DCBOOKS
Malayalam News Literature Website

ഭാരതമൊരു പിടി മണ്ണു കഥ!

കുരീപ്പുഴ ശ്രീകുമാര്‍ എന്ന മനുഷ്യനില്‍ മഹാഭാരതം ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍ പ്രതികരണങ്ങളായി കവിതാരൂപത്തില്‍ ആവിഷ്‌കരിക്കുകയാണ് ഈ പുസ്തകത്തില്‍.

കുരീപ്പുഴ ശ്രീകുമാറിന്റെ ‘മഹാഭാരതം വ്യാസന്റെ സസ്യശാല’ എന്ന പുസ്തകത്തിന് കെ വി മധു എഴുതിയ വായനാനുഭവം

ലോകമെങ്ങും ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള കഥാബീജങ്ങളില്‍ മഹാഭാരതത്തിലില്ലാത്തതായി ഒന്നുമില്ല എന്ന് മഹാഭാരതത്തെ വിശകലനം ചെയ്ത മഹാപ്രതിഭകളൊക്കെ പറഞ്ഞിട്ടുള്ളതാണ്. കുടുംബബന്ധങ്ങളുടെ ശത്രുതയുടെ പകയുടെ സ്‌നേഹത്തിന്റെ രാജ്യങ്ങള്‍ തമ്മിലുള്ള വൈരത്തിന്റെ ഒക്കെ കഥകള്‍ അവിടെ കണക്കില്ലാതെ ആവര്‍ത്തിക്കുന്നു. അതുതന്നെ ജീവിതത്തിലും സാഹിത്യത്തിലും ആവര്‍ത്തിക്കപ്പെടുന്നു. എത്രയെത്ര കഥാപാത്രങ്ങളാണ് മഹാഭാരതത്തില്‍ പല ഭാവത്തില്‍ പലപ്രാതിനിധ്യരൂപത്തില്‍ കടന്നുപോകുന്നത് എന്ന് ആലോചിച്ചാല്‍ നാം അന്തംവിട്ടുപോകും. അങ്ങനെ അന്തംവിട്ടുപോയ ഒരു കവിയുടെ പ്രതികരണങ്ങളാണ് ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മഹാഭാരതം വ്യാസന്റെ സസ്യശാല എന്ന പുസ്തകം.

കുരീപ്പുഴ ശ്രീകുമാര്‍ എന്ന മനുഷ്യനില്‍ മഹാഭാരതം ഉണ്ടാക്കിയ പ്രകമ്പനങ്ങള്‍ പ്രതികരണങ്ങളായി കവിതാരൂപത്തില്‍ ആവിഷ്‌കരിക്കുകയാണ് ഈ പുസ്തകത്തില്‍. അകമ്പനന്‍ മുതല്‍ ഹോത്രവാഹനന്‍ വരെ മഹാഭാരതത്തിലെ എണ്ണൂറോളം കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട് കവി. ചെറുകവിതകളിലൂടെ കഥാപാത്രങ്ങളെ വരച്ചിടുമ്പോള്‍ തന്നെ ഓരോ കഥാപാത്രവും ആരായിരുന്നു എന്ന ഒരുകുറിപ്പും പുസ്തകത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആ അര്‍ത്ഥത്തില്‍ മഹാഭാരതത്തെ കുറിച്ചുള്ള ഒരു വൈജ്ഞാനിക ഗ്രന്ഥമായും ഈ പുസ്തകം മാറുന്നു. ഓരോ കഥാപാത്രത്തിന്റെയും ജീവിവും ആ ജീവിതത്തിന്റെ അന്തസ്സത്തയും ചുരുക്കം വരികളില്‍ ഉള്ളടക്കപ്പെടുന്നു. ചെറുതെത്ര മനോഹരം എന്നത് നമ്മള്‍ പതിവായി പറയുന്ന പ്രയോഗമാണെങ്കിലും മഹാഭാരതം വ്യാസന്റെ സസ്യശാലയില്‍ ഓരോ കഥാപാത്രവും വീണുകിടക്കുന്നത് കണ്ടാല്‍ ആ പ്രയോഗമല്ലാതെ മറ്റൊന്ന് പറയാനാകില്ല.

