DCBOOKS
Malayalam News Literature Website

യൂട്യൂബില്‍ ട്രെന്‍ഡിങ്ങായി ഒടിയനിലെ പുതിയ ഗാനം

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനില്‍ നിന്നും ഒരു പുതിയ ഗാനം കൂടി പുറത്തുവന്നു. ശ്രേയാ ഘോഷാല്‍ ആലപിച്ച മാനം തുടുക്കണ് എന്ന അതിമനോഹരഗാനമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. യൂട്യൂബില്‍ ടോപ് ട്രെന്‍ഡിങ് വീഡിയോ ആയി മാറിയ ഈ ഗാനം ഏകദേശം 16 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ്  ഈണം പകര്‍ന്നിരിക്കുന്നത്. ഒടിയന്‍ മാണിക്യന്റെ കുടുംബജീവിതം ചിത്രീകരിക്കുന്ന ഈ ഗാനത്തില്‍ മോഹന്‍ലാലും മഞ്ജുവാര്യരും സന അല്‍ത്താഫും കടന്നുവരുന്നു.

വി.എ. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ മോഹന്‍ലാല്‍ വ്യത്യസ്തമായ ഗെറ്റപ്പിലാണ് എത്തുന്നത്. കുട്ടി സ്രാങ്കിന് വേണ്ടി തിരക്കഥ ഒരുക്കിയ ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.  പ്രകാശ് രാജ്, സിദ്ധിഖ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.

പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വ്വഹിക്കുന്ന മലയാള ചിത്രമാണ് ഒടിയന്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഡിസംബര്‍ 14-ന് ചിത്രം തീയറ്ററുകളിലെത്തും.

Comments are closed.