DCBOOKS
Malayalam News Literature Website

കഥയുടെ ഉടലാഴങ്ങള്‍

ഇ.പി.ശ്രീകുമാറിന്റെ ഖലാസി എന്ന പുസ്തകത്തെക്കുറിച്ച്  ഡോ. അഥീന നിരഞ്ജ്‌ എഴുതിയത് 

‘ആദ്യ ദാമ്പത്യമുദ്ര കവിളില്‍ പതിഞ്ഞപ്പോള്‍ മണവാട്ടിയറിഞ്ഞു, തന്നില്‍ പെണ്‍നാണം വറ്റിപ്പോയിരിക്കുന്നു. ആദ്യമായി ജീവനുള്ള പുരുഷന്‍ ഉടലിനെ സ്പര്‍ശിച്ചപ്പോള്‍ അവള്‍ ഭയന്നു, ജഡമരവിപ്പ് തന്നിലേക്ക് പകര്‍ന്നിരിക്കുമോ?’ ജഡത്തണുപ്പും ശവഗന്ധവും അവളിലെ പെണ്മയെ കരിച്ചുണക്കിയിട്ടുണ്ട്. ജീവനുള്ള ഒരു പുരുഷനും ആ ഉടല്‍വഴക്കങ്ങളില്‍ ആകൃഷ്ടനായിട്ടില്ല. പ്രണയവാല്‍സല്യത്തോടെ ആ പേരുച്ചരിച്ചിട്ടില്ല. എത്രയോ അനാകര്‍ഷകയായ പെണ്‍പിറപ്പ്… ഉറ്റവരും ഉടയവരുമായി ശവക്കല്ലറകള്‍ മാത്രമുള്ളവള്‍; ശവങ്ങളെടുത്തെടുത്ത് ഉള്ള് മരവിച്ചവള്‍; പ്രേതസം സര്‍ഗത്താല്‍ വികാരങ്ങളടങ്ങിയവള്‍: മധുരപ്പതിനേഴിലും ആണുങ്ങളില്‍നിന്നും അകന്നു മാറിയവള്‍… അവളെയാണ് പ്രണയസുരഭിലയാക്കാന്‍ കഥാകൃത്ത് ശ്രമിക്കുന്നത്. ചിതറിപ്പോയ ജീവിതാഭിലാഷങ്ങള്‍ ചേര്‍ത്തുപിടിക്കാന്‍ ഇത്തരം ചില പെടാപ്പാടുകള്‍ അത്യാവശ്യമാണെന്ന് രചയിതാവിനറിയാം. അത്രമേല്‍ യാഥാര്‍ഥ്യബോധമുള്ള ജീവിതഭൂമികയിലാണ് ഇ.പി. ശ്രീകുമാറിന്റെ ഭാവനകള്‍ പുഷ്‌കലമാവുന്നത്. കല്ലറകള്‍ക്കിടയില്‍ പേരില്ലാത്തൊരു കുഴിമാടം എപ്പോഴും വേറിട്ടുനില്‍ക്കും. ശവക്കോട്ടപ്പൂക്കളുടെ രൂക്ഷഗന്ധം സെമിത്തേരിയെ ഉര്‍വരമാക്കുന്ന ആ നിശാനിശ്ശബ്ദതയില്‍, ശവംതീനിപ്പിശാചും നരിച്ചീറുകളും പാഞ്ഞുനടക്കുന്ന വേളയില്‍ കുഴിവെട്ടിപ്പെണ്‍കിടാവിന്റെ കൈകളില്‍ ദൈവസ്പര്‍ശമുണ്ടായി; ഇഴഞ്ഞുനടക്കുന്ന പാമ്പെന്നപോലെ… ‘നാല്പത്തഞ്ചു കൊല്ലായി കുഴിവെട്ടണ ഒരുവളുടെ അപേക്ഷ, തന്നിലെ പെണ്ണിനെ ഉണര്‍ത്തിയ ആളുടെ ഒപ്പം അന്ത്യവിശ്രമം കൊള്ളണമെന്നു മാത്രമായിരുന്നു.’
