DCBOOKS
Malayalam News Literature Website

മലയാള നോവല്‍ സാഹിത്യമാല ഇനി സാഹിത്യചരിത്രത്തിന്റെ ഭാഗം

 

Malayala Novel Sahithya Mala
Malayala Novel Sahithya Mala

ഉള്ളടക്കത്തിന്‍റെ കാര്യത്തില്‍ തെറ്റിദ്ധാരണയ്ക്കിടകൊടുക്കാത്തവിധം ബ്രോഷറില്‍ കൃത്യമായും സുതാര്യമായും രേഖപ്പെടുത്തിയ ഒരു ബൃഹദ്പദ്ധതിയാണ് മലയാള നോവല്‍സാഹിത്യമാല. വിദേശഭാഷകളില്‍ ഇത്തരം ഗ്രന്ഥങ്ങള്‍ അമൂല്യവും റഫറന്‍സ് സംസ്കാരത്തിന്‍റെ ഭാഗവുമാണ്. കൊവിഡുകാലത്ത് റിസ്ക്കെടുത്തുകൊണ്ടാണ് മൂവായിരം പേജുള്ള ഈ പദ്ധതിക്ക് ഡി സി ബുക്സ് മുതിര്‍ന്നതെന്ന് നിസംശയം പറയാം.

മലയാള നോവല്‍ സാഹിത്യമാലയില്‍ പരാമര്‍ശിച്ചിട്ടുള്ളത് 200 നോവലുകളാണ്. മൂന്നൂ വാല്യങ്ങളില്‍ 3000 പേജുകളിലാണ് ഈ ബൃഹദ്ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്.

3000 പേജുകള്‍ വരുന്ന വിലാസിനിയുടെ അവകാശികള്‍, കെ ആര്‍ മീരയുടെ 500-ല്‍പ്പരം പേജുകള്‍ വരുന്ന ആരാച്ചാര്‍, എസ് കെ പൊറ്റെക്കാടിന്റെ ഒരു ദേശത്തിന്റെ കഥ, സി വി രാമന്‍ പിള്ളുടെ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ ഉല്‍പ്പെടുന്ന ഇരുനൂറ് നോവലുകളുടെ പേജുകള്‍തന്നെ 70000 മുതല്‍ ഒരു ലക്ഷം വരെ വരുമെന്നുള്ളതാണ് വസ്തുത. അങ്ങനെയിരിക്കെ 3000 പേജുകളില്‍ 200 നോവലുകളുടെ സമാഹാരം എന്ന തെറ്റിദ്ധാരണ‍ ഡി സി ബുക്‌സിന്‍റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നത് സുവ്യക്തമാണല്ലോ. ഒപ്പം ഇതു വാങ്ങുന്ന ശരാശരി വായനക്കാരനും അത് ബോധ്യവുമാണല്ലോ.

വിദേശഭാഷകളിലെ പ്രസാധകരായ Routledge, Cambridge തുടങ്ങിയവര്‍ ഇത്തരത്തിലുള്ള സാഹിത്യപ്രവേശികകള്‍ നിലവില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. 1001 Books You Must Read Before you Die, 501Books You Must Read എന്നീ ബൃഹദ്ഗ്രന്ഥങ്ങള്‍ അതിനുദാഹരണമാണ്.

ഡിജിറ്റല്‍ രൂപത്തിലും അച്ചടിച്ചും ലക്ഷക്കണക്കിന് ബ്രോഷറുകളാണ് വായനക്കാരലേക്കെത്തിച്ചിട്ടുള്ളത്. അതില്‍ ഒരിടത്തുംതന്നെ 200 നോവലുകളുടെ സമാഹാരം എന്ന് ഉപയോഗിച്ചിട്ടില്ല. മാത്രമല്ല, കവര്‍പേജില്‍ ഉള്‍പ്പടെ, സംശയത്തിനിടനല്‍കാത്തവിധം വലിയ അക്ഷരങ്ങളില്‍ ഉള്ളടക്കത്തെക്കുറിച്ച് സ്പഷ്ടമായി പലയിടങ്ങളിലായി വിശദമാക്കിയിട്ടുമുണ്ട്. ആയിരക്കണക്കിന് വായനക്കാര്‍ ദിനംപ്രതി സന്ദര്‍ശിക്കുന്ന ഡി സി ബുക്‌സ് പോര്‍ട്ടലില്‍ മലയാള നോവല്‍സാഹിത്യമാലയെക്കുറിച്ചും ഉള്ളടക്കത്തെക്കുറിച്ചും വിശദമാക്കിക്കൊണ്ടുള്ള നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയെല്ലാം തന്നെ 5 ലക്ഷത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലൂടെയും 60-ല്‍ അധികം വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും അനവധി തവണയാണ് ആവര്‍ത്തിച്ചിട്ടുള്ളത്. വാട്ട്സാപ്പ് സന്ദേശങ്ങളില്‍ നോവല്‍സാഹിത്യമാലയുടെ വെബ് ലിങ്കും നല്‍കിയിരുന്നു.

