DCBOOKS
Malayalam News Literature Website

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ (72) അന്തരിച്ചു. കോവിഡ് ബാധയെത്തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം രാത്രി 12.15ന് ആയിരുന്നു. സംസ്കാരം ഇന്നു പൂവച്ചൽ ജുമാ മസ്ജിദിൽ.

മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതി. ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ…’ (ചാമരം), ‘ഏതോ ജന്മ കൽപനയിൽ…’ (പാളങ്ങൾ), ‘അനുരാഗിണി ഇതായെൻ…’ (ഒരു കുടക്കീഴിൽ), ‘ശരറാന്തൽ തിരിതാഴും…’ (കായലും കയറും) തുടങ്ങിയവയടക്കം ഖാദറിന്റെ ഗാനങ്ങളിൽ പലതും എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീതജീവിതത്തിന്റെ കൂടി ഭാഗമാണ്. പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്നു.

പാടുവാൻ പഠിക്കുവാൻ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാനസമാഹാരം) എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചു.

ആമിനയാണ് ഭാര്യ. മക്കൾ: തുഷാര, പ്രസൂന.

Comments are closed.