അവളുടെ വ്യഥ പൂണ്ട ഹൃദയം, ഒഴുകുന്ന കണ്ണീര്‍, കിനിഞ്ഞ കാമനകള്‍, ഉള്‍ത്തുടിപ്പുകള്‍, ആശാനിരാശകള്‍, നന്മകള്‍… എല്ലാമുള്‍ക്കൊണ്ടുള്ള യഥാതഥമായ ചുറ്റുപാടില്‍ അവള്‍ കനച്ചുനിന്നു… സ്ത്രീഅവതരണത്തിന്റെ വേറിട്ടൊരു കാഴ്ചയാണിത്. കല്ലുതോല്‍ക്കുന്ന പെണ്‍മനസ്സുകളുടെ സാന്നിധ്യം മലയാള കഥാസാഹിത്യത്തിന് പുത്തരിയല്ല. മുളപൂക്കും മട്ടില്‍ അവിടവിടെയായി നാരീചേതനകള്‍ വനവിഹാരികളാവുന്നു. അവളെപ്പേടിച്ചാരും നേര്‍വഴി നടപ്പീലാ… തളിര്‍ത്ത ഉടലും ലോലമായ വസ്ത്രങ്ങളുമല്ല പെണ്ണിലെ പെണ്മയെ നിശ്ചയിക്കുന്നത്. മാനദണ്ഡങ്ങള്‍ ഏറെ വ്യത്യസ്തമാണ്. ആരും ചെയ്യാത്ത പണി ചെയ്തും ആരും സഞ്ചരിക്കാത്ത മനോവീഥികളിലുലാത്തിയും തന്നിലെ തന്നെ ഏറെ ആകര്‍ഷകയാക്കാന്‍ അവളാവതും ശ്രമിക്കുന്നുണ്ട്. എന്നാല്‍ Textഅതേ ശ്രമങ്ങള്‍ അവളെ ഏറ്റവും നിരാലംബയുമാക്കുന്നു. വേറിട്ട വായനകള്‍ക്കിടമുള്ള മണ്ണടരുകള്‍ ‘കുഴിമാട’ത്തിന്റെ ആഴം കൂട്ടുന്നത് അത്രയും സ്വാഭാവികമായിട്ടാണ്.

ഇ.പി. ശ്രീകുമാറിന്റെ ‘ഖലാസി’ എന്ന ഈ കഥാസമാഹാരത്തില്‍ ഒമ്പത് കഥകളാണുള്ളത്. ഗൃഹപാഠം, കുഴിമാടം, പൊന്നരിപ്പ്, ആരോഗ്യനികേതനം (പുതിയ പതിപ്പ്), വിലോമ ഗ്രന്ഥശാല, വ്യാധി, ഒറ്റത്തവണ തീര്‍പ്പാക്കപ്പെടുന്നില്ല, ഝലം, ഖലാസി എന്നിങ്ങനെ. മനുഷ്യജീവിതത്തിലെ പലതരത്തിലുള്ള വിഷമാവസ്ഥകളാണ് ഓരോ കഥയുടെയും പ്രമേയം. വിവിധങ്ങളായ ആത്മസംഘര്‍ഷങ്ങള്‍ എഴുത്തുകാരനെ അസ്വസ്ഥനാക്കുന്നു. സാമൂഹികപ്രശ്‌നങ്ങളില്‍ വഴിമുട്ടി നില്‍ക്കുമ്പോഴും അവയത്രയും വൈയക്തികമാണെന്നുള്ളൊരു തോന്നല്‍ അയാള്‍ക്കുണ്ട്. ഒരിനം ഏറ്റെടുക്കല്‍ പ്രകൃതം. ഈ മനോഭാവം കഥകളെ മറ്റൊരു തലത്തിലേക്കാനയിക്കുന്നു. വ്യക്തി, സമൂഹസംഘര്‍ഷങ്ങളെ ബലപ്പെടുത്തുന്ന മുഖ്യകണ്ണികള്‍ സ്ഥലവും ശരീരവും രോഗവുമാണ്. ഇവ അദ്ദേഹത്തിന്റെ എല്ലാ രചനകളിലും ഒളിഞ്ഞും തെളിഞ്ഞും വന്നുപോകുന്നു. ജലച്ചായങ്ങള്‍ ഇടകലരുംപോലെ. തീക്കടല്‍ കടഞ്ഞെടുക്കുന്ന തങ്കത്തരികളായി കഥാഭൂമികകളൊന്നാകെ വൈദ്യുതീകരിക്കാന്‍ ഇവയ്ക്കാവുന്നുണ്ട്. ഏറ്റവും അനുയോജ്യമായ രൂപകങ്ങളിലൂടെ വര്‍ത്തമാനകാലത്തിന്റെ പൊള്ളത്തരങ്ങള്‍ വരച്ചുകാണിക്കുകയാണദ്ദേഹം. വാണിജ്യവത്കൃത സമൂഹവും നവസാമ്പത്തിക ക്രമവും മധ്യവര്‍ഗജീവിതാശകള്‍ ക്ഷീണിപ്പിക്കുന്നു. പ്രലോഭനങ്ങളില്‍ ചാഞ്ചാടുന്ന സാധാരണക്കാരുടെ പരാതികളിലും