DCBOOKS
Malayalam News Literature Website

എന്തുകൊണ്ട് ഞാന്‍ ആമയെ ഇഷ്ടപ്പെടുന്നു: ഉണ്ണി ആര്‍ എഴുതുന്നു

വേഷവിധാനങ്ങളില്‍ സവര്‍ണാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് ത്രീ പീസ് സ്യൂട്ട്
ധരിച്ചിരുന്ന അംബേദ്കറിന് മലയാളി മെമ്മോറിയലിന്റെ കവര്‍ചിത്രത്തിലെ വേഷവും ഇഷ്ടപ്പെടും. ‘തൊട്ടുകൂടാത്തവര്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുകയാണെങ്കില്‍’ എന്ന കവിതയില്‍ അംബേദ്കര്‍ എഴുതിയിട്ടുണ്ട്, ‘അയിത്തജാതിക്കാരന്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുമ്പോള്‍ എന്തിനാണ് ക്രൂരത?എന്തുകൊണ്ടാണ് ഇത് ഒരു ഹിന്ദുവിനെ വേദനിപ്പിക്കുന്നത്?’ – എന്‍.എസ്. മാധവന്‍

ശബ്ദങ്ങളായിരുന്നു നമ്മളെ അലോസരപ്പെടുത്തിയിരുന്നത്. പണ്ട് മുതല്‍ക്കേതന്നെ ബഹളങ്ങളെക്കുറിച്ചുള്ള ആധിയും ഉണ്ടായിരുന്നു. അങ്ങനെയാവാം ‘ഒച്ചപ്പാട്’ എന്ന വാക്ക് രൂപംകൊണ്ടത്. കാഴ്ചകള്‍ മെല്ലെ മെല്ലെയാണ് പെരുകി വന്നത്. വര്‍ഷങ്ങള്‍ തീരുംതോറും കാഴ്ചകളുടെ പെരുപ്പവും കൂടിവരുന്നുണ്ട്. ശബ്ദവുമായിട്ടാണ് നമ്മുടെ കലഹശീലമെന്നതിനാല്‍ കാഴ്ചകളെക്കുറിച്ച് എന്തുകൊണ്ടോ അധികമാളുകളും ബേജാറാവാറില്ല. അതുകൊണ്ടാവാം ‘ഒച്ചപ്പാട് ‘പോലൊരു ഒറ്റവാക്ക് കാഴ്ചയെക്കുറിച്ച് നമ്മുടെ ഭാഷയില്‍ രൂപംകൊള്ളാതിരിക്കുന്നതും. Textഒച്ചപ്പാടില്‍നിന്നും എത്രയോ വിരുദ്ധവും ദൂരമുള്ളതുമായ വാക്കാണ് ‘കാഴ്ചപ്പാട്’എന്ന് ഓര്‍ത്ത് നോക്കൂ.