കവി ഉദ്ധരിക്കുന്ന നാടന്‍പാട്ടിന്റെ ശീലുണ്ട്. അതിങ്ങനെയാണ്.
രാമായണമൊരു പെണ്ണ് കഥ.
ഭാരതമൊരു പിടി മണ്ണ് കഥ.
സമഗ്രവിശകലനത്തിന്റെയും സൂക്ഷ്മവല്‍ക്കരണത്തിന്റെയും ഉദാത്ത ഉദാഹരണം. കുരീപ്പുഴയുടെ മഹാഭാരതവിശകലനവും അതിനോട് ചേര്‍ന്ന നില്‍ക്കുന്നതാണ്. ആശയപരമായും ഘടനാപരമായും. ആറ്റിക്കുറുക്കിയ വരികളിലേക്ക് എണ്ണൂറോളം കഥാപാത്രങ്ങളെ സന്നിവേശിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പ്രതിഭ പൂണ്ടുവിളയാടുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ ആവേശവും നിരാശയും ആഘാതവും ഉയിര്‍പ്പും ആശയഗാംഭീര്യത്താലുള്ള പ്രചോദനവും ഒക്കെയായി കുരീപ്പുഴയുടെ സസ്യശാല വളരുന്നു.

ഭാരതമൊരു പിടി മണ്ണുകഥ എന്ന ആശയത്തെ അന്വര്‍ത്ഥമാക്കുന്ന കഥാബീജമാണ് (ബീജങ്ങളുടെ സഞ്ചയമാണ്) മഹാഭാരതം. സകല പ്രതാപത്തോടും ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കര്‍ണന്റെ ദുരന്താത്മകജീവിതത്തിന്റെ പര്യവസാനം നമ്മളിലുണ്ടാക്കിയ വേദനയെ അതിന്റെ സകലവൈകാരിക ഭാവത്തോടും കൂടി കുരീപ്പുഴ അവതരിപ്പിക്കുന്നത് നോക്കുക. മണ്ണില്ലാത്ത രാജാവിന്റെ കഥ.

” ആദിത്യശോഭിതനുജ്ജ്വലനച്ഛന്‍
ദീപശിഖപോലെയുള്ള പെറ്റമ്മ
നേരറിഞ്ഞപ്പോള്‍ സ്വയം മരിക്കാനായ്
മോഹിച്ചുപോ, യെന്‍ പിറവിക്ക് സാക്ഷീ
അശ്വനദീ നീ വിഴുങ്ങാത്തതെന്ത്
അത്യപമാനിതനാണീയനാഥന്‍”

ഇതില്‍പരം എങ്ങനെ കര്‍ണനെ ആവിഷ്‌കരിക്കാന്‍.
മറ്റൊരാള്‍ ഭീമനാണ്.
കുരീപ്പുഴയുടെ ഉള്ളില്‍ കിടക്കുന്ന ഭീമനിങ്ങനെ
” പാരിജാതത്തിന്റെ
സുഗന്ധമായോര്‍മയില്‍
പാഞ്ചാലി പോലുമി
ല്ലാത്മദു:ഖത്തിന്റെ
ഘോരയുദ്ധത്തില്‍
തകര്‍ന്ന പരിഘമായ്
ജീവിതം
കാറ്റായ്
മടങ്ങുകയാണ് ഞാന്‍”

എല്ലാമറിയുന്ന കൃഷ്ണനോ ഇങ്ങനെ
” തടവറയ്ക്കുള്ളില്‍
സഹോദരമൃത്യുവിന്‍
നിഴലില്‍ പിറന്നവന്‍.
മാതാപിതാക്കളെ
വീണ്ടെടുക്കാനുറ്റ
ബന്ധുവെ കൊന്നവന്‍

യുദ്ധം നയിച്ചു
മഹാസങ്കടത്തിന്റെ
വിത്തുവിതച്ചവന്‍

ഈശ്വരനല്ല
വെറും മര്‍ത്യനാണ് ഞാന്‍
ശാശ്വതദു:ഖമെനിക്ക്
ജന്മാര്‍ജ്ജിതം”

Textകൃഷ്ണനെ തിരിച്ചറിഞ്ഞ ആ ദാര്‍ശനിക സന്ധിയില്‍ ഒരുകവിക്കിങ്ങനെയല്ലാതെ പിന്നെങ്ങനെ പാടാനാകും. ദൈവമങ്ങനെ നിസ്സഹായനായിരിക്കുമ്പോള്‍ സൃഷ്്ടാവോ എന്ന് നാം ആശങ്കപ്പെടും. എല്ലാമറിയുന്ന വ്യാസനെ കുരീപ്പുഴ അവതരിപ്പിക്കുന്നത് ഇങ്ങനെ
” മഹാസങ്കടത്തിന്‍
ജയം ജീവകാവ്യം
മഹാഭാരതത്തിന്‍
നദീരയം ഭാവം
ഇതില്‍ മുങ്ങി ഞാനും
നിവര്‍ന്നപ്പോഴേകം
മുഖത്തേക്ക് വീഴുന്നു
സൂര്യപ്രമാണം
ശോകമേ ശ്ലോകം
ലോകമേ താളം
ജീവിതപ്പച്ചയേ വര്‍ണം”

