെ ജയവുമാണ് ഇതിലെ ഇതിവൃത്തം. നരഭോജിയായ ഒരു മൃഗത്തെയല്ല മാനുഷിക മൂല്യങ്ങളെ ചവുട്ടി മെതിക്കുന്ന ഒരു മനുഷ്യനെയാണ് ഈ നോവൽ അവതരിപ്പിക്കുന്നത്. ചരിത്രവും മിത്തും പുരാണവും ദേശീയതയുമെല്ലാം ഒന്നായി ഒഴുകുന്ന കൃതി.

രണ്ടു പ്രധാന കഥാപാത്രങ്ങളെ കേന്ദ്രമാക്കിയാണ് ഈ നോവൽ വികസിക്കുന്നത്. മാൽഗുഡിയിൽ മാർക്കറ്റ് റോഡിനടുത്ത് ഒരു ചെറിയ പ്രസ്സ് നടത്തുന്ന നടരാജനും വാസു എന്ന ടാക്സിഡർമിസ്റ്റും ഇവരോടൊപ്പം നടരാജന്റെ സ്നേഹിതന്മാരും.

നടരാജന്റെ പ്രസ്സ് പലർക്കും ആശ്വാസത്തിന്റെ ഇടം കൂടിയാണ്. പ്രസ്സിന്റെ പാർലറിൽ ആനിരാജ്ഞിയുടെ കാലത്തേതെന്ന് അവകാശപ്പെടുന്ന തേക്കുതടിയിൽ പണിത ഒരു കസേരയും അവ കൂടാതെ നാലു കസേരകളുമുണ്ട്. നടന്നു തളർന്നു വരുന്ന ആർക്കും ഇവിടെ വിശ്രമിക്കാം. കൃഷ്ണ ഭഗവാനെക്കുറിച്ച് പ്രത്യേക വൃത്തത്തിൽ കവിത എഴുതുന്ന ഒരു കവി, പത്രപ്രവർത്തകനായ സെന്നി തുടങ്ങിയവരും ഇവിടെ പതിവായി സന്ദർശിക്കും. പാര്‍ലറിനും അച്ചടി ശാലയ്ക്കും ഇടയിൽ ഒരു നീല കർട്ടനുണ്ട്. അവിടെയാണ് പ്രസ്സിലെ ജീവനക്കാരനായ ശാസ്ത്രി പ്രവർത്തിക്കുന്നത്.

നടരാജൻ കഠിനാദ്ധ്വാനിയാണ്. പ്രഭാതത്തിൽ നാലുമണിക്ക് മുൻപ് അയാളുടെ ദിവസം തുടങ്ങും. പ്രൂഫ് വായനയാണ് പ്രധാന ജോലി. നടരാജനും സ്നേഹിതന്മാരുമായുള്ള ജീവിതം ശാന്തമായി ഒഴുകുമ്പോഴാണ് അസാധാരണമായ സംഭവം നടക്കുന്നത് ‘ആറടി നീളവും ബലമുള്ള കഴുത്തുകളും ചുറ്റികപോലെയുള്ള കൈകകളും’ ഉള്ള ഒരാൾ അവിടേക്ക് കടന്നു വരുന്നു. അയാൾക്ക് ഒരു വിസിറ്റിങ് കാർഡ് അടിക്കണം. അതിൽ എച്ച്. വാസു, എംഎ ഡർമിസ്റ്റ് എന്നെഴുതിയിരിക്കുന്നു. കരുത്തനായ അയാൾക്ക് കരിങ്കൽ കൈ കൊണ്ട് പൊട്ടിക്കാനും ചങ്ങലകൾ വലിച്ചടർത്താനും ഇരുമ്പു ദണ്ഡുകൾ വളയ്ക്കാനുമുള്ള ശക്തിയുണ്ട്. അയാൾ മാൽഗുഡിയിൽ എത്തിയതിനുള്ള കാരണം ‘മെമ്പി വനവും, ആ മലകളിലെ കാടുകളു’മാണ്.

വാസു എന്തിലും ഏതിലും ഇടപെടും. യാതൊരു ഔചിത്യവും അയാൾ പാലിക്കാറില്ല. നടരാജന്റെ പ്രസ്സ് കെട്ടിടത്തിന്റെ മുകൾത്തട്ടിൽ പഴയ പത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് അയാൾ അനുവാദം ഒന്നും വാങ്ങാതെ കയറി താമസം തുടങ്ങി.

