DCBOOKS
Malayalam News Literature Website

ഫിഫ

ഭാസി മലാപ്പറമ്പിന്റെ ‘ലോകകപ്പ് ഫുട്‌ബോള്‍ ബ്രസീല്‍ 2014 വരെ’ എന്ന പുസ്തകത്തില്‍ നിന്നും

1904-ല്‍ ഏഴ് ദേശീയ ഫുട്‌ബോള്‍ അസോസിയേഷനുകള്‍ യോഗം ചേര്‍ന്ന് ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡി ഫുട്‌ബോള്‍ അസോസിയേഷന്‍ (ഫിഫ) എന്ന രാജ്യാന്തര ഫുട്‌ബോള്‍ സംഘടനയ്ക്ക് രൂപം നല്‍കുമ്പോള്‍തന്നെ അംഗരാഷ്ട്രങ്ങളുടെ ആഗോള മത്സരവേദിയായി ലോകകപ്പ് വിഭാവനം ചെയ്യുകയും നിയമാവലിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 1837-ല്‍ ഇംഗ്ലണ്ടില്‍ വിക്‌ടോറിയ മഹാറാണി സിംഹാസനാരൂഢയായതിനെ തുടര്‍ന്ന് 1840-കളിലെ ഈറ്റണ്‍, റഗ്ബി, ഹാരോ വിന്‍ചെസ്റ്റര്‍ എന്നീ പബ്ലിക് സ്‌കൂളുകളുടെ നിയമാവലി
പരിഷ്‌കരണത്തില്‍ ആഴ്ചയില്‍ മൂന്നു മധ്യാഹ്നങ്ങള്‍ കായിക പരിപാടികള്‍ക്കുമാത്രമായി മാറ്റിവെക്കപ്പെട്ടതിന്റെ ഫലമായിരുന്നു ഫുട്‌ബോളിന്റെ സംഘടനാതല വികസനം. വ്യാവസായിക മേഖലയിലെ മുന്‍നിരക്കാരും ഭൂവുടമകളും റഗ്ബി, ക്രിക്കറ്റ്, കുതിരസവാരി തുടങ്ങിയ കായികയിനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയപ്പോള്‍ ഫാക്ടറിത്തൊഴിലാളികളും മറ്റ് അധ്വാനിക്കുന്നവരും ഫുട്‌ബോളിനാണ് പ്രാമുഖ്യം നല്‍കിയത്. അങ്ങനെ 1848- ല്‍ ട്രിനിറ്റി കോളജില്‍ നടന്ന ഒരു യോഗത്തില്‍വെച്ച് ഫുട്‌ബോള്‍ എങ്ങനെ കളിക്കണം എന്ന് തീരുമാനിക്കപ്പെട്ടു– പതിനാറു നിയമങ്ങള്‍ നിലവില്‍ വന്നു!

തുടര്‍ന്ന് സംഘടനകള്‍ വികാസം പ്രാപിച്ചപ്പോള്‍ ആദ്യത്തെ ഫുട്ബോള്‍ ക്ലബ്ബും ആദ്യത്തെ ഫുട്‌ബോള്‍ അസോസിയേഷനും ഇംഗ്ലണ്ടില്‍തന്നെ രൂപംകൊണ്ടു. യോര്‍ക്ക് കൗണ്ടിയില്‍ ഉരുക്ക് വ്യവസായ മേഖലയായ ഷെഫീല്‍ഡ് പട്ടണത്തില്‍ 1855-ല്‍ ആദ്യത്തെ ക്ലബ്ബ് — ഷെഫീല്‍ഡ് എഫ്. സി; അവരുടെ നിയമങ്ങള്‍ Textകടലാസ്സിലാക്കിക്കൊണ്ട് ഷെഫീല്‍ഡ് റൂള്‍സും! ഇതിനുശേഷം ഒരു പതിറ്റാണ്ടിനുള്ളില്‍, 1863 ഒക്‌ടോബര്‍ 26ന്, ഗ്രേറ്റ് ക്വീന്‍ സ്ട്രീറ്റിലെ ഫ്രീമേസണ്‍സ് ടാവേണില്‍ ചേര്‍ന്ന രാജ്യത്തെ ഇത്തരം ക്ലബ്ബ് സംഘാടകരുടെ യോഗം ലോകത്തിലെ ആദ്യത്തെ ദേശീയ ഫുട്‌ബോള്‍ അസോസിയേഷനായ ഇംഗ്ലണ്ടിലെ എഫ്.എ.യ്ക്കും (ദി ഫുട്‌ബോള്‍ അസോസിയേഷന്‍) ജന്മം നല്കി.

തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇംഗ്ലിഷുകാര്‍ക്ക് ആധിപത്യമുള്ള രാഷ്ട്രങ്ങളിലെല്ലാം ഫുട്‌ബോള്‍ കളിക്ക് പ്രാമുഖ്യം ലഭിച്ചുവെന്നാണ് ചരിത്രരേഖകള്‍. ബ്രിട്ടീഷുകാരുടെ സാമ്രാജ്യവികസനത്തില്‍നിന്ന് ലോകജനതയ്ക്ക് ലഭിച്ച അനുഗ്രഹമായി ഫുട്‌ബോള്‍ കളി.

ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലന്‍ഡിലെയും ടീമുകള്‍ 1872 നവംബര്‍ 30ന് ഗ്ലാസ്‌ഗോയിലെ സ്‌കോട്ട്‌ലന്‍ഡ് ക്രിക്കറ്റ് ക്ലബ്ബിന്റെ പടിഞ്ഞാറുഭാഗത്തുവെച്ച് ഏറ്റുമുട്ടിയപ്പോള്‍, ഫുള്‍ നാഷണല്‍ ടീമുകളല്ല കളിയില്‍ പങ്കെടുത്തതെങ്കിലും അത് ആദ്യത്തെ ”ഇന്റര്‍ നാഷണല്‍ മത്സര”മെന്ന് പില്‍ക്കാലത്ത്  രേഖകളിലെത്തുകയായിരുന്നു. സ്‌കോട്ട്‌ലണ്ട് എഫ്.എ. രൂപീകരിക്കപ്പെട്ടത് ഈ മത്സരത്തിനുശേഷമായിരുന്നു. സ്‌കോട്ട്‌ലന്‍ഡ് എന്ന പേരില്‍ കളിക്കളത്തിലിറങ്ങിയ കളിക്കാര്‍ ക്വീന്‍സ് പാര്‍ക്ക് എഫ്.സി. യുടെ കളിക്കാര്‍ മാത്രമായിരുന്നു– വേറെ സെലക്ഷന്‍ നടത്തുന്ന പ്രക്രിയയ്ക്ക് അക്കാലത്ത് പ്രസക്തി ഉണ്ടായിരുന്നില്ലതാനും; ക്ലബ്ബുകളും, അസോസിയേഷനുമില്ലല്ലോ.

1876-ല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് വെയിത്സ് ലിമിറ്റഡ് എന്ന സംഘടനയും നാലുവര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ ഐറിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ലിമിറ്റഡും രൂപമെടുത്തു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ആദ്യത്തെ ഔദ്യോഗിക ഇന്റര്‍നാഷണല്‍ മത്സരം സംഘടിപ്പിക്കപ്പെട്ടത്. 1904 മെയ് 1 ന് ബ്രസ്സല്‍സിലെ വിവിയര്‍ ഡി ലോയി ഗ്രൗണ്ടില്‍ ബെല്‍ജിയവും ഫ്രാന്‍സും തമ്മില്‍ ഏറ്റുമുട്ടിയതാണ് ലോകത്തിലെ ആദ്യത്തെ ഔദ്യോഗിക രാജ്യാന്തരമത്സരം. മത്സരാനന്തരം കളിക്കാരും സംഘാടകരും ചേര്‍ന്നുള്ള ഡിന്നര്‍ വേളയിലാണ് ഫുട്‌ബോളിന് ഒരു രാജ്യാന്തര സംഘടന എന്ന ആശയം ഉയര്‍ന്നത്. ബെല്‍ജിയം എഫ്.എ.യുടെ സെക്രട്ടറി ലൂയിസ് മുഹ്‌ലിങ്കൂസും ഫ്രാന്‍സിന്റെ സെക്രട്ടറി റോബര്‍ട്ട് ഗ്വേറിനും ആയിരുന്നു ഈ ആശയത്തിന്റെ പ്രണേതാക്കള്‍.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.