അധികാരവും മണ്ണും ആണിനോട് ചേര്‍ന്ന് നില്‍ക്കുകയാണ് ചരിത്രത്തില്‍. ആണുങ്ങളുടെ യുദ്ധം, ആണുങ്ങളുടെ മരണം. ആണുങ്ങളുടെ ജയം. ഇതാണ് അധികാരത്തിന് വേണ്ടിയുള്ള യുദ്ധം ഭൂമിക്ക് വേണ്ടിയുള്ള യുദ്ധം. ആണധികാരത്തിന്റെ ലക്ഷ്യപൂര്‍ത്തികള്‍. അവിടെ പെണ്ണിനെന്ത് കാര്യം എന്ന് ആലോചിക്കുമ്പോള്‍ മഹാഭാരതത്തില്‍ അമ്മയും ഭാര്യയും കാമുകിയും മകളും ഒക്കെയായി പല അവതാരങ്ങള്‍ ഉയിര്‍ത്തുവരും. യുദ്ധാനന്തരം സുഭദ്രനില്‍ക്കുന്നത് നോക്കുക

” അകത്തും പുറത്തും
മഹോല്‍സവം, തേര്‍
വിട്ടൊടുക്കം നടുക്കുന്ന
യുദ്ധപ്പറമ്പില്‍.
മകന്‍, തെറ്റുചെയ്യാതെ
കൊല്ലപ്പെടുമ്പോള്‍
പ്രിയന്‍ വെന്ന രാജ്യ
മമ്മയ്‌ക്കോ ശ്മശാനം”

അതിനുമുപരി മഹാഭാരതത്തിന്റെ മുഴുവന്‍ സത്തയും ആവിഷ്‌കരിക്കുന്ന നാലുവരികളുണ്ട്. വൈദേഹിയെ പറ്റി കുരീപ്പുഴ പാടുന്നത് എത്ര അര്‍ത്ഥവത്താണെന്ന് ആ മണ്ണിനെ വെന്ന ആണുങ്ങളുടെ മുന്നില്‍ നിരാശ്രയരായ പെണ്ണുങ്ങളുടെ കണ്ണീര്‍ കണങ്ങളില്‍ വായിക്കാം. അതിങ്ങനെ

” രാജഹര്‍മ്മ്യം പറഞ്ഞ കഥകളില്‍
ഭീകരം കുരുക്ഷേത്ര മഹാരണം
ഒറ്റ സ്ത്രീയും മരിച്ചതേയില്ലതില്‍
ഒറ്റ സ്ത്രീയും കരയാതെയുമില്ല”

ഭാരതമൊരു പിടി മണ്ണുകഥയാണെങ്കിലും അത്യന്തികമായി അതിന്റെയെല്ലാ ദുരന്തവിധിയും ഏറ്റുവാങ്ങേണ്ടി വരുന്നത് പെണ്ണാണ് എന്നതിന് ഉത്തരമായി മഹാഭാരതത്തിലെ ഈ കണ്ണീരുയര്‍ത്തുന്ന ദാര്‍ശനിക പ്രശ്‌നം തന്നെ ധാരാളം. ഇനിയും എത്രയെത്ര പേര്‍.

മഹാഭാരതത്തിന്റെ യുദ്ധഭൂമിയില്‍ വീണ ചോരയേക്കാള്‍ കണ്ണീരിന്റെ ഉപ്പുണങ്ങാത്ത ഓര്‍മകളാണ് ഇത്തരം തിരിച്ചറിവിന്റെ ഗാഥകൾ കാലാന്തരത്തോളം പാടിക്കൊണ്ടേയിരിക്കാൻ പ്രേരണയാകുന്നത്. ആവര്‍ത്തന പാരായണങ്ങള്‍ ചരിത്രത്തിലിടം പിടിക്കുന്നതും ആ തിരിച്ചറിവിന്റെ ബലത്തിലാണ്. സമീപകാലത്തുണ്ടായ ഏറ്റവും മികച്ച ഭാരത പാരായണമായി കുരീപ്പുഴയുടെ മഹാഭാരതം വ്യാസന്റെ സസ്യശാലയെന്ന ഈ പുസ്തകം വിലയിരുത്തപ്പെടും എന്നു ഉറപ്പാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.