DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍-2019 എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും

ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പ് ജ്ഞാനപീഠ ജേതാവും മലയാളിയുടെ പ്രിയ എഴുത്തുകാരനുമായ ശ്രീ.എം.ടി വാസുദേവന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറ് മണിക്ക് കോഴിക്കോട് കടപ്പുറത്ത് വെച്ചു നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്‍, എം.കെ. രാഘവന്‍ എം.പി, എ. പ്രദീപ് കുമാര്‍ എം.എല്‍.എ, എം.കെ. മുനീര്‍ എം.എല്‍.എ, തോട്ടത്തില്‍ രവീന്ദ്രന്‍(മേയര്‍), നോര്‍വേ നയതന്ത്രജ്ഞയായ അര്‍ണേ റോയ് വാള്‍തര്‍, കളക്ടര്‍ ശ്രീറാം സാംബശിവ റാവു തുടങ്ങിയവര്‍ പങ്കെടുക്കും.

കേരള സര്‍ക്കാരിന്റെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്‍ നടത്തുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സാംസ്‌കാരിക പരിപാടികള്‍ക്ക് ഇന്നലെ വൈകുന്നേരം സംഘടിപ്പിച്ച ഖവാലി സംഗീതവിരുന്നിലൂടെ തുടക്കമിട്ടിരുന്നു. ഇന്ന് രാവിലെ മുതല്‍ വിവിധ സെഷനുകളും ആരംഭിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കെ.എല്‍.എഫില്‍ പങ്കുചേരാന്‍ ഇത്തവണ രണ്ടര ലക്ഷത്തോളംപേര്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. കല, സാഹിത്യം, രാഷ്ട്രീയം, സിനിമ, ഫിലോസഫി, പരിസ്ഥിതി തുടങ്ങിയ നിരവധി വിഷയങ്ങള്‍ കെ.എല്‍.എഫ് വേദിയില്‍ ചര്‍ച്ച ചെയ്യപ്പെടും. വിവിധ ഭാഷകളില്‍ നിന്നുള്ള അഞ്ഞൂറോളം അതിഥികള്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും. ഓസ്‌കാര്‍ പുരസ്‌കാര ജേതാക്കള്‍, ബുക്കര്‍ പുരസ്‌കാര ജേതാക്കള്‍, ജ്ഞാനപീഠ പുരസ്‌കാരജേതാക്കള്‍ തുടങ്ങി സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.

കൂടാതെ ഏഷ്യ, അമേരിക്ക, യൂറോപ്പ് വന്‍കരകളിലെ ശ്രീലങ്ക, സ്‌പെയ്ന്‍, സ്വീഡന്‍, ബെല്‍ജിയം, ചെക് റിപ്പബ്ലിക്, അമേരിക്ക തുടങ്ങിയ വ്യത്യസ്ത രാജ്യങ്ങളില്‍നിന്നായി നിരവധി എഴുത്തുകാരും പണ്ഡിതരും ഇത്തവണത്തെ കെ.എല്‍.എഫില്‍ പങ്കുചേരും. അവര്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും എഴുത്തുകാരുമായ രാമചന്ദ്ര ഗുഹ, അരുന്ധതി റോയി, ടി. പദ്മനാഭന്‍, ഹര്‍ഷ് മന്ദിര്‍, സ്വാമി അഗ്‌നിവേശ്, ശശി തരൂര്‍, ജീത് തയ്യില്‍, മികി ദേശായ്, അനിത നായര്‍, കേകി ദാരുവല്ല, ദേവ്ദത്ത് പട്‌നായിക്, മനു എസ്. പിള്ള, റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, റസൂല്‍ പൂക്കുട്ടി, രാകേഷ് ശര്‍മ, ഗൗര്‍ ഗോപാല്‍ദാസ്, അമീഷ് ത്രിപാഠി, ആനന്ദ്, മുകുന്ദന്‍, എന്‍.എസ്. മാധവന്‍, ടി.എം. കൃഷ്ണ, പ്രകാശ് രാജ്, ചേതന്‍ ഭഗത്, രവി സുബ്രഹ്മണ്യന്‍, റസൂല്‍ പൂക്കുട്ടി, ശോഭാ ഡേ, പ്രീതി ഷെണോയ്, രവീന്ദര്‍ സിങ്, നവീന്‍ ചൗള, സാഗരിക ഘോഷ്, രാജ്ദീപ് സര്‍ദേശായി, പത്മപ്രിയ, റിമാ കല്ലിങ്കല്‍, ആഷിഖ് അബു, സാറാ ജോസഫ്, കെ.ആര്‍ മീര, സുഭാഷ് ചന്ദ്രന്‍, ബന്യാമിന്‍, ടി.ഡി രാമകൃഷ്ണന്‍, എസ്. ഹരീഷ് തുടങ്ങിയവരും കവികള്‍, എഴുത്തുകാര്‍, രാഷ്ട്രീയ ചിന്തകര്‍, കലാകാരന്മാര്‍, കാര്‍ട്ടൂണിസ്റ്റുകള്‍, വിമര്‍ശകര്‍, പരിഭാഷകര്‍, സാമൂഹികപ്രവര്‍ത്തകര്‍, സിനിമ പ്രവര്‍ത്തകര്‍, നടന്മാര്‍, നിയമവിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരും പങ്കുചേരുന്നു.

