DCBOOKS
Malayalam News Literature Website

‘നൃത്തം’; സൈബര്‍ കാലത്തെ സാങ്കല്‍പ്പിക സംവേദനം

സാങ്കേതികവിദ്യ പ്രമേയമാക്കിയ മലയാളത്തിലെ ആദ്യ നോവലാണ് എം മുകുന്ദന്റെ നൃത്തം. വ്യത്യസ്തമായൊരു ആഖ്യാനത്തിലൂടെ വായനക്കാര്‍ക്ക് നവ്യാനുഭവം പകര്‍ന്ന ഈ നോവല്‍ സൈബര്‍ഇടത്തിലെ മായികലോകത്ത് സഞ്ചരിച്ച ശ്രീധരന്റേയും അഗ്‌നിയുടേയും കഥ പറയുന്നു.

സാങ്കേതിക വിദ്യയുടെ വരവോടെയാണ് കത്തുകള്‍ക്കും കമ്പികള്‍ക്കുമപ്പുറം മറ്റൊരു ആശയവിനിമയ ലോകത്തെ കുറിച്ച് നാം അറിയുന്നത്. ഓരോ സെക്കിന്റിലും അതിന്റെ സാധ്യതകള്‍ വിപുലപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ന് ഇ-മെയില്‍ വിലാസമില്ലാത്തവരായി ആരുമുണ്ടായിരിക്കില്ല. സ്ഥലകാല ബോധത്തെ മായ്ച്ചു കളയുകയും എന്നാല്‍ ലോകത്തിന്റെ ഏതു കോണിലും സ്വന്തം വിലാസം സ്ഥാപിക്കുകയുമാണ് ഒറ്റവരിയിലുള്ള ഓരോ ഇ-മെയില്‍ വിലാസവും ചെയ്തുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത സാംസ്‌കാരിക-സാമൂഹ്യ-സാമ്പത്തിക ഘടകങ്ങളെ സമന്വയിപ്പിച്ച് പുതിയ ഇടങ്ങളെ നിര്‍മ്മിക്കുകയാണ് അഗ്നിയും ശ്രീധരനും തങ്ങളുടെ ഇ-മെയില്‍ വിനിമയത്തിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിലൂടെ സ്വത്വത്തെക്കുറിച്ചും ദേശത്തെക്കുറിച്ചുമുള്ള പുതിയൊരു വ്യാഖ്യാനമാണ് മുകുന്ദന്‍ നിര്‍വ്വഹിക്കുന്നത്. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശില്പസങ്കേതം വഴി മലയാള നോവല്‍ ഭാവുകത്വത്തിന് പുതിയൊരു തുടക്കവും.

ലോകത്തിന്റെ ഏതോ കോണില്‍ നിന്നും അയയ്ക്കുന്ന മെയിലുകളില്‍ കൂടി കേരളത്തിലെ കളരിമുറ്റത്തു നിന്നും പാശ്ചാത്യ നൃത്തലോകത്തിന്റെ ഉന്നതികളിലേക്ക് നൃത്തച്ചുവടുകള്‍ വച്ചുകയറിയ അഗ്‌നിയുടെ കഥ ശ്രീധരന് മുന്നിലെത്തുന്നു. ആശയവിനിമയത്തിന് പുതിയൊരു തലം കണ്ടെത്തുന്ന, മാറുന്ന മലയാളിയുടെ പരിച്ഛേദമാണ് എം മുകുന്ദന്റെ നൃത്തം.

2000 ഒക്ടോബറിലാണ് നൃത്തത്തിന്റെ ആദ്യ പതിപ്പ് ഡിസി ബുക്‌സ് പുറത്തിറക്കുന്നത്. ഇപ്പോള്‍ 2018-ല്‍ നോവലിന്റെ പതിനാറാം പതിപ്പ് പുറത്തിറങ്ങുമ്പോഴും വായനക്കാര്‍ ഏറെയാണ്.

Comments are closed.