ഇവയെല്ലാംതന്നെ മലയാള നോവല്‍ സാഹിത്യമാലയുടെ ഉള്ളടക്കത്തെക്കുറിച്ച് തര്‍ക്കമില്ലാത്തവിധം വളരെ സുതാര്യമായും വിശദമായും സംവേദനം ചെയ്തിട്ടുണ്ടെന്നിരിക്കെ, തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകളും വാര്‍ത്തകളും എങ്ങനെ പ്രത്യക്ഷപ്പെടുന്നു എന്നത് തികച്ചും ദുരൂഹവും അത്ഭുതാവഹവുമാണ്.

അടുത്ത ഏതാനും ദശാബ്ദക്കാലം ഈ ഗ്രന്ഥമായിരിക്കും മലയാള നോവല്‍സാഹിത്യത്തിന്റെ ചരിത്രമായി നിലകൊള്ളാന്‍പോകുന്നത് എന്ന് പുസ്തകത്തിന്റെ എഡിറ്റര്‍ക്കും ഞങ്ങള്‍ക്കും ഉത്തമബോധ്യമുണ്ട്. ക്രിട്ടിക്കല്‍ നോട്ട്‌സിലൂടെയും(Critical Notes) കഥാപാത്ര വിവരണത്തിലൂടെയും ഇതിവൃത്ത പരിചയത്തിലൂടെയും സമാനതകളില്ലാത്ത് റെഡി റഫറന്‍സ് ഗ്രസ്ഥമായ മലയാള നോവല്‍ സാഹിത്യമാല വായനാപ്രേമികള്‍ക്കും അധ്യാപക-ഗവേഷക കുതുകികള്‍ക്കും എക്കാലത്തേയ്ക്കും അമൂല്യമായി നിലകൊള്ളുകതന്നെ ചെയ്യും.

എന്താണ് മലയാള നോവല്‍സാഹിത്യമാലയുടെ സവിശേഷതകള്‍?

1. വായനാതല്‍പ്പരര്‍ക്കൊരു Ready Reference

2. പുതുതായി വായനയിലേക്ക് വരുന്നവര്‍ക്കൊരു പ്രവേശിക

3. അധ്യാപക-ഗവേഷക സമൂഹത്തിനൊരു ചിരകാല റഫറന്‍സ്

4. അക്കാദമിക് ലൈബ്രറികള്‍ക്കും വായനശാലകള്‍ക്കും ഒഴിച്ചുകൂടാനാവാത്ത സമാഹാരം

ഡി സി ബുക്‌സിനു നേര്‍ക്കുയരുന്ന ഏതൊരു വിമര്‍ശനത്തിനെയും ക്രിയാത്മകമായി സമീപിക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും എന്നും ഞങ്ങള്‍ ഒരുക്കമാണ്. കുറവുകളെ അടുത്ത പതിപ്പില്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ഒരുക്കവുമാണ്.

ചിലരെങ്കിലും തെറ്റിദ്ധരിച്ച് ഈ പുസ്തകം ബുക്ക് ചെയ്തതായി അറിയുന്നു.അവര്‍ക്ക് ഈ പുസ്തകം വേണ്ടെങ്കില്‍ 9846133336 നമ്പറില്‍ അറിയിച്ചാല്‍ നോവൽ സാഹിത്യമാല അന്വേഷിച്ചു നടക്കുന്ന വായനക്കാരുമായി ബന്ധപ്പെടുത്താന്‍ കഴിയും. 300 കോപ്പി മാത്രമേ അധികമായി അച്ചടിച്ചിട്ടുള്ളുവെങ്കിലും അതിലേറെ അന്വേഷണമാണ് ഈ പുസ്തകത്തിന് ലഭിക്കുന്നത്. അതിനാല്‍ പുസ്തകം വേണ്ടെന്നുള്ളവര്‍ക്ക് തദ്ദേശീയരായ ആവശ്യക്കാരുമായി അവരെ ബന്ധപ്പെയുത്തുന്നതിനുള്ള അവസരമൊരുക്കാം. അതല്ല, ഈ പുസ്തകത്തിനു പകരം തുല്യവിലയ്ക്കുള്ള മറ്റു പുസ്തകങ്ങള്‍ വേണമെങ്കില്‍ അടുത്തുള്ള ഞങ്ങളുടെ പുസ്തകശാലയില്‍ പുസ്തകം ബോക്സ് സഹിതം കേടുപാടുകളില്ലാതെ 2020 ഒക്ടോബര്‍31നുള്ളില്‍ എത്തിച്ചാല്‍ ആവശ്യക്കാരായ പുസ്തകപ്രേമികള്‍ക്ക് നല്കാവുന്ന മികച്ച ഒരവസരമായിത്തീരും അത്.

Comments are closed.