വെയ്ല്‍സാണ് ഇത്തവണത്തെ കെ.എല്‍.എഫിന്റെ അതിഥിരാജ്യം. വെയ്ല്‍സില്‍ നിന്നുള്ള നിരവധി എഴുത്തുകാരും കലാകാരന്മാരും ചിന്തകരും കെ.എല്‍.എഫില്‍ പങ്കെടുക്കാനെത്തും. വെയ്ല്‍സ് സാഹിത്യത്തിന് വേണ്ടി പ്രത്യേകം സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാഹിത്യത്തെക്കുറിച്ച് വിശാലതലത്തിലുള്ള ചര്‍ച്ചകള്‍ക്കായി പുതിയ പരമ്പര കെ.എല്‍.എഫില്‍ അവതരിപ്പിക്കുന്നു. ഇത്തവണ മറാത്തി ഭാഷയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. നാടകകൃത്തുക്കള്‍, കവികള്‍, നോവലിസ്റ്റുകള്‍, വിമര്‍ശകര്‍, ഗദ്യരചയിതാക്കള്‍ തുടങ്ങി മറാത്തി ഭാഷയിലെ പ്രമുഖരായ 12 എഴുത്തുകാരെയാണ് അവതരിപ്പിക്കുന്നത്. വടക്കുകിഴക്കന്‍ മേഖലകളിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് എഴുത്തുകാരാണ് എത്തുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കവികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രത്യേക കവിസമ്മേളനവും കെ.എല്‍.എഫില്‍ സംഘടിപ്പിച്ചിട്ടുണ്ട്.

സഹൃദയര്‍ക്കായി സാംസ്‌കാരികകലാവിരുന്ന്

സ്പാനിഷ് ക്ലാസിക്കായ ഡോണ്‍ ക്വിക്‌സോട്ടിനെ അടിസ്ഥാനമാക്കിയുള്ള കഥകളിയും എല്‍. സുബ്രഹ്മണ്യത്തിന്റെ തത്സമയ വയലിന്‍ വാദനവും സൂഫിസന്ധ്യയും തീയറ്റര്‍ പെര്‍ഫോമന്‍സും റഷ്യന്‍ സംഗീതവും നൃത്തവുമെല്ലാം വൈകുന്നേരങ്ങളിലെ സാംസ്‌കാരികപരിപാടികളെ സമ്പന്നമാക്കും. ഇതിന് പുറമെ 10, 11 തീയതികളിലെ മോണിംഗ് രാഗയും ഇത്തവണ കെ.എല്‍.എഫിന്റെ പ്രത്യേകതയാണ്.

പുസ്തക പ്രദര്‍ശനം, ഫിലിം ഫെസ്റ്റിവല്‍, ഫോട്ടോ എക്‌സിബിഷന്‍ തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ കെ.എല്‍.എഫിന്റെ ഭാഗമാണ്. സാഹിത്യോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചലച്ചിത്രമേള ക്യുറേറ്റ് ചെയ്യുന്നത് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണും ഫിലിം എഡിറ്ററുമായ ബീനാപോളാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.