DCBOOKS
Malayalam News Literature Website

മലയാളി മെമ്മോറിയൽ: പുറംചട്ടയും അകക്കാമ്പും

ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം ‘മലയാളി മെമ്മോറിയലി’ ന് ലക്ഷ്മി ദിനചന്ദ്രന്‍ എഴുതിയ വായനാനുഭവം

മുന്‍പുതന്നെ പ്രസിദ്ധീകൃതമായ ആറു കഥകളുടെ ഒരു ചെറുസമാഹാരം – ഒരു മണിക്കൂര്‍ കൊണ്ട് വായിച്ചുതീരാവുന്നത്. പുസ്തകത്തിന്റെ വലുപ്പവും എഴുത്തിന്റെ സ്‌ഫോടകശേഷിയുമായി നേര്‍വര പോലെയുള്ള ബന്ധമൊന്നുമില്ല എന്ന് തെളിയിച്ചിട്ടുള്ള പുസ്തങ്ങളുടെ കൂട്ടത്തിലേക്ക് നമുക്ക് ഒന്നുകൂടെ ചേര്‍ക്കാം. നമ്മെ ഏതെങ്കിലും നിലയ്ക്ക് അലോസരപ്പെടുത്താത്ത എഴുത്തുകള്‍ ആത്മാവിനുള്ള ഉറക്കഗുളിക മാത്രമാണ്. വായനക്കാരെ സാമാന്യം നന്നായിത്തന്നെ അലോസരപ്പെടുത്തുന്ന കഥകളാണ് ഉണ്ണി ആറിന്റെ ഈ കഥാസമാഹാരത്തില്‍ ഉള്ളത്.

‘എന്തുകൊണ്ട് ഞാന്‍ ആമയെ ഇഷ്ടപ്പെടുന്നു’ എന്ന ഒരു മുന്‍കുറിപ്പ് ഈ പുസ്തകത്തിന് ഉണ്ട്. കാഴ്ചകോലാഹലങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പുറംതോടിലേക്ക് വലിയുന്ന ആമയെന്ന അത്ഭുതജീവിയെ സ്മരിക്കുന്ന ഒന്ന്. കഥപോലെതന്നെ വായിക്കാവുന്ന ഒന്ന്. തുടര്‍ന്നുള്ള ആറുകഥകളെക്കുറിച്ച്:

Textഒരു ഗ്രാമത്തില്‍ കാമസൂത്രരചയിതാവായ വാത്സ്യായനന്‍ പ്രതിഷ്ഠയായി മുളച്ചുവരുന്ന അമ്പലം, അതിന്റെ മുന്‍പിന്‍കഥകള്‍ – ഇതാണ് ‘വാത്സ്യായനന്‍’ . ചിലയിടങ്ങളില്‍ കഥയുടെ പോക്കിന് പുതുമക്കുറവ് തോന്നിയെങ്കിലും തികഞ്ഞവായനാക്ഷമതയും സുവ്യക്തമായ ഒരു രാഷ്ട്രീയവും ഈ കഥയ്ക്കുള്ളതായി തോന്നി. ഹോബ്സണ്‍-ജോബ്സണ്‍ എന്ന ആംഗ്ലോ ഇന്ത്യന്‍ നിഘണ്ടുവിനെക്കുറിച്ചുള്ള അറിവ് ബോണസ്.

എഴുപത് തികഞ്ഞ കുഴിവെട്ടുകാരന്‍ പൗലോപ്പി താന്‍ എഴുപത്തിയൊന്നിലേക്കില്ല എന്ന് തീരുമാനിച്ച് നടത്തുന്ന യാത്രയാണ് ‘അളകാപുരി’ യുടെ ഇതിവൃത്തം. ഈ സമാഹാരത്തില്‍ മാജിക്കല്‍ റിയലിസം വന്നു തൊടുന്നത് എന്ന് പറയാവുന്ന കഥകളിലൊന്ന്. ജീവിതം, മരണം, സംതൃപ്തി…ഇതേക്കുറിച്ചൊക്കെ വേറിട്ടവഴിയില്‍ ചിന്തിക്കുന്നു.

‘മാവ് വെട്ടേണ്ട’ എന്ന കഥയുടെ ക്രാഫ്റ്റ് രസമുള്ളതായിത്തോന്നി. പതിവ് നാട്ടിന്‍പുറകഥകളുടെ രീതിയില്‍ ഒരല്‍പം എരിവും പുളിയും കൂട്ടി തമാശയും ചേര്‍ത്ത ഒരു കഥയാകും എന്ന് കരുതിയാണ് വായിച്ചുതുടങ്ങിയത്. പ്രഭാകരന്‍ എന്ന തികച്ചും മാന്യനായ സ്‌കൂള്‍ അദ്ധ്യാപകന്‍ ഉച്ചസമയത്ത് വീട്ടില്‍പ്പോകുന്നത് ‘മറ്റേതിനാ’ എന്ന് കണ്ടുപിടിക്കുന്ന സ്‌കൂള്‍പിള്ളേരില്‍ നിന്നുതുടങ്ങുന്ന കഥ, പേജുകള്‍ക്കുള്ളില്‍ തികച്ചും ഇരുണ്ട ഒന്നായി മാറുന്നു. ചില ഇംഗ്ലീഷ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്നത്ര ഇരുണ്ടത്.