പരിവട്ടങ്ങളിലുമാണ് തന്റെ ഭാവനയുടെ പൂംചിറകുകള്‍ പറന്നു പാറുകയെന്ന കൃത്യമായ തിരിച്ചറിവില്‍ കണിശമായ ജീവിതവീക്ഷണമുണ്ട്. കനത്ത സത്യങ്ങള്‍ പരിക്കുകൂടാതെ അവതരിപ്പിക്കാന്‍ ശക്തമായ ബിംബങ്ങള്‍ തിരഞ്ഞെടുക്കേണ്ടിവരുമ്പോള്‍ സ്ഥലത്തിനും രോഗത്തിനും ശരീരത്തിനും പ്രസക്തിയേറുന്നു. മനുഷ്യശരീരം തുറന്നുതരുന്ന സാധ്യതകള്‍ അനവധിയാണ്. ആസക്തവും അനാസക്തവും ആയ മുഹൂര്‍ത്തങ്ങള്‍ പ്രദാനം ചെയ്യാന്‍ അതിനാവുന്നു. അമിതമായ തൃപ്തിയും ചെടിപ്പിക്കുന്ന മടുപ്പും… ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നപോലെതന്നെ. ശരീരം, മാംസം എന്നീ സംജ്ഞകള്‍ എക്കാലത്തും തന്നെ വല്ലാതെ അലട്ടുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ‘മാംസപ്പോരി’ന്റെ ആമുഖം നോക്കുക, ‘ശരീരശാസ്ത്രം വ്യാഖ്യാനിക്കുന്നതിനപ്പുറം ഉടലും മാംസവും ചില സമസ്യകളെ ഒളിപ്പിക്കുന്നെണ്ടന്ന ഉള്‍വിളി എന്റെ സ്വകാര്യമായ വിലക്ഷണപ്രകൃതമായി തോന്നിയിരുന്നു. എന്നാല്‍ ഈ സംജ്ഞകള്‍ വ്യാഖ്യാനങ്ങളെത്തന്നെ വിഴുങ്ങിക്കൊണ്ട്  അമ്പരപ്പിക്കുന്ന അര്‍ത്ഥനിര്‍ണയങ്ങളിലേക്ക് വികസിക്കുന്നുണ്ടെന്നത് എന്റെ സ്വയം ബോധ്യമായിരുന്നു.’ ശരീരമാംസ ചിന്തകള്‍ വളര്‍ന്നുവളര്‍ന്ന്, ഉന്മാദത്തിലേക്കെത്തിച്ചേര്‍ന്ന മാനസികാവസ്ഥയെപ്പറ്റി അദ്ദേഹം തുടര്‍ന്നും എഴുതുന്നുണ്ട്. ഗര്‍ഭനിരോധനഗുളികകള്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ പരസ്യം വെട്ടിത്തിളങ്ങുമാറ് നെറ്റിയില്‍ പച്ചകുത്തിയ പെണ്‍കുട്ടിയുടെ നിസ്സഹായതയാണ് ‘പരസ്യശരീരം’എന്ന കഥയ്ക്കാധാരം. ലൂസിയാനോ ഗൊബെറ്റി എന്ന കൗമാരക്കാരി പരസ്യങ്ങള്‍ ചുമക്കാന്‍ മാത്രം വിധിക്കപ്പെട്ട ശരീര ഉടമ്പടികളുടെ കെട്ടുപാടില്‍ എന്നെന്നേക്കുമായി കുടുങ്ങിക്കിടക്കുന്നല്ലോ എന്നാലോചിച്ച് കൂടെക്കൂടെ തീക്ഷ്ണ ജ്വരത്തിനടിപ്പെട്ടുപോകുന്ന കഥാകൃത്തായ കഥാനായകന്‍ ഇ.പി. ശ്രീകുമാര്‍ തന്നെയാണ്. ശരീരചിന്തകള്‍ മനുഷ്യപുരോഗതിയുടെ തീരാസങ്കടങ്ങളാണെന്ന ആത്മബോധം അദ്ദേഹത്തിന്റെ കഥകളിലെ ഒഴിയാസ്സാന്നിധ്യമാകുന്നത് അങ്ങനെയൊക്കെയാണ്. അവിടെ ആണ്‍-പെണ്‍ ഭേദങ്ങളില്ല. ശരീരം(യീറ്യ) എന്ന ഒറ്റ ബോധ്യം മാത്രം. മാംസപ്പോരിന്റെയും പരസ്യശരീരത്തിന്റെയും തുടര്‍ച്ചയാണ് ‘ഖലാസി’യും എന്ന് ഇതിലെ മറ്റു പല കഥകളും സൂചിപ്പിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.