നടരാജന്റെ പ്രസ്സ് ചൂടേറിയ ചർച്ചകളുടെ വേദിയാണ്. പത്രപ്രവർത്തകൻ സെന്നി നെഹ്റുവിന്റെ നയങ്ങളെ വിമർശിക്കുക പതിവാണ്. വാസുവിന്റെ പ്രതികരണം നോക്കുക. ‘അയാൾക്ക് നെഹ്രുവിനേക്കാൾ ബുദ്ധിയുണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇന്ത്യയുടെ Textപ്രധാനമന്ത്രിയാകാൻ ശ്രമിക്കാത്തത്’ സെന്നിയെ ഇത് ചൊടിപ്പിച്ചു. ഇടയ്ക്കു കയറി സംസാരിക്കുക, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മാനിക്കാതിരിക്കുക. ഇവ വാസുവിന്റെ സ്വഭാവമാണ്. നടരാജന്റെ പ്രതികരണം ‘മധ്യവയസ്സിലെത്തിയ ഒരു നരഭോജിയെ നിങ്ങളുടെ ഓഫിസിലും ഭവനത്തിലും പുലർത്തുന്നതുപോലെയുള്ള ഒരു അനുഭവം’ നടരാജന്റെ പ്രസ്സിന്റെ തട്ടിൻപുറം ഇപ്പോൾ വാസു കൈ അടക്കിയിരിക്കുകയാണ്. ‘തട്ടിൻപുറത്ത് ആക്രിസാധനങ്ങൾ നിറഞ്ഞു കിടന്നപ്പോൾ എനിക്കെത്രമാത്രം സമാധാനമായിരുന്നു. അത് വൃത്തിയാക്കിയെടുക്കുവാൻ എനിക്കു തോന്നിയ ആ ദിവസം ശപിക്കപ്പെട്ടതാകുന്നു. ഇതിൽ വാസുവിന്റെ സ്വഭാവത്തിന്റെ ചിത്രം വ്യക്തമാണ്.

വാസുവിന് ഒരു ജീപ്പുണ്ട്. അയാളുടെ യാത്ര അതിലാണ്. വാസുവിന്റെ ജീപ്പ് നടരാജന്റെ പ്രസ്സിനു മുൻപിൽ നിർത്തുമ്പോൾ തന്നെ നടരാജൻ അസ്വസ്ഥനാകും. നിർബന്ധിച്ച് ജീപ്പിൽ നടരാജനെയും കൊണ്ടുള്ള യാത്രയും ഇതിൽ വിവരിക്കുന്നു.

മൃഗങ്ങളെ വേട്ടയാടുക അവയെ സ്റ്റഫ് ചെയ്ത് വൻ വിലയ്ക്കു വിൽക്കുക ഇതായിരുന്നു അയാളുടെ തൊഴിൽ. നടരാജന്റെ പ്രസ്സിന്റെ തട്ടിൻപുറം പലവിധം മൃഗങ്ങളുടെയും പക്ഷികളുടെയും ശരീരങ്ങൾ കൊണ്ട് നിറഞ്ഞു. മൃഗങ്ങളുടെ തോലുകൾ ഉണക്കാൻ ഇട്ടിരിക്കുന്നു. മൂലയിൽ ഒരു ടബ്ബിൽ കടുവയുടെ തോൽ മുക്കി വച്ചിരിക്കുന്നു. കാട്ടണ്ണാനും തൂവൽ പക്ഷികളും മൂലകളിൽ കൂടിക്കിടക്കുന്നു. അഴുകുന്ന മാംസത്തിന്റെയും തോലിന്റെയും ഗന്ധമാണ് ആ മുറിയിൽ. ഒരു സ്വർണഗരുഡനെ സ്റ്റഫ് ചെയ്ത് വെച്ചിരിക്കുന്നത് വാസു കാണിച്ചു. നടരാജനാകട്ടെ അത് വിഷ്ണുവിന്റെ വാഹനവും. അയാളുടെ കണ്ണിൽപ്പെടുക എന്ന ദൗർഭാഗ്യമുണ്ടാകുന്ന ഒരു ജീവിയും സുരക്ഷിതമല്ല. ‘‘അയാളുടെ ജീപ്പ് വരുന്ന ശബ്ദം കേട്ടപ്പോളൊക്കെ രക്തം പൂണ്ട എന്തെങ്കിലും വസ്തു, വലുതോ ചെറുതോ കൊണ്ടു വരപ്പെടുന്നത് ഞാൻ കണ്ടു’’ നടരാജൻ പറയുന്നു.

‘‘ഒരിക്കലും കൊല്ലരുത് എന്നു പഠിപ്പിച്ച ഒരു ഭവനത്തിലാണ് ഞാൻ വളർന്നു വന്നത്. എന്റെ വല്യമ്മാവന്മാരിൽ ഒരാൾ എന്നും രാവിലെ ഒരു നാണയത്തുട്ടു തരും. ഉറുമ്പുകൾക്കു വേണ്ടി പഞ്ചസാര വാങ്ങിക്കുന്നതിന്. ‘നമ്മുടെ ഭക്ഷണത്തിന്റെ പങ്കു പറ്റാനെത്തുന്ന കാക്കകളെയും കുരുവികളെയും ഓടിച്ചു വിടരുത്. വയലിൽ വിളയുന്ന ചോളത്തിന്മേൽ അവയ്ക്കും തുല്യാവകാശമാണ് ഉള്ളത്’. നടരാജന്റെ ശാന്ത സ്വഭാവം ഏതു പശ്ചാത്തലത്തിൽ നിന്നാണ് രൂപപ്പെട്ടതെന്ന് മനസ്സിലാക്കാൻ മേൽ ഉദ്ധരിച്ച വാക്യങ്ങൾ മതിയാകും.