ഈ സമാഹാരത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ ‘ഒരു നാടന്‍ സംഭവം’ ആണ്. അക്കരയപ്പന്‍ എന്ന നൂറിനടുത്ത് പ്രായമുള്ള ആളുടെ മരണവും, സ്വത്ത് കൈക്കലാക്കാനുള്ള അയല്‍വാസിയുടെ ശ്രമങ്ങളുമാണ് കഥ. സംഭവങ്ങളും മിത്തും ഭയവും ഭാവനയും എല്ലാം ഇഴപാകുന്ന, സുന്ദരമായി ഒഴുകുന്ന ഒരു കഥ.

സമാഹാരത്തിന്റെ പേരിനു കാരണമായ ‘മലയാളിമെമ്മോറിയല്‍’ എന്ന അഞ്ചാംകഥ നല്ലവണ്ണം കൂര്‍ത്തതും കൊള്ളേണ്ടയിടങ്ങളില്‍ കൃത്യമായി കൊള്ളേണ്ടതുമായ ഒരു സൂചിയാണ്. തിരുവനന്തപുരത്ത് അയ്യങ്കാളി പ്രതിമ നില്‍ക്കുന്ന വെള്ളയമ്പലത്തുകൂടെ പോകാന്‍ തയാറാകാതെ വഴിമാറിപ്പോകുന്ന സവര്‍ണബോധക്കാര്‍ ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ആ കേട്ടറിവാണ് ഈ കഥവായിച്ചപ്പോള്‍ മനസിലെത്തിയത്. അത് അയ്യങ്കാളി പ്രതിമയുടെ കുഴപ്പമല്ലെന്നും ആ വഴിമാറ്റക്കാരുടെ വികലമായ മനോഭാവത്തിന്റെ കുഴപ്പമാണെന്നുമുള്ള തിരിച്ചറിവാണല്ലോ വായനയും സാഹിത്യവും ഒക്കെ നമുക്ക് തരേണ്ടത്?
ഈ പുസ്തകത്തിന്റെ മുഖചിത്രത്തെക്കുറിച്ച് ഉണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ ഈ കഥ വായിക്കാന്‍ മെനക്കെടാത്തവരില്‍ നിന്നും ഉയര്‍ന്നുവന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജാതിസമവാക്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയൊക്കെ സെമിനാര്‍ ഹാളുകളിലും സോഷ്യല്‍ മീഡിയയിലും PhD തീസിസുകളിലും (അതില്‍ ചിലത് കോപ്പിയടിച്ചതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട് , അത് മറ്റൊരു വിഷയമായതിനാല്‍ ഇവിടെ വിടുന്നു) മതിയെന്ന വാദം വെച്ചുപുലര്‍ത്തുമ്പോള്‍ സാധാരണ ജീവിതത്തില്‍ ജാതിയും ജാതിപ്പേരും ഒക്കെ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മറന്നുപോകുന്നത് സ്വാഭാവികമാണ്. ആ കവര്‍ചിത്രത്തിലെ അംബേദ്കറിനെ അറിയുന്നവരുടെയും അറിയാന്‍ശ്രമിക്കാത്തവരുടെയും കാര്യകാരണങ്ങള്‍ കഥയുടെ അവസാനവരികളില്‍നിന്നു വ്യക്തമാണ്.

മനുഷ്യമനസ്സിന്റെ വന്യതയ്ക്ക് ഒരു സാക്ഷ്യമാണ് അവസാനത്തെ കഥയായ ‘ഒരു പകല്‍, ഒരു രാത്രി’. തികഞ്ഞ സാത്വികന്മാരായ രണ്ടു പുരുഷന്മാര്‍ – രവിയും ഷിബുവും – രവിയുടെ അന്‍പതാം പിറന്നാളിന് ഒരു യാത്രപോകുന്നതും, അവിടത്തെ സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. മനുഷ്യരിലെ സത്വഗുണത്തിന്റെ വേരുകള്‍ക്ക് എത്ര ആഴമുണ്ട് എന്ന ചോദ്യം ഉയര്‍ത്തുന്ന സിനിമാറ്റിക് ആയ കഥ. കൂടുതല്‍ എഴുതിയാല്‍ സ്‌പോയ്‌ലര്‍ ആയിപ്പോയേക്കും.

ഇന്നത്തെ ചിന്താവിഷയം: പുറംചട്ടകൊണ്ടു പുസ്തകത്തെ വിധിക്കരുത് എന്ന ക്ലാസിക് പഴമൊഴി വീണ്ടുമോര്‍ക്കേണ്ടതുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.