ഒന്ന്, അലോസരപ്പെടുത്തുന്ന ശബ്ദങ്ങളെയും മറ്റേത് ദര്‍ശനത്തെയും സൂചിപ്പിക്കുന്നു. ശബ്ദങ്ങളെക്കാള്‍ അധികമാണ് ഇന്ന് കാഴ്ചയുടെ പെരുക്കങ്ങള്‍. ഒന്നിനുമേല്‍ മറ്റൊന്നായി മാറിമറിയുന്ന, ഇരിക്കാന്‍ പോലും സ്വസ്ഥത ഇല്ലാത്ത ഈ കാഴ്ചാവസ്ഥയെ ശബ്ദത്തോട് കാട്ടുന്ന അസഹിഷ്ണുതയോടെ നോക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല? ഒച്ചയെ അടയ്ക്കുവാന്‍ ഇരു ചെവികളും പൊത്തിയാല്‍ മതി എന്നൊരുന്യായമുണ്ട്. കാഴ്ചകളെ എതിരിടാന്‍ കണ്ണടച്ചാല്‍ മതി എന്ന ന്യായമാവട്ടെ പൊരുത്തപ്പെടുകയുമില്ല.കണ്ണടയ്ക്കല്‍ എന്നതിന്റെ വാച്യാര്‍ത്ഥത്തില്‍ അല്ല ഈ വാക്ക് ഉപയോഗിക്കപ്പെടുന്നതെന്ന് നമുക്കറിയാം. അതൊരുതരം കൗശലമോ ഒഴിഞ്ഞുമാറലോ നിസ്സംഗഭാവം നിറഞ്ഞ രക്ഷപ്പെടലോ ഒക്കെയാണ്. ഈ വാക്കിന്റെ നേരര്‍ത്ഥമെടുത്താല്‍ കണ്ണടയുന്നതോടെ ഇരുട്ടിലാവുന്ന ലോകത്തെയാവട്ടെ ഭയമാണുതാനും. അപ്പോള്‍, കണ്ണടയ്ക്കാതെ ഈ ‘കാഴ്ചപ്പാടിനെ’ (ഒച്ചപ്പാട് എന്ന അര്‍ത്ഥത്തില്‍ ആണ് ഇവിടെ ഈ വാക്ക് ഉപയോഗിക്കുന്നത്) എങ്ങനെ നേരിടാനാവും എന്ന നിരന്തര സംശയമാണ് എന്നെ ആമയുടെ അടുത്ത് എത്തിച്ചത്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് അര്‍ദ്ധരാത്രിയില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേസ്റ്റേഷനില്‍ തീവണ്ടി കാത്തിരിക്കുമ്പോള്‍ പ്ലാറ്റ്‌ഫോമിലൂടെ മെല്ലെ നടന്നുപോവുന്ന ഒരു ആമയെ കണ്ടു. വേഗത്തിന് സമാന്തരമായി മന്ദതയുടെ ഇരുലോക ജീവന്‍! ആ ആമ ഇടയക്കിടയ്ക്ക് ഓര്‍മകളി
ലേക്ക് തിരക്കൊന്നുമില്ലാതെ വരികയും അതേ ‘വേഗ’ത്തില്‍ തിരിച്ചു പോവുകയും ചെയ്തു. കാലത്തിന്റെ പെരുങ്കാലില്‍ തൊട്ടുനിന്നതോടെ എന്റെ വേഗവും ഞാനറിയാത്ത വിധം അധികമാവാന്‍ തുടങ്ങി. ഈ ധൃതിപ്പെടലില്‍ കയറ്റിറക്കങ്ങള്‍ പലതുമുണ്ടായി. നിരപ്പുള്ള ഒരിടത്തേക്കാള്‍ കൂടുതലായിരുന്നു ഈ മേല്‍ത്താഴ്ചകള്‍. അതുണ്ടാക്കിയ പരിക്കുകള്‍ ചെറുതൊന്നുമല്ലായിരുന്നു. ഈ ആഘാതങ്ങളെ തിരിച്ചറിയാന്‍ കഴിഞ്ഞത് ലോകത്തിന് ഓടാന്‍ കഴിയാതെപോയ മഹാമാരിക്കാലത്താണ്. വീണ്ടും ഞാന്‍ ആമയെ ഓര്‍ത്തു. ഭൂമിയിലെ ഏറ്റവും ആയുസ്സുള്ള ജീവി. അനാവശ്യങ്ങളില്‍ നിന്നും ഉള്ളിലേക്ക് പിന്‍വലിയുന്ന മുഖം. തിരക്കില്ലായ്മയുടെ ശാന്തത. ഈ ബുദ്ധമൗനവും നിര്‍മ്മതയുമാവാം ആയുസ്സിന്റെ രഹസ്യം. എത്രയേറെ ദ്രോഹിച്ചാലും ഉള്ളിലേക്ക് കടക്കാനാവാത്തവിധം സ്വയം തീര്‍ത്ത ദര്‍ശനധൈര്യമാവാം പുറന്തോട്. കരയും വെള്ളവും ഒരേപോലെ തന്റെ ഇടമാണെന്ന് പറയുന്ന ഏക പൗരത്വമല്ലാത്ത തത്ത്വവുമാണീ ജീവിതം.

ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മലയാളി മെമ്മോറിയല്‍’ ഓർഡർ ചെയ്യാൻ ക്ലിക്ക് ചെയ്യൂ 

 

Comments are closed.