നടരാജന്റെ പ്രസ്സ് വാസു എന്ന കടന്നുകയറ്റക്കാരന്റെ കൊടും പാതകങ്ങളുടെ കേന്ദ്രമായി മാറുന്നതിൽ ആകെ അസ്വസ്ഥരാണ് നടരാജനും ശാസ്ത്രിയും. എന്നാൽ ഇറങ്ങിപ്പോകാൻ പറയാൻ നടരാജൻ അശക്തനും. ശാസ്ത്രി പുരാണങ്ങളിൽ നിന്ന് പല കഥകളും ഉദ്ധരിച്ചു കൊണ്ട് ദുഷ്ടന്മാർക്കുണ്ടാകുന്ന അവസാനത്തെക്കുറിച്ച് പറയുന്നു. അതിനായി രാവണന്റെയും മഹിഷന്റെയും കഥകൾ ഉദ്ധരിക്കുന്നുണ്ട്.

സ്റ്റഫ് ചെയ്ത വ്യവസായം വളർന്നു തുടങ്ങിയപ്പോൾ മറ്റൊരു വിപത്തും അവിടേക്ക് കടന്നു. ഇപ്പോൾ വാസുവിനെ സന്ദർശിക്കാൻ സ്ത്രീകളും എത്തിത്തുടങ്ങി. ധാർമികതയെയും അയാൾ വിലവെച്ചില്ല.

ഒട്ടേറെ സംഭവപരമ്പരകൾ ആണ് ഈ നോവലിൽ നിറഞ്ഞു നിൽക്കുന്നത്. ഉദ്വേഗജനകമായി ആ കഥകൾ പറയുകയാണ് ആർ. കെ. നാരായൺ. ശാസ്ത്രി പറഞ്ഞതു പോലെ ദുഷ്ടന്മാർ ഒരു നാൾ പരാജയപ്പെടുമെന്നുള്ളത് അടിവരയിടുകയാണ് നോവലിസ്റ്റ്. അപ്രതീക്ഷിതമായുള്ള വാസുവിന്റെ മരണം നന്മയുടെ വിജയമായി ചിത്രീകരിക്കുന്നു. നടരാജനും വാസുവുമെന്ന രണ്ടു കഥാപാത്രങ്ങൾ പ്രതിനിധീകരിക്കുന്നത് രണ്ട് സംസ്കാരത്തെയാണ്. ധാർമികതയിലും നന്മയിലും അഹിംസയിലും വിശ്വസിക്കുന്ന ഇന്ത്യൻ സംസ്കാരത്തെയാണ് നടരാജൻ പ്രതിനിധീകരിക്കുന്നത്.

നർമ്മപരമായാണ് ഈ നോവലിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൊട്ടിച്ചിരിപ്പിക്കുക അല്ല ചുണ്ടത്ത് പുഞ്ചിരി നിറയ്ക്കുവാൻ സഹായിക്കുകയാണ് ഹൃദ്യമായ പരിഭാഷയും. സെനു കുര്യൻ ജോർജ് ആണ് പുസ്തകത്തിന്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്.

പ്രിയവായനക്കാർക്കായി ഇത് വരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ. പ്രിയപ്പെട്ട മലയാളം എഴുത്തുകാരുടെ പുസ്തകങ്ങൾക്ക് പുറമെ ലോകോത്തര എഴുത്തുകാരുടെയും സൃഷ്ടികൾ ഉൾപ്പെടുന്ന ബെസ്റ്റ് സെല്ലേഴ്സാണ് ദിവസം തോറും വൈകുന്നേരം 4മണി മുതൽ 7മണി വരെ വായനക്കാരെ തേടിയെത്തുക. പുസ്തകപ്രേമികൾ എക്കാലവും സ്വന്തമാക്കാൻ ആഗ്രഹിച്ച ബെസ്റ്റ് സെല്ലേഴ്സ് 30 ശതമാനം വിലക്കുറവിൽ ഈ മൂന്ന് മണിക്കൂർ സമയം വായനക്കാർക്ക് സ്വന്തമാക്കാം.

ഇന്നത്തെ ബെസ്റ്റ് സെല്ലേഴ്‌സിൽ വായനക്കാർക്കായി ആർ കെ നാരായണിന്റെ ‘മാൽഗുഡിയിലെ നരഭോജി ‘എന്ന കൃതിയും, കാത്തിരിക്കുക

ആർ കെ നാരായണിന്റെ ‘മാൽഗുഡിയിലെ നരഭോജി ‘എന്ന കൃതിക്ക് ജേക്കബ് ഐപ്പ് എഴുതിയ വായനാനുഭവം

കടപ്പാട് ; മനോരമ ഓൺലൈൻ

